Image

നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനികളുടെ സമരം നിര്‍ത്തി, പ്രിന്‍സിപ്പലിന്‌ നിര്‍ബന്ധിത അവധി

Published on 13 November, 2011
നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനികളുടെ സമരം നിര്‍ത്തി, പ്രിന്‍സിപ്പലിന്‌ നിര്‍ബന്ധിത അവധി
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനികള്‍ നടത്തിവന്ന സമരം താത്‌കാലികമായി അവസാനിപ്പിച്ചു. ഇവിടെ മലയാളി വിദ്യാര്‍ഥിനിയുടെ വസ്‌ത്രം വലിച്ചുകീറി അപമാനിച്ച വനിതാ പ്രിന്‍സിപ്പലിനോട്‌ നിര്‍ബന്ധിത അവധിയെടുക്കാന്‍ ആശുപത്രി സൂപ്രണ്ട്‌ നിര്‍ദേശം നല്‍കി. അതനുസരിച്ച്‌ അവര്‍ ഒരാഴ്‌ച അവധിയെടുത്തു. സംഭവം അന്വേഷിക്കുന്നതിനു രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്‌. ചൊവ്വാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ നല്‍കാന്‍ സമിതിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഇന്ദ്രപ്രസ്‌ഥ സര്‍വകലാശാലയ്‌ക്കു കീഴിലുള്ള കോളജില്‍ 40 മലയാളികളുള്‍പ്പെടെ 200 വിദ്യാര്‍ഥികളാണ്‌ ഇവിടെ പഠിക്കുന്നത്‌. ബിഎസ്‌എസി നഴ്‌സിങ്‌ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ കോട്ടയം സ്വദേശിയെയാണ്‌ അപമാനിച്ചത്‌. അസുഖം കാരണം മൂന്നു ദിവസമായി അവധിയിലായിരുന്ന വിദ്യാര്‍ഥി വെള്ളിയാഴ്‌ചയാണു ക്ലാസിലെത്തിയത്‌. നഴ്‌സിങ്‌ കോ-ഓര്‍ഡിനേറ്ററായ സുഭാഷിണി യൂണിഫോമില്‍ അഴുക്കുണ്ടെന്നു പറഞ്ഞു വിദ്യാര്‍ഥിയെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്കു കൊണ്ടുപോയി. പ്രിന്‍സിപ്പല്‍ കുട്ടിയുടെ വസ്‌ത്രം വലിച്ചുകീറി. ഇനി ഇതാവര്‍ത്തിച്ചാല്‍ നഗ്നയാക്കി കോളജിലൂടെ നടത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ്‌ വി. എസ്‌. അച്യുതാനന്ദനു വിദ്യാര്‍ഥികള്‍ പരാതി നല്‍കി. പ്രിന്‍സിപ്പലിനെതിരെ നടപടി ആവശ്യപ്പെട്ട്‌ ഇന്ത്യന്‍ നഴ്‌സിങ്‌ കൗണ്‍സില്‍ അംഗം ആന്റോ ആന്റണി എംപി, പി. ടി. തോമസ്‌ എംപി, ഫോര്‍വേഡ്‌ ബ്ലോക്ക്‌ ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ എന്നിവര്‍ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദിനു നിവേദനം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക