Image

ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം

Published on 11 November, 2011
ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം
തൃശൂര്‍: സൗമ്യയുടെ ഘാതകന്‍ ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് സൗമ്യയുടെ അമ്മ സുമതി പറഞ്ഞു. പോലീസുകാരും അഭിഭാഷകരും ഉള്‍പ്പെടെ കേസില്‍ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും വധശിക്ഷ തന്നെയാണ് പ്രതീക്ഷിച്ചിരുന്നതെന്നും സുമതിയും സൗമ്യയുടെ സഹോദരന്‍ സന്തോഷും പറഞ്ഞു. തന്റെ സഹോദരിക്ക് സംഭവിച്ചത് മറ്റൊരു പെണ്‍കുട്ടിക്കും സംഭവിക്കാതിരിക്കട്ടെയെന്നും സന്തോഷ് പറഞ്ഞു.

അതേസമയം ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബി.എ.ആളൂര്‍ വ്യക്തമാക്കി. എത്രയും വേഗം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ഈ കോടതിക്ക് മുകളില്‍ രണ്ട് കോടതികള്‍ കൂടിയുണ്ടെന്നും ആളൂര്‍ പറഞ്ഞു. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള വക്കാലത്ത് ഗോവിന്ദച്ചാമിയില്‍ കോടതി പരിസരത്ത് നിന്നുതന്നെ അഭിഭാഷകര്‍ ഒപ്പിട്ടുവാങ്ങി. സൗമ്യയുടെ മരണത്തില്‍ റെയില്‍വേക്ക് പങ്കുണ്ടെന്നും റെയില്‍വേയുടെ ഭാഗത്തുനിന്നുള്ള തെറ്റിനെ മറച്ചുവയ്ക്കാനായി ഗോവിന്ദച്ചാമിയില്‍ കുറ്റം ആരോപിക്കുകയായിരുന്നുവെന്നും അഡ്വ.ബി.എ. ആളൂര്‍ വിമര്‍ശിച്ചു.

എന്നാല്‍ വിധി എല്ലാ പെണ്‍കുട്ടികള്‍ക്കും ആശ്വാസമുണ്ടാക്കുന്ന ഒന്നാണെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. സുരേശന്‍ പറഞ്ഞു. ഈ കേസ് ഏറ്റെടുക്കുമ്പോള്‍ തന്നെ വിഷമമേറിയ കേസാണ് ഇതെന്ന് അറിയാമായിരുന്നു. ഹൈക്കോടതിയിലും ഇതേ വാദമുഖങ്ങളാണ് ഉയര്‍ത്താനുള്ളതെന്നും സുപ്രീം കോടതിയിലായാലും ഇതില്‍ കൂടുതലായൊന്നും പറയാനില്ലെന്നും സുരേശന്‍ പറഞ്ഞു.

ഗോവിന്ദച്ചാമിക്ക് അര്‍ഹിക്കുന്ന ശിക്ഷയാണ് കോടതി നല്‍കിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. കേസില്‍ കൃത്യമായും വേഗത്തിലും അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം നല്‍കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. യോജിച്ച ശിക്ഷ തന്നെയെന്ന് ഗോവിന്ദച്ചാമിക്ക് ലഭിച്ചതെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. അത്യന്തം ക്രൂരമായ പ്രവൃത്തിയാണ് സൗമ്യയുടെ നേരെ ഉണ്ടായിട്ടുള്ളത്. എല്ലാവിധ ക്രൂരതകളും അയാള്‍ സൗമ്യയുടെ നേരെ കാണിച്ചു. അതിന് തക്ക ശിക്ഷയാണ് ആ കശ്മലന് ലഭിച്ചത്-വി.എസ്. പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക