Image

ഗതി മാറി ഒഴുകുന്ന മതപ്രസ്ഥാനങ്ങള്‍ - ബാബു പാറയ്ക്കല്‍

ബാബു പാറയ്ക്കല്‍ Published on 22 March, 2014
ഗതി മാറി ഒഴുകുന്ന മതപ്രസ്ഥാനങ്ങള്‍ - ബാബു പാറയ്ക്കല്‍
ഭാരതം ഈശ്വര വിശ്വാസികളുടെ നാടാണ്. അതുകൊണ്ടു തന്നെ ഇത്രയും ഈശ്വരന്റെ പേരില്‍ ജനങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്ന ഒരു നാടും വേറെയില്ല. ജനങ്ങളെ ഈശ്വര വിശ്വാസികളാക്കി നിലനിര്‍ത്തുന്നതിലുപരി അന്ധമായ വിശ്വാസം കുത്തിനിറച്ച് മതഭ്രാന്തന്മാരാക്കി വളര്‍ത്താന്‍ വെമ്പല്‍കൊള്ളുന്ന സ്വാര്‍ത്ഥ തല്‍പരരായ മതനേതാക്കളുടെ സ്വാധീനം ഏറിവരുന്നതാണ് ഈയിടെയായി കൂടുതല്‍ കാണുന്നത്. നാട്ടില്‍ കൂണ്‍ മുളയ്ക്കുന്നതുപോലെ പൊന്തിവരുന്ന ആശ്രമപ്രസ്ഥാനങ്ങളും കരിസ്മാറ്റിക് കൂട്ടായ്മകളും ഇതിനുദാഹരണങ്ങളാണ്.

കേരളത്തില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്ന അമൃതാനന്ദമയി ആശ്രമത്തിന്റെ പേരില്‍ അവിടെ രണ്ടു ദശാബ്ദക്കാലം സന്യാസിനിയായി സേവനം അനുഷ്ഠിച്ച ഒരു വനിത കുറ്റാരോപണം ഉയര്‍ത്തിയിട്ട് ആഴ്ചകളേയായിട്ടുള്ളൂ. മാതാ അമൃതാനന്ദമയി ആശ്രമം ഇന്ന് ഭാരതത്തിലെതന്നെ വലിയ ആത്മീയ പ്രസ്ഥാനങ്ങളിലൊന്നാണ്. ദിവ്യകാരുണ്യപ്രസ്ഥാനങ്ങളില്‍ അവര്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ലോകം മുഴുന്‍ ആരാധകരുള്ള അമ്മയുടെ ആശ്രമത്തില്‍ രാത്രിയില്‍ നടക്കുന്ന കലാപരിപാടികള്‍ വിഭിന്നമാണെന്ന് ആരോപണമുന്നയിക്കുന്ന സന്യാസിനി ആണയിട്ടു പറയുന്നു. അവര്‍ ആ ആശ്രമത്തില്‍ വളരെയധികം തവണ പീഡിപ്പിക്കപ്പെട്ടതായി പേരു സഹിതം അവര്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ പറയുന്നു. വിഷയം ചൂടായി തുടങ്ങിയപ്പോള്‍ തന്നെ മുഖ്യമന്ത്രി അമ്മയ്ക്കു ക്‌ളീന്‍ ചിറ്റു നല്‍കി. ലേഖിക പുസ്തകത്തില്‍ പറഞ്ഞിരിയ്ക്കുന്ന കാര്യം കള്ളമായിരിക്കുമെന്നദ്ദേഹം പറഞ്ഞില്ല. മറിച്ച് "അമൃതാനന്ദമയി ചെയ്തിരിക്കുന്ന പുണ്യപ്രവര്‍ത്തികള്‍ നമ്മള്‍ കണ്ടില്ലെന്ന് നടിക്കരുത്" എന്ന് പറഞ്ഞ് അമ്മയെ ന്യായീകരിച്ചു. കേന്ദ്രമന്ത്രിമാരും മറ്റു രാഷ്ട്രീയക്കാരും അമ്മയുടെ സഹായത്തിനെത്തി. എന്നാല്‍ സി.പി.എമ്മിന്റെ സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത് "ആരോപണം സത്യമാണോയെന്നന്വേഷിക്കണം" എന്നായിരുന്നു. പക്ഷേ, ആ അഭിപ്രായത്തിനാരും ചെവികൊടുത്തില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ അവസരത്തില്‍ ആരെങ്കിലും അമ്മയെ പിണക്കുമോ? രാഷ്ട്രീയക്കാര്‍ ഓന്തിനെപ്പോലെ നിറം മാറുന്നവരാണല്ലോ. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിയത് അമേരിക്കയിലെ മലയാളികളായ ചിലര്‍ ഇതില്‍ കണ്ടത് ജാതി വിദ്വേഷമാണ്. അമൃതാനന്ദമയി എന്ന ഹിന്ദുപ്രതിഭയ്‌ക്കെതിരേ ചില ക്രിസ്ത്യാനികള്‍ കരുതികൂട്ടി ചെയ്യുന്ന പണിയായിട്ടാണ് ചിലര്‍ ഇതിനെ ചിത്രീകരിച്ചത്. നാം എത്രമാത്രം തരംതാണിരിക്കുന്നു! അമൃതാനന്ദമയി മാതാ ആകുന്നതിനുമുമ്പ് അരയസമുദായത്തിലെ ബാലികയ്ക്ക് ശ്രീകോവിലിനു മുമ്പില്‍ ദര്‍ശത്തിനു നില്‍ക്കണമെങ്കില്‍ മേലാളന്മാരുടെ അനുവാദം വേണമായിരുന്നു. ഇന്ന് അമ്മയെ ഹിന്ദുത്വത്തിന്റെ ആള്‍ദൈവമാക്കി പ്രതിഷ്ഠിക്കുന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കേരള രാഷ്ട്രീയത്തില്‍ ഈയിടെയുണ്ടായ കൊടുങ്കാറ്റ് മതസ്വാധീനത്തിന്റെ മറ്റൊരു തെളിവാണ്. പശ്ചിമഘട്ടത്തിലെ വനമേഖലയില്‍ വര്‍ഷങ്ങളായി സഭയിലെ കുഞ്ഞാടുകള്‍ അന്യായമായി കയ്യേറി കൈവശം വച്ചിരിക്കുന്ന ആയിരക്കണക്കിന് ഏക്കര്‍ സ്ഥലം ഒഴിഞ്ഞുകൊടുക്കേണ്ടി വരികയും ക്വാറിഖനനം നടത്തുന്ന വലിയ കുഞ്ഞാടുകളുടെ ഭാവിയിലെ നഷ്ടം മുന്‍കൂട്ടികാണുകയും ചെയ്ത മതനേതാക്കന്മാര്‍ യഥാര്‍ത്ഥത്തില്‍ പരിസ്ഥിതി നശീകണംകൊണ്ട് ഉണ്ടാകുന്ന വിനാശം കണ്ടില്ലെന്നു നടിക്കുകയാണ്. സത്യം തുറന്നു പറഞ്ഞ പി.ടി. തോമസിന് ആ ഒറ്റകാരണംകൊണ്ടു തന്നെ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി സീറ്റു നല്‍കിയില്ല. എന്നിട്ടും അദ്ദേഹം നിലപാടു മാറ്റിയില്ല. കഠിനാദ്ധ്വാനികളായ മലയോര കര്‍ഷകരെ ആര്‍ക്കാണ്ടു വേണ്ടി തിരുമേനിമാര്‍ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുകയാണെന്നുള്ള സത്യം കാലം തെളിയിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. താല്‍ക്കാലികമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി സഭാ നേതാക്കന്‍മാര്‍ക്ക് മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റും ഓശാന പാടിക്കൊണ്ട് പി.ടി. തോമസിനെ ബലി കൊടുത്തു. എന്നാല്‍ ഇന്നു കേരളത്തില്‍ അധികാരത്തിനുവേണ്ടി മലക്കം മറിയാതിരുന്ന പി.ടി. തോമസിനെ ജാതിമതഭേദമെന്യേ മതഭ്രാന്തില്ലാത്തവര്‍ അംഗീകരിക്കുന്നുവെന്ന സത്യം മറക്കരുത്. പ്രത്യേകിച്ച്, സത്യത്തിനുവേണ്ടി നിലകൊള്ളുന്ന വ്യക്തിയാണു വി.എസ്. എന്നു ധരിച്ചിരുന്ന കേരളത്തിലെ ജനം ഒറ്റരാത്രി കൊണ്ട് അദ്ദേഹം ഓന്തിനേക്കാള്‍ വേഗത്തില്‍ നിറം മാറ്റിയതു കണ്ടു ഞെട്ടിയ അവസരത്തില്‍ പി.ടി. തോമസിന്റെ മഹത്വം ഏറുന്നു.

സ്വന്തം അഭിപ്രായത്തോടു യോജിക്കാത്ത പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാനായി ഓടിനടന്നു പ്രവര്‍ത്തിക്കുകയും ധാര്‍ഷ്ട്യമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ളോഹധാരികള്‍ യഥാര്‍ത്ഥത്തില്‍ ആരെയാണു പ്രതിനിധീകരിക്കുന്നതെന്നു മറന്നു പോകുന്നു. വേണ്ടിവന്നാല്‍ ഞങ്ങള്‍ നക്‌സലൈറ്റ് ആകാന്‍പോലും മടിക്കില്ലെന്നു പറയുന്നവരുടെ അംശവസ്തം കണ്ടു ലജ്ജിക്കയാണ്. ഈ വേഷത്തോട് ഇവര്‍ക്കുതന്നെ ബഹുമാനമില്ലാതായാല്‍ പിന്നെന്തു പറയാന്‍! അധികാരത്തിനുവേണ്ടി സെമിനാരിക്കുള്ളില്‍ വച്ചു തന്നെ സഹവൈദികനെ കൊലപ്പെടുത്തിയ പുരോഹിതനും അണിഞ്ഞിരിക്കുന്നത് ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്ന പരിശുദ്ധിയുടെ വെളുത്ത കുപ്പായമാണ്.

ഈ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നല്ല വിജയസാധ്യതയോടെ മത്സരിക്കാനിറങ്ങിയ ഒരു വനിതയെ അവരുടെ ഭര്‍ത്താവിനെ ഇഷ്ടമില്ലാത്തതിന്റെ പേരില്‍ അവര്‍ക്കു സ്ഥാനാര്‍ത്ഥിത്വം നല്‍കാതിരിക്കാനായി പാര്‍ട്ടിനേതാക്കളെ കണ്ട് സ്വാധീനം ചെലുത്തി അവസരം നിഷേധിച്ചവനും ധരിച്ചിരിക്കുന്നത് ഇതേ ളോഹായാണ്.

അധികാരത്തിനും സ്വാര്‍ത്ഥ ലാഭത്തിനുംവേണ്ടി ധരിച്ചിരിക്കുന്ന ളോഹയ്ക്ക് അതിന്റെ തുണിയുടെ വിലപോലും കല്‍പ്പിക്കാത്ത സമുദായ നേതാക്കള്‍ നേതൃത്വം കൊടുക്കുന്ന മതപ്രസ്ഥാനങ്ങള്‍ വഴിമാറി ഒഴുകുന്നതു കണ്ടില്ലെന്നു നടിക്കുന്നവര്‍ സമൂഹത്തോടു പ്രതിബന്ധത ഇല്ലാത്തവരാണ്. ലജ്ജിക്കണം.


ഗതി മാറി ഒഴുകുന്ന മതപ്രസ്ഥാനങ്ങള്‍ - ബാബു പാറയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക