Image

പുള്ളികളും പാടുകളും തൊഴില്‍ നഷ്ടത്തിനിടയാക്കുമെന്ന്

Published on 11 November, 2011
പുള്ളികളും പാടുകളും തൊഴില്‍ നഷ്ടത്തിനിടയാക്കുമെന്ന്
വാഷിംഗ്ടണ്‍ : നിങ്ങളൊരു തൊഴിലന്വേഷകനാണോ. എങ്കില്‍ ആദ്യം മുഖത്തെ കറുത്ത പാടുകളും പുള്ളികളുമെല്ലാം നീക്കിയതിനുശേഷം മാത്രം അഭിമുഖങ്ങള്‍ക്കായി പോവുക. ഇല്ലെങ്കില്‍ അത് ഒരു പക്ഷെ തൊഴില്‍ നഷ്ടത്തിന് വരെ ഇടയാക്കിയേക്കാമെന്നാണ് റൈസ് യൂണിവേഴ്‌സിറ്റി പ്രഫസര്‍ മിക്കി ഹെബ്ല്‍ നടത്തിയ പുതിയ പഠനങ്ങള്‍ പറയുന്നത്. നിങ്ങള്‍ എത്രത്തോളം പരിചയസമ്പന്നയും യോഗ്യതയുള്ളവനുമാണെങ്കിലും ഇതില്‍ മാറ്റമൊന്നും വരില്ലെന്നും പഠനം പറയുന്നു. അഭിമുഖ സമയത്ത് നിങ്ങളുടെ മുഖത്തുള്ള പാടുകളും അഭിമുഖം നടത്തുന്നയാളുടെ ശ്രദ്ധയിലും മനസ്സിലും പതിഞ്ഞിരിക്കും.

പിന്നീട് ഉദ്യോഗാര്‍ഥികള്‍ക്കുള്ള നിയമന ഉത്തരവ് തയാറാക്കുമ്പോള്‍ ഇത് അഭിമുഖം നടത്തുന്നയാളുടെ തീരുമാനത്തില്‍ സ്വാധീനം ചെലുത്തുമെന്നും ഇത് ഒരു പക്ഷെ തൊഴില്‍ നഷ്ടത്തിന് വരെ കാരണമായേക്കാമെന്നുമാണ് മിക്കി ഹെബ്‌ലിനൊപ്പം പഠനത്തിന് നേതൃത്വം നല്‍കിയ ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ജുവാന്‍ മദേര പറയുന്നത്. ഇത് തികച്ചും മാനുഷിക വികാരങ്ങളുമായി ബന്ധപ്പെട്ട കാര്യമാണെന്നും മദേര പറയുന്നു. മുഖം മനസ്സിന്റെ കണ്ണാടിയെന്ന പഴഞ്ചൊല്ല് അക്ഷരാര്‍ഥത്തില്‍ ശരിയെന്നു സാരം. 178-ഓളം ബിരുദ വിദ്യാര്‍ഥികളെയും 38-ഓളം എംബിഎ ബിരുദധാരികളെയും പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്.

സിഖ് സമൂഹത്തിന് ഒബാമയുടെ ആശംസ

ന്യൂയോര്‍ക്ക് : ഗുരു നാനാക്ക് ജയന്തി ദിനത്തില്‍ യുഎസിലെ സിഖ് സമൂഹത്തിന് പ്രസിഡന്റ് ബറാക് ഒബാമയുടെ ആശംസ. ഗുരുനാനാക്കിന്റെ സന്ദേശങ്ങളില്‍ നിന്ന് എല്ലാവര്‍ക്കും പ്രചോദനം ഉള്‍ക്കൊള്ളാന്‍ കഴിയണമെന്ന് സന്ദേശത്തില്‍ ഒബാമ വ്യക്തമാക്കി. ഗുരു നാനാക്ക് ജയന്തി ആഘോഷങ്ങള്‍ താന്‍ പ്രസിഡന്റായിരിക്കെ ആദ്യമായി വൈറ്റ് ഹൗസില്‍ നടത്താനായതില്‍ അഭിമാനമുണ്‌ടെന്നും അമേരിക്കയിലെ സിഖ് സമൂഹം നല്‍കുന്ന സംഭാവനകളെ മാനിക്കുന്നുവെന്നും സന്ദേശത്തില്‍ ഒബാമ പറഞ്ഞു. സിഖ് സമൂഹത്തില്‍പ്പെട്ട പുരുഷന്‍മാര്‍ മതാചാരപ്രകാരം തലപ്പാവ് ധരിക്കുന്നതിന്റെ പേരില്‍ നേരത്തെ സിഖ് സമൂഹത്തിനുനേരെ ആക്രമണങ്ങള്‍ നടന്നിട്ടുള്ള പശ്ചാത്തലത്തില്‍ ഒബാമയുടെ സന്ദേശത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.


അഫ്ഗാന്‍കാരെ കൊലപ്പെടുത്തിയ കേസില്‍ യുഎസ് സൈനികന്‍ കുറ്റക്കാരന്‍

വാഷിംഗ്ട
ണ്‍ ‍: മൂന്ന് അഫ്ഗാന്‍കാരെ കൊലപ്പെടുത്തിയ കേസില്‍ യുഎസ് സൈനികന്‍ കുറ്റക്കാരനെന്നു സൈനിക കോടതി. കരസേനയിലെ സെര്‍ജന്റ് കല്‍വിന്‍ ഗിബ്‌സിനെയാണു കുറ്റക്കാരനെന്നു കണ്ടെത്തിയത്. പരോള്‍ ഇല്ലാതെ ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഞ്ചംഗ പാനല്‍ ആണു വിധി പ്രഖ്യാപിച്ചത്. താന്‍ കുറ്റക്കാരനല്ലെന്നു ഗിബ്‌സ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണു സംഭവം ഉണ്ടായത്. അഫ്ഗാനിലെ കാണ്ഡഹാറില്‍ നിരീക്ഷണം നടത്താനുള്ള ചുമതലയായിരുന്നു ഗിബ്‌സിനും സംഘത്തിനും. ഗ്രാമത്തിലെത്തിയ ഇവര്‍ സാധാരണക്കാരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ ആയുധങ്ങള്‍ വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഏറ്റുമുട്ടലില്‍ താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. മരിച്ചവരില്‍ രണ്ടു പേര്‍ കര്‍ഷകരായിരുന്നു.

യൂറോ പ്രതിസന്ധി: മെര്‍ക്കലുമായും സര്‍ക്കാസിയുമായും ഒബാമ ചര്‍ച്ച നടത്തി

വാഷിംഗ്ട
ണ്‍ ‍: യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായും ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുമായും ടെലിഫോണില്‍ സംഭാഷണം നടത്തിയതായി വൈറ്റ്ഹൗസ് അറിയിച്ചു. ഇറ്റലി പ്രസിഡന്റ് ജോര്‍ജിയോ നാപ്പൊളിറ്റാനോയുടെ നേതൃത്വത്തില്‍ വിശ്വാസം രേഖപ്പെടുത്തി നേരത്തെ ഒബാമ അദ്ദേഹത്തെ ടെലിഫോണില്‍ വിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഒബാമ ജര്‍മന്‍, ഫ്രഞ്ച് നേതാക്കളുമായി ചര്‍ച്ച നടത്തിയത്

ഒബാമയുടെ മധ്യേഷ്യന്‍ ഉപദേഷ്ടാവ് സ്ഥാനമൊഴിഞ്ഞു

വാഷിംഗ്ട
ണ്‍ ‍: മധ്യേഷ്യന്‍ വിഷയങ്ങളില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഉപദേഷ്ടാവായിരുന്ന ഡെന്നിസ് റോസ് (62) രാജിവച്ചു. ആറു മാസത്തിനിടെ ഒബാമയുടെ രണ്ടാമത്തെ ഉപദേഷ്ടാവാണു രാജിവയ്ക്കുന്നത്. നേരത്തേ സെനറ്റര്‍ ജോര്‍ജ് മൈക്കിള്‍ രാജിവച്ചിരുന്നു.

ഇസ്രയേല്‍ - പലസ്തീന്‍ സമാധാന കരാര്‍ കൊണ്ടുവന്നതുള്‍പ്പെടെ ഒട്ടേറെ കാര്യങ്ങളില്‍ ഇടനിലക്കാരനായ ആളാണ് ഡെന്നിസ് റോസ്. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഭരണകാലത്ത് മധ്യേഷ്യയിലെ യുഎസിന്റെ മുഖ്യപ്രതിനിധിയായിരുന്നു. 2009 ജൂണിലാണ് ബറാക് ഒബാമയുടെ ഉപദേഷ്ടാവായി സ്ഥാനമേറ്റത്. ഇറാനു മേല്‍ യുഎസ് നയം രൂപീകരിക്കാന്‍ പ്രധാന പങ്കു വഹിച്ചതു ഡെന്നിസാണ്. എന്നാല്‍ ഇസ്രയേല്‍ പലസ്തീന്‍ പ്രശ്‌നത്തില്‍ യുഎസ് ഇടപെടല്‍ പരാജയപ്പെട്ടിരുന്നു. വര്‍ഷങ്ങളായി ഇരു രാജ്യങ്ങള്‍ തമ്മില്‍ നേരിട്ടു ചര്‍ച്ച നടക്കുന്നില്ല.

ഓസ്‌ട്രേലിയയില്‍ സൈനിക താവളം സ്ഥാപിക്കാന്‍ യുഎസ് തീരുമാനം

വാഷിംഗ്ടണ്‍ : ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ സൈനിക താവളം സ്ഥാപിക്കാന്‍ യുഎസ് തീരുമാനിച്ചു. ചൈന ഈ മേഖലകളില്‍ മിസൈലുകള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ടുണ്ട്. അടുത്തയാഴ്ച യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഓസ്‌ട്രേലിയ സന്ദര്‍ശിക്കും. സന്ദര്‍ശന വേളയില്‍ പുതിയ താവളം സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണു റിപ്പോര്‍ട്ട്. ഡാര്‍വിനിലാണു താവളം നിര്‍മിക്കുക. താവളം നിര്‍മിക്കാന്‍ കോടിക്കണക്കിനു ഡോളറാണു യുഎസ് ചെലവഴിക്കുന്നത്. ഇപ്പോള്‍ വളരെ കുറച്ചു സൈനിക സാന്നിധ്യമാണ് ഓസ്‌ട്രേലിയയില്‍ യുഎസിനുള്ളത്. ജപ്പാന്‍, ഗ്വാം മേഖലയിലെ സൈനികരുടെ സുരക്ഷയെ കൂടി കരുതിയാണിതെന്നു യുഎസ് വൃത്തങ്ങള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക