Image

യുഗ്‌മയുടെ നാഷണല്‍ കലാമേളയില്‍ കലാതിലകപ്പട്ടം രേഷ്‌മ മരിയ ഏബ്രഹാമിന്‌

Published on 10 November, 2011
യുഗ്‌മയുടെ നാഷണല്‍ കലാമേളയില്‍ കലാതിലകപ്പട്ടം രേഷ്‌മ മരിയ ഏബ്രഹാമിന്‌
സൗത്തെന്റ്‌ ഓണ്‍സീ: നവംബര്‍ അഞ്ചിന്‌ (ശനി) സൗത്തെന്റ്‌ ഓണ്‍സീയില്‍ നടന്ന യുക്‌മ നാഷണല്‍ കലാമേളക്ക്‌ തിരശീല വീണപ്പോള്‍ കലാതിലകപ്പട്ടം സ്റ്റോക്ക്‌ ഓണ്‍ ട്രന്റിലെ സ്റ്റാഫോര്‍ഡ്‌ഷയര്‍ മലയാളി അസോസിയേഷന്‌.

സ്റ്റാഫോര്‍ഡ്‌ഷയര്‍ മലയാളി അസോസിയേഷന്‍ സ്‌കൂള്‍ ഓഫ്‌ ഡാന്‍സിംഗിലെ വിദ്യാര്‍ഥിനി രേഷ്‌മ മരിയ ഏബ്രഹാം 29 പോയിന്റോടെ കലാതിലകപ്പട്ടം കരസ്ഥമാക്കി. കലാതിലകം സ്വന്തമാക്കിയ രേഷ്‌മ സബ്‌ജൂണിയര്‍ വിഭാഗത്തിലാണ്‌ മത്സരിച്ചത്‌. ഫോക്‌ ഡാന്‍സ്‌ സിംഗിള്‍, സിനിമാറ്റിക്‌ ഡാന്‍സ്‌ സിംഗിള്‍ ഇവയില്‍ ഒന്നാം സ്ഥാനവും ഭരതനാട്യം സിംഗിള്‍, ഭരതനാട്യം ഗ്രൂപ്പ്‌, മാര്‍ഗംകളി എന്നിവയില്‍ രണ്‌ടാം സ്ഥാനവും നേടിയാണ്‌ രേഷ്‌മ കലാതിലകപ്പട്ടം നേടിയത്‌.

കഴിഞ്ഞവര്‍ഷത്തെ യുഗ്‌മ നാഷണല്‍ കലാമേളയില്‍ ഇതേ ഡാന്‍സ്‌ സ്‌കൂളിലെ ജെനിറ്റ റോസ്‌ തോമസ്‌ സബ്‌ജൂണിയര്‍ വിഭാഗത്തില്‍ മത്സരിച്ചാണ്‌ കലാതിലകപ്പട്ടം ചൂടിയത്‌. ഈവര്‍ഷം ജെനിറ്റ ജൂണിയര്‍ വിഭാഗത്തില്‍ മത്സരിച്ച്‌ 27 പോയിന്റുകളോടെ രേഷ്‌മക്കു പിന്നിലെത്തി.

പ്രിയ സുന്ദറിന്റെ ചിട്ടയായ ശിക്ഷണവും മാതാപിതാക്കളുടെ കഠിനാധ്വാനവും അസോസിയേഷന്റെ പ്രോത്സാഹനവും രേഷ്‌മയുടെ അക്ഷീണ പരിശ്രമവും കൂടി ഒത്തുചേര്‍ന്നപ്പോള്‍ കലാതിലകപ്പട്ടം രേഷ്‌മക്കു മുന്നില്‍ തലകുനിച്ചു.

ഡാന്‍സ്‌ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ബര്‍മിംഗ്‌ഹാമില്‍ നടത്തിയ ഗ്രേഡ്‌ വണ്‍ പരീക്ഷയില്‍ നുറുശതമാനം വിജയം നേടിയതിന്റെ പിന്നാലെയാണ്‌ നാഷണല്‍ കലാമേളയിലെ പൊന്‍തിളക്കം.

ഒക്‌ടോബര്‍ 22ന്‌ നനിറ്റണില്‍ നടത്തിയ ഈസ്റ്റ്‌ ആന്‍ഡ്‌ വെസ്റ്റ്‌ മിഡ്‌ലാന്‍ഡ്‌ റീജിയണ്‍ കലോത്സവത്തില്‍ രേഷ്‌മ മരിയ ഏബ്രഹാമും ജെനീറ്റ റോസ്‌ തോമസും കലാതിലകപ്പട്ടം പങ്കുവച്ചിരുന്നു.

യുഗ്മ വൈസ്‌ പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായ വിജി കെ.പി. മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചു. ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടി ബാസില്‍ഡണ്‍ ഒന്നാമതും 114 പോയിന്റുകള്‍ നേടി മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ രണ്‌ടാമതും 111 പോയിന്റുകള്‍ നേടി സ്റ്റാഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ മൂന്നാമതു മെത്തി.

ഭരതനാട്യം, സിനിമാറ്റിക്‌ ഡാന്‍സ്‌, നാടോടിനൃത്തം, മാര്‍ഗംകളി എന്നിവയിലും ഈവര്‍ഷത്തെ നാഷണല്‍ കാലാമേളയില്‍ പുതുതായി ചേര്‍ത്ത ഒപ്പനയില്‍ രണ്‌ടാം സ്ഥാനവും കരസ്ഥമാക്കിയാണ്‌ എസ്‌എംഎ മൂന്നാമതെത്തിയത്‌.
യുഗ്‌മയുടെ നാഷണല്‍ കലാമേളയില്‍ കലാതിലകപ്പട്ടം രേഷ്‌മ മരിയ ഏബ്രഹാമിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക