Image

ജുവനൈല്‍ ഹോമുകള്‍ക്ക്‌ കൊടുക്കാനുള്ളതല്ല നമ്മുടെ കുരുന്നുകള്‍ (മീട്ടു റഹ്മത്ത്‌ കലാം)

Published on 01 April, 2014
ജുവനൈല്‍ ഹോമുകള്‍ക്ക്‌ കൊടുക്കാനുള്ളതല്ല നമ്മുടെ കുരുന്നുകള്‍ (മീട്ടു റഹ്മത്ത്‌ കലാം)
മണ്ണിനെ സ്‌നേഹിച്ച്‌ വിഷമില്ലാത്ത പച്ചക്കറി നട്ടുവളര്‍ത്തിയും, ഒരു രൂപ വീതം സ്വരുക്കൂട്ടി ഉത്തരഖണ്‌ഡ്‌ ദുരിതാശ്വാസനിധിയിലേയ്‌ക്ക്‌ നല്ലൊരു തുക സംഭാവന നൽകിയും മുതിര്‍ന്നവര്‍ക്കുപോലും മാതൃകയാക്കാവുന്ന തരത്തില്‍ നമ്മുടെ കുരുന്നുകളെക്കുറിച്ച്‌ വാര്‍ത്തകള്‍ വന്നിരുന്നു. കുഞ്ഞനിയന്മാരുടെയും അനിയത്തിമാരുടെയും ചിന്താഗതിയിലെ ഉയര്‍ച്ചയില്‍ അഭിമാനിക്കുകയും തങ്ങളുടെ സ്‌കൂള്‍ ജീവിതം ഈ കാലയളവില്‍ ആയിരുന്നെങ്കില്‍ എന്ന്‌ ആഗ്രഹിക്കാത്തവരും ഉണ്ടോ ? എന്നാല്‍ , അടുത്തിടെ വന്ന വാര്‍ത്തകള്‍ ഞെട്ടലോടെയാണ്‌ കേരളസമൂഹം കേട്ടത്‌. കുട്ടി മോഷ്‌ടാക്കള്‍ പിടിയില്‍, ഏഴ്‌ കിലോ കഞ്ചാവുമായി ഏഴാം ക്ലാസുകാരന്‍ അറസ്റ്റില്‍, തുടങ്ങിയ തലക്കെട്ടുകള്‍ വായിക്കുമ്പോള്‍ തന്നെ നടുങ്ങിപ്പോകും.

ഒഡീഷയിലെ മാവോയിസ്റ്റുകള്‍ കഞ്ചാവിന്‌ കേരളത്തില്‍ വിപണി കണ്ടെത്തിയതെങ്ങനെ എന്ന അന്വേഷണ
മാണ്  സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തിന്റെ കഥ പുറം ലോകത്തെ അറിയിച്ചത്‌. പിടിയിലായ ഏജന്റുമാരില്‍ നിന്ന്‌ ലഭിച്ച വിവരം വെച്ച്‌ ഷാഡോ പോലീസ്‌ നഗരങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ നിരീക്ഷിച്ചു പോന്നു. സ്‌കൂള്‍ യൂമിഫോമിട്ട്‌ ബിവറേജ്‌ ക്യൂവിന്‌ മുന്നില്‍ നില്‍ക്കുന്ന കുട്ടികളെ അടക്കം പല വഴിവിട്ട പോക്കുകളുടെയും കഥ അന്വേഷണത്തില്‍ വെളിച്ചം കണ്ടു.

ജിജ്ഞാസ അതിന്റെ മൂര്‍ദ്ധന്യതയില്‍ നില്‍ക്കുന്ന സമയമാണ്‌ കൗമാരം. സമപ്രായക്കാരുമായുള്ള അപകടമായ ചര്‍ച്ചകള്‍ മനസ്സില്‍ മിഥ്യാധാരണകളുടെ മായാലോകം സൃഷ്‌ടിയ്‌ക്കും . അനുകരണ പ്രവണതയേറെയുള്ള ഇളം പ്രായത്തില്‍ തെറ്റേത്‌ ശരിയേതെന്ന്‌ വേര്‍തിരിച്ചറിഞ്ഞ്‌ , തീരുമാനമെടുക്കാന്‍ കുട്ടികള്‍ക്ക്‌ കഴിയാതെ വരും. അങ്ങനെ കൗതുകത്തിന്റെ മേലങ്കി അണിഞ്ഞെത്തുന്ന അപകടങ്ങള്‍ക്ക്‌ കൗമാരം ഇരയാകുന്നു.

പോലീസ്‌ പറയുന്നത്‌ :

ഇന്റര്‍നെറ്റ്‌ കഫേകളിലും മറ്റും അശ്ലീല വീഡിയോ ക്ലിപ്പുകള്‍ പെന്‍ഡ്രൈവിലാക്കി കുട്ടികള്‍ക്ക്‌ നല്‍കുന്നതാണ്‌ ആദ്യപടി. അവരെ സ്ഥിരം സന്ദര്‍ശകരാക്കി
അടുത്ത ബന്ധം സ്ഥാപിച്ചെടുക്കുകയാണ്‌ ലക്ഷ്യം. പാന്‍മസാല ഉപയോഗം ആണത്തത്തിന്റെ ലക്ഷണമാണെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിക്കാന്‍ ഏജന്റുമാര്‍ക്ക്‌ പ്രത്യേക വിരുതാണ്‌. തുടര്‍ന്ന്‌ പുകവലി പരിശീലിപ്പിക്കും . അതിനുശേഷം ഏജന്റായ ആള്‍ കഞ്ചാവ്‌ വലിച്ച്‌ സ്വര്‍ഗീയ സുഖം അനുഭവിക്കുന്നതായി ഭാവിയ്‌ക്കും. ആ സുഖത്തിന്‌ കാശു ചെലവുണ്ടെന്ന്‌ വരുത്തിത്തീര്‍ക്കുന്നതാണ്‌ അടുത്ത ഘട്ടം. സ്‌കൂള്‍ കാന്റീനില്‍ നിന്ന്‌ ഭക്ഷണം കഴിക്കാനും മറ്റുമായി പോക്കറ്റ്‌ മണി എന്ന പേരില്‍ തരപ്പെടുത്തുന്ന പണം കൊണ്ട്‌ ആദ്യമാദ്യം കാര്യങ്ങള്‍ നടക്കും . പിന്നീട്‌ ചെലവ്‌ കൂടുമ്പോള്‍ വില്‍പനക്കാരന്‍ നിര്‍ദ്ദേശിക്കുന്നതുപോലെ മോഷണത്തിനും കുട്ടികള്‍ തയ്യാറാകുന്നു.

കഞ്ചാവ്‌ സംഘടിപ്പിക്കുന്നത്‌ ഏറെ ക്ലേശകരമാണെന്ന തോന്നല്‍ കുട്ടികളില്‍ ഉണ്ടാക്കാന്‍ കൊടുക്കല്‍-വാങ്ങലുകള്‍ക്ക്‌ തികഞ്ഞ രഹസ്യസ്വഭാവം
നിഷ്‌കര്‍ശിയ്‌ക്കും. സിനിമയില്‍ കാണും പോലെ കോഡ്‌ ഭാഷയാണ്‌ വില്‍പനയ്‌ക്ക്‌. നിറമുള്ള കൊന്ത കഴുത്തിലിട്ട്‌ അതിന്റെ മുത്തുകള്‍ അനക്കി കാശ്‌ കൊടുക്കുമ്പോള്‍ സംഗതി കയ്യിലെത്തും . അക്രമാസക്തരാകുന്ന മനോരോഗികളെ തളര്‍ത്തിയിടാന്‍ ഉപയോഗിക്കുന്ന ചില മരുന്നുകളും (തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നവ) കഞ്ചാവെന്ന വ്യാജേന മോഹവിലയ്‌ക്ക്‌ വിറ്റഴിയും.

കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രവര്‍ത്തിയുടെ ഗൗരവവും നിയമവശങ്ങളും
അറിയാമെന്നതുകൊണ്ടണ്‌ ഇരകളായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വിപണി ലക്ഷ്യമിട്ടത്‌. ചെയ്യുന്നത്‌ തെറ്റാണെന്നു പോലും മനസ്സിലാകാത്തതുകൊണ്ടും തെല്ലും കുറ്റബോധമില്ലാത്തതുകൊണ്ടും പാവം കുട്ടികള്‍ എന്തിനും മുതിരും. മദ്യപിച്ച ശേഷം കണ്ണുകളില്‍ സുറുമ എഴുതി ക്ഷീണമറിയിക്കാതെ ക്ലാസ്‌റൂമിലിരുന്ന്‌ അദ്ധ്യാപകനെ പറ്റിച്ച കഥ ഇരയായ കുട്ടി വെളിപ്പെടുത്തിയത്‌ തേങ്ങലോടെയാണ്‌. പുറത്ത്‌ പറഞ്ഞാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ച്‌ പറഞ്ഞ്‌ പേടിപ്പിയ്‌ക്കുകയും സഹപാഠികളെ ഇതിലേയ്‌ക്ക്‌ എത്തിയ്‌ക്കാനും ഭീഷണിയുടെ സ്വരത്തില്‍ ഏജന്റുമാര്‍,ഒരിക്കല്‍ പെട്ടുപോയവരോട്‌ ആജ്ഞാപിയ്‌ക്കും . അങ്ങനെയാണ്‌ കൂടുതല്‍ കുട്ടികള്‍ ഈ റാക്കറ്റിന്റെ കണ്ണികളായത്‌.

എവിടെ ആര്‍ക്ക്‌ പിഴവ്‌ സംഭവിച്ചു എന്ന ചോദ്യം ചോദിക്കുമ്പോള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടി വരിക കുട്ടികളെ മാത്രമല്ല, അവര്‍ ജീവിയ്‌ക്കുന്ന സമൂഹത്തിലെ വ്യക്തികളും സാഹചര്യങ്ങളും ചെലുത്തുന്ന്‌ സ്വാധീനത്തിനാണ്‌ സ്വഭാവരൂപവല്‍ക്കരണത്തിലെ പ്രധാന പങ്ക്‌ . കാലത്തിനനുസരിച്ച്‌ ജീവിത ശൈലിയിലും ചിന്താഗതിയിലും മാറ്റം വന്നിട്ടുണ്ട്‌. പുരോഗതിയുടെ വഴി എന്ന്‌ അവകാശപ്പെടുമ്പോഴും തലമുറകള്‍ കാത്തുസൂക്ഷിച്ചുപോന്ന മൂല്യങ്ങള്‍ക്ക്‌ ഇടിവ്‌ വന്നത്‌ ശ്രദ്ധയില്‍ പെടാതെ പോകുന്നു.

സ്‌കൂളില്‍ നിന്ന്‌ വീട്ടില്‍
തിരിച്ചെത്താൻ അല്‌പമൊന്ന്‌ വൈകിയാല്‍ വഴിക്കണ്ണുമായി ഉമ്മറപ്പടിയില്‍ കാത്തിരിക്കുന്ന മുത്തശ്ശി ഇന്നുണ്ടോ? സ്‌നേഹം കലര്‍ന്ന ശാസനയോടെ കുട്ടിയെ കാണാതിരുന്ന ഓരോ നിമിഷത്തെയും ആധിയെക്കുറിച്ച്‌ വിവരിച്ച്‌ ഇനി ആവര്‍ത്തിയ്‌ക്കാതിരിയ്‌ക്കാന്‍ തോന്നുന്ന തരത്തില്‍ തലയിലൊന്ന്‌ തലോടാന്‍ അച്ഛനോ അമ്മയ്‌ക്കോ സമയവുമില്ല. എല്ലാവരും തിരക്കിലാണ്‌. തീന്‍മേശയ്‌ക്ക്‌ മുന്നില്‍ മക്കളെ എത്തിയ്‌ക്കാന്‍ പോലും രക്ഷകര്‍ത്താക്കള്‍ മൊബൈലില്‍ മിസ്‌ഡ്‌ കോള്‍ വിടുന്നു. ആര്‍ക്കും ഒന്നിച്ചിരുന്ന്‌ പരസ്‌പരം മനസ്സുതുറക്കന്‍ സമയമില്ല. മക്കള്‍ മണിക്കൂറുകളോളം കതകടച്ച്‌ മുറിയിലിരുന്നാലും പഠിക്കുകയായിരുക്കും എന്ന അനുമാനത്തില്‍ ഇടയ്‌ക്ക്‌ പോലും ശല്യപ്പെടുത്താതെ വീട്ടുകാർ  ഒഴിഞ്ഞു മാറും. കുട്ടികള്‍ പഠിക്കുന്ന സമയത്ത്‌ അവര്‍ക്ക്‌ ഉപദ്രവമെന്ന്‌ തോന്നുന്ന തരത്തില്‍ ഉയര്‍ന്ന ശബ്‌ദത്തില്‍ ടിവി വയ്‌ക്കുന്നതുപോലുള്ള കാര്യങ്ങള്‍ ഒഴിവാക്കി സഹകരിച്ചാല്‍ വാതില്‍ തുറന്നിട്ട്‌ തന്നെ കുട്ടികള്‍ക്ക്‌ പഠിക്കാം. ആ അന്തരീക്ഷത്തില്‍ തങ്ങള്‍ രക്ഷകര്‍ത്താക്കളുടെ നിരീക്ഷണത്തിലാണെന്ന തോന്നല്‍ ഒരു പരിധി വരെ തെറ്റുകളില്‍ നിന്ന്‌ അവരെ മാറ്റി നിര്‍ത്തും . എപ്പോഴും കുട്ടികളുടെ മേല്‍ ഒരു കണ്ണുണ്ടെങ്കില്‍ ചെറിയ തെറ്റുകള്‍ മുളയിലേ നുള്ളി കളയാനും കഴിയും. പല മാതാപിതാക്കളും കുട്ടികളുടെ മേലുള്ള അമിതവിശ്വാസം മൂലം തിരികെ പിടിക്കാന്‍ കഴിയാത്തത്ര വൈകി, കാര്യങ്ങള്‍ വഷളാകുമ്പോള്‍ മാത്രമേ സത്യം തിരിച്ചറിയൂ . ഇത്‌ ഏറെ അപകടകരമാണ്‌.

ശ്രദ്ധ, പരിലാളന ,
വാത്സല്യം, സ്‌നേഹം, ശാസന ഇതൊക്കെ ശരിയായ അളവില്‍ കിട്ടാതെ പോകുന്നതാണ് വളര്‍ന്നുവരുന്ന തലമുറയുടെ പ്രധാനപ്രശ്‌നം. അച്ഛനമ്മമാരുടെ അജ്ഞത മുതലെടുക്കുന്നവരും കുറവല്ല. തങ്ങള്‍ അനുഭവിച്ച കഷ്‌ടപ്പാടുകള്‍ മക്കള്‍ക്കുണ്ടാവരുതെന്ന്‌ കരുതി ചോദിക്കുന്നതെന്തും കുട്ടികള്‍ക്ക്‌ ആവശ്യമുള്ളതാണോ എന്ന്‌ ചിന്തിക്കാതെ വാങ്ങിക്കൊടുക്കുന്നത്‌ കുഞ്ഞുങ്ങളോട്‌ ചെയ്യുന്ന ദ്രോഹമാണ്‌. അത്‌ നമുക്ക്‌ വേണ്ട എന്ന്‌ പറയേണ്ട ഇടങ്ങളില്‍ പറയുക തന്നെ വേണം.

മകന്‍ ഉറക്കം ഒഴിഞ്ഞിരുന്ന്‌ പഠിക്കുകയാണെന്ന്‌ ധരിച്ച്‌ ചൂടുകട്ടന്‍ കാപ്പി
ഫ്‌ളാസ്‌കില്‍ കൊണ്ടുചെന്ന്‌ കൊടുക്കുന്ന ഒരുപാട്‌ പ്രതീക്ഷയുള്ള അമ്മയെ പറ്റിച്ചു കൊണ്ട്‌ ചാറ്റ്‌ ചെയ്‌ത്‌ രസിക്കുമ്പോള്‍ അവന്‍ അവനെത്തന്നെയാണ്‌ പറ്റിക്കുന്നതെന്ന്‌  അറിയാതെ പോകുന്നു. മൊബൈലിലും ഇന്റര്‍നെറ്റിനും അടിമപ്പെടുന്നതോടെ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന്‌ വായനാശീലം വിസ്‌മൃതിയിലാണ്ടു.

ജീവിതസാഹചര്യങ്ങള്‍ക്ക്‌ ഒരാള്‍ എന്തായി തീരണം എന്നതില്‍ നിര്‍ണ്ണായകസ്ഥാനമുണ്ട്‌. സിംഗപ്പൂര്‍, പോലുള്ള രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ അവര്‍ തലമുറകളെ വാര്‍ത്തെടുക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനുകരണ യോഗ്യമാണ്‌. നിയമം കര്‍ശനമായി പാലിക്കുന്ന ആ രാജ്യത്ത്‌ ബബിള്‍ഗം മുതല്‍ പുകവലി വരെ പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്‌. കാര്‍ ഓടിക്കുമ്പോഴുള്ള ചെറിയ പാളിച്ചകള്‍ക്ക്‌ പോലും കഠിനമായ ശിക്ഷയാണ്‌. വിദ്യാഭ്യാസ സമ്പ്രദായവും ആകര്‍ഷണീയം തന്നെ. ഒന്നാം ക്ലാസ്‌ മുതലുള്ള കുട്ടികള്‍ക്ക്‌ , വായന നില്‍ബന്ധമാണ്‌. സ്‌കൂളില്‍ പോകുന്ന കുട്ടിയുടെ കയ്യില്‍ പാഠപുസ്‌തകമല്ലാതെ ഒഴിവുസമയങ്ങളില്‍ വായിക്കാന്‍ പുസ്‌തകം ഉണ്ടായിരിക്കണം എന്ന്‌ മാത്രമല്ല, വായിച്ച പുസ്‌തകത്തിന്റെ ലഘുരേഖ തയ്യാറാക്കാകയും നിര്‍ബന്ധമാക്കിയിട്ടുണ്ട്‌.

നമ്മുടെ നാട്ടില്‍ ഉച്ച പത്രങ്ങള്‍ പീഡനപരമ്പരകള്‍കൊണ്ട്‌ ചൂടപ്പം പോലെ വിറ്റഴിയുമ്പോള്‍ സ്‌കൂള്‍ വിട്ട്‌ ഉച്ചയ്‌ക്ക്‌ ഒരു മണിയ്‌ക്ക്‌ വരുന്ന കുട്ടികള്‍ക്കായാണ്‌ സിംഗപ്പൂരില്‍ ഉച്ചപ്പത്രം വിജ്ഞാനകോശമായ ആ പത്രം ഓരോ കുട്ടിയുടെയും കയ്യില്‍ കാണും. വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും എന്ന്‌ കുഞ്ഞുണ്ണിമാഷ്‌ പറഞ്ഞത്‌ ഇതിനോട്‌ ചേര്‍ത്ത്‌ വായിക്കാം.

ഏത്‌ മതസ്‌തരായിരുന്നാലും സന്ധ്യാനേരത്ത്‌ പ്രാര്‍ത്ഥിക്കുക എന്ന പതിവും അപ്രത്യക്ഷമായി തുടങ്ങിയതിന്റെ ദൃഷ്‌ടാന്തമാണ്‌ ഒരു തലമുറയുടെ വഴിതെറ്റിയുള്ള പോക്ക്‌ കാണിക്കുന്നത്‌ തെറ്റില്‍ നിന്ന്‌ അകന്ന്‌ നില്‍ക്കാന്‍ ഒരു അദൃശ്യശക്തി എല്ലാം കാണുന്നുണ്ടെന്ന വിശ്വാസവും ഭയവും സഹായകമാണ്‌.
ജൂവനൈൽ ഹോമുകള്‍ക്ക്‌ വിട്ടുകൊടുക്കാനുള്ളതല്ല നമ്മുടെ കുരുന്നുകള്‍. മാരകരോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ സമൂഹത്തില്‍ നിന്നത്‌ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സത്വര നടപടികള്‍ സ്വീകരിക്കന്നതുപോലെ കുട്ടികളെ ഈ അപകടത്തിന്റെ ചുഴിയില്‍ നിന്ന്‌ രക്ഷിക്കാന്‍ അടിയന്തിരമായി ഉണര്‍ന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ പേടിച്ചു നില്‍ക്കുന്ന വര്‌ത്തമാനകാലം നഷ്‌ടത്തിന്റെ കഥകള്‍ പറയുന്ന വലിയൊരു കയത്തിലേയ്‌ക്കാവും ചെന്നു വീഴുക.
ജുവനൈല്‍ ഹോമുകള്‍ക്ക്‌ കൊടുക്കാനുള്ളതല്ല നമ്മുടെ കുരുന്നുകള്‍ (മീട്ടു റഹ്മത്ത്‌ കലാം)ജുവനൈല്‍ ഹോമുകള്‍ക്ക്‌ കൊടുക്കാനുള്ളതല്ല നമ്മുടെ കുരുന്നുകള്‍ (മീട്ടു റഹ്മത്ത്‌ കലാം)
Join WhatsApp News
krishna 2014-04-02 05:12:47
very nice article.
BINU SAMUEL 2014-04-02 14:55:33
Very thought provoking article. Keep up the good work
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക