Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള സമ്മേളനം 2012ലെ രജിസ്‌ട്രേഷന്‍ തുടങ്ങി.

ജോളി എം.പടയാട്ടില്‍ Published on 11 November, 2011
വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള സമ്മേളനം 2012ലെ രജിസ്‌ട്രേഷന്‍ തുടങ്ങി.

2012 മെയ് 3,4,5,6 തീയതികളില്‍ ജര്‍മ്മനിയില്‍ നടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആഗോള സമ്മേളനത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 05.11.2011 ല്‍ ബോണ്‍ ജെറ്റില്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും, കണ്‍വീനര്‍മാരുടെയും യോഗത്തിലാണ് ആഗോള സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനറായ മാത്യൂ ജെയ്ക്കബ് രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി പ്രഖ്യാപിച്ചത്.

 സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അതത് രാജ്യങ്ങളിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ വഴി അന്‍പത് യൂറോ ഫീസ് നല്‍കി ഡിസംബര്‍ 31നകം johny@anjipilly.de എന്ന ഇമെയിലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നാല് ദിവസത്തെ താമസവും, ഭക്ഷണവും ഉള്‍പ്പെടെ ഇരുന്നൂറ്റി അറുപത് യൂറോയാണ് ഫീസായി നിശ്ചയിച്ചിട്ടുള്ളത്. സമ്മേളനത്തോടനുബന്ധിച്ചുള്ള യൂറോപ്യന്‍ ടൂറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ j-emambasseril@hotmail.com ല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ജര്‍മ്മന്‍ വിസ ലഭിക്കുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ jacob@jtils.com എന്ന ഇമെയിലില്‍ രജിസ്‌ട്രേഷന് ശേഷം ബന്ധപ്പെടുക.

കേരള ഭക്ഷ്യ-സിവില്‍ മന്ത്രി ടി.എം.ജേക്കബിന്റെ ആകസ്മികമായ നിര്യാണത്തില്‍ ആദരാജ്‌ലികളര്‍പ്പിച്ച് കൊണ്ടാണ് യോഗം തുടങ്ങിയത്. ജനറല്‍ കണ്‍വീനര്‍ മാത്യൂ ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രിഗറി മോയില്‍ , ജോളി എം പടയാട്ടില്‍ , ജോസഫ് കളത്തിപ്പറമ്പില്‍ , ജോസ് തോമസ്, ജോണി ഇലഞ്ഞിപ്പിള്ളി, സോമരാജ് പിള്ള, ബാബു പാറേക്കാട്ട് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മികച്ച പാര്‍ലമെന്റേറിയനും, വാഗ്മിയും, കരുത്തുറ്റ ഭരണാധികാരിയുമായിരുന്ന ടി.എം. ജേക്കബ് പ്രവാസി മലയാളികളുടെ സ്വപ്നമായിരുന്ന അന്താരാഷ്ട്ര വിമാനത്താവളം സാക്ഷാത്കരിക്കുന്നതില്‍ വഹിച്ച പങ്ക് എല്ലാവരും അനുസ്മരിച്ചു. വേര്‍പാടില്‍ ദുഃഖിക്കുന്ന ടി.എം.ജേക്കബിന്റെ കുടുംബാംഗങ്ങളോടൊപ്പം വേള്‍ഡ് മലയാളി കൗണ്‍സിലും പങ്കുചേര്‍ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക