Image

മാധവികുട്ടിയെന്ന വ്യക്തിയും എഴുത്തുകാരിയും-സരോജ വര്‍ഗീസ്

സരോജ വര്‍ഗീസ് Published on 01 April, 2014
മാധവികുട്ടിയെന്ന വ്യക്തിയും എഴുത്തുകാരിയും-സരോജ വര്‍ഗീസ്
(മെരിലാന്റില്‍ മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക(മാം) സംഘടിപ്പിച്ച മുട്ടത്തുവര്‍ക്കി പുരസ്‌കാര വിതരണത്തോടനുബന്ധിച്ച് മാധവിക്കുട്ടിയുടെ കഥാലോകത്തിലെ ദ്വന്ദ്വാത്മകതയെപ്പറ്റി നടത്തിയ ചര്‍ച്ചയില്‍ അവതരിപ്പിച്ചത്. ചടങ്ങില്‍ നിന്നുള്ള ഏതാനും ചിത്രങ്ങള്‍ താഴെ. പൂര്‍ണ്ണ റിപ്പോര്‍ട്ട് നാളെ)

എല്ലാ മലയാളികളേയും പോലെ എനിക്കും മാധവിക്കുട്ടിയുടെ കഥകളോട് പ്രിയമാണ്. ഒന്നിനും അതിര്‍വരമ്പുകള്‍ വയ്ക്കാതെ അവര്‍ എഴുതി. അത് പ്രേമമായാലും, കാമമായാലും, രതിയായാലും മറ്റേത് വികാരമായാലും. സ്വന്തം ആശയങ്ങള്‍ ധൈര്യപൂര്‍വ്വം ആവിഷ്‌കരിക്കാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. സ്ത്രീയുടെ ലൈംഗിത്തത്വത്തെക്കുറിച്ച് മറയില്ലാതെ അവര്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ അത് വരെ അത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്ത ആണെഴുത്തുക്കാര്‍ അമ്പരന്നു. സമൂഹത്തിന്റെ നിശിതമായ നിയമങ്ങളുടെ വേലികെട്ടുകളില്‍ വീര്‍പ്പ്മുട്ടിയിരുന്ന സ്ത്രീകള്‍ മാധവിക്കുട്ടിയില്‍ നിന്നും ഊര്‍ജ്ജം സംഭരിച്ച് എഴുതാന്‍ തുടങ്ങി. അതിനു ഫെമിനിസത്തിന്റെ ഛായ വന്നു. ഫെമിനിസം എന്നാല്‍ പുരുഷനോടൊപ്പം സ്ത്രീ എത്തുകയെന്നല്ല സ്ത്രീയുടെ സ്വാതന്ത്ര്യം അംഗീകരിക്കപ്പെടുകയാണെന്ന തിരിച്ചറിവ് ഇല്ലാതെ ഫെമിനിസം എന്ന പ്രസ്ഥാനം അപ്രിയമായ മാനങ്ങള്‍ കൈവരിച്ചപ്പോള്‍ മാധവിക്കുട്ടി ചോദിച്ചു. ആര്‍ക്കാണു സ്വാതന്ത്ര്യം വേണ്ടതെന്നു. ഈ ചോദ്യം പക്ഷെ വൈകിയാണു അവര്‍ ചോദിച്ചത്?  അപ്പോള്‍ അവര്‍ പര്‍ദ്ദക്കുള്ളില്‍ സുരക്ഷിതയാണെന്ന വിശ്വാസത്തില്‍ ആയിരുന്നു.

പ്രകൃതി ചില പരിമിതകള്‍ക്കുള്ളില്‍ തളച്ചിട്ടില്ലായിരുന്നെങ്കില്‍ സ്ത്രീയും പുരുഷനെപോലെ അവളുടെ മനസ്സ് തുറന്ന് എഴുതുമായിരുന്നു,… പ്രത്യേകിച്ച് വിഷയം പ്രണയവും രതിയുമാകുമ്പോള്‍. എന്നാല്‍ മാധവിക്കുട്ടി അവയെല്ലാം വളരെ സുതാര്യതയോടെ എഴുതി. വായനക്കാര്‍ അമ്പരക്കുകയും, പഴി പറയുകയും, ആശങ്കപ്പെടുകയും ചെയ്തപ്പോള്‍ അതെല്ലാം ഫാന്റസിയാണെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറി. സമൂഹവും വായനക്കാരും പ്രശസ്തമായ നാലപ്പാട്ട് കുടുംബത്തിലെ പ്രശസ്തയായ ഒരു കവിയിത്രിയുടെ മകള്‍ എന്ന ആനുകൂല്യം നല്‍കി അവരെ എന്നും സ്വീകരിച്ചു. ജാതി ചിന്തകളില്‍ മുഴുവനായും മുങ്ങിപോയിരിക്കുന്ന ഒരു സമുദായത്തില്‍ സവര്‍ണ്ണയായ ഒരു സ്ത്രീ പറയുകയും എഴുതുകയും ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങള്‍ അവഗണിക്കയോ പുച്ഛിക്കയോ ഇല്ല തന്നെയുമല്ല അവര്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് തിരിച്ചറിയുകയും ചെയ്യും. ആരംഭത്തില്‍ ഒരു തരം ശത്രൂതാമനോഭാവത്തോടെയും അശ്ലീലം പരത്തുന്ന എഴുത്തുക്കാരിയെന്നും കരുതിയിരുന്നവര്‍ തന്നെ അവരെ ആദരിക്കാനും അവരുടെ രചനകളിലെ മേന്മ മനസ്സിലാക്കുകയും ചെയ്തു. ഇംഗ്ലീഷിലും വളരെ അനായാസമായി എഴുതിയിരുന്ന ഇവരെ നോബല്‍ സമ്മാനത്തിനു പോലും ശുപാര്‍ശ ചെയ്യുകയുണ്ടായി. ധീരതയോടെ സ്വന്തം മനസ്സിലേയും മറ്റു സ്ത്രീകള്‍ ചിന്തിക്കാവുന്ന കാര്യങ്ങളേയും കുറിച്ച് അവര്‍ക്ക് എഴുതാന്‍ കഴിഞ്ഞതില്‍ മേല്‍ജാതിയുടെയും, തറവാട്ട് മഹിമയുടെയും പിന്തുണയുണ്ടായിരുന്നുവെന്നത് തള്ളികളയാനാകില്ല.

വാസ്തവത്തില്‍ നീര്‍മാതളത്തിന്റെ സൗരഭയവും, ഭംഗിയും ഇണങ്ങുന്ന ഒരു തനി മലയാളിപെണ്ണും അതെ സമയം അസ്വസ്ഥമായ ഒരു മനസ്സിന്റെ വിങ്ങിപ്പൊട്ടലുകള്‍ ഉള്‍കൊള്ളുന്ന ഒരു സ്ത്രീയും മാധവിക്കുട്ടിയെന്ന എഴുത്തുകാരിയില്‍ ഉണ്ടായിരുന്നു. അവര്‍ ഒരിക്കല്‍ എഴുതി : “അബന്ധങ്ങളുടെ മഹാറാണിയാണ് ഞാന്‍. എന്നെ വിവാഹജീവിതം ദുഃഖിപ്പിച്ചില്ലെങ്കില്‍ ഞാന്‍ ലക്ഷണമൊത്ത ഒരൊറ്റക്കവിത എഴുതുമായിരുന്നില്ല. ഒരൊറ്റ ചെറുകഥ രചിക്കുമായിരുന്നില്ല..”
 ഇസ്‌ഡോര ഢങ്കന്‍ എന്ന എഴുത്തുകാരിയുടെ മൈ ലൈഫ് എന്ന പുസ്തകത്തില്‍ അവരുടെ ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള നഗ്നമായ വിവരങ്ങള്‍ ഉണ്ടായിരുന്നു. മാധവികുട്ടിയുടെ “മൈ സ്റ്റോറി” പുറത്ത് വന്നപ്പോള്‍ പ്രസ്തുത പുസ്തകത്തെ കടത്തിവെട്ടും വിധം വെട്ടിതുറന്ന് മാധവിക്കുട്ടി എഴുതിയെന്ന് പലരും അഭിപ്രായപ്പെട്ടു. ചിലര്‍ വിമര്‍ശിച്ചു. ചിലര്‍ അഭിനന്ദിച്ചു, ചിലര്‍ പരിഹസിച്ചു. ഒരു എഴുത്തുകാരന്റേയോ, എഴുത്തുകാരിയുടെയോ വ്യത്യസ്തമായ പ്രതികരണങ്ങള്‍ ഉണ്ടാകുക സാധാരണമാണ്. “എന്റെ കഥ” എന്ന പുസ്തകം മാധവികുട്ടിയെഴുതുമ്പോള്‍ സത്യസന്ധമായി അത് എഴുതാനുള്ള കഴിവും ധൈര്യവും തരണമെന്ന് അവര്‍ ശ്രീകൃഷ്ണനോട് പ്രാര്‍ത്ഥിച്ചു എന്ന് ആ പുസ്തകത്തില്‍ പറയുന്നുണ്ട്. അവര്‍ എല്ലാം തുറന്നെഴുതിയെന്ന് പാവം വായനക്കാര്‍ വിശ്വസിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ പറഞ്ഞു അതിലെഴുതിയതെല്ലാം ഫാന്റസി ആയിരുന്നുവെന്ന്. അവരുടെ ജീവിതവുമായി കഥക്ക് ബന്ധമില്ലെന്നും. എപ്പോഴും അഭിപ്രായങ്ങള്‍ മാറ്റികൊണ്ടിരിക്കുന്നത് ചില വ്യക്തികളുടെ സ്വഭാവവിശേഷണമാണ്. അവരോട് സമൂഹത്തിനു ആദരവ് കുറവാണെങ്കിലും മാധവികുട്ടിയെ മലയാളി എന്നും സ്‌നേഹിച്ചു.

ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷ ചെയ്യുമ്പോഴും മാധവിക്കുട്ടിയുടെ ദ്വന്ദ വ്യക്തിത്വം പ്രകടമായി കാണാവുന്നതാണ്. എന്റെ കഥ പരിഭാഷ ചെയ്യുമ്പോള്‍ അത് പദാനുപദ പരിഭാഷയായിരിക്കയില്ലെന്ന് അവര്‍ പറഞ്ഞിരുന്നെങ്കിലും പലയിടത്തും കൂട്ടിചേര്‍ക്കുകയും പലയിടത്തും വ്യത്സസ്ഥമായി പ്രതിപാദിക്കയും ചെയ്തിട്ടുണ്ട്. ശീര്‍ഷകങ്ങള്‍ വരെ അവര്‍ മാറ്റിയിട്ടുണ്ട്. എന്റെ കഥയില്‍ വിവരിക്കാതിരുന്ന കാര്യങ്ങള്‍ വളരെ വിസ്തരിച്ച് ഇംഗ്ലീഷ് പരിഭാഷയിലുണ്ട്. ഒരു പക്ഷെ മലയാളത്തില്‍ എഴുതുമ്പോള്‍ ഒരു സ്ത്രീയെന്ന പരിമിതി അവരെ നിയന്ത്രിച്ചിരുന്നോ എന്നറിയില്ല. അത് ഒരു പക്ഷെ നമ്മുടെ ഭാഷയുടെയും വിവരിക്കുന്ന കാര്യങ്ങളുടെ രഹസ്യ സ്വഭാവവും ആകാം.

ഒരു യാഥാസ്ഥിക നായര്‍ തറവാട്ടില്‍ ജനിച്ചെങ്കിലും അവര്‍ ഭാര്‍ത്താവുമൊത്ത് ബോംബെ( ഇന്നത്തെ മുംബൈ), ഡല്‍ഹി, കല്‍ക്കട്ട എന്നീ സ്ഥലങ്ങളില്‍ താമസിച്ചതുകൊണ്ട് അവരിലുണ്ടായിരുന്ന സ്വതന്ത്ര ചിന്തകളും, സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള അമര്‍ഷങ്ങളും എഴുതണമെന്ന ഒരു ധൈര്യം ആ പ്രവാസ ജീവിതം അവര്‍ക്ക് നല്‍കിയിട്ടുണ്ടാകും. തന്നെയുമല്ല കേരളത്തിലെ സ്ത്രീകളില്‍ നിന്നും വിഭിന്നമായി തന്റേടവും താന്‍പോരിമയുമുള്ള അന്യനാട്ടിലെ സ്ത്രീകളുടെ ജീവിതരീതികളും അവര്‍ മനസ്സിലാക്കിയിട്ടുണ്ടാകും. ബോംബെയില്‍ വച്ച് അയല്‍പക്കാരന്‍ വളരെ ഭവ്യതയോടെ അവരുടെ സാരി കൊണ്ട് മുഖം മിറച്ച് അവരുടെ കാല്‍കീഴില്‍ ഇരിക്കുന്നത് വിവരിച്ചതിനുശേഷം പിന്നീട് അയാളൊടൊത്ത് വളരെ ഒട്ടി നിന്നപ്പോള്‍ “എന്നെ എന്തു വേണമെങ്കിലും ചെയ്‌തോളു” എന്നു പറയുന്നതും ഓരോ സ്ത്രീകളുടെയും മനസ്സില്‍ തോന്നിയേക്കാവുന്ന ചപല വികാരങ്ങളുടെ ആവിഷ്‌ക്കാരമാകാം. പക്ഷെ ആ അവസരം ഉപയോഗിക്കാതെ നിങ്ങള്‍ ഒരു അമ്പലമാണു അതു ഞാന്‍ അശുദ്ധമാക്കില്ലെന്ന് പറഞ്ഞ് അയാള്‍ ഒഴിയുന്നു. സ്ത്രീക്ക് അങ്ങനെ ഒരു മോഹമുണ്ടായില്‍ പോലും പുരുഷന്‍ അവരെ കളങ്കപ്പെടുത്തരുത് എന്ന ആശയത്തെ പ്രസ്തുത വിവരണത്തിലൂടെ അവര്‍ ബലപ്പെടുത്തിയതാകാം അത് കൊണ്ടായിരിക്കാം എന്റെ കഥ( ആത്മകഥയെന്ന പേരില്‍ പുറത്തിറക്കിയിട്ടും) അതില്‍ പലയിടത്തും ഭാവനപരമായ വിവരണങ്ങള്‍ ഉണ്ടെന്ന് അവര്‍ പില്‍ക്കാലത്ത് പ്രസ്താവിച്ചത്.
നുണ പറഞ്ഞും, അഭിനയിച്ചും, ചതിച്ചും, വെറുത്തും സമൂഹത്തിന്റെ കപട സദാചാരമെന്ന പുതപ്പിനുള്ളില്‍ എനിക്കും ഒളിച്ചിരുന്ന് സുരക്ഷയുടെ ചൂട് ആസ്വദിക്കാമായിരുന്നു. സത്യസന്ധമായി ഒരു ആത്മകഥയെഴുതുകയെന്നു പറയുന്നത് വസ്ത്രമഴിക്കുന്നതിനു തുല്യമാണെന്ന് അവര്‍ എഴുതുന്നു. എന്നാല്‍ ഈ പറഞ്ഞതൊക്കെ കാറ്റില്‍ പറത്തികൊണ്ട് ആത്മകഥയില്‍ തുറന്നെഴുതിയ കാര്യങ്ങള്‍ വെറും കഥയെന്ന് വളരെ ലാഘവമായി പറയാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ട്. പിന്നീട് എഴുതിയതെല്ലാം സത്യമാണെന്നും പറയുകയുണ്ടായി. ഒരു പക്ഷെ വിലക്കപ്പെട്ട മോഹങ്ങള്‍ മനസ്സില്‍ ഉണരുന്നത് തെറ്റല്ലെന്നും എന്നാല്‍ അതിനു പുറകെ പോകരുതെന്നും ഇതിലൂടെ അവര്‍ സൂചിപ്പിക്കയാണോ എന്നറിയില്ല. എന്തായാലും വ്യക്തിത്വത്തിനു ഒരു സ്ഥിരതയില്ലെന്നു വായനക്കാര്‍ക്ക് തോന്നാന്‍ വളരെ ഉദാഹരണങ്ങള്‍ അവരുടെ രചനകളിലുണ്ട്.

മാധവിക്കുട്ടി ഒരു കൃഷ്ണ ഭക്തയായിരുന്നു. കൃഷ്ണനോട് പ്രാര്‍ത്ഥിച്ചിരുന്നു. പിന്നീട് മതം മാറി. മതം മാറ്റം പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ലെന്നും അത് മുമ്പെ ഉണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. അങ്ങനെയെങ്കില്‍ അവര്‍ കൃഷ്ണനേയും ഒപ്പം പൂജിച്ചിരുന്നു. ഒരു പൈങ്കിളി പ്രേമത്തിന്റെ സാക്ഷാല്‍ക്കാരത്തിനു വേണ്ടി മതം മാറുകയും അത് പരാജയപ്പെട്ടപ്പോള്‍ വീണ്ടും ഹിന്ദു മതത്തിലേക്ക് തന്നെ വരണമെന്ന് ആഗ്രഹിക്കുകയും ചെയ്തതായി പത്രവാര്‍ത്തകളില്‍ വന്നിരുന്നു. പ്രശസ്ത പത്രപ്രവര്‍ത്തക ലീല മേനോന്‍ ഇതെക്കുഴിച്ചെഴുതിയിരുന്നു. കേരളം വിട്ട് അവര്‍ മക്കളോടൊപ്പം പൂനയില്‍ താമസിക്കുമ്പോള്‍ മുണ്ടും വേഷ്ടിയും ധരിച്ച് പര്‍ദ്ദ ഊരികളഞ്ഞത്രെ. എന്നാല്‍ മക്കള്‍ അത്തരം ഒരു മാറ്റത്തിനു അനുകൂലമായിരുന്നില്ല. ഒരു പക്ഷെ മുസ്ലീം തീവ്രവാദികള്‍ അതേചൊല്ലി എന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടാക്കുമെന്ന് അവര്‍ ഭയക്കുകയും മാധവിക്കുട്ടി വീണ്ടും പര്‍ദ്ദയില്‍ മൂടിയിരിക്കുകയും ചെയ്തു.

സമയാസമയങ്ങളില്‍ അവര്‍ക്ക് തോന്നുന്നത് വിളിച്ച് പറയുകയെന്ന ഒരു ശീലം അവരില്‍ വളരെ പ്രകടമാണ്. ഒരു പക്ഷെ കേരളത്തിലെ സ്ത്രീകളില്‍ ബഹിര്‍ഗമിക്കാതെ പുകയുന്ന വികാരങ്ങളെ നോക്കി അവര്‍ അത് തന്റെ രചനകളിലൂടെ കൊണ്ട് വന്നതായിരിക്കും. സ്വന്തം അനുഭവമെന്ന പേരും നല്‍കി അവ പുറത്ത് വരുമ്പോള്‍ കപട സദാചാരത്തിന്റെ കാവല്‍ക്കാര്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കുന്നത് കണ്ട് രസിക്കാനുള്ള ഒരു കുസൃതിയും അവര്‍ക്കുണ്ടായിരുന്നിരിക്കണം. ചെറുപ്പം മുതല്‍ കൃഷ്ണഭക്തയായിരുന്ന മാധവിക്കുട്ടിയില്‍ ശ്രീകൃഷ്ണനും രാധയും വൃന്ദാവനവുമൊക്കെ സ്വാധീനം ചെലുത്തിയിട്ടുണ്ടാകും.രാധ-കൃഷ്ണന്മാരുടെ പ്രേമവിനോദങ്ങളും, പ്രണയപിണക്കങ്ങളും സ്വന്തം ജീവിതത്തില്‍ സ്വപ്നം കണ്ടിരുന്ന അവര്‍ ജീവിതത്തിന്റെ യഥാര്‍ത്ഥ മുഖം കണ്ട് അമ്പരന്നത് സ്വാഭാവികമാണ്. ഭര്‍ത്താവ് ബലാത്സംഗം ചെയ്തുവെന്ന് അവര്‍ എഴുതുന്നത് അത്‌കൊണ്ടാണ്. അനശ്വര പ്രേമവും, ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ എന്ന സങ്കല്‍പ്പവും താലോലിച്ച ഒരു പെണ്‍ക്കുട്ടിക്ക് അവളുടെ ശരീരം മാത്രം ഉപയോഗിക്കപ്പെടുന്ന അനുഭവം ഉണ്ടാകുമ്പോള്‍ മനസ്സില്‍ നിരാശയുണ്ടായിയെന്ന് അവരുടെ രചനകളില്‍ കാണാം. വാസ്തവത്തില്‍ അത്തരം അനുഭവങ്ങള്‍ അവരുടെ പ്രേമ സങ്കല്‍പ്പങ്ങളെ മുറിവേല്‍പ്പിച്ചിട്ടുണ്ടാകും. അത് കൊണ്ടായിരിക്കും സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തില്‍ രതിയുടെ വര്‍ണ്ണന കൂടിപോയത്. സ്ത്രീ ഉപയോഗിക്കപ്പെടുന്നതിനേക്കാള്‍ അവള്‍ക്ക് സ്വാന്തനവും, ലാളനയുമാണിഷ്ടം എന്ന് പറയാന്‍ വേണ്ടി അവര്‍ക്ക് സത്യങ്ങള്‍ പറയേണ്ടി വന്നു. അതിനെ യാഥാസ്ഥിക ലോകം നെറ്റി ചുളിച്ച് കൊണ്ട് വായിച്ചു… ഭര്‍ത്താവിന്റെ ബലാത്സംഗ വേളകളില്‍ അവര്‍ക്കൂണ്ടാകുന്ന അനുഭവത്തെക്കുറിച്ച് അവര്‍ എഴുതുന്നു. ശരീരം ഒരു ശവകൂന പോലെ കിടക്കുമ്പോള്‍ മനസ്സൊരു നായാട്ട് പട്ടിയെ പോലെ ജാഗ്രതയോടെ കുതിച്ച് ചാടാന്‍ തയ്യാറായി നില്‍ക്കുന്നു. സ്ത്രീയുടെ വികാരങ്ങള്‍ മനസ്സിലാക്കാത്ത പുരുഷന്മാരുടെ പ്രതിനിധിയായി അവരുടെ ഭര്‍ത്താവിനെ കാണാം. എന്നാല്‍ എത്ര സ്ത്രീകള്‍ അവരുടെ മനസ്സ് തുറക്കുന്നു. ഈ ലോകം കാപട്യം നിറഞ്ഞതാണ്. ചങ്ങമ്പുഴ പാടിയപോലെ മാധവിക്കുട്ടിയും കപട ലോകത്തില്‍ ആത്മാര്‍ത്ഥമായ ഒരു ഹൃദയത്തിന്റെ ഉടമയായിരിക്കണം. സ്‌നേഹം നിഷേധിക്കപ്പെട്ട ഒരു സ്ത്രീയുടെ വിലാപങ്ങളാണു വാസ്തവത്തില്‍ മാധവിക്കുട്ടിയുടെ ലൈംഗിക വര്‍ണനകളില്‍ അവയില്‍ അശ്ലീലമില്ല. അവരുടെ കാഴ്ചപ്പാടുകള്‍ സ്ഥാപിക്കാന്‍ ആവശ്യമുള്ള വര്‍ണനകള്‍ ആവശ്യം വരുമ്പോള്‍ തുറന്നെഴുതേണ്ടി വരുന്നു. അതിനു ചിലപ്പോള്‍ ചൂടും, ലഹരിയുമുണ്ടാകുന്നു. കപട വേഷക്കാര്‍ അത് തിരിച്ചറിയുമ്പോള്‍ സ്വന്തം ചെളി അവരുടെ മേല്‍ എറിഞ്ഞ് ആരും കാണാതെ കൈ കഴുകി നില്‍ക്കുന്നു. മാധവിക്കുട്ടിയുടെ രചനകള്‍ വായിച്ച് അവര്‍ അതീവ കാമദാഹമുള്ള സ്ത്രീയാണെന്നൊക്കെ എഴുതിയവരുണ്ട്. അതൊന്നും ഈ അനുഗ്രഹീത എഴുത്തുകാരിയെ ബാധിച്ചില്ല.

ശ്രീമതി രതിദേവിയുടെ ലേഖനത്തിന്റെ ശീര്‍ഷകം പോലെ മാധവിക്കുട്ടിക്ക് ഒരു ദ്വന്ദവ്യക്തിത്വം ഉണ്ടായിരുന്നതായി അവരുടെ രചനകള്‍ വെളിപ്പെടുത്തുന്ന പോലെ അവരുടെ പ്രേമ സങ്കല്‍പ്പങ്ങളില്‍ ഒരു ഉഷ്ണമേഖലയുണ്ടായിരുന്നോ എന്ന് തീര്‍ത്ത് പറയാന്‍ വിഷമമാണ്. അവര്‍ സാധാരണ സ്ത്രീകളെപോലെ വികാരവതിയും, പ്രേമിക്കപ്പെടാന്‍ ദാഹിക്കുന്ന മനസ്സിന്റെ ഉടമയുമായിരിക്കും. അതേസമയം അവര്‍ വിവേകമതിയുമായിരുന്നു. തന്റെ ഉഷ്ണമേഖല തേടി വരുന്നവര്‍ സ്വന്തം അവരുടെ ഉഷ്ണമേഖലയിലെ താപനില മനസ്സിലാക്കട്ടെ എന്ന് മാധവിക്കുട്ടി ചിന്തിക്കുകയും അതിനായി അവര്‍ അവരുടെ മനസ്സിന്റെ കുട മടക്കി പിടിച്ച് നിന്ന് മറ്റുള്ളവരെകൊണ്ട് വെയില്‍ കൊള്ളിക്കുകയും ചെയ്തുവെന്നാണ് ഈ ലേഖിക മനസ്സിലാക്കുന്നത്.



മാധവികുട്ടിയെന്ന വ്യക്തിയും എഴുത്തുകാരിയും-സരോജ വര്‍ഗീസ്മാധവികുട്ടിയെന്ന വ്യക്തിയും എഴുത്തുകാരിയും-സരോജ വര്‍ഗീസ്മാധവികുട്ടിയെന്ന വ്യക്തിയും എഴുത്തുകാരിയും-സരോജ വര്‍ഗീസ്മാധവികുട്ടിയെന്ന വ്യക്തിയും എഴുത്തുകാരിയും-സരോജ വര്‍ഗീസ്മാധവികുട്ടിയെന്ന വ്യക്തിയും എഴുത്തുകാരിയും-സരോജ വര്‍ഗീസ്മാധവികുട്ടിയെന്ന വ്യക്തിയും എഴുത്തുകാരിയും-സരോജ വര്‍ഗീസ്മാധവികുട്ടിയെന്ന വ്യക്തിയും എഴുത്തുകാരിയും-സരോജ വര്‍ഗീസ്മാധവികുട്ടിയെന്ന വ്യക്തിയും എഴുത്തുകാരിയും-സരോജ വര്‍ഗീസ്മാധവികുട്ടിയെന്ന വ്യക്തിയും എഴുത്തുകാരിയും-സരോജ വര്‍ഗീസ്മാധവികുട്ടിയെന്ന വ്യക്തിയും എഴുത്തുകാരിയും-സരോജ വര്‍ഗീസ്മാധവികുട്ടിയെന്ന വ്യക്തിയും എഴുത്തുകാരിയും-സരോജ വര്‍ഗീസ്മാധവികുട്ടിയെന്ന വ്യക്തിയും എഴുത്തുകാരിയും-സരോജ വര്‍ഗീസ്മാധവികുട്ടിയെന്ന വ്യക്തിയും എഴുത്തുകാരിയും-സരോജ വര്‍ഗീസ്
Join WhatsApp News
vayanakaaran 2014-04-02 08:31:03
പടങ്ങളിൽ ഒരു പെണ്ണു സാന്നിധ്യം ആണല്ലോ കൂടുത്തൽ. ആണൊ? ആണെന്നു പറയേണ്ടി വരുമ്പോൾ അതിൽ ഒരാണുണ്ട്. എവിടെ പോയി അമേരിക്കൻ മലയാളി ആണെഴുത്തുക്കർ.???ഇവിടെ എഴുത്തുക്കാർ ഇല്ല എന്ന് ചില ആണെഴുത്തുക്കർ വിളിച്ച് പരയുന്നത്കൊണ്ട് പെണ്ണുങ്ങള മാത്രം മതിയെന്ന് തീരുമാനിച്ച്ചതാകാം. കഷ്ടം ! സമൂഹത്തിനു അമേരിക്കാൻ മലയാളി എഴുത്ത്കർ എന്നും ഒരു ഹാസ്യ പാത്രമാണ് ( laughing stock)
വിദ്യാധരൻ 2014-04-02 08:57:26
അതെന്താണ് വായനക്കാരാ അങ്ങനെ പറയുന്നത്? വായിച്ചാൽ മാത്രം പോരാ കണ്ണ് തുറന്നു നോക്കണം! ചിത്രത്തിൽ മൂന്നു സുന്ദരകുട്ടന്മാർ നിന്നിട്ടും, അവർ ഇടയ്ക്കു ഇടയ്ക്കു കമണ്ടുകൾ എഴുതി, സ്ത്രീകളെ പ്രൊൽസാഹിപ്പിചിട്ടും അവരെ എഴുത്തുകാരായി കാണാതെ, ഹാസ്യകഥാപാത്രങ്ങളായി കാണുന്നത് എന്താണ് വായനക്കാരാ? ഒരു പക്ഷെ ഇവര ഹാസ്യ എഴുത്തുകാരായിരിക്കാം!
Truth man 2014-04-02 09:18:21
Dear vayanakkaran, they are mentioning that Hilary Clinton is coming to the next president ,that,s why  the are showing only women picture. Where is the Award winners picture.
vayanakaaran 2014-04-02 09:48:00
വിദ്യാധരൻ സാറും ശ്രദ്ധിച്ച് വായിക്കണം. പുരുഷന്മാര ഇല്ല എന്ന പറഞ്ഞ്നില്ല. (പടങ്ങളിൽ ഒരു പെണ്ണു സാന്നിധ്യം ആണല്ലോ കൂടുത്തൽ.) പിന്നെ അമേരിക്കാൻ മലയാളികൾ എഴുതുക്കാരെ ഒരിക്കലും അംഗീകരിച്ചിട്ടില്ലല്ലെന്ന് സത്യമല്ലേ. . എഴുത്തുക്കാർ തന്നെ ഇവിടെ എഴുത്തുകാര് ഇല്ലെന്ന് പറയുന്നു. അതാണു ഉദ്ദേസിച്ചത്. സമൂഹത്തിനു അമേരിക്കാൻ മലയാളി എഴുത്ത്കർ എന്നും ഒരു ഹാസ്യ പാത്രമാണ് ( laughing stock) എഴുതുകാര്ക്ക് എന്തെല്ലാം വിശേഷണങ്ങളനു സമൂഹം കൊടുത്തിരിക്കുന്നത് എന്ന സാറിന് അറിയാമല്ലോ? പണം കൊടുത്ത് എഴുതിക്കുന്നവർ എന്നുപോലും പരഞ്ഞിട്ടുന്റ്.
വിദ്യാധരൻ 2014-04-02 11:01:50
എഴുത്തുകാരില്ല എന്ന് എഴുത്തുകാരുതന്നെ പറയുന്നതും ഒരു നായിക്ക് വേറൊരു നായെ കാണാൻപാടില്ല എന്ന് പറയുന്നതും ഒരു പോലെയാണ്. പിന്നെ ഉള്ള എഴുത്തുകാർ കാശ് കൊടുത്ത് മറ്റുള്ളവരെ കൊണ്ടാണ് എഴുതിക്കുന്നതെങ്കിലോ? ഇത് വായനക്കാരൻ വായിച്ചതുപോലെ ഇ-മലയാളിയിൽ നിന്നും വായിച്ചതാണ്. അതും അമേരിക്കയിലെ ഒരു പ്രശസ്ത എഴുത്തുകാരി എന്ന് സംഘടനകൾ അംഗീകരിച്ചിട്ടുള്ള എഴുത്തുകാരി എഴുതിയ ലേഖനത്തിൽനിന്നും. പക്ഷേ ഞാനത് ഒരു നുണകഥപോലെ തള്ളികളഞ്ഞു. എഴുത്തുകാരെ വിലയിരുത്താൻ ഒരു സമൂഹത്തിനു മാത്രമേ കഴിയുകയുള്ളൂ. അത് വായനാക്കാരുള്ള സമൂഹത്തിനു. അമേരിക്കയിലെ മലയാളി സമൂഹത്തിൽ കൂടുതലും എഴുത്തുകാരായതുകൊണ്ട് അത് കണ്ടുപിടിക്കാനും പ്രയാസം. പിന്നെ ചില അവന്മാരുടെ ഇരിപ്പും ഭാവവും കണ്ടു ആണോ പെണ്ണോ എന്നറിയാതെ വായനക്കാരൻ എഴുതിയതാണെന്ന് വിചാരിച്ച അങ്ങനെ എഴുതിയത്. വായനക്കാരൻ ക്ഷമിച്ചാട്ടെ. അല്ലെങ്കിലും അതല്ലല്ലോ നമ്മുടെ വിഷയം. നമ്മളെ സംബന്ധിചടത്തോളം ഇവിടുത്തെ മിക്ക എഴുത്തുകാരുടെം അഹംഭാവംമാറി നല്ല എഴുത്തുകാരായി തീരണം. നമ്മൾക്ക് ചെയ്യാവുന്നത് നല്ലത് നല്ലതെന്നും ചീത്ത ചീത്ത എന്നും തുറന്നു പറയുക. അല്ലാതെ ഇവരെ എഴുത്ത് പഠിപ്പിക്കാൻ പറ്റില്ലല്ലോ? നേരെ ആകാതിരിക്കാൻ എഴുത്തുകാർ എന്ന് പറയുന്നത് പട്ടിയുടെ വലല്ലോ? വിദ്യാധരൻ
Jacko Mattukalayil 2014-04-02 18:13:47
മാധവികുട്ടിയെപ്പറ്റിയുള്ള സരോജാ വർഗീസിന്റെ കുറിപ്പ്  നന്നായിട്ടുണ്ട്. കൌതുകം ഉണ്ടാക്കുന്ന  എഴുത്തുകൾ മാധവികുട്ടി എഴുതിയിരുന്നു. വാസ്തവത്തിൽ, കഥ-നോവൽ-ലേഖനങ്ങൾ തുടങ്ങിയവ വായിക്കുന്നതിൽ താല്പ്പര്യം ഉണ്ടായതു  മാധവികുട്ടിയുടെ 'എന്റെ കഥ' മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചു തുടങ്ങിപ്പോൾ  മുതലെന്നു എനിക്ക് തോന്നിയിട്ടുണ്ട്. പ്രേമം, കാമം, രതി-കളിൽ സംഭവബഹുലങ്ങളായ പ്രമേയങ്ങൾ അവതരിപ്പിച്ചിരുന്ന അവരുടെ രീതികൾ എഴുത്തിലൂടെ പ്രകടമായത് അന്നത്തെ ചെറുപ്പക്കാർക്ക് അത്‌ഭുതവും ജിജ്ഞാസയും ഉളവാക്കിയിരുന്നു. അഴകുള്ള മുഖവും കാമവെറി ഉളവാക്കുന്ന കണ്ണുകളുമുള്ള ഒരു ചെറുപ്പക്കാരി അമാന്തിക്കാതെ കാര്യങ്ങൾ തുറന്നെഴുതുതിയതാവണം അവരെ ശ്രദ്ധിക്കാൻ ധാരാളം വായനക്കാരെ പ്രേരിപ്പിച്ചതെന്നു കരുതുന്നു. മദ്യലഹരിയിൽ മയങ്ങിയിരുന്ന ഒരു രാത്രിയിൽ തന്നെ സന്ദർച്ചിരുന്ന തന്റെ കൂട്ടുകാരാൻ സായിപ്പ് ('സാൽ ഗാരിസ്റ്റോ' എന്നോ മറ്റോ ആയിരുന്നു അയാളുടെ പേരെന്ന് അവ്യക്തമായി ഓർക്കുന്നു) തന്നെ വിട്ടു പോയതറിഞ്ഞിരുന്നില്ല, പക്ഷെ രാവിലെ എഴുനേറ്റപ്പോൾ തന്റെ സാരി ഭംഗിയായി മടക്കി കസേരയിൽ വെച്ചിരുന്ന ഭാഗങ്ങൾ വിവരിക്കുന്നതു ഒരു കഥയോ നോവലോ എന്നു കരുതാൻ തക്കവിധം അറിയപ്പെടുന്ന ഒരു സ്ത്രീ-കഥാകാരി അന്നുണ്ടായിരുന്നില്ല. അതുകൊണ്ട് അതു മാധവിക്കുട്ടിയുടെ അനുഭവങ്ങൾ തന്നെയായിരുന്നു എന്ന അനുഭൂതി അന്നു പ്രചരിച്ചിരുന്നു, അതിനെ അവർ എതിർത്തിരുന്നില്ല. അനുമോദനങ്ങളോടൊപ്പം 'വേശ്യയുടെ കഥ' എന്നു തിക്കുറുശിയെപ്പോലുള്ള വർ പറഞ്ഞു തള്ളൂകയും ചെയ്തിരുന്നു. പക്ഷെ, അടുത്ത ലക്കം മാതൃഭൂമി വായിക്കാൻ നിമിഷങ്ങൾ എണ്ണിക്കഴിഞ്ഞിരുന്ന അനേകം ചെറുപ്പക്കാർ ഉണ്ടായിരുന്നുവെന്നു പറഞ്ഞാൽ തെറ്റാവില്ല. മാതൃഭൂമിയുടെ പതിപ്പുകൾ ചൂടപ്പം പോലെ വിറ്റു. ചെറുപ്പക്കാരുടെ മാനസിക വികാരങ്ങളെ ഒരു പുതിയ തലത്തിലേക്ക് കടത്തിവിടാനും അവർക്ക് കഴിഞ്ഞിരുന്നു. അവരുടെ കവിതകളും ഇംഗ്ലീഷിലുള്ള  എഴുത്തുകളും 'ഇലസ്ട്രേറ്റട്‌ വീക്കിലി ഓഫ് ഇന്ത്യയിൽ' വന്നു കൊണ്ടിരുന്നതു അവരെ ഇന്ത്യയിൽ ആകമാനം അറിയപ്പെടുന്ന ഒരെഴുത്തുകാരിയായി ഉയർത്തിയെന്നതിനു തർക്കമില്ല.
 
കുറച്ചു വർഷങ്ങൾ മുൻപ് അവർ അമേരിക്കയിൽ വന്നപ്പോൾ, അവരെ ആദരിച്ചു നല്കിയ പൗരസ്വീകരണത്തിൽ വെച്ചാണു (സന്തൂർ റെസ്റ്റോറന്റു, ഗ്ലെനോക്സു, ന്യൂയോർക്ക്)  ആദ്യമായി അവരെ കാണാനിടവന്നത്. അമേരിക്കാൻ സ്ത്രീകളുടെ ചില മാനസിക പ്രശ്നങ്ങളെപ്പറ്റി അവരന്നു പരാമർശിച്ചു സംസാരിച്ചിരുന്നു. ഒരംഗീകാരം സമൂഹത്തിൽ കിട്ടിക്കഴി ഞ്ഞാൽ സൂര്യനു താഴെയുള്ള ഏതു കാര്യവും തനിക്കറിയാം എന്ന മട്ടിൽ, ശരിയായി ആരെയും എന്തിനെയും മനസ്സിലാക്കാതെ, വലിയ വായിൽ വിടുവാ പറയുന്നത് നമ്മുടെ നാട്ടിലെ പല കലാകാരന്മാരും കാട്ടുന്നത് പല സന്ദർഭങ്ങളിലും കണ്ടിട്ടുണ്ട്. അതിലൊരു പതിപ്പ് തന്നെ ഇവരെന്നും തോന്നി. കാരണം അവർ അമേരിക്കയിൽ ആദ്യമായി വരികയാണ്. ഏതാനും ദിവസങ്ങൾ ന്യൂയോർക്കിന്റെ ഒരു കോണിൽ മലയാളികളുടെ വലയത്തിൽ വട്ടം കറങ്ങിയപ്പോൾ അമേരിക്കയിലെ സ്ത്രീകളെപ്പറ്റിയും അവരുടെ മനസിന്റെ താളങ്ങളും ലെയങ്ങളും പഠിച്ചു  പരിഹാരവും പറഞ്ഞു കഴിഞ്ഞു!  ആരാണീ 'അമേരിക്കൻ വനിത' എന്നതു പോലും ഇന്നും ഡിബേറ്റ് ചെയ്യുന്ന അമേരിക്കയിൽ കാലുകുത്തും മുൻപേ പല ഇന്ത്യാക്കാർക്കും പൊതുവെ അവരെപ്പറ്റിയും അവരുടെ ചെയ്തികളെപ്പറ്റിയും വലിയ അറിവും ബോധവും ഉള്ളവർ തന്നല്ല്യോ? അങ്ങനെ കരുതി ഞാൻ വീട്ടിലേക്കും പോന്നു.

"സമയാസമയങ്ങളില്‍ അവര്‍ക്ക് തോന്നുന്നത് വിളിച്ച് പറയുകയെന്ന ഒരു ശീലം അവരില്‍ വളരെ പ്രകടമാണ്." എന്നു സരോജ വർഗീസ്  എഴുതിയത് വായിച്ചപ്പോൾ തോന്നി ഇക്കാര്യങ്ങൾ. മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാൻ അവർ കിണഞ്ഞു ശ്രമിച്ചിരുന്നു മരിക്കും വരെയും. കൃഷ്ണനെ വിട്ടതും, പിന്നെ കൂടെക്കൊണ്ടു പോയി  എന്നാക്കിയതും, പർദാ ഇട്ടതും, പിന്നെ ഊരിയതും  പിന്നെ തിരിച്ചിട്ടതും എല്ലാം അവരുടെ വികലമായ മനസ്സിനെത്തന്നെ കാണിച്ചിരുന്നത്. ആരെങ്കിലും വിളിക്കുമോ എന്നു പ്രതീക്ഷിച്ചു ഫോണിന്റെ അടുത്തു അനേക മണിക്കൂറുകൾ കസേരയിട്ട് ഇരിക്കുമായിരുന്നു എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. മലയാളിയുടെ "ലോലമായ മനസ്സിന്റെ" മറ്റൊരു രൂപം!     

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക