Image

അമേരിക്കന്‍ അമ്മമാര്‍ക്ക് പിഴച്ചതെവിടെയാണ് ( ലേഖനം - രാജശ്രീ )

രാജശ്രീ Published on 24 March, 2014
അമേരിക്കന്‍ അമ്മമാര്‍ക്ക് പിഴച്ചതെവിടെയാണ് ( ലേഖനം - രാജശ്രീ )
അമേരിക്കന്‍ അമ്മമാര്‍ക്ക് പിഴച്ചതെവിടെയാണ് 

അമ്മമാര്‍ക്ക് ഇത് വിചിന്തനത്തിന്റെ കാലം. കാലം തെറ്റി വന്ന മരണങ്ങള്‍ ഒരു സമൂഹത്തെയാകെ തീരാദുഃഖത്തിലേക്ക് തള്ളി വിട്ടിരിക്കുന്നു. തുടര്‍ച്ചയായി നാലു കുഞ്ഞുങ്ങള്‍ വെറും മൂന്നു മാസങ്ങള്‍ക്കുള്ളില്‍. ഒഴുക്കന്‍ വായനയോടെ ഇതെന്റെ അനുഭവമല്ല എന്ന നെടുവീര്‍പ്പോടെ വിസ്മൃതിലാകുന്ന വാര്‍ത്തകള്‍ക്കിടയിലേക്കല്ല ഇതു പോകേണ്ടത്. മറിച്ച് അനുഭവങ്ങളില്‍ നിന്ന്, മൂകസാക്ഷികളാകേണ്ടി വന്ന അമ്മമാരുടെ കണ്ണീരില്‍, ഇനിയും കരയാന്‍  അവസരമില്ല, എന്ന ഉണര്‍വിലേക്കാണ് നാം ഉയരേണ്ടത് .
 
“അമ്മ“ എന്ന വാക്കിന് അതിഭാവുകത്വം കലര്‍ത്തി മഹാകവികല്‍ പാടി പുകഴ്ത്തുമ്പോള്‍, അച്ഛനില്‍ കവിഞ്ഞ മഹത്വം എന്താണ് എന്നുള്ളത് എന്നും അഞ്ജാതമായ  ഒരു രഹസ്യമാണ്. ഒരു കുഞ്ഞിന്റെ ജനനം ഒരിക്കലും അവന്റെ അറിവോടെ അല്ല. മറിച്ച് അച്ഛനമ്മമാരുടെ സ്വര്‍ത്ഥതയോടെ സ്വന്തം പരമ്പര, വാര്‍ദ്ധ്യക്യത്തിലേക്കൊരു തണല്‍, പങ്കാളിയോടുള്ള സ്‌നേഹം, അങ്ങനെ പലതും. അപ്പോള്‍ അവനെ പത്തുമാസം ചുമക്കുന്നതും, വളര്‍ത്തുന്നതും തികഞ്ഞ ഉത്തരവാദിത്വങ്ങള്‍ മാത്രം. നാം നമ്മോടു തന്നെ നടപ്പാക്കുന്ന നീതി… ഓരോ ദുരന്തങ്ങളും വീണ്ടും അമ്മയുടെ മഹത്വത്തിനു നേരെ ചോദ്യ ചിഹ്നങ്ങളാകുന്നു. 

അച്ഛനിലുമുപരി മാതൃത്വത്തിന് മഹത്വമുണ്ടെങ്കില്‍ എന്തെ നമ്മുടെ കുട്ടികള്‍ നമ്മളില്‍ നിന്ന് അകലുന്നത്  നാം  അറിയുന്നില്ല. അവസാന നിമിഷങ്ങളില്‍ ഒന്നും നമ്മുടെ കുട്ടികള്‍ അമ്മയിലേക്ക് അഭയത്തിനായി ഓടിയെത്തുന്നില്ല.

അല്ലലും ആവലാതികളും ഉണ്ടായിരുന്നെങ്കിലും നമുക്ക് മുമ്പുള്ളൊരു തലമുറ അവരില്‍ സംതൃപ്തരായിരുന്നു. അഞ്ചില്‍ കുറയാത്ത കുട്ടികളുള്ള കുടുംബാംങ്ങളായിരുന്നെങ്കിലും അവര്‍ക്ക് പരാതികളില്ലാതെ പങ്കുവെക്കാനറിയാമായിരുന്നു. അവര്‍ക്കു മുമ്പില്‍ മത്സരബുദ്ധിക്കു പകരം സ്‌നേഹ്ത്തിന്റെ സാഹോദര്യത്തിന്റെ ഒരു നൈര്‍മ്മല്യമുണ്ടായിരുന്നു. 

ആ സുകൃതമുള്ള പൈതൃകവുമായി  അമേരിക്കന്‍ ജിവിതത്തിലേക്ക് പറന്നിറങ്ങുമ്പോള്‍ നമ്മിലെ നമ്മളെയും ഈ സമൂഹത്തിന്റെ അഴുക്കു ചാലിലേക്ക് എടുത്തെറിയുകയാണ്. അവിടെ മുതല്‍ കുടുംബങ്ങളില്‍ നിന്നും കുടുംബ ബന്ധങ്ങളില്‍ നിന്നും നാം അകലുകയാണ്.

ഒരാഴ്ചയില്‍ ഏഴു ദിവസവും ഇരുപത്തിനാലു മണിക്കൂര്‍ നീളുന്ന ഷിഫ്റ്റുകളിലും നമ്മുടെ ബാങ്ക് അക്കൗണ്ടുകളുടെ വളര്‍ച്ചയിലും, നാം സംതൃപ്തരാകുന്നില്ല. കുഞ്ഞിക്കണ്ണുകളിലെ നിഷ്‌ക്കളങ്കത കാണാന്‍ ഉറക്ക ഭാരം പേറുന്ന നമ്മുടെ കണ്ണുകള്‍ക്ക് ആവുന്നില്ല. കൗതുകമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ അത് കേള്‍ക്കാന്‍ ആസ്വദിക്കാന്‍ നമ്മുടെ കാതുകള്‍ക്ക് ആകുന്നില്ല. മാറി മറയുന്ന ഷിഫ്റ്റുകള്‍ക്കിടയില്‍ കുഞ്ഞുങ്ങളെ കൈമാറാന്‍ മാത്രമായി കാണുന്ന ദാമ്പത്യങ്ങള്‍ ഉണ്ടെന്നുള്ളത് കൗതുകമുണര്‍ത്തുകയാണ്.

അവിടുന്ന് പിഴയ്ക്കുകയാണ് നമ്മുടെ ചുവടുകള്‍. നാം വാരിയെടുക്കുന്ന ഡോളറിന്റെ മൂല്യമുള്ള മണിക്കൂറുകള്‍ അവയാണ് കുഞ്ഞുങ്ങള്‍ക്ക് ആവശ്യം. നമ്മോടൊത്താസ്വദിക്കാനുള്ള സമയം. പങ്കുവയ്ക്കലിനായി അവര്‍ കാത്തുവെയ്ക്കുന്ന ദുഃഖങ്ങള്‍. ഉറങ്ങുമ്പോള്‍ നെറുകയിലുരുമ്മ, ഒക്കെ  അവരിലേക്കുള്ള നമ്മുടെ ദൂരം കുറയ്ക്കുകയെ ഉള്ളൂ.

വിശ്വാസം അവന്റെ തലയിലേക്ക് അടിച്ചേല്പിക്കാന്‍ അതിലൂടെ അവന്‍ അച്ചടക്കം പഠിക്കുമെന്ന് മൂഢമായി വിശ്വസിച്ച് ആരാധനാലയങ്ങളില്‍ നാം കളയുന്ന ഒഴിവുദിനങ്ങള്‍. അവിടെ നാം തിരിച്ചറിയേണ്ട ഒന്നുണ്ട്. കുമ്പസാരങ്ങള്‍ പുരോഹിതന്മാരുടെ മുമ്പിലല്ല മിറച്ച് മാതാപിതാക്കളുടെ മുന്‍പിലായാല്‍ നാം അവരുടെ കരുത്താകും. നമ്മിലെ വിശ്വാസം അവരില്‍ തെറ്റുകളുടെ ആഴം കുറയ്ക്കും. ശരി പകുത്തു നല്‍കാന്‍ നമ്മിലേക്ക് ആയിരം വാതിലുകള്‍ തുറക്കും. ശരിക്കും തെറ്റിനുമിടയില്‍ അടി തെറ്റിയാല്‍ നാം ഇങ്ങനെ തുമ്പില്ലാതെ അലയേണ്ടി വരുമായിരുന്നില്ല. അവരുടെ സൗഹൃദ വലയങ്ങളില്‍ നേരിനായി അലയേണ്ടി വരുമായിരുന്നില്ല. 

അതിനാല്‍ അമ്മമാരെ നിങ്ങള്‍ മഹത്വത്തിന്റെ പടുകയറുക. ഉപവാസങ്ങളിലും , പ്രാര്‍ത്ഥനകളിലുമല്ല മിറച്ച് നമ്മുടെ കുഞ്ഞുങ്ങളില്‍ അവര്‍ക്കൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങളില്‍ പ്രാര്‍ത്ഥനയുടെ ആത്മീയത കണ്ടെത്തുക. അവര്‍ക്കു വേണ്ടി നാം സമ്പാദിച്ചു കൂട്ടുന്ന പണത്തിലല്ല അതിനായി നാം ബലികഴിക്കുന്നത്യാഗത്തിന്റെ മൂല്യം അവരെ ബോധ്യപ്പെടുത്തുക. 

നമ്മുടെ കാതുകള്‍ അവരുടെ മൊഴികള്‍ക്കും , നമ്മുടെ കണ്ണുകള്‍ അവരിലേയ്ക്ക് തുറന്നുവെയ്ക്കുക --- പിന്നീട്  പശ്ചാത്താപമില്ലാതെ… “ കണ്വനെ പോലെ നമുക്കും പറയാം “… 
ശേഷം വിധി വിധേയാ !


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക