Image

വസ്തുതയും അഭിപ്രായവും- നിര്‍മ്മല ജോസഫ് തടം

നിര്‍മ്മല ജോസഫ് തടം Published on 03 April, 2014
വസ്തുതയും അഭിപ്രായവും- നിര്‍മ്മല ജോസഫ് തടം
കൊല്ലം തെല്‍മയുടെ "കടന്നു പോയവര്‍ ബാക്കി വച്ച ചോദ്യങ്ങള്‍" എന്ന ലേഖനത്തിന്റെ നല്ലവശങ്ങള്‍ അംഗീകരിച്ചുകൊണ്ടു തന്നെ ചില കാര്യങ്ങള്‍ പറയട്ടെ.

ദൈവീകമായി, എഴുത്തെന്ന വരദാനം ലഭിച്ചിട്ടുള്ള ഒരെഴുത്തുകാരിയുടെ അനീതിയോടുള്ള ധാര്‍മ്മികരോഷം മനസ്സിലാക്കുന്നു. എന്നാല്‍ അത് തുറന്നെഴുതുന്നതിന് മുമ്പ് പുലര്‍ത്തേണ്ട ചില ധാര്‍മ്മിക ഉത്തരവാദിത്ത്വങ്ങളെക്കുറിച്ചുകൂടി ഇവിടെ ചിന്തിക്കേണ്ടതുണ്ട്.

“ചിക്കാഗോയിലെ പ്രവീണിന്റെ മരണത്തില്‍ അവിടുത്തെ എല്ലാ സംഘടനകളും ചേര്‍ന്ന് ഒരു വീട്ടിലെ പ്രശ്‌നം പോലെ കാര്യം കൈകാര്യം ചെയ്തപ്പോള്‍ ന്യൂയോര്‍ക്കില്‍ എന്താണു സംഭവിച്ചത്?”

“ന്യൂയോര്‍ക്കിലെ നേതാക്കന്മാര്‍ക്ക് എന്തു പറ്റി?” ഈ പരാമര്‍ശത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍! ഇവിടെ പ്രതിപാദിച്ചിരിക്കുന്ന ന്യൂയോര്‍ക്കിലെ നേതാക്കന്മാരില്‍ ആരെങ്കിലുമായി ലേഖിക നേരിട്ടു സംസാരിച്ചിരുന്നുവോ ഈ സംഭവത്തെക്കുറിച്ച്?

എങ്കില്‍ എന്തായിരുന്നു അവരുടെ മറുപടി? എങ്ങനെയായിരുന്നു അവരുടെ സമീപനം? തൃപ്തികരമായ മറുപടി ലഭിച്ചുവോ? അതോ ഇക്കാര്യത്തിലുള്ള അവരുടെ ഉപേക്ഷ സൂചിപ്പിചിരുന്നുവോ? അതോ അവരുടെ നിസ്സംഗത അങ്ങനെ ഒരു തോന്നല്‍ ഉണ്ടാക്കുന്നതായിരുന്നോ?

മരിച്ച കുട്ടിയുടെ വീട്ടുകാരില്‍ നിന്നോ, ബന്ധിക്കളില്‍ നിന്നോ അങ്ങനെ ഒരു സൂചന( ആവശ്യനേരത്ത് സഹായത്തിന് ആരെയും കണ്ടില്ല.) ലഭിച്ചുവോ?

ഇതിനൊക്കെയും വ്യക്തമായ ഉത്തരങ്ങള്‍ ഉണ്ട് എങ്കില്‍ ഈ ലേഖനം തികച്ചും ഉചിതമാണ്. അവസരോചിതമാണ്.

നേരെമറിച്ച് സ്വന്തം അഭിപ്രായം പറയുക മാത്രമാണ് ചെയ്തിരിക്കുന്നതെങ്കില്‍ ഈ ലേഖനം വളരെ നിരാശാജനകമാണ്.

ന്യൂയോര്‍ക്കില്‍ മാത്രമായി നേതാക്കന്മാര്‍ക്ക് ഒരു പ്രത്യേക സ്വഭാവം ഉണ്ടോ? എവിടെ ആയിരുന്നാലും അവര്‍ക്ക് ഒരേ സ്വഭാവം തന്നെ. ടെലികോണ്‍ഫറന്‍സ്, പത്രത്തിലെ ഫോട്ടോ അതൊക്കെ ആവതനുസരിച്ച് എല്ലാവരും ചെയ്യുന്നു.

ന്യൂയോര്‍ക്കിലുള്ള പല സംഘടനകളില്‍ നിന്നും അറിയുവാന്‍ കഴിഞ്ഞത് അവരൊക്കെയും ഇപ്പറഞ്ഞ കുട്ടിയുടെ വീട്ടുകാരുമായി ബന്ധപ്പെടുകയും, എല്ലാ സഹായങ്ങളും ചെയ്യുകയും, മുന്നോട്ടു വേണ്ട കാര്യങ്ങളില്‍ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു എന്നാണ്.

ലേഖിക പറഞ്ഞ അമ്മ മനസ്സിന്റെ വേവുന്ന നോവും നൊമ്പരവും നൂറുശതമാനവും അറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ- നമ്മള്‍ പരസ്പരം കുറ്റപ്പെടുത്തലുകള്‍ നിറുത്തുക. ഇനിയും ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എന്തു ചെയ്യണം എന്നാലോചിച്ച് പ്രവര്‍ത്തിക്കുക. ലേഖക സൂചിപ്പിച്ച രീതിയില്‍ത്തന്നെ തളര്‍ന്ന കുടുംബങ്ങള്‍ക്ക് കരുത്തും സഹായവും നല്‍കുക.

ഏറ്റവും പ്രധാനമായി, ഇനി ഒരിക്കലും തിരിച്ചു വരാനാകാതെ എന്നെന്നേയ്ക്കുമായി നഷ്ടമായ മക്കളുടെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ഇളക്കി മറിക്കുവാന്‍ വീട്ടുകാര്‍ ഇഷ്ടപ്പെടുന്നില്ല എങ്കില്‍ അവരെ വെറുതെ വിടുക. അവരുടെ സ്വകാര്യതയെ മാനിക്കുക. അംഗീകരിക്കുക.

“റെനി ജോസിന് എന്തു സംഭവിച്ചു?”   മൊയ്തിന്‍ പുത്തന്‍ചിറ ഒരു ലേഖനം എഴുതിയിരുന്നു. വളരെ സത്യസന്ധവും വസ്തുനിഷ്ടവുമായ റിപ്പോര്‍ട്ട്.

മലയാളികളുടെ ഏകീകരണത്തിന്റെ ആവശ്യകതയെക്കുറിച്ച്, നമുക്കിടയിലെ കുത്തിത്തിരിപ്പുകളെക്കുറിച്ച് ഒക്കെയും അദ്ദേഹം വ്യക്തമായെഴുതിയിരിക്കുന്നു.

ഇങ്ങനെയൊക്കെയുള്ള എഴുത്തുകള്‍ നമുക്ക് ഏകമനസ്സോടെ മുന്നോട്ടു പോകുവാന്‍, പ്രശ്‌നങ്ങള്‍ തരണം ചെയ്യുവാന്‍ പ്രചോദനം നല്‍കട്ടെ.
നിര്‍മ്മല ജോസഫ് തടം


വസ്തുതയും അഭിപ്രായവും- നിര്‍മ്മല ജോസഫ് തടം
Join WhatsApp News
vaayanakkaaran 2014-04-03 06:22:08
 പത്രത്തിൽ പടത്തിനും പ്രശസ്തിതിക്കും വേണ്ടി ചില ‘നേതാക്കന്മാർ’ കാട്ടിക്കൂട്ടുന്നതും എഴുതിവിടുന്നതും പോലെ ചില എഴുത്തുകാരും പടത്തിനുവേണ്ടി എഴുതിവിടുന്നു. എഴുത്തിൽ ഉണ്ടായിരിക്കേണ്ട വസ്തുനിഷ്ടതയെക്കുറിച്ച് ഓർപ്പിച്ച എഴുത്തുകാരിക്കു നന്ദി.
vaayanakkaran 2014-04-03 06:26:04
സംഘടനകൾ ഇപ്പോൾ ആർക്കും കൊട്ടാവുന്ന ചെണ്ടയായിരിക്കുന്നു. മൂല്യച്ച്യുതി വന്നിരിക്കുന്ന ഒരു സമൂഹത്തിന്റെ വികാര പ്രകടനങ്ങൾ മാത്രം. നിർമ്മല പറയുന്നതിനോട് യോജിക്കുന്നു, എഴുത്തുകാരിലും ഒക്കെ സാമൂഹിക പ്രതിബദ്ധത കാണണം. പക്ഷെ സമൂഹ മനസ്സാക്ഷിയെ മരവിപ്പിച്ച ജാസ്മിന്റെ മരണവും, റെനിയുടെ തിരോധാനവും ഉത്തരം കണ്ടെത്തിയില്ലെങ്കിൽ എന്ത് വിശ്വസിച്ച്  കുട്ടികളെ നമ്മൾ കോളേജിൽ പറഞ്ഞുവിടും? ഷിക്കാഗോയിൽ നടക്കുന്നതിൽ കൂടുതൽ ചെയ്യുവാൻ കഴിവുള്ള നേതാക്കന്മാരും സംഘടനകളും ന്യൂ യോർക്കിൽ ഉണ്ട്. അവർ ഒന്നൊരുമിച്ചു തോളോട് തോൾ ചേർന്നു നിന്നാൽ ഇതിനൊരു പരിഹാരം ഉണ്ടാകും. ഇപ്പോൾ മൊയ്തീൻ പുത്തൻചിറ, മീനു എലിസബത്ത് , ജോജോ തോമസ്‌, ഷെവലിയാർ ചെറിയാൻ വേങ്കടത്ത്, ചെറിയാൻ ജേക്കബ്‌, പി പി ചെറിയാൻ  സരോജ വറുഗീസ്, ജോസ് പിന്റോ തുടങ്ങി പലരും ഇതേ പൊതുവികാരം തെൽമ എഴുതുന്നതിന് മുൻപ് എഴുതി. പക്ഷെ ഇതുവരെയും 'ശങ്കരൻ തെങ്ങേൽ തന്നേ' എന്ന സ്ഥിതിയിലാണ്. നേതാക്കൾ ഒരു മേശക്ക് ചുറ്റുമിരുന്ന് അവരുടെ വിഴുപ്പലക്ക് നിർത്തി സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ അവർ ഇതിൽ കൂടുതൽ വിമർശനങ്ങളെ നേരിടേണ്ടി വരും. വീട്ടുകാരുടെ വിഷമം മനസിലാക്കുന്നു, പക്ഷെ ഓരോ ദിവസവും നീറി നീറി മക്കളെ സ്കൂളിലും കോളേജിലും പറഞ്ഞു വിടുന്ന സാധാരണക്കാരായ ഞങ്ങൾ ആരോട് പറയും ഞങ്ങളുടെ വിഷമങ്ങൾ? നേതാക്കളെ കുത്തിയപ്പോൾ വിഷമം വന്നാൽ അവർ പരസ്യമായി പണി നിർത്തി പോകട്ടെ. മനുഷ്യനെ മണ്ടനാക്കുന്ന ഇത്തരം നേതാക്കളും സംഘടനകളും സമൂഹത്തിന് തന്നേ അപമാനമാണ്. ഒന്നും എഴുതാതെ ഇരുന്ന എന്നെപ്പോലുള്ള വായനക്കാരെക്കൊണ്ടും മിക്കവാറും എഴുതിപ്പിക്കും. അത്രക്ക് ഹൃദയം നൊന്താണ് ഓരോ ദിവസവും മക്കളെ പറഞ്ഞ് വിടുന്നത്.  സാധാരണ ജനങളുടെ വികാരം പച്ചയായി എഴുതാൻ തെൽമ കാണിച്ച ധൈര്യം അപാരം തന്നേ, മേൽപ്പറഞ്ഞ ലേഖകരെല്ലാം പഞ്ചസാരയിൽ മുക്കി ആരെയും വേദനിപ്പിക്കാതെ പറഞ്ഞു, തെൽമ പച്ച പച്ചയായി പറഞ്ഞു.

  സോറി കമന്റ് തന്നെ ലേഖനത്തിന്റെ അത്രയുമായി, ഞങ്ങൾക്ക് പറയുവാനുള്ളത് ഇങ്ങനെയല്ലേ പ്രകടിപ്പിക്കുവാൻ പറ്റു. ലേഖനം എഴുതിയ മനസ്സിന് നന്ദി. ഒരു പുതിയ എഴുത്തുകാരിയെ ഉണർത്താൻ ഈ ലേഖനങ്ങൾ സഹായിച്ചെങ്കിൽ അതിന് നന്ദി പറയുക. കൂടുതൽ കൂടുതൽ എഴുതുക. ഇടക്കൊക്കെ ഒരു കുത്തും കൊടുക്കുന്നതിൽ തെറ്റില്ല, ആരും മനപപൂർവമല്ല, അൽപ്പം കൊട്ട് കിട്ടിയാലേ ഇവരൊക്കെ എഴുന്നേക്കൂ. സ്വർഗ്ഗത്തിൽ ആ കടമൊക്കെ അങ്ങ് ക്ഷമിച്ചു തരും, ഒന്നുമില്ലേലും നമ്മൾ ഭൂമി ജീവികളല്ലേ.
വിദ്യാധരൻ 2014-04-03 11:35:29
വായനക്കാരൻ വാചാലനാകുമ്പോൾ വാക്കുകൾക്കും മൂർച്ച കൂടുന്നു! ചെന്ന് കൊള്ളട്ടവ ലക്ഷ്യസ്ഥാനങ്ങളിൽ എന്നിട്ടവ പൊട്ടിതെറിക്കുട്ടുള്ളിൽ അമ്മിട്ടുപോലെ ചിന്നിചിതറട്ടെ ലക്ഷ്യബോധമില്ലാത്ത മലയാളിനേതൃത്വം 'വസ്തുനിഷ്ഠ'മായെഴുതാത്ത കൂട്ടരും അസ്വസ്തരാകട്ടെ ഞെരിപിരികൊള്ളട്ടെ അതുവരെ തുടരുക നിങ്ങൾതൻ താണ്ഡവം. പരിച എടുത്തു പൊടി തട്ടിവച്ചോളു തെറിവിളി വരുവാൻ സമയമായി സ്നേഹിതാ. പതറണ്ട നിങ്ങൾ അത് കേട്ടിട്ടല്പവും പതിരുപോലുള്ള പാവങ്ങളാ കഥയില്ല കൂട്ടരാ വിദ്യാധരൻ
Mathew Varghese, Canada 2014-04-03 20:33:33
വിദ്യാധരന്റെയും വായനക്കാരന്റെയും കൊയിത്തുകാലം! ധാരാളംപേർ എഴുതുന്നുണ്ട് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക