Image

ക്യാംപസ്‌ പയ്യന്‍സ്‌ ഇമേജ്‌ മാറ്റുന്നു...

Published on 12 November, 2011
ക്യാംപസ്‌ പയ്യന്‍സ്‌ ഇമേജ്‌ മാറ്റുന്നു...
അതെ ഇന്നും ചാക്കോച്ചനെ ക്യാംപസില്‍ പ്രതിഷ്‌ഠിക്കാനാണ്‌ മലയാളിക്കിഷ്‌ടം. എങ്ങനെയൊക്കെ മാറി നടന്നാലും ക്യാംപസ്‌ ഇമേജ്‌ ചാക്കോച്ചനെ വിട്ടു പോകില്ല എന്നത്‌ പോലെ. കോളജ്‌ സ്റ്റൂഡന്റ്‌ ആവേണ്ട പ്രായമൊക്കെ കഴിഞ്ഞെന്ന്‌ ചാക്കോച്ചന്‍ തന്നെ പറഞ്ഞാലും ആരെങ്കിലും സമ്മതിക്കേണ്ടെ. സ്റ്റുഡറ്റായില്ലെങ്കിലും ക്യാംപസില്‍ ചാക്കോച്ചന്‌ സ്ഥാനമുണ്ട്‌. ഡോക്‌ടര്‍ ലൗ എന്ന സിനിമ ഉണ്ടായത്‌ അങ്ങനെയാണ്‌. ഡോക്‌ടര്‍ ലൗവില്‍ ചാക്കോച്ചന്റെ വിനയചന്ദ്രന്‍ എന്ന കഥാപാത്രം ക്യാംപസ്‌ വിദ്യാര്‍ഥിയല്ല. പക്ഷെ ക്യംപസിലെ ഓള്‍ ഇന്‍ ഓള്‍ തന്നെയാണ്‌ വിനയചന്ദ്രന്‍. ശരിക്കും ക്യാംപസിലെ താരം.

എന്നാല്‍ ചാക്കോച്ചന്‍ സിനിമയിലെത്തിയിട്ട്‌ പതിനാല്‌ വര്‍ഷങ്ങള്‍ പിന്നിടുകയാണ്‌. കഴിഞ്ഞ നവംബര്‍ രണ്ടിനായിരുന്നു ചാക്കോച്ചന്റെ 35ാം പിറന്നാള്‍. പുതിയ ചിത്രമായ ഓഡിനറിയുടെ ലൊക്കേഷനില്‍ ചാക്കോച്ചന്റെ പിറന്നാള്‍ ആഘോഷവും നടന്നു. എങ്കിലും നാള്‍ക്ക്‌ നാള്‍ ചാക്കോച്ചന്‍ കൂടുതല്‍ ചെറുപ്പമാകുകയാണെന്ന്‌ തോന്നും. അനിയത്തിപ്രാവില്‍ അഭിനയിക്കാനെത്തിയ അതെ ടീനേജ്‌ പയ്യന്‍. എന്നാല്‍ തന്റെ ``പയ്യന്‍ ലുക്ക്‌'' മാറ്റിയെടുത്തേ അടങ്ങു എന്ന വാശിയിലാണിപ്പോള്‍ ചാക്കോച്ചന്‍. അത്തരമൊരു ശ്രമത്തിന്റെ ഭാഗമാണ്‌ ചാക്കോച്ചന്റെ പുതിയ ചിത്രമായ ഓഡിനറി. ഒരു കെ.എസ്‌.ആര്‍.ടി.സി കണ്ടക്‌ടറുടെ വേഷത്തിലാണ്‌ ഈ ചിത്രത്തില്‍ ചാക്കോച്ചന്‍. ക്യാംപസില്‍ അടിപൊളി വേഷമിട്ട്‌ നടന്ന ചാക്കോച്ചന്‌ ബസ്‌ കണ്ടക്‌ടറുടെ കാക്കി കുപ്പായം എങ്ങനെ ചേരും എന്ന്‌ എല്ലാവര്‍ക്കും ഒരു സംശയമുണ്ടാകും. എന്നാല്‍ ചിത്രത്തിന്റെ ലൊക്കേഷനിലെത്തി ചാക്കോച്ചനെ കണ്ടാല്‍ ഈ സംശയം പാടേ മാറും.

കാക്കി ഷര്‍ട്ടും പാന്റും ധരിച്ച്‌ ഇടം കൈയ്യില്‍ ടിക്കറ്റ്‌ റാക്കും, വലംകൈ വിരലില്‍ കൊരുത്ത വിസിലുമായി ബസിന്റെ ഫുഡ്‌ ബോര്‍ഡില്‍ നിന്ന്‌ ചാക്കോച്ചന്‍ പത്തനം തിട്ട - ഗവി റൂട്ടിലെ ഓഡിനറി ബസിന്‌ ഡബിള്‍ ബെല്ല്‌ കൊടുക്കുന്നു. ഓഡിനറിയിലെ ചാക്കോച്ചന്റെ പേരും ഇതുവരെയുള്ള ചാക്കോച്ചന്‍ കാരക്‌ടറുകളില്‍ നിന്നും വ്യത്യസ്‌തമാണ്‌. ``ഇരവിക്കുട്ടിപിള്ള'' എന്നാണ്‌ ചാക്കോച്ചന്റെ കഥാപാത്രത്തിന്റെ പേര്‌. ഒന്നുകില്‍ ക്യാംപസ്‌ പയ്യന്‍, അല്ലെങ്കില്‍ എക്‌സിക്യുട്ടീവ്‌ ലുക്ക്‌ എന്നീ ഇമേജുകള്‍ക്ക്‌ അപ്പുറം ചാക്കോച്ചന്റെ ഏറെ വ്യത്യസ്‌തമായ വേഷമായിരിക്കും ഓഡിനറി എന്ന സിനിമയിലേത്‌.

വ്യത്യസ്‌തകള്‍ ഇപ്പോള്‍ ചാക്കോച്ചനെയും തേടിയെത്തി തുടങ്ങിയിരിക്കുന്നു. ട്രാഫിക്കിലെ ഡോക്‌ടര്‍ ഏബല്‍ എന്ന കഥാപാത്രം അതിന്‌ ഉദാഹരണമാണ്‌. അതുപോലെ തന്നെ സീനിയേഴ്‌സ്‌ എന്ന ചിത്രത്തിലെ വില്ലന്‍ വേഷവും.

ഈ ഇമേജൊന്ന്‌ മാറ്റിയെടുക്കേണ്ട ഇനിയെങ്കിലും?

ഇതിനുള്ള ഉത്തരം എന്റെ അടുത്ത സിനിമകളാണ്‌. ഉടന്‍ വരാന്‍ പോകുന്ന ഓഡിനറി എന്ന ചിത്രം. ഈ ചിത്രത്തില്‍ ഞാന്‍ ബസ്‌ കണ്ടക്‌ടറാണ്‌. ഇത്തരത്തിലുള്ളൊരു കഥാപാത്രം എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ്‌. മുമ്പൊന്നും ഒരു കണ്ടക്‌ടറുടെയോ, ഡ്രൈവറുടെയോ കഥാപാത്രങ്ങളുമായിട്ടൊന്നും ആരും എന്ന സമീപിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ശരിക്കും മാറിയിരിക്കുന്നു. പുതുമയുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട്‌.

എന്നിട്ടും കഴിഞ്ഞ ചിത്രമായ ഡോക്‌ടര്‍ ലൗവിലെ വിനയചന്ദ്രനൊക്കെ ഇപ്പോഴും ക്യാംപസില്‍ തന്നെയാണ്‌?

ആ സിനിമയുടെ ആംഗിള്‍ തന്നെ വേറെയല്ലേ. ഞാന്‍ വീണ്ടും കോളജ്‌ വിദ്യാര്‍ഥിയായി ക്യാംപസില്‍ എത്തുകയല്ലല്ലോ. അങ്ങനെയൊരു വ്യത്യസ്‌ത ആ സിനിമക്ക്‌ ഉണ്ട്‌ എന്നുള്ളതു കൊണ്ടു തന്നെയാണ്‌ ഞാന്‍ ഡോക്‌ടര്‍ ലൗ തിരഞ്ഞെടുത്ത്‌.

ചാക്കോച്ചനായിട്ട്‌ അതിനൊരു ശ്രമം നടത്താറുണ്ടോ?

മുമ്പ്‌ നടത്താറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രോജക്‌ടുകള്‍ വളരെയധികം ശ്രദ്ധിച്ചാണ്‌ നോക്കുന്നത്‌. ലാല്‍ ജോസ്‌ ചിത്രമായ സ്‌പാനിഷ്‌ മസാല ഉടന്‍ റിലീസിനെത്തുന്നുണ്ട്‌. ഞാനും ദിലീപുമാണ്‌ കേന്ദ്രകഥാപാത്രങ്ങള്‍. ആ സിനിമയില്‍ എനിക്ക്‌ വലിയ പ്രതീക്ഷയാണ്‌ ഉള്ളത്‌.

മലയാളത്തില്‍ ചാക്കോച്ചന്‌ അഭിനയിച്ച സിനിമകള്‍ ഇപ്പോള്‍ തുടര്‍ച്ചയായി ഹിറ്റാകുന്നുണ്ട്‌. ട്രാഫിക്കും, സീനിയേഴ്‌സുമൊക്കെ സൂപ്പര്‍ഹിറ്റാകുകയും ചെയ്‌തു. വിജയങ്ങളെ എങ്ങനെ നോക്കികാണുന്നു?

ആരുടെ സിനിമയാണെങ്കിലും വിജയിക്കണം എന്ന ആഗ്രഹമാണ്‌ എനിക്കുള്ളത്‌. സിനിമയുടെ കൗതുകങ്ങളും അതുപോലെ തന്നെ ടെന്‍ഷനുകളും ചെറുപ്പത്തില്‍ തന്നെ ഞാന്‍ കണ്ടിട്ടുണ്ട്‌. എല്ലാവരും വിജയിക്കണമെന്ന പ്രാര്‍ഥനയോടെയാണ്‌ സിനിമ ചെയ്യുന്നത്‌. എല്ലാ സിനിമയും വിജയിക്കണമെന്ന ആഗ്രഹമാണ്‌ എനിക്കുള്ളത്‌, കൂട്ടത്തില്‍ എന്റെ സിനിമകളും നന്നായി വിജയിക്കണം എന്ന്‌ ആഗ്രഹിക്കുന്നു.

കൊച്ചിയിലാണ്‌ ഇപ്പോള്‍ താമസമെങ്കിലും ആലപ്പുഴ തന്നെയാണ്‌ ഏറെയിഷ്‌ടം എന്ന്‌ ചാക്കോച്ചന്‍ തന്റെ പറഞ്ഞിട്ടുണ്ടല്ലോ?

ഇതില്‍ സംശയിക്കാനെന്തിരിക്കുന്നു. എനിക്ക്‌ എന്റെ വീട്‌ തന്നെയാണ്‌ ഇഷ്‌ടം. കൊച്ചിയിലേക്ക്‌ ജോലി സംബന്ധമായി കാര്യങ്ങള്‍ക്ക്‌ എളുപ്പത്തിന്‌ താമസിക്കുന്നതാണ്‌. അല്ലാതെ പ്രത്യേകിച്ചൊരു താത്‌പര്യവും നഗരജീവിതത്തിനോടില്ല. ഞാന്‍ സിനിമയില്‍ അഭിനയച്ചു തുടങ്ങിയിരുന്ന കാലത്ത്‌ പ്രധാനപ്പെട്ട ചില തമിഴ്‌ ചിത്രങ്ങളില്‍ നിന്നും എനിക്ക്‌ ചില ഓഫറുകള്‍ വന്നിരുന്നു. അതൊന്നും അന്ന്‌ ഞാന്‍ സ്വീകരിച്ചിരുന്നില്ല. അതിനു കാരണം എന്റെ ഇവിടുത്തെ ലൈഫ്‌സ്റ്റൈലൊക്കെ വിട്ടുപോകേണ്ടി വരുമെന്നുള്ള ചിന്തയായിരുന്നു.

പലപ്പോഴും ആലോചിച്ചിട്ടുള്ള ഒരു കാര്യമുണ്ട്‌. ചാക്കോച്ചന്‍ എത്രയോ വര്‍ഷമായി സിനിമയില്‍ എത്തിയിട്ട്‌. വളരെ ചെറുപ്പത്തില്‍ സിനിമയില്‍ വന്നപ്പോള്‍ തന്നെ അനിയത്തിപ്രാവും നിറവും പോലുള്ള മെഗാഹിറ്റുകള്‍ ലഭിച്ച്‌ താരമായിതാണ്‌. ഇത്രവര്‍ഷങ്ങള്‍ക്ക്‌ ശേഷവും ഒരു വിവാദത്തില്‍ പോലും ചാക്കോച്ചന്‍ വന്നിട്ടില്ല. ഒരു വാക്കുകൊണ്ട്‌ പോലും ആരെയും വേദനിപ്പിച്ചതായി കേട്ടിട്ടില്ല. അനാവശ്യമായ താരജാഡകള്‍ എവിടെയും കാണിച്ചിട്ടുമില്ല?

(ചാക്കോച്ചന്‍ ചിരിക്കുന്നു)അങ്ങനെ നിങ്ങള്‍ പറയുമ്പോള്‍ എനിക്കും സന്തോഷമുണ്ട്‌. വളരെ ചെറുപ്പത്തില്‍ സിനിമയില്‍ എത്തിയതല്ലേ ഞാന്‍. അതിനും എത്രയോ കാലം മുമ്പേ സിനിമക്കാരെ ഞാന്‍ കാണുന്നതാണ്‌. എല്ലാവരുമായും സൗഹൃദത്തോടെ ഇടപെടാനാണ്‌ ഞാന്‍ എപ്പോഴും ശ്രമിക്കാറ്‌. പിന്നെ അനാവശ്യമായ പിടിവാശികള്‍ മുന്നോട്ടുവെക്കാറുമില്ല. എല്ലാവരോടും മനസുകൊണ്ടു തന്നെ ചിരിച്ചു കൊണ്ട്‌ ഇടപെടാനാണ്‌ എനിക്കിഷ്‌ടം.

നിര്‍മ്മാണ രംഗത്തേക്ക്‌ എപ്പോഴാണ്‌ എത്തുക?

തീര്‍ച്ചയായും ഉദയാസ്റ്റുഡിയോ ഒരു പ്രൊഡക്ഷന്‍ ഹൗസായി മലയാള സിനിമയില്‍ തിരിച്ചു വരും. അത്‌ ഞാന്‍ തന്നെയാകും അതിന്‌ നേതൃത്വം നല്‍കുക എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ പ്ലാനിംഗിലാതെ ഒരു സിനിമ നിര്‍മ്മിച്ച്‌ ഉദയക്ക്‌ മലയാള സിനിമയിലുള്ള ഒരു സ്ഥാനം നഷ്‌ടപ്പെടുത്തില്ല. ഏറെ പ്ലാനിംഗിലൂടെ ശക്തമായ ഒരു തിരിച്ചു വരവായിരിക്കും ഉദയ നടത്തുക.
ക്യാംപസ്‌ പയ്യന്‍സ്‌ ഇമേജ്‌ മാറ്റുന്നു...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക