Image

തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിധി (ഡി. ബാബു പോള്‍)

Published on 02 April, 2014
തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിധി (ഡി. ബാബു പോള്‍)
കരോട്ടുവള്ളക്കാലില്‍ ചാണ്ടി മകന്‍ ഉമ്മന്‍, 70 വയസ്സ്‌, സ്വസ്ഥം, സ്വന്തം തൊടിയില്‍ ചെടിക്ക്‌ വെള്ളമൊഴിക്കാന്‍ ആരെ നിയമിക്കുന്നു എന്നത്‌ മേല്‍പടി ഉമ്മനും ഉമ്മന്‍ കെട്ടിയോള്‍ മറിയാമ്മയും ചേര്‍ന്ന്‌ തീരുമാനിച്ചാല്‍ മതി. ആ ശിപായി ഒരു ദിവസം അവരെ വെട്ടിക്കൊലപ്പെടുത്തിയിട്ട്‌ സ്ഥലം വിട്ടാല്‍ `വൃദ്ധ ദമ്പതികള്‍ വെട്ടേറ്റു മരിച്ചനിലയില്‍, വീട്ടു ജോലിക്കാരനെ സംശയം' എന്ന ശീര്‍ഷകത്തില്‍ ഒരു പത്രവാര്‍ത്ത വരും. അത്‌ വായിച്ചു തീരുന്നതോടെ ജനത്തിന്‍െറ കൗതുകം തീരും.
മേല്‍പറഞ്ഞ ചാണ്ടി സന്തതി `ഉമ്മന്‍ ചാണ്ടി എന്ന ഞാന്‍' എന്ന്‌ സ്വയം വിവരിച്ചുകൊണ്ട്‌ ഗവര്‍ണര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്‌ത്‌ കേരളത്തിലെ മുഖ്യമന്ത്രി ആയാല്‍ കഥയും തിരക്കഥയും മാറി, മാറണം. മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിയമിതരാവുന്ന വ്യക്തികള്‍ സീസറുടെ ഭാര്യയെ പോലെ സംശയത്തിന്‌ അതീതരായിരിക്കണം. നിയമിക്കുന്നതിനു മുമ്പ്‌ സംസ്ഥാനത്തിന്‍െറ രഹസ്യാന്വേഷണ വിഭാഗം ഉചിതമായ അന്വേഷണങ്ങള്‍ നടത്തണം. ജോലിയില്‍ പ്രവേശിച്ചാലും അവര്‍ നിരീക്ഷണ വിധേയരായിരിക്കണം. എല്ലാവരും ഉമ്മന്‍ ചാണ്ടിയെപോലെ ആയിരിക്കും എന്ന്‌ ധരിച്ചുകൂടാ. ഉമ്മന്‍ ചാണ്ടി കാഞ്ഞ വിത്താണ്‌. ഇപ്പോള്‍ തന്നെ നാം കാണുന്നില്‌ളേ, ഉമ്മന്‍ ചാണ്ടിസുധീരന്‍ ഐക്യവും ആന്‍റണി അവര്‍ക്ക്‌ പിടിക്കുന്ന മുത്തുക്കുടയും. ഒരു മാസം മുമ്പ്‌ പാവം രമേശ്‌ വിചാരിച്ചു ഉമ്മന്‍ ചാണ്ടി സുധീരന്‌ എതിരാണെന്ന്‌! അങ്ങനെയൊക്ക ഇടതുമാറി വലതു കയറിയാലും ഉമ്മന്‍ ചാണ്ടിക്ക്‌ കൈക്കൂലി പരിപാടി ഇല്‌ളെന്ന്‌ ശത്രുക്കളും സമ്മതിക്കും. പേഴ്‌സനല്‍ സ്റ്റാഫില്‍ വരുന്നവര്‍ എല്ലാവരും അങ്ങനെയല്ലല്‌ളോ. ഇത്യോപ്യന്‍െറ തൊലിയും പുള്ളിപ്പുലിയുടെ പുള്ളിയും മാറുകയില്‌ളെന്നത്‌ ആര്‍ജിത വിജ്ഞാനമല്ലേ?

അതായത്‌, ജോപ്പനെയും സലിംരാജിനെയുമൊക്കെ ആദ്യത്തെ സംശയവുംആദ്യത്തെ ആരോപണവും വന്നപ്പോള്‍തന്നെ ഒഴിവാക്കേണ്ടതായിരുന്നു.

എന്നാല്‍, ഹൈകോടതി ഈയിടെ നടത്തിയ പരാമര്‍ശങ്ങള്‍ അതിരുകടന്നു എന്ന്‌ പറയുന്നവരെ കുറ്റപ്പെടുത്താന്‍ വയ്യ. ടെലിവിഷനില്‍ നോക്കി സരിതയുടെ സാരിയും സൗന്ദര്യവും ആസ്വദിക്കുന്നത്‌ അവരവരുടെ ഇഷ്ടം. അത്‌ അസ്ഥാനത്ത്‌ വിളിച്ചുപറയുന്നത്‌ അവരവരുടെ അവിവേകവും മൗഢ്യവും. അതുപോലെയല്ല ഹൈകോടതിയുടെ വിധി. അത്‌ കഥയും നോവലും കടന്നുവരേണ്ട ഇടം അല്ലെന്ന്‌ സുപ്രീംകോടതി എത്രയോ തവണ പറഞ്ഞിട്ടുള്ളതാണ്‌.

ഒരു കുറ്റകൃത്യത്തിന്‌ സാക്ഷിയാവുന്ന ന്യായാധിപന്‍ ആ കേസ്‌ വിസ്‌തരിച്ച്‌ വിധി പറയുകയല്ല, കേസില്‍ നിന്ന്‌ ഒഴിവായി സാക്ഷിയായി മൊഴി നല്‍കി ക്രോസ്വിസ്‌താരത്തിന്‌ വിധേയനാവുകയാണ്‌ വേണ്ടത്‌ എന്ന്‌ അനുശാസിക്കുന്നതാണ്‌ നമ്മുടെ നീതിന്യായ വ്യവസ്ഥ. മദിരാശിയിലെ ഒരു ഹൈകോടതി ജഡ്‌ജിയെ ജനം പരിഹാസപൂര്‍വം `കുനിഞ്ഞിരാമന്‍'എന്ന്‌ വിളിച്ചുതുടങ്ങിയ കഥ ഇവിടെ വിവരിക്കാത്തത്‌ വിസ്‌താരഭയത്താലാണ്‌. എഴുപതിനുമേല്‍ പ്രായമുള്ള വക്കീലന്മാര്‍ക്കൊക്കെ അറിയാമായിരിക്കും കഥ.

അത്ര ഉന്നതവും നീതിബദ്ധവുമാകേണ്ട ഒരു സ്ഥാനത്തുനിന്ന്‌, തെരഞ്ഞെടുപ്പിന്‌ കേവലം 10 ദിവസം ബാക്കി നില്‍ക്കെ, തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ പഴുതുനല്‍കുന്ന ഒരു പരാമര്‍ശം മന$പൂര്‍വമല്‌ളെങ്കില്‍പോലും ഉണ്ടാകരുതായിരുന്നു.

മുഖ്യമന്ത്രിയെക്കുറിച്ചല്ല ആരോപണം; സലിംരാജിനെക്കുറിച്ചാണ്‌. കേസ്‌ സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ചാല്‍ പോരാ, സി.ബി.ഐക്ക്‌ വിടണമെന്നതാണ്‌ അപേക്ഷ. അതിന്‌ വിരോധമില്‌ളെന്ന്‌ അപേക്ഷകനോട്‌ ചേര്‍ന്നുനിന്ന്‌ പറയുകയാണ്‌ മുഖ്യമന്ത്രി നയിക്കുന്ന സര്‍ക്കാറിന്‍െറ അഡ്വക്കറ്റ്‌ ജനറല്‍. അപ്പോള്‍ ആ അപേക്ഷ അനുവദിച്ചാല്‍ പോരായിരുന്നോ?
അതിന്‍െറ കൂടെ, സരിത സുന്ദരീപുരാണവും പറമ്പില്‍ പറന്നുനടക്കുന്ന അപ്പൂപ്പന്‍ താടികളെപോലെയുള്ള ആരോപണങ്ങളും `നീതിമാനായ അഹറോന്‍' ആയിരിക്കേണ്ട മഹദ്വ്യക്തി തെരഞ്ഞെടുപ്പിന്‍െറ തലേന്ന്‌ തിരുകിക്കയറ്റിയത്‌ നമ്മുടെ നീതിന്യായ വ്യവസ്ഥയെ സഹായിക്കുകയില്‌ളെന്നറിയാന്‍ പാഴൂര്‍ പടിപ്പുരവരെ പോകേണ്ടതുണ്ടോ? ആദരണീയനായ ന്യായമൂര്‍ത്തിക്ക്‌ ഒരു ദുരുദ്ദേശ്യവുമില്‌ളെന്നത്‌ പകല്‍പോലെ വ്യക്തമാണ്‌. അതേസമയം, ഒന്നോര്‍ക്കാതെ വയ്യ. പാണ്ടുണ്ടാകാന്‍ ആരും ലേപനങ്ങള്‍ ഉപയോഗിക്കാറില്ല: വെളുക്കാനാണ്‌ തേക്കുന്നത്‌.
കിം കരണീയം എന്ന്‌ ആലോചിക്കുക മാത്രമാണ്‌ ഇനി കരണീയം. ബഹുമാനപ്പെട്ട ജഡ്‌ജി തന്നെ ഈ വിധി തിരികെ വിളിച്ച്‌, പറഞ്ഞതൊക്കെ മാറ്റിയില്‌ളെങ്കില്‍ക്കൂടി, ആ വിധിയിലെ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഉപയോഗിച്ചുകൂടാ എന്ന്‌ പറയാന്‍ നിയമത്തില്‍ വകുപ്പുണ്ടോയെന്ന്‌ എനിക്ക്‌ നിശ്ചയം പോരാ. ഏതായാലും, മറ്റാരെങ്കിലും ചെയ്‌താല്‍ തെരഞ്ഞെടുപ്പിനെ വിഷ്യേറ്റ്‌ ചെയ്യുന്നതായിരുന്നു ഈ വിധിയും പ്രതിപക്ഷം അത്‌ ഉപയോഗിക്കുന്ന വിധവും.
പറഞ്ഞത്‌ ഹൈകോടതി ആയതിനാലാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‍ മിണ്ടാതിരിക്കുന്നത്‌. അതുകൊണ്ട്‌, ഹൈകോടതി തന്നെ എന്തെങ്കിലും പരിഹാരം കാണണം. ഇപ്പോള്‍ ഏതെങ്കിലും ഒരു ജഡ്‌ജി ഗോധ്രലഹളകള്‍ തിരുകിക്കയറ്റി മോദി സമാധാനം പറയാന്‍ ബാധ്യസ്ഥനാണ്‌ എന്നൊരു വിധി എഴുതിയാല്‍ ആ വിധി എത്ര തന്നെ നീതി നിഷ്‌ഠമോ യുക്തിഭദ്രമോ ആയാലും തെരഞ്ഞെടുപ്പിന്‍െറ ഗതിയെ സ്വാധീനിക്കാന്‍ കോടതി ശ്രമിക്കുന്നതായല്‌ളേ വ്യാഖ്യാനിക്കപ്പെടുക?
അങ്ങനെ, ഒരു മാനംഡയമെന്‍ഷന്‍ജഡ്‌ജി ഉദ്ദേശിച്ചിരിക്കാനിടയില്ല. എങ്കിലും, ഫലത്തില്‍ മഹത്തായ ഒരു ജനാധിപത്യ പ്രക്രിയക്ക്‌ മുറിവേറ്റിരിക്കുന്നു. കോടതി തന്നെ ഇതിന്‌ പരിഹാരം കാണുമെന്ന്‌ പ്രത്യാശിക്കുക. 10ാം തീയതിയാണ്‌ വോട്ടെടുപ്പ്‌; സമയം കുറവാണ്‌. വല്ലതും ചെയ്യുന്നെങ്കില്‍ വേഗം വേണം. റിവ്യൂവോ അപ്പീലോ റീകാളോ എന്തായാലും.
തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിധി (ഡി. ബാബു പോള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക