Image

തേനൂറും തെന്മലയിലൂടെ... (ജോര്‍ജ്‌ തുമ്പയില്‍)

Published on 22 March, 2014
തേനൂറും തെന്മലയിലൂടെ... (ജോര്‍ജ്‌ തുമ്പയില്‍)
സൗദിയിലുള്ള എന്റെ സുഹൃത്ത്‌ ചങ്ങനാശേരി പെരുന്നയിലുള്ള ഐസക്ക്‌ക്കുട്ടിയും തമ്പുവുമായാണ്‌ ഞങ്ങള്‍ പുനലൂരുള്ള ഞങ്ങളുടെ മറ്റൊരു സുഹൃത്തിനെ കാണാനായി പോയത്‌. ഏതായാലും പുനലൂര്‍ വരെ പോകുന്നതല്ലേ, തെന്മല ഒക്കെയൊന്നു കറങ്ങിയാലോ എന്ന നിര്‍ദ്ദേശം ആദ്യം വച്ചത്‌ ഐസക്ക്‌കുട്ടിയായിരുന്നു. ഞാനിതിനെ പിന്താങ്ങി. തെന്മലയെക്കുറിച്ച്‌ കേട്ടിട്ടുള്ളതല്ലാതെ അവിടെ പോയിട്ടില്ല. എന്തായാലും ഒരു യാത്ര പോവുകയാണ്‌, അപ്പോള്‍ പിന്നെ തൊട്ടടുത്തുള്ള സ്ഥലങ്ങളൊക്കെയും ഒന്നു സന്ദര്‍ശിച്ചു കളയാമെന്നായി.

അങ്ങനെ ഞങ്ങള്‍ കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്തുള്ള മലയോര ഗ്രാമപ്രദേശമായ തെന്മലയിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങി. സഹ്യപര്‍വതത്തിന്റെ പടിഞ്ഞാറേ അരികിലായുള്ള ഇവിടം ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതി പ്രദേശമാണ്‌. മലനിരകളും പുഴകളും അരുവികളും നിറഞ്ഞ ഭൂപ്രകൃതി കണ്ടപ്പോഴേ തമ്പുവിന്‌ സന്തോഷമായി. രാവിലെയുള്ള പുറപ്പാടായതിനാല്‍ ഇനി ഭക്ഷണത്തിനെന്ത്‌ എന്ന ചിന്തയായിരുന്നു ഐസക്ക്‌കുട്ടിയുടെ മനസ്സില്‍. കോട്ടയത്ത്‌ നിന്നും ഏതാണ്ട്‌ 70 മൈല്‍ ദൂരമുണ്ട്‌, 112 കിലോമീറ്ററാണ്‌ തെന്മലയിലേക്ക്‌. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെയുണ്ട്‌. ഒത്താല്‍ എല്ലാം ഒറ്റയടിക്കു തന്നെ കണ്ടു തിരിച്ചുവരണം. അതാണ്‌ പ്ലാന്‍. കൊട്ടാരക്കരിയില്‍ നിന്നും പുനലൂര്‍ക്ക്‌ തിരിയുന്ന വഴിയില്‍ നല്ലൊരു ഹോട്ടലുണ്ട്‌. അവിടെ നിന്നായി പ്രഭാതഭക്ഷണം. നല്ല ശാപ്പാട്‌, നല്ല ചായയും. ഒപ്പം ഒരു ഏത്തപ്പഴം കൂടിയായപ്പോള്‍ സംഗതി കുശാല്‍. ഇനി ഉച്ചയ്‌ക്ക്‌ എന്തെങ്കിലും മതിയെന്ന്‌ തമ്പുവിന്റെ കമന്റ്‌.

തെന്മലയ്‌ക്ക്‌ എങ്ങനെ പേരു വന്നുവെന്ന്‌ തമ്പുവിന്റെ ചോദ്യം. 'തേന്‍മല' എന്ന പേരില്‍നിന്നാണ്‌ 'തെന്മല' വന്നത്‌ ഐസക്ക്‌കുട്ടിയുടെ കമന്റ്‌. എന്തായാലും, ഔഷധഗുണമുള്ള തേന്‍ ധാരാളമായി കിട്ടിയിരുന്നതിനാലാണത്രെ 'തേന്‍മല' എന്ന പേര്‌ ലഭിച്ചതെന്നു പിന്നീട്‌ ബോധ്യപ്പെട്ടു. തേന്‍മല പറഞ്ഞു പറഞ്ഞ്‌ തെന്മല ആയി മാറിയതായിരിക്കാം. പുനലൂര്‍ കടന്ന്‌ ഞങ്ങള്‍ തെന്മലയിലേക്കുള്ള റോഡിലേക്ക്‌ കടന്നു. റോഡിന്റെ ഇരുവശങ്ങളിലും ചില മില്ലുകളും മറ്റും കണ്ടു. ചെറുകിട വ്യവസായങ്ങളാണ്‌ ഇവിടെ ഏറെയും. 1972ല്‍ എച്ച്‌ആന്‍ഡ്‌ സി. കമ്പനി സ്ഥാപിച്ച തേയില നിര്‍മാണ ഫാക്‌റ്ററി 1992ല്‍ റബ്ബര്‍ നിര്‍മാണ ഫാക്‌റ്ററിയായി മാറി. വലിയൊരു വിരോധാഭാസം തന്നെയായി പോയി ഇതെന്ന്‌ തമ്പു പറഞ്ഞു. ഒരു ഫോറസ്റ്റ്‌ ഡിപ്പോയും ഇപ്പോഴിവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌.

ഞങ്ങള്‍ ഇപ്പോള്‍ ചെങ്കോട്ടയിലേക്കുള്ള റോഡിലാണ്‌. അന്തര്‍സംസ്ഥാന റോഡുകളായ കൊല്ലം-ചെങ്കോട്ട, തിരുവനന്തപുരം-ചെങ്കോട്ട റോഡുകള്‍ക്കു പുറമേ തിരുവിതാംകൂറിലെ പ്രഥമ റെയില്‍പ്പാതയായ കൊല്ലംതിരുനെല്‍വേലി മീറ്റര്‍ഗേജ്‌ പാതയും തെന്മലയിലൂടെ കടന്നുപോകുന്നു. തെന്മല, ഇടമണ്‍ എന്നിവിടങ്ങളില്‍ റെയില്‍വേ സ്‌റ്റേഷനുകളും ഒറ്റക്കല്ലില്‍ ഒരു ഹാള്‍ട്ട്‌ സ്‌റ്റേഷനും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഈ പാതയിലെ അഞ്ച്‌ ടണലുകളില്‍ നാലെണ്ണവും പ്രധാന പാലങ്ങളും തെന്മലയുടെ അതിര്‍ത്തിക്കുള്ളിലാണ്‌ സ്ഥിതിചെയ്യുന്നത്‌. കൊല്ലം തിരുമംഗലം ഹൈവേയിലൂടെ ഞങ്ങള്‍ തെന്മല റിസര്‍വോയറിനു സമീപമെത്തി.

എന്തു കാണണം എങ്ങനെ കാണണം എന്നൊന്നും പ്രത്യേകിച്ച്‌ ലക്ഷ്യമില്ലായിരുന്നു. അങ്ങനെ തമ്പുവിനെ ഞങ്ങള്‍ ഗൈഡാക്കി മാറ്റി. തമ്പു നേരെ ചെന്ന്‌ ഒരു കടയില്‍ കയറി അന്വേഷിച്ചു. തിരിച്ച്‌ വന്നത്‌ തെന്മല മുഴുവന്‍ അറിയാമെന്ന ഭാവത്തിലായിരുന്നു, പിന്നെ ഐസക്ക്‌കുട്ടനോടു നിര്‍ദ്ദേശിച്ചു, വണ്ടി നേരെ കല്ലഡ ഇറിഗേഷന്‍ പ്രൊജെക്‌റ്റിലേക്ക്‌ പോകട്ടെ. ഇവിടെ പാസ്‌ എടുത്തു വേണം കയറാന്‍. കാഴ്‌ചക്കാരായി കുറച്ച്‌ അധികം ആളുകളുണ്ട്‌. നേരെ ഡാം കാണാനായി മേലോട്ട്‌ കയറി. മുകളില്‍ ഫോടോഗ്രാഫി നിരോധിച്ചിട്ടുണ്ട്‌. മുകളില്‍ നല്ല നയനാനന്ദകരമായ കാഴ്‌ചകളായിരുന്നു. വെള്ളം ഒരു ജലഛായ ചിത്രം പോലെ പരന്നങ്ങനെ കിടക്കുന്നു. അതിലേക്ക്‌ പ്രകൃതിയുടെ ഓളങ്ങള്‍ പ്രതിഫലിക്കുന്നു. നോക്കിയങ്ങനെ നില്‍ക്കാന്‍ തന്നെ തോന്നും. ഡാമിനെ ഒരു വലം വെച്ചു ഞങ്ങള്‍ പുറത്തേക്ക്‌ കടന്നു.

ഇനി അടുത്തത്‌ തെന്മല ഇകൊ ടൂറിസം സെന്ററിലേക്കാണ്‌. ഉച്ചയ്‌ക്ക്‌ മുന്‍പ്‌ ഇവിടെ കൂടി കറങ്ങണം. നല്ല വെയില്‍ ഉണ്ടായിരുന്നുവെങ്കിലും ചൂട്‌ വലുതായി തോന്നിയില്ല. ലെഷര്‍ സോണിലേക്കും, അഡ്വഞ്ചര്‍ സോണിലേക്കും, മാന്‍ വളര്‍ത്തല്‍ കേന്ദ്രത്തിലേക്കും, ചിത്രശലഭ പാര്‍ക്കിലേക്കും ടീക്കറ്റ്‌ എടുക്കണം. ക്യാമറയുണ്ടെങ്കില്‍ പാസിന്റെ വലിപ്പവും കൂടും. ഇതിനുള്ളില്‍ ഒരു മ്യൂസിക്‌ ഫൗണ്ടന്‍ ഉണ്ട്‌. പക്ഷേ ഞങ്ങള്‍ക്ക്‌ അതു കാണാനുള്ള ഭാഗ്യമുണ്ടാകുമെന്നു തോന്നുന്നില്ല. വൈകുന്നേരം ഏഴു മണിക്കേ അത്‌ തുടങ്ങൂ. ലെഷര്‍ സോണില്‍ കുറച്ചു പ്രതീമകള്‍ കാണാം, പിന്നെ ഒരു തൂക്ക്‌ പാലം, മരത്തടി കൊണ്ടുള്ള ഒരു പാലം. കാര്യമായ ആള്‍തിരക്ക്‌ ഒന്നും തന്നെയില്ല. തൂക്കു പാലത്തില്‍ കയറി ഒന്ന്‌ ആട്ടി നോക്കി. ഒടിഞ്ഞു തൂങ്ങുന്നതു പോലെയുള്ള ശബ്‌ദം. വലിയ സാഹസികതയ്‌ക്കൊന്നും പോകണ്ടെന്ന്‌ തമ്പുവിന്റെ ഉപദേശം.

ലെഷര്‍ സോണില്‍ അങ്ങനെ വലിയ കാഴ്‌ചകളൊന്നും ഇല്ലെങ്കിലും സമയം ചെലവഴിക്കാനെത്തുന്നവരെ ഒന്നും നിരാശരാക്കില്ല. കുറച്ചധികം നേരം ഞങ്ങള്‍ അവിടെ ഇരുന്നു. പഴയ കാര്യങ്ങള്‍, സൗഹൃദങ്ങള്‍, വിദേശ യാത്രകള്‍ എന്നിവയെല്ലാം അയവിറക്കി പിന്നെ നേരെ അഡ്വഞ്ചര്‍ സോണിലേക്ക്‌ പോയി. അവിടെ ഗൈഡിനെ പോലെ തോന്നിക്കുന്ന കുറച്ചു പേര്‍ നില്‍പ്പുണ്ട്‌. നല്ല കാര്യമെന്ന്‌ തമ്പുവിന്റെ കമന്റ്‌. ഇവിടെ, റിവര്‍ ക്രോസ്സീങ്ങ്‌, പിന്നെ ചെറിയ ഒരു കുളത്തില്‍ പെഡല്‌ ബൊട്ടിംഗ്‌, മരങ്ങള്‍ക്ക്‌ മുകളിലൂടെ ഒരു പാലം. ബോട്ടില്‍ കയറാമെന്നു തമ്പുവിന്റെ നിര്‍ദ്ദേശം ഞങ്ങള്‍ അനുസരിച്ചു. കുറച്ചു നേരം പെഡല്‍ബോട്ടില്‍ ചവിട്ടിയപ്പോഴേയ്‌ക്കും കാലിനു വേദന തോന്നിത്തുടങ്ങി. അങ്ങനെ ആ പരിപാടി ഉപേക്ഷിച്ചു. ഇതൊക്കെ പിള്ളേര്‍ക്കുള്ള പരിപാടിയാണെന്നു കരയില്‍ നിന്നു ഐസക്ക്‌കുട്ടി വിളിച്ചു പറഞ്ഞു. ഇവിടെ സന്ദര്‍ശകര്‍ കുറവായിരുന്നു. യാത്രികര്‍ക്ക്‌ സാഹസപ്രകടങ്ങള്‍ക്ക്‌ നടത്താനുള്ള അവസരം അവിടെയുണ്ടായിരുന്നു നേച്ചര്‍ ട്രെയിന്‍, താമരക്കുളം, മൗണ്ടന്‍ ബൈക്കിങ്‌, റോക്ക്‌ ക്‌ളൈംബിങ്‌, റാപ്പലിങ്‌, റിവര്‍ ക്രോസിങ്‌ തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. പ്രകൃതിക്കിണങ്ങും തരത്തില്‍ വളരെ ചിട്ടയായിട്ടാണ്‌ ഇതിന്റെ രൂപകല്‍പ്പന. മനുഷ്യമനസിനെ പിടിച്ചുനിര്‍ത്തുന്ന എന്തോ മായിക സൌന്ദര്യം ആ കാടുകള്‍ക്ക്‌ണ്ടായിരുന്നു. ഞങ്ങള്‍ തൊട്ട്‌ താഴെയുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അക്വേറിയം കാണാന്‍ കയറി.

ഇവിടെയും പ്രത്യേകം പാസ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. അക്വേറിയം കണ്ടു കഴിഞ്ഞപ്പോഴേയ്‌ക്കും ഇത്തിരി നേരം കൂടി വിശ്രമിക്കാമെന്നു കരുതി. വനത്തിന്റെ പ്രതീതി സൃഷ്‌ടിച്ചു കൊണ്ട്‌ തെന്മല ഇക്കോ ടൂറിസം സൊസൈറ്റി കാര്യങ്ങള്‍ നല്ല വെടിപ്പായി ചെയ്‌തിട്ടുണ്ട്‌. ഒറ്റയടി പാത പോലെ നീണ്ടു കിടക്കുന്ന ചില വഴികള്‍. അവിടെയെല്ലാം ശില്‍പ്പചാതുര്യത്തിന്റെ നീണ്ട കരവിസ്‌മയങ്ങള്‍. അവിടെ കണ്ട ശില്‍പ്പങ്ങളെക്കുറിച്ച്‌ ഞങ്ങള്‍ക്കെല്ലാം നല്ല അഭിപ്രായമായിരുന്നു. മനുഷ്യനും പ്രകൃതിയും സീരിസില്‍ പെട്ട ചിത്രങ്ങളാണിതെന്ന്‌ ഗൈഡ്‌ പറഞ്ഞു തന്നു. പൂമ്പാറ്റകള്‍ക്കുവേണ്ടിയുള്ള ഒരു ഉദ്യാനം ഇവിടെയുണ്ട്‌. പല വര്‍ണ്ണത്തിലുള്ള ശലഭങ്ങള്‍ നിറഞ്ഞതാണ്‌ ആ ഉദ്യാനം എന്ന്‌ ഗൈഡ്‌ വിവരിച്ചു. സമയം ഉച്ചയോടു അടുത്തിരുന്നതിനാല്‍ അധികമാരെയും പുറത്തു കാണാന്‍ കഴിഞ്ഞില്ല. രാവിലെ ആയിരുന്നു പറ്റിയ സമയമെന്ന്‌ മനസിലായീ . ധാരാളം പ്യൂപ്പകള്‍ ഇലകളുടെ അടിയില്‍ പറ്റിപ്പിടിച്ചിരുന്നിരുന്നു . അപ്പോള്‍ ചെറിയ ക്ലാസില്‍ പഠിച്ച കവിതയാണ്‌ മനസ്സില്‍ ഓര്‍മ്മവന്നത്‌ ഒരു നാള്‍ ചിറകുവിരിച്ചു ആകാശത്തിലേക്ക്‌ പറന്നുയരാന്‍ കൊതിച്ചു പവിഴക്കൂടിനുള്ളില്‍ ഉറങ്ങുന്ന പ്യൂപ്പകളെ കണ്ടപ്പോള്‍ എന്റെ സ്‌കൂള്‍ കാലമാണ്‌ എനിക്ക്‌ ഓര്‍മ്മ വന്നത്‌. ചിത്രശലങങ്ങള്‍ക്ക്‌ വേണ്ടി മാത്രമായി ഒരു പാര്‍ക്ക്‌ എന്നു കേട്ടപ്പോള്‍ ഇത്രയും കരുതിയില്ല. ഞാന്‍ തമ്പുവിന്റെയും ഐസക്ക്‌കുട്ടിയുടെയും മുഖത്തേക്ക്‌ നോക്കി. തമ്പുവിന്റെ മുഖം ആശ്ചര്യത്തിന്റെ നിര്‍വൃതിയിലാണ്‌. ഐസക്ക്‌ ഏതോ നൊസ്റ്റാള്‍ജിക്ക്‌ മൂഡിലാണ്‌. ഞങ്ങള്‍ മൂവരും കുട്ടികളായതു പോലെ. ചില യാത്രകളിലെ ചില നിമിഷങ്ങള്‍ അങ്ങനെയാണ്‌. ചില പ്രതീകങ്ങള്‍ മതി, ചില ഓര്‍മ്മപ്പെടുത്തലുകള്‍ മതി. നമ്മള്‍ നമ്മളല്ലാതായി മാറും. ഓരോ യാത്രയും ഇത്‌ ഓര്‍മ്മപ്പെടുത്തുന്നു. ചിത്രശലഭങ്ങളുടെ കൂട്ടില്‍ നിന്നിറങ്ങുമ്പോഴേയ്‌ക്കും ഞങ്ങളുടെ മനസ്സും പ്യൂപ്പകളുടെ തോടു പൊളിഞ്ഞ വര്‍ണശലഭങ്ങളായി മാറിയിരുന്നു.

(തുടരും)
തേനൂറും തെന്മലയിലൂടെ... (ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക