Image

കാണാതെപോയ പൂച്ചയുടെ വിലപോലും... (കൈരളി ന്യൂയോര്‍ക്ക്)

കൈരളി ന്യൂയോര്‍ക്ക് Published on 24 March, 2014
കാണാതെപോയ പൂച്ചയുടെ വിലപോലും... (കൈരളി ന്യൂയോര്‍ക്ക്)
(part 1 and 2)

ചത്തുപോയ കൊച്ചിന്റെ ജാതകം നോക്കിയിട്ട് കാര്യമുണ്ടോ എന്നു പറയാറുണ്ടല്ലൊ. എന്നാല്‍ ഇവിടെ സംഭവിക്കുന്നത് മറ്റൊന്നാണ്. ഇത് സമൂഹത്തില്‍ ചിലരെയൊക്കെ വേദനിപ്പിക്കും. പക്ഷേ ഈ സമൂഹത്തെ കഷ്ണം കഷ്ണമായി വെട്ടിമുറിച്ച കത്ത്‌നാരന്മാര്‍ക്ക് യാതൊരു സങ്കോചമോ കുലക്കമോയില്ല.

കഴിഞ്ഞ ലക്കം കൈരളിയില്‍ വെറും നോക്കുകുത്തികളായി മാറുന്ന കമ്മ്യൂണിറ്റി ഭാരവാഹികളെക്കുറിച്ച് ഒരു കുറിപ്പ് എഴുതാന്‍ ഇടയായി. പലരും അനുകൂലിച്ചും പ്രതികരിച്ചും സംസാരിച്ചു. പക്ഷേ അതല്ല വിഷയം.

ജാസ്മിന്‍ തിരോധാനം ചെയ്ത് 15 ദിവസം കഴിഞ്ഞപ്പോള്‍ നാസു കൗണ്ടി പോലീസ് പ്രതികരിച്ചു. കുട്ടിയും കാറും ലോംഗ് ഐലന്റില്‍ കണ്ടെത്തി. കുട്ടി മരിച്ചു. ഓട്ടോപ്‌സിക്കായി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

വിധിയെ തടുക്കാന്‍ ആര്‍ക്കും സാധ്യമല്ല. എന്നാല്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിരുത്തരപരമായ നീക്കങ്ങളെ തീര്‍ത്തും നിസ്സംഗതയോടെ തള്ളിക്കളയാന്‍ സാധിക്കുമോ?
ഒരു കുട്ടിയെ കാണാനില്ലെന്നറിഞ്ഞാല്‍ അമേരിക്കന്‍ സമൂഹം എന്തൊക്കെയാണ് സാധാരണ ചെയ്യുക?
ആദ്യമായി സ്വന്തം സമൂഹം ഒന്നിച്ചു ചേര്‍ന്ന് വരും വരാഴികളെപ്പറ്റി ചിന്തിച്ച് അതിനുവേണ്ടി ഏറ്റവും സമര്‍ത്ഥരായവരെ ചുമതലപ്പെടുത്തി ദിവസേനയുള്ള നീക്കങ്ങള് വിലയിരുത്തി അനാസ്ഥ കാട്ടുന്ന പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ എങ്ങനെയും ഉണര്‍ത്താന്‍ ശ്രമിക്കും.

അതോടൊപ്പം ദുഃഖാര്‍ത്തരായ മാതാപിതാക്കളുടെ സുഹൃത്തുക്കള്‍ ഒന്നിച്ചു ചേര്‍ന്ന് കാടുംപള്ളയും അരിച്ചു പെറുക്കാന്‍ ഒരു ശ്രമം നടത്തും. അതിലുപരി എവിടെയെല്ലാം പബ്ലിസിറ്റി കൊടുക്കാമോ അവിടെയെല്ലാം പബ്ലിസിറ്റി കൊടുക്കും. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനു നാല്പത്തെട്ടു മണിക്കൂറിനു ശേഷമേ അന്വേഷിക്കാന്‍ സാധിക്കുകയുള്ളൂ എങ്കില്‍ അങ്ങനെ ആകട്ടെ. പക്ഷേ നമുക്കു കുറേക്കൂടി ജാഗ്രത പുലര്‍ത്താമായിരുന്നില്ലേ?

കാണാതെ പോയ ഒരു പൂച്ചയെ അന്വേഷിക്കുന്ന തീഷ്ണത പോലും ലോംഗ് ഐലന്റ് മലയാളികള്‍ കാണിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ് ഓള്‍ മൈറ്റി ഡോളറിന്റെ ഗര്‍വ്വില്‍ നമ്മുടെ സമൂഹം എത്രമാത്രം വിഭജിച്ചു പോയി എന്നു മനസ്സിലാകുന്നത്. കേഴുക മലയാളികളെ കേഴുക.

പക്ഷേ, എന്തുവന്നാലും ഈ ജീവിതം ജീവിച്ചു തന്നെ തീര്‍ക്കണമല്ലോ! ഞായറാഴ്ചകളില്‍ കാണുന്ന കത്തനാരന്‍ന്മാരെ നമ്പിയിട്ടു കാര്യമില്ല. കുഞ്ഞാടുകളുടെ കീശ കാലിയാക്കുകയാണ് അവരുടെ ലക്ഷ്യം. അതിനുശേഷം ഫ്യൂണറല്‍ ഹോമുകളിലേയ്ക്ക് പാഞ്ഞടുക്കും. ഏറ്റവും വികൃതമായ മീശയും താടിയും ഉള്ളവന്‍ അവിടെയും കാര്യക്കാരന്‍. ഇതൊരു  നേരായ മാര്‍ഗ്ഗമാണോ. അന്ധന്‍ അന്ധരെ നയിക്കുന്ന സമ്പ്രദായമല്ലേ ഇത്. സത്യമാണ്, മനുഷ്യന്‍ സമൂഹ ജീവിയാണ്. പക്ഷേ സമൂഹത്തിലെ വിഡ്ഢികള്‍ പറയുന്നതു മുഴുവന്‍ മാറില്‍ ചാര്‍ത്തണോ? സ്വയം ഒരു കാഴ്ച്ചപ്പാടുണ്ടാകണ്ടേ?

പറിച്ചു നട്ട നാട്ടിലെ ജീവിത രീതികള്‍ മനസ്സിലാകാതെ മാതാപിതാക്കളുടെ സന്തോഷത്തിനു വേണ്ടി, കുട്ടികള്‍ തങ്ങളുടെ ജീവിതം അര്‍പ്പിക്കണം എന്നു ശഠിക്കുന്ന മാതാപിതാക്കള്‍ക്കും ഏറെ ട്രെയിനിംഗിന്റെ ആവശ്യമുണ്ട്.

ആരെയും കുറ്റപ്പെടുത്താനല്ല, എന്നാല്‍ അനുഭവങ്ങളില്‍ നിന്നു പഠിക്കണം. അതാണ് ഈ കുറിപ്പിന്റെ ഉദ്ദേശം.

കഴിഞ്ഞ നാലാഴ്ചകളിലായി മലയാളി കുടുംബങ്ങളില്‍ നിന്ന് നാലു കുട്ടികള് തിരോധാനം ചെയ്തു. ആശാരിയുടെ കുറ്റമാണോ, തടിയുടെ വളവാണോ പ്രശ്‌നം? ഈ വിഷയം നമ്മള്‍ നന്നായി അപഗ്രഥിച്ചേ പറ്റൂ.

ഇതെഴുതുമ്പോള്‍ ഒരു വടക്കെ ഇന്‍ഡ്യാക്കാരന്‍ കോളേജ് പയ്യനെ കാണാതെ പോയതായി റിപ്പോര്‍ട്ടുണ്ട്. ന്യൂയോര്‍ക്കിലെ കേസ്സു തന്നെ.

പതിനാലു ദിവസത്തോളം അവിടെ ഇല്ലാതിരുന്ന കാര്‍, പതിനഞ്ചാം ദിവസം പാതിരായ്ക്ക് കാറു കണ്ടെത്തിയതായി പോലീസ് റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ അത്ഭുതമെന്നേ പറയേണ്ടൂ. അതും പോലീസ് സ്റ്റേഷന്റെ മൂക്കിനു താഴെ!!.. നേരം വെളുത്ത് പത്തുമമിയായപ്പോള്‍ ഓട്ടോപ്‌സി ചെയ്യുന്നതിനു മുമ്പേ പോലീസ് റിപ്പോര്‍ട്ടും നല്‍കി. കുട്ടി ആത്മഹത്യ ചെയ്‌തെന്ന്.

ആ കുട്ടിയുടെ സെല്‍ഫോണും, ഐപ്പാടും ലാബ് ടോപ്പുമെല്ലാം പൂര്‍ണ്ണമായും ഡിലീറ്റു ചെയ്യുകയും ചെയ്തു. തൂങ്ങി ചാകാന്‍ പോകുന്ന മനുഷ്യന് മഴയത്ത് കുടയുടെ ആവശ്യമെന്താ? ആത്മഹത്യചെയ്യാന്‍ പ്ലാന്‍ ചെയ്യുന്ന കുട്ടി, എന്തിനു ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഡിലീറ്റ് ചെയ്യണം. കാറില്‍ നിന്ന് എഴുത്തു കിട്ടിയെന്നു പറയുന്നു. എങ്കില്‍ സെല്‍ഫോണുകളിലും മറ്റുമുള്ള ഇന്‍ഫര്‍മേഷന്‍സും അവിടെ ഉണ്ടാകേണ്ടതല്ലേ?

അപ്പോള്‍ ആരാണ് എഴുത്തെഴുതിയത്, അല്ലെങ്കില്‍ ബലമായി എഴുതിപ്പിച്ചത്, ആരാണ് ഡിലീറ്റ് ചെയ്തത്? ഉത്തരം പറയാതെ തന്നെ വ്യക്തം.

ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടു തന്നെയാണ് കൈരളിയുടെ ഓഫീസ് അറ്റോര്‍ണി ജനറലിന്റെ ഓഫീസില്‍ വിളിച്ച് പ്രതിഷേധം അറിയിച്ചതും, അറ്റോര്‍ണി ജനറല്‍ കാത്ത്‌ലിന്‍ റൈസിനു ലറ്റര്‍ ഫാക്‌സ് ചെയ്തതും, അതിന്റെ കോപ്പി ലോംഗ് ഐലന്റിലെ ഇന്‍ഡ്യാക്കാരുടെ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷണര്‍ക്കും അയച്ചു കൊടുത്തു. പക്ഷേ, നാസ്സു കൗണ്ടി പോലീസിന്റെ നിഷ്‌ക്രിയതക്കെതിരെ കേസ് ഫയല്‍ ചെയ്യാനോ മറ്റു നടപടികളിലേക്ക് കടക്കാനോ കമ്മ്യൂണിറ്റിക്ക് സാധിച്ചില്ല.
ഈ പ്രത്യേക സാഹചര്യത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കില്ലെന്ന് സ്പഷ്ടം. പക്ഷേ കമ്മ്യൂണിറ്റി ഇത് സ്വന്തം പ്രശ്‌നംപോലെ കാണേണ്ടതല്ലേ. നാളെ നമ്മിലൊരാളുടെ കുട്ടിക്കും ഇത്തരത്തിലൊരു ദുരന്തം വന്നുകൂടെന്നില്ലല്ലോ? ആത്മഹത്യയിലേക്ക് നയിക്കുന്ന കുടുംബാന്തരീക്ഷമാണോ നമ്മുടെ കുടുംബങ്ങളിലുള്ളത്?

കമ്മ്യൂണിറ്റി ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മള്‍ ഉണ്ടാക്കിയ കാറും വീടും കുട്ടികളുടെ നേട്ടങ്ങളും എല്ലാമെല്ലാം അനുഭവിക്കണമെങ്കില്‍ അവ പരിരക്ഷിക്കാനും പഠിക്കണം.
കേരളാ സെന്റര്‍ പോലുള്ള സ്ഥാപനങ്ങള്‍ അല്‍പംകൂടി സിവിക് ഡ്യൂട്ടികള്‍ക്ക് പ്രധാന്യം നല്‍കണം യോജിച്ചു പ്രവര്‍ത്തിച്ചാല്‍ എല്ലാവര്‍ക്കും മനസമാധാനത്തിനു വഴി തെളിയും.
നന്ദി നമസ്‌കാരം


കാണാതെപോയ പൂച്ചയുടെ വിലപോലും... (കൈരളി ന്യൂയോര്‍ക്ക്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക