Image

കടന്നുപോയവര്‍ ബാക്കിവെച്ച ചോദ്യങ്ങള്‍ (കൊല്ലം തെല്‍മ, ടെക്‌സസ്‌)

Published on 22 March, 2014
കടന്നുപോയവര്‍ ബാക്കിവെച്ച ചോദ്യങ്ങള്‍ (കൊല്ലം തെല്‍മ, ടെക്‌സസ്‌)
പ്രവീണ്‍ വര്‍ഗീസും ജാസ്‌മിന്‍ ജോസഫും ഒരായിരം ചോദ്യങ്ങള്‍ ബാക്കിവച്ചിട്ടാണ്‌ കടന്ന്‌ പോയത്‌. റെനി ജോസിനെ കാണാതായിട്ട്‌ രണ്ടാഴ്‌ച ആകുന്നു, ഇതുവരെയും വ്യക്തമായ ഒരു തെളിവും ലഭിച്ചിട്ടില്ല. എല്ലാക്കാര്യത്തിലും ലോകത്ത്‌ ഒന്നാമത്‌ നില്‍ക്കണം എന്ന്‌ ശഠിക്കുന്ന അമേരിക്ക, കേസുകള്‍ തെളിയിക്കാതിരിക്കുന്ന കാര്യത്തിലും ഒന്നാമതാകാനാണോ ഇപ്പോള്‍ ശ്രമിക്കുന്നത്‌ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

വിവര സാങ്കേതിക വിദ്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന അമേരിക്ക പോലുള്ള ഒരു രാജ്യത്ത്‌ ഇത്തരം കേസുകള്‍ക്ക്‌ തുമ്പുണ്ടാക്കാന്‍ കഴിയാതെ വരുമ്പോള്‍, ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ നാം പലപ്പോഴും കുറ്റപ്പെടുത്തുന്നതില്‍ എന്ത്‌ കാര്യം? അമേരിക്കയില്‍ പല മുഖ്യ ധാരാ പ്രസ്ഥാനങ്ങളുടെയും തലപ്പത്തും, ഇന്ത്യക്കാര്‍ എത്തിച്ചേര്‍ന്നു എന്ന്‌ നാം അഭിമാനിക്കുമ്പോഴും, ഇവരാരും തന്നെ തങ്ങളുടെ സമൂഹം നേരിടുന്ന വിവേചനത്തിനെതിരെ ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ലെന്നു കാണുമ്പോള്‍, ഇവരെ സമൂഹം എന്തിന്‌ മാനിക്കണം എന്ന ചോദ്യം ഉയരുക സാധാരണമാണ്‌.

ജാസ്‌മിന്‍ ജോസഫിനെ കാണാതായതിന്‌ ശേഷം സോഷ്യല്‍ മീഡിയയില്‍, എല്ലാ തരത്തിലും ഉള്ള പരസ്യവും ധന സമാഹാരണവും ഒക്കെ നടന്നു. എല്ലാവരും `ഷെയര്‍' ചെയ്‌തു, പക്ഷേ എത്ര പേര്‍ ആ കുട്ടിയെ അന്വേഷിച്ച്‌ പോകാന്‍ മിനക്കെട്ടിറങ്ങി? ആളുകള്‍ മരിച്ചു കഴിയുമ്പോള്‍ അവര്‍ക്ക്‌ നീതി കിട്ടിയില്ലായെന്നു പറഞ്ഞ്‌ മുറവിളി കൂട്ടിയിട്ട്‌ എന്ത്‌ കാര്യം? സമൂഹത്തിലെ പല `ജസ്റ്റിസ്‌' നേതാക്കളും തിങ്ങിപ്പാര്‍ക്കുന്ന ന്യൂ യോര്‍ക്കിലാണ്‌ ജാസ്‌മിന്‍ മരണപ്പെട്ട്‌ കിടന്നതെന്നും കൂടെ ഓര്‍ക്കുന്‌പോള്‍, ഇവരുടെയൊക്കെ ആത്മാര്‍ഥത എത്രതോളമുണ്ട്‌ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ജാസ്‌മിന്റെ കാര്‍ നഗരത്തിന്റെ അതിര്‍ത്തി വിട്ട്‌ പോയിട്ടില്ല എന്ന്‌ അവര്‍ ഉറപ്പിച്ചു പറഞ്ഞിട്ടും, അത്‌ കണ്ടെത്താന്‍ ഒരു ശ്രമം എന്തേ നമ്മുടെ സമൂഹം കൂട്ടായി എടുത്തില്ല?

ഷിക്കാഗോയില്‍ നിന്ന്‌ പ്രവീണ്‍ വര്‍ഗീസ്‌ എന്ന കുട്ടിയെ കാണാതായപ്പോള്‍ ഏകദേശം 200 ആളുകള്‍ അവരുടെ ജോലിയും സമയവും ഒക്കെ വെടിഞ്ഞ്‌ അവര്‍ക്ക്‌ അറിയില്ലായിരുന്ന ഒരു വിജന പ്രദേശത്ത്‌ പോയി ദിവസങ്ങളോളം തിരയാന്‍ കാട്ടിയ മനസ്സ്‌, ന്യൂയോര്‍ക്ക്‌ നിവാസികള്‍ക്ക്‌ ഇല്ലാതെ പോയോ? ന്യൂയോര്‍ക്കിലെ നേതാക്കന്മാര്‍ക്ക്‌ എന്താണ്‌ സംഭവിച്ചത്‌? അതോ വെറുതെ ടെലി കോണ്‍റന്‍സ്‌ നടത്താനും, പത്രത്തില്‍ പടം വച്ച്‌ പ്രഖ്യാപനം നടത്താനും എന്ന നിലയിലേക്ക്‌ നേതൃത്വം അധ:പതിച്ചോ?

സമയം ഇനിയും വൈകിയിട്ടില്ല, റെനി ജോസിന്റെ കാര്യത്തില്‍ എല്ലാ വിഭാഗങ്ങളും ഒത്തോരുമിക്കണം. റെനിയുടെ കോളജും ഈ കേസിന്റെ കാര്യത്തില്‍ മുന്‍കൈ എടുക്കണം. റെനിയുടെ കൂടെപ്പോയ വിദ്ധ്യാര്‍ത്ഥികള്‍ ആരൊക്കയെന്നു കണ്ടു പിടിച്ച്‌ അവരെ കൂട്ടായി ചോദ്യം ചെയ്യുവാന്‍ അധികാരികള്‍ തയ്യാറാകണം. അല്ലാതെ ഇനിയും ഒരു ദുഃഖ വാര്‍ത്ത കേട്ടിട്ട്‌ അനുശോചന പ്രമേയങ്ങള്‍ പാസാക്കിയിട്ടു ഒരു കാര്യവുമില്ല.

ഫ്‌ളോറിഡയില്‍ ഉള്ളവര്‍ അവിടുത്തെ അന്വേഷണത്തില്‍ പങ്ക്‌ ചേര്‍ന്ന്‌ ആ കുടുംബത്തിന്‌ ഒരു കൈത്താങ്ങ്‌ കൊടുക്കുക. ടെക്‌സാസില്‍ ഉള്ളവര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട്‌ അവരെ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമാക്കുവാന്‍ സമ്മര്‍ദ്ദം ചെലുത്തുക. കൂട്ടായ പ്രവര്‍ത്തനമില്ലാതെ റെനിയെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ വേഗത കൈവരുമെന്ന്‌ തോന്നുന്നില്ല.

എങ്ങനെയാണ്‌ ഇനിയ്യും ഇതുപോലെയുള്ള പ്രശ്‌നങ്ങളെ സമൂഹം നേരിടെണ്ടിയത്‌? ആരെയും കുറ്റം പറയാനല്ല, എനിക്കും ഉണ്ട്‌ ഒരു കുടുംബം. ഞാനും ഒരു മാതാവാണ്‌, നമ്മുടെ കുഞ്ഞുങ്ങളെപ്പറ്റി കൂട്ടായി ചിന്തിച്ചേ മതിയാകൂ. നേതാക്കന്മാര്‍ എന്ന്‌ ഭാവിച്ച്‌ തലക്കെട്ടും കെട്ടി നടക്കാതെ, സമൂഹത്തില്‍ ഇറങ്ങി അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി, ആ സമൂഹത്തിനെ പുതിയ വഴിത്താരയിലേക്ക്‌ കൈപിടിച്ച്‌ ഉയര്‍ത്തുവാനായിരിക്കണം നേതാക്കളുടെയും നേതൃത്വത്തിന്റെയും ശ്രദ്ധ.

സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും, കൂട്ടായി തങ്ങളുടെ വ്യക്തി, സംഘടന, ജാതി ചിന്തകളൊക്കെ ഒഴിവാക്കി, നമ്മുടെ സമൂഹം നേരിടുന്ന ഈ വന്‍ വിപത്തിനെ അഭിമുഖീകരിക്കുവാന്‍ തയ്യാറാകണമെന്ന്‌ മാത്രമാണ്‌ എനിക്ക്‌ അഭ്യര്‍ഥിക്കുവാനുള്ളത്‌. ആരുടേയും വികാരങ്ങളെ വൃണപ്പെടുത്താനല്ല, മറിച്ച്‌ നിങ്ങളെല്ലാവരും ഒത്തൊരുമിച്ച്‌ നിന്നാല്‍ സമൂഹത്തിനു വരാവുന്ന നന്മകള്‍ ഓര്‍ത്തത്‌ കൊണ്ട്‌ മാത്രം, അല്‍പ്പമെങ്കിലും പറയേണ്ടി വന്നത്‌. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ നേതാക്കന്മാര്‍ ലോകത്തിന്‌ മാതൃക ആകേണ്ടവരാണ്‌, ഇന്നത്തെ സമൂഹം നേരിടുന്ന സങ്കീര്‍ണമായ പ്രശ്‌നത്തില്‍ നമുക്ക്‌ കൂട്ടായി പ്രവര്‍ത്തിക്കാം,
അകാലത്തില്‍ നമ്മെ വിട്ടു പോയ ജാസ്‌മിന്‍ ജോസഫ്‌ , പ്രവീണ്‍ വര്‍ഗീസ്‌ , റോയ്‌ ജോസഫ്‌, സ്റ്റാന്‍ലി എന്നിവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ ഞാനും കുടുംബവും പങ്ക്‌ ചേരുന്നു.
കടന്നുപോയവര്‍ ബാക്കിവെച്ച ചോദ്യങ്ങള്‍ (കൊല്ലം തെല്‍മ, ടെക്‌സസ്‌)
കടന്നുപോയവര്‍ ബാക്കിവെച്ച ചോദ്യങ്ങള്‍ (കൊല്ലം തെല്‍മ, ടെക്‌സസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക