Image

കര്‍ഷക ആത്മഹത്യ: ഗവണ്‍മെന്റ്‌ നിസംഗത കൈവെടിയണം: അല്‌മായ കമ്മീഷന്‍

Published on 12 November, 2011
കര്‍ഷക ആത്മഹത്യ: ഗവണ്‍മെന്റ്‌ നിസംഗത കൈവെടിയണം: അല്‌മായ കമ്മീഷന്‍
കൊച്ചി: കടക്കെണിയും കാര്‍ഷികത്തകര്‍ച്ചയും ജപ്‌തിഭീഷണിയും മൂലം വയനാട്ടില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ സര്‍ക്കാര്‍ നിസംഗതയോടെ നോക്കിനില്‍ക്കുന്നത്‌ വേദനാജനകമാണെന്നും അടിയന്തര നടപടികള്‍ ഉടന്‍ സ്വീകരിക്കുന്നില്ലെങ്കില്‍ കഴിഞ്ഞ നാളുകളിലെ വന്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാമെന്നും സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിച്ചു.

കര്‍ഷകസമൂഹത്തെ വോട്ടുബാങ്കായി മാത്രം കാണുന്ന രാഷ്‌ടീയ ഭരണനേതൃത്വങ്ങള്‍ക്കും, ശത്രുതയോടെ വീക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും കര്‍ഷക ആത്മഹത്യകളുടെ ഉത്തരവാദിത്വത്തില്‍ നിന്ന്‌ ഒളിച്ചോടാനാവില്ല. കഴിഞ്ഞ പത്ത്‌ ദിവസത്തിനുള്ളില്‍ നാലാമത്തെ കര്‍ഷകനാണ്‌ വയനാട്ടില്‍ മരണത്തിനിടയായിരിക്കുന്നത്‌. ഇഞ്ചിയും, ഏത്തവാഴയും സ്ഥലം പാട്ടത്തിനെടുത്ത്‌ കൃഷിചെയ്‌തിട്ടുള്ള നിരവധി കര്‍ഷകര്‍, കൃഷിനാശവും വിലയിടിവും മൂലം വലിയ തകര്‍ച്ചയിലാണ്‌. ഇതിനു പുറമെ, ബാങ്കുകളില്‍ നിന്നുള്ള ജപ്‌തിയും വന്‍ ഭീഷണി ഉയര്‍ത്തുന്നു. കര്‍ണ്ണാടകയിലെ ഭദ്രാവതി. ഷിമോഗ എന്നി പ്രദേശങ്ങളില്‍ ഇഞ്ചിയുള്‍പ്പെടെ വിവിധ കൃഷികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരും വലിയ പ്രതിസന്ധിയിലാണ്‌. 2001 മുതല്‍ 2007 വരെ മുന്നൂറിലേറെ കര്‍ഷകരാണ്‌ വയനാട്‌ പ്രദേശങ്ങളില്‍ സാമ്പത്തികത്തകര്‍ച്ചയില്‍ ആത്മഹത്യ ചെയ്‌തത്‌. കത്തോലിക്കാ സഭയുടെ സാമൂഹ്യ പ്രസ്ഥാനങ്ങളും, കാരിത്താസ്‌ ഇന്ത്യയും കര്‍ഷകരക്ഷയ്‌ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശങ്ങളില്‍ ശക്തിപ്പെടുത്തുന്നതാണെന്നും, സമൂഹമനഃസാക്ഷി ഒന്നാകെ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ വരും നാളുകളില്‍ വലിയ തകര്‍ച്ചകള്‍ക്ക്‌ നാം സാക്ഷിയോകേണ്ടിവരുമെന്നും അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക