Image

കമലാ സുരയ്യയുടെ 82-മത്‌ ജന്മദിനം മാര്‍ച്ച്‌ 31-ന്‌ (ഓര്‍മ്മ: അബ്‌ദുള്‍ പുന്നയൂര്‍ക്കുളം)

Published on 27 March, 2014
കമലാ സുരയ്യയുടെ 82-മത്‌ ജന്മദിനം മാര്‍ച്ച്‌ 31-ന്‌ (ഓര്‍മ്മ: അബ്‌ദുള്‍ പുന്നയൂര്‍ക്കുളം)
കമലാ സുരയ്യയുമായി ആദ്യമായി പരിചയപ്പെടുന്നത്‌ 1984-ല്‍ ലോക പ്രശസ്‌ത ഇംഗ്ലീഷ്‌ എഴുത്തുകാരന്‍ ഓബ്രി മെനന്‍, കമലയുടെ ബന്ധു പുന്നയൂര്‍ക്കുളത്ത്‌ അവരുടെ അതിഥിയായി താമസിക്കുന്ന അവസരത്തിലാണ്‌. അന്ന്‌ ഓബ്രിക്ക്‌ കമലയും ഞാനുമായിരുന്നു കൂട്ട്‌. പിന്നീട്‌ കമലയെ കാണുന്നത്‌ 2000-ല്‍. അന്ന്‌ `സ്‌നേഹസൂചി' എന്ന കവിതാ സമാഹാരത്തിന്‌ ഓരാമുഖം എഴുതിക്കിട്ടാന്‍ ആഗ്രഹിച്ചപ്പോഴാണ്‌ അവര്‍ ബാംഗ്ലൂരാണെന്ന്‌. ഉടന്‍ ബസ്‌ വഴി ബാംഗ്ലൂരിലേക്ക്‌ പുറപ്പെട്ടു. ശരീരം തുളച്ചു കയറുന്ന പുലര്‍കാല വയനാടന്‍ ശൈത്യം സഹിച്ച്‌ ബാംഗ്ലൂരിലെത്തി.

മകന്‍, ചിഹ്‌നന്റെ വീട്ടില്‍ വിശ്രമിക്കുന്ന കമലയെ കണ്ടപ്പോള്‍ പറഞ്ഞു: `അബ്‌ദുള്‍ ഇന്ന്‌ വന്നത്‌ നന്നായി നാളെ എന്റെ കണ്ണോപ്രഷനാ'. `സ്‌നേഹസൂചി'യിലെ പല കവിതകളും വായിച്ചു കേള്‍പിച്ചു. അപ്പോള്‍ തന്നെ ഒരു ആശംസ എഴുതി തന്ന്‌ എന്നെ അനുഗ്രഹിച്ചു. ഞാന്‍ നന്ദിയോടെ രണ്ട്‌ പാവക്കുട്ടികളെ സമ്മാനിച്ചു. മറ്റൊരിക്കല്‍ ശാസ്‌തമംഗലത്തുവെച്ച്‌ കമല എനിക്ക്‌ ഇംഗ്ലീഷിലുള്ള കുറെ ലോക സാഹിത്യകൃതികളും സ്വന്തം ഇംഗ്ലീഷ്‌ കവിതകളുമടങ്ങിയ കൃതികളും സമ്മാനിച്ചു. അന്ന്‌ കമലയുടെ അമ്മ, മാതൃത്വത്തിന്റെ കവിയായ ബാലാമണിയമ്മയെ പരിചയപ്പെടാന്‍ അവസരം ലഭിച്ചു.

2001-ല്‍ ചന്ദ്രിക ദിനപ്പത്രത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത്‌ വെച്ച്‌ മുന്‍ വിദ്യാഭ്യാസ മന്ത്രി സി.എച്ച്‌ മുഹമ്മദ്‌ കോയയുടെ സി.ഡി അദ്ദേഹത്തിന്റെ മകന്‍ മന്ത്രി മുനീര്‍, മന്ത്രി കുഞ്ഞാലിക്കുട്ടിക്ക്‌ കൊടുത്ത്‌ പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ `സ്‌നേഹസൂചി' പ്രകാശനം ചെയ്യാമെന്ന്‌ കമല സമ്മതിച്ചിരുന്നു.

പിറ്റേന്ന്‌ രാവിലെ ചന്ദ്രിക ഹാളില്‍ വന്ന്‌ കമലയെ വിളിച്ചു. ഫോണെടുത്ത ജോലിക്കാരി പറഞ്ഞു: `അമ്മയ്‌ക്ക്‌ സുഖമില്ല. ഇന്നെവിടേക്കും പോണില്ല.' ആ വാര്‍ത്ത എന്നെ നിമിഷങ്ങളോളം നിശബ്‌ദനാക്കി. യാന്ത്രികമായി അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

ഒരു മണിക്കൂര്‍ കഴിഞ്ഞുകാണും പുറത്ത്‌ ഒരാരവം. മന്ത്രി കുഞ്ഞാലിക്കുട്ടി ഒരു ചെറിയ ആള്‍ക്കൂട്ടത്തിന്റെ അകമ്പടിയോടെ കമലയെ സ്വീകരിച്ചാനയിച്ചുകൊണ്ടുവരുന്നു. അതു കണ്ടപ്പോള്‍ എന്റെ ശ്വാസം നേരേയായി. ഞാന്‍ ആവേശത്തോടെ അരികിലെത്തിയപ്പോള്‍ കമല പറഞ്ഞു: `എനിക്കബ്‌ദുവിന്റെ ശാപം ഏല്‍ക്കേണ്ടെന്ന്‌ വെച്ച്‌ മാത്രമാണ്‌ ഞാന്‍ വന്നത്‌'.

എന്റെ കവിതകള്‍ പ്രൗഢസദസ്സിനു പരിചയപ്പെടുത്തിയശേഷം `സ്‌നേഹസൂചി' കമലയില്‍ നിന്ന്‌ മന്ത്രി മുനീര്‍ സ്വീകരിച്ച്‌ പ്രകാശനം ചെയ്‌തു.

മറ്റൊരവസത്തില്‍ എറണാകുളം കടവന്ത്ര റോയല്‍ മാന്‍ഷനില്‍ വെച്ച്‌ പ്രമേഹം നോക്കാനുള്ള മിഷന്‍ കൊടുത്തപ്പോള്‍ പറഞ്ഞു: അബ്‌ദു ഇത്‌ ഏതെങ്കിലും പാവപ്പെട്ടവര്‍ക്ക്‌ കൊടുത്തേക്കൂ. എനിക്ക്‌ ഒന്നുരണ്ട്‌ പാവക്കുട്ടികളെ മതി.' അന്ന്‌ എന്റെ ചെറുകഥകള്‍ വായിച്ചു കേള്‍പിച്ചപ്പോള്‍ അഭിപ്രായം എഴുതി തരാന്‍ ഔത്സുക്യം കാണിച്ചു.


പുന്നയൂര്‍ക്കുളം

അവസാനമായി, പൂനെയില്‍ മകന്‍ ജയസൂര്യന്റെ അടുത്തേക്ക്‌ പോകുന്നതിനു മുമ്പ്‌ കമലയെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ തീര്‍ത്തും കിടപ്പിലായിരുന്നു. നന്നേ ശോഷിച്ച, മൃദുല കൈത്തണ്ടകള്‍ കണ്ട്‌ ഞാന്‍ ദീര്‍ഘനിശ്വാസം വിട്ടു.

2009 ജൂണ്‍ ഒന്നിന്‌ എന്റെ ഉറങ്ങുന്ന ഓര്‍മകളെ ഉണര്‍ത്തി: `ഇനി ആ നീര്‍മാതളം പൂക്കില്ല' എന്ന പത്രവാര്‍ത്ത നെടുനിശ്വാസത്തോടെ വായിച്ചു. തുടര്‍ന്ന്‌ ഇന്റര്‍നെറ്റില്‍ അവരെ കബറടക്കുന്ന രംഗം കണ്ടപ്പോള്‍ അറിയാതെ വിതുമ്പി. എന്റെ കണ്ണുകള്‍ നനഞ്ഞു. വൈകാതെ ഞാന്‍ പാളയം പള്ളിയില്‍ പോയി അവരുടെ കബറിടം സന്ദര്‍ശിച്ചു. അവര്‍ക്ക്‌ നന്ദി പറഞ്ഞ്‌ ആത്മാവിന്‌ നിത്യശാന്തി നേര്‍ന്നു.

കമലയുമായുള്ള അമൂല്യ സമാഗമങ്ങള്‍ അവരുടെ 82-മത്‌ ജന്മദിനത്തില്‍ ശോഭയോടെ, ആദരവോടെ അയവിറക്കുന്നു.

മുല്ലപ്പൂമണമേറ്റുകിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം എന്ന്‌ കവി പാടിയതുപോലെ അക്ഷരസുഗന്‌ധം നുകര്‍ന്നു വളര്‍ന്നതുകൊണ്ടോ, കമലയുടെ സാഹസിക വ്യക്തിത്വംകൊണ്ടോ, രചനാവൈഭവം കൊണ്ടോ കമല വേറിട്ടു നില്‍ക്കുന്നു. ഡിട്രോയിറ്റ്‌, മിഷിഗണ്‍ (മിലന്റെ) കമലയുടെ അനുസ്‌മരണ മീറ്റിംഗില്‍ ഡോ. സുരേന്ദ്രന്‍ നായര്‍ പറഞ്ഞു: മറ്റാരും പറയാന്‍ ധൈര്യപ്പെടാത്ത വിഷയങ്ങള്‍ ധീരമായി എഴുതാനുള്ള കമലയുടെ പാടവം പ്രശംസനീയമാണ്‌.' അതുകേട്ട മോഹന്‍ പരുവക്കാട്‌: കമലയുടെ ഓര്‍മകള്‍ പോലും മലയാളി മനസില്‍ എന്നും ഹരമായി നില്‍ക്കുമെന്ന്‌.' മുന്‍ മിലന്‍ പ്രസിഡന്റ്‌ സുരേന്ദ്രന്‍ നായര്‍: `എന്റെ കോളജ്‌ പഠനകാലത്ത്‌ `എന്റെ കഥ' വായിച്ചത്‌ ഇന്നും മധുരിതമായി ഓര്‍ക്കുന്നു. അതിലെ സദാചാരത്തെപ്പറ്റി പറയുന്നവര്‍ മനസിലാക്കുന്നില്ല അത്‌ കെട്ടിച്ചമച്ചതാണെങ്കിലും അത്‌ ഒന്നാന്തരം സാഹിത്യസൃഷ്‌ടിയാണെന്ന്‌'.

കമലയുടെ അച്ഛന്‍ വി.എം. നായര്‍, മാതൃഭൂമി ദിനപ്പത്രത്തിന്റെ മാനേജിംഗ്‌ എഡിറ്റര്‍, അമ്മ, കാവ്യമുത്തശ്ശി, ബാലാമണിയമ്മ, പ്രസിദ്ധ സാഹിത്യകാരനും ചിന്തകനും മുത്തനമ്മാമനുമായ നാലപ്പാട്ട്‌ നാരായണ മേനോന്‍, മറ്റനവധി സാഹിത്യപ്രതിഭകളുടെ പ്രോത്സാഹനംകൊണ്ട്‌ ശബ്‌ദമുഖരിതമായ നാലപ്പാട്‌ നടുമിറ്റം. കൂടാതെ, ലോകബാങ്കിന്റെ ഡയറക്‌ടറായ ഭര്‍ത്താവ്‌, മാധവദാസിനോടൊപ്പം പല ഇന്ത്യന്‍/വിദേശ നഗരങ്ങളിലുള്ള താമസം. ഇതെല്ലാം കമലയുടെ ഉന്നത ചിന്തയ്‌ക്ക്‌ നിമിത്തങ്ങളാണെങ്കിലും ഒമ്പതാം വയസില്‍ കഥയെഴുതി എന്നത്‌ അവരുടെ സര്‍ഗ്ഗവൈഭവം വിളിച്ചുപറയുന്നു.

ലോകം അറിയുന്ന ചില കവികളില്‍ ഒരാള്‍ കമലാദാസ്‌ ആയിരുന്നു. വിദേശത്തും സ്വദേശത്തുമുള്ള പല സര്‍വ്വകലാശാലകളിലും അവരുടെ കവിതകള്‍ പഠന വിഷയമാക്കിയിട്ടുണ്ട്‌. എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പടെ നിരവധി ശ്രദ്ധേയമായ അംഗീകാരങ്ങള്‍ നേടി. `എന്റെ കഥ' എന്ന കൃതി ഏതാണ്ട്‌ 15 ഭാഷകളിലേക്ക്‌ തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്‌. കമലയെപ്പറ്റിയുള്ള സംസാരവേളയില്‍ ശ്രീലേഖാ വേണു വാചലമായി: മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ വന്നിരുന്ന കമലയുടെ ബാല്യകാല സ്‌മരണകള്‍ വായിച്ചപ്പോള്‍ ഒരു വാക്കും അധികമായി തോന്നാതെ ഒഴുക്കുള്ളതായിരുന്നു. ഒരു വാക്കിനും മറുവാക്ക്‌ പകരം വെയ്‌ക്കാനില്ലാത്ത തരത്തില്‍ സൂക്ഷ്‌മതയോടെയായിരുന്നു കമലയുടെ രചനാവൈദഗ്‌ധ്യം.' അങ്ങനെ ഉദാഹരണങ്ങള്‍....

ഒരിക്കല്‍ കടവന്ത്രയില്‍ വെച്ച്‌ മോഹഭംഗങ്ങളെപ്പറ്റിയും സ്‌നേഹത്തിനുവേണ്ടിയുള്ള ദാഹത്തെപ്പറ്റിയും സംസാരിക്കവെ വിരലിലണിഞ്ഞ മോതിരം കാണിച്ചിട്ടു പറഞ്ഞു: ഇത്‌ എന്റെ കിട്ടാതെ പോയ സ്‌നേഹത്തിന്റെ അടയാളമാണ്‌.' ഞാന്‍ ചോദിച്ചു: പിന്നെന്തിന്‌ അത്‌ വിരലിലണിയുന്നു? മറുപടിയായി `സ്‌നേഹിച്ചു പോയില്ലേ, ആ സ്‌നേഹം എന്റെ മനസില്‍ നിന്ന്‌ എടുത്തു കളയാന്‍ കഴിയുന്നില്ല!' ആ കഠിന പ്രഖ്യാപനത്തിന്റെ പൊരുള്‍ പിന്നീടാണ്‌ എനിക്ക്‌ മനസിലായത്‌.

സുരയ്യ: കളങ്കമില്ലാത്ത പ്രഭാത നക്ഷത്രം.
കമലാ സുരയ്യയുടെ 82-മത്‌ ജന്മദിനം മാര്‍ച്ച്‌ 31-ന്‌ (ഓര്‍മ്മ: അബ്‌ദുള്‍ പുന്നയൂര്‍ക്കുളം)കമലാ സുരയ്യയുടെ 82-മത്‌ ജന്മദിനം മാര്‍ച്ച്‌ 31-ന്‌ (ഓര്‍മ്മ: അബ്‌ദുള്‍ പുന്നയൂര്‍ക്കുളം)കമലാ സുരയ്യയുടെ 82-മത്‌ ജന്മദിനം മാര്‍ച്ച്‌ 31-ന്‌ (ഓര്‍മ്മ: അബ്‌ദുള്‍ പുന്നയൂര്‍ക്കുളം)കമലാ സുരയ്യയുടെ 82-മത്‌ ജന്മദിനം മാര്‍ച്ച്‌ 31-ന്‌ (ഓര്‍മ്മ: അബ്‌ദുള്‍ പുന്നയൂര്‍ക്കുളം)കമലാ സുരയ്യയുടെ 82-മത്‌ ജന്മദിനം മാര്‍ച്ച്‌ 31-ന്‌ (ഓര്‍മ്മ: അബ്‌ദുള്‍ പുന്നയൂര്‍ക്കുളം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക