Image

നൊബേല്‍ പുരസ്‌കാര ജേതാവ്‌ ഹര്‍ഗോവിന്ദ്‌ ഖുരാന അന്തരിച്ചു

Published on 11 November, 2011
നൊബേല്‍ പുരസ്‌കാര ജേതാവ്‌ ഹര്‍ഗോവിന്ദ്‌ ഖുരാന അന്തരിച്ചു
മസാച്യൂസെറ്റ്‌സ്‌: നൊബേല്‍ പുരസ്‌കാര ജേതാവ്‌ ഇന്ത്യന്‍ വംശജനായ ഹര്‍ഗോവിന്ദ്‌ ഖുരാന (89) അന്തരിച്ചു. കൃത്രിമജീനിന്‌ രൂപംനല്‍കുന്നതില്‍ വിജയിച്ച അദ്ദേഹത്തെ തേടി 1968ല്‍ നോബേല്‍ പുരസ്‌കാരം എത്തി.

1922-ല്‍ പഞ്ചാബിലെ റായ്‌പൂരിലാണ്‌ ഖുരാന ജനിച്ചത്‌.മുള്‍ട്ടാനിലെ ഡി.എ.വി. ഹൈസ്‌കൂളിലായിരുന്നു ഖുരാനയുടെ പ്രാഥമിക വിദ്യാഭ്യാസം. അവിടുത്തെ രത്തന്‍ലാല്‍ എന്ന അധ്യാപകനാണ്‌ തന്റെ ജീവിതത്തില്‍ നിര്‍ണായകസ്വാധീനം ചെലുത്തിയതെന്ന്‌ ഖുരാന ആത്മകഥയില്‍ എഴുതുകയുണ്ടായി. പിന്നീട്‌ ലാഹോറിലെ പഞ്ചാബ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ബിരുദാനന്തര ബിരുദം നേടി.

1945ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഫെലോഷിപ്പ്‌ നേടിയാണ്‌ ഉപരിപഠനത്തിന്‌ ഇംഗ്ലണ്ടിലേയ്‌ക്ക്‌ പോയത്‌. ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ നിന്ന്‌ പി.എച്ച്‌.ഡി. ബിരുദം നേടിയ ഖുരാന പിന്നീട്‌ സൂറിച്ചിലെത്തി.

സ്വിറ്റ്‌സ്വര്‍ലന്‍ഡിലെ ഫെഡറല്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ പോസ്റ്റ്‌ ഡോക്ടറല്‍ പഠനത്തിന്‌ ചേര്‍ന്ന ഖുരാന, അവിടെ വെച്ച്‌ പരിചയപ്പെട്ട എസ്‌തര്‍ എലിസബത്തിനെ ജീവിതപങ്കാളിയാക്കി. ഇവര്‍ക്ക്‌ മൂന്ന്‌ മക്കളുണ്ട്‌. ജൂലിയ എലിസബത്ത്‌, എമിലി ആന്‍, ഡേവ്‌ റോയ്‌.

1949 ല്‍ ഇന്ത്യയിലേയ്‌ക്ക്‌ മടങ്ങിയ ഖുരാന, പിന്നീട്‌ കേംബ്രിഡ്‌ജ്‌ സര്‍വകലാശാലയുടെ ഫെലോഷിപ്പോടെ ഇംഗ്ലണ്ടില്‍ തന്നെ മടങ്ങിയെത്തി. കേംബ്രിഡ്‌ജിലെ രണ്ടു വര്‍ഷത്തെ വാസത്തിനിടെയാണ്‌ പ്രോട്ടീനുകളെയും ന്യൂക്ലിക്‌ ആസിഡുകളെയും കുറിച്ചുള്ള പഠനത്തില്‍ ഖുരാന തല്‍പരനാകുന്നത്‌. 1952ല്‍ ബ്രിട്ടീഷ്‌ കൊളംബിയ റിസേര്‍ച്ച്‌ കൗണ്‍സിലില്‍ ജോലി ലഭിച്ച്‌ കാനഡയിലെ വാന്‍കൂവറിലെത്തി.

1960 ല്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ വിസ്‌കോണ്‍സിനിലെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ എന്‍സൈം റിസര്‍ച്ചില്‍ ജോലിയില്‍ പ്രവേശിച്ച ഖുരാന ഇവിടെവച്ചാണ്‌ നോബല്‍ സമ്മാനത്തിന്‌ അര്‍ഹമായ പഠനം നടത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക