Image

അലോഷ്യസ്‌ പാനിക്കുളങ്ങര ജീവിതം പറയുന്നു (അനില്‍ പെണ്ണുക്കര)

Published on 03 April, 2014
അലോഷ്യസ്‌ പാനിക്കുളങ്ങര ജീവിതം പറയുന്നു (അനില്‍ പെണ്ണുക്കര)
'അവര്‍ ജീവിതം പറയുന്നു '..

അമേരിക്കന്‍ മലയാളികളിലെ പ്രതിഭാ ധനരെ Eമലയാളി ലോക മലയാളികള്‍ക്ക്‌ മുന്നില്‍ പരിചയപ്പെടുത്തുന്നു ..എഴുത്തുകാര്‍, ചിത്രകാരന്മാര്‍,കലാകാരന്മാര്‍..തുടങ്ങി ജീവിതത്തിന്റെ വിവിധ തുറകളില്‍ പ്രവര്‌ത്തിക്കുന്ന പ്രഗത്ഭര്‍..... അവരുടെ ജീവിതം നമ്മോടു പറയുന്നു ... തയ്യാറാക്കിയത്‌ .അനില്‍ പെണ്ണുക്കര


`നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ജീവന്‍ വെറും ചില്ലിക്കാശിനു വില്‌ക്കപ്പെടുന്നുവെന്ന തോന്നലാണ്‌ ഈ നിയമം എന്നി
ലുണ്ടാക്കിയത്‌ . രാജ്യത്തെ ജനജീവിതത്തെ നിസ്സാരവത്‌കരിച്ചുകൊണ്ട്‌ , വിദേശ കമ്പനികള്‍ക്ക്‌ അനുകൂലമായാണ്‌ ഇതു നിര്‍മിക്കപ്പെട്ടതെന്നുള്ളത്‌ വ്യക്തമായിരുന്നു. എന്തുകൊണ്ടാണു നമ്മുടെ പാര്‍ലമെന്റ്‌ ഇങ്ങനെ ചെയ്യുന്നത്‌? ഒന്നുകില്‍ നമ്മുടെ ലോക്‌സഭാംഗങ്ങളുടെ മേല്‍ സമ്മര്‍ദമുണ്ടാകണം, അല്ലെങ്കില്‍ വിദേശകമ്പനികള്‍ നമ്മുടെ ചില എം.പിമാരെ വിലയ്‌ക്കെടുത്തിട്ടുണ്ടായിരിക്കണം`.
പതിനായിരക്കണക്കിന്‌ മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും ജീവനാംശമായ കുടിവെള്ള ശ്രോതസ്സില്‍ വിഷം കലക്കാന്‍ `നിറ്റ ജെലാറ്റിന്‍` എന്ന ബഹു രാഷ്ട്ര കുത്തകകള്‍ക്ക്‌ കുട്ടിക്കൊടുപ്പു നടത്തുന്ന ഇടതും വലതും രാപകലില്ലാതെ തലങ്ങും വിലങ്ങും നമ്മുടെ ഏവരുടയൂം പ്രിയപ്പെട്ട
ചാലക്കുടി പുഴയമ്മേ വ്യഭിചരിച്ചു കൊണ്ടിരിക്കുന്നത്‌ നമുക്കെങ്ങനെ പൊറുക്കാനാകും. കുഞ്ഞു മക്കള്‍, സഹോദരീ സഹോദരന്മാര്‍, മാതാപിതാക്കള്‍, മല്‌സ്യസമ്പതുകള്‍ തുടങ്ങി എല്ലാ ജീവജാലങ്ങളും കാന്‍സര്‍ തുടങ്ങി മാരകമായ രോഗങ്ങള്‍ കൊണ്ട നരകിക്കുന്നതു നമുക്കെങ്ങനെ നോക്കിനില്‍ക്കനാകും.`
ഇത്‌ കുറിച്ചത്‌ ഒരു അമേരിക്കന്‍ മലയാളി ആണെന്ന്‌ ആരും വിശ്വസിക്കില്ല ..
പക്ഷെ ..വിശ്വസിക്കണം ..
കാതികൂടം സമര നായകരില ഒരാള്‍ ഇങ്ങ്‌ അമേരിക്കയില്‍ നിന്ന്‌ ...
അലോഷ്യസ്‌ പാനിക്കുളങ്ങര
ചിത്രകാരന്‍
നടന്‍
ആക്‌റ്റിവിസ്‌റ്‌ ..
അങ്ങനെ പല മേഖലകള്‍....അപൂര്‍വ്വ നേട്ടങ്ങളുടെ
ഉടമയുമായ അലോഷ്യസ്‌
പാനിക്കുളങ്ങര ജീവിതം പറയുന്നു

ചിത്രകാരനും നടനും സ്റ്റില്‍ഫോട്ടോഗ്രാഫറും ആക്‌റ്റിവിസ്റ്റുമായ അലോഷ്യസ്‌ പാനിക്കുളങ്ങരയുടെ ജീവിതം സംഭവ ബഹുലമാണ്‌. സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളാണ്‌ തന്റെ ചിത്രങ്ങളിലൂടെ അലോഷ്യസ്‌ അധികവും ലോകത്തിനു സമര്‍പ്പിക്കുന്ത്‌. ഈയിടെ കാതിക്കുടം സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ അലോഷ്യസ്‌ വരച്ച ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ആ ചിത്രം വിറ്റു കിട്ടുന്ന പണം സമരസമിതിയ്‌ക്ക്‌ നല്‍കാനാണ്‌ അദ്ദേഹത്തിന്റെ തീരുമാനം. ലോകത്തിന്റെ വിവിധ ഗ്യാലറികളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിച്ചിച്ചിട്ടുള്ള അലോഷ്യസ്‌ ജീവിതാനുഭവങ്ങള്‍ പങ്കിടുന്നു.

ചിത്രകാരന്‍ ആവാന്‍ ഇടയായ സാഹചര്യം?

ഒരു ഡോക്‌ടറാവാനോ എഞ്ചിനീയറാവാനോ ഒരാള്‍ക്ക്‌ തീരുമാനിക്കാന്‍ പറ്റിയേക്കും. എന്നാല്‍ ഒരു ചിത്രകാരനവാനോ കലാകാരനാവാനോ ഇന്‍ബോണ്‍ ടാലന്റ്‌ ആവശ്യമാണ്‌. ഇത്‌ അക്കാദമികളില്‍ പോയി പഠിക്കണമെന്നില്ല. ചെറുപ്പം മുതല്‍ ഞാന്‍ വരയ്‌ക്കാന്‍ തുടങ്ങിയിരുന്നു. ഹൈസ്‌ക്കൂള്‍ കഴിഞ്ഞപ്പോള്‍ പെയിന്റിംഗ്‌ പഠിക്കാന്‍ പോകാന്‍ ആഗ്രഹിച്ചു. പക്ഷേ ഒരു വക്കീലോ ഡോക്‌ടറോ ആകാനാണ്‌ ജ്യേഷ്‌ഠന്മാര്‍ നിര്‍ദ്ദേശിച്ചത്‌. കലാകാരനായാല്‍ ജീവിതം വഴിമുട്ടിപോകുമെന്ന്‌ വീട്ടുകാര്‍ പേടിച്ചു. അതുകൊണ്ട്‌ കലാപഠനത്തിന്‌ വിടാന്‍ വീട്ടുകാര്‍ക്ക്‌ എതിര്‍പ്പായിരുന്നു. എന്നെ ഡിഗ്രിയ്‌ക്ക്‌ ചേര്‍ത്തു അതെന്നില്‍ വേദന ഉണ്ടാക്കി. അപ്പോഴും ഒരു പെയിന്റര്‍ ആകാനുള്ള ഫയര്‍ എന്നില്‍ ഉണ്ടായിരുന്നു. അതുവരെ വരച്ച ചിത്രങ്ങളെല്ലാം തീയിട്ടുകൊണ്ടാണ്‌ ഞാന്‍ ഒരു പെയിന്റര്‍ ആകാന്‍ തീരുമാനിച്ചത്‌. ആലുവ യൂണിയന്‍ ക്രിസ്‌ത്യന്‍ കോളേജില്‍ പഠിക്കുമ്പോള്‍ എക്‌സിബിഷന്‍ ചെയ്‌തു. 5 വര്‍ഷം അവിടെ സ്ഥാനാര്‍ത്ഥിയായി. ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നു. യൂണിയന്‍ ഭാരവാഹിയായി. ആര്‍ട്ട്‌സ്‌ ക്ലബ്‌ സെക്രട്ടറിയായി. അവിടെ ഏറ്റവും കൂടുതല്‍ വോട്ട്‌ നേടി ജയിച്ച സ്ഥാനാര്‍ത്ഥിയായി ഞാനാണ്‌. ആ റെക്കോഡ്‌ ഇന്നും തിരുത്തപ്പെട്ടിട്ടില്ല! അമര്‍ഷത്തില്‍ നിന്നാണ്‌ ഞാന്‍ ചിത്രകാരനായത്‌.

വിപ്ലവാത്മകമാണ്‌ തുടക്കം?

കലാകാരന്മാര്‍ അങ്ങനെ ആയിരിക്കും. അനീതികള്‍ക്ക്‌ നേരെ കണ്ണടയ്‌ക്കാന്‍ ആവില്ല. രക്തം കൊണ്ട്‌ പെയിന്റ്‌ ചെയ്‌ത ഒരനുഭവമാണ്‌ എനിക്കുള്ളത്‌. ശ്രീലങ്കയിലെ ഒരു സംഭവമാണ്‌ അതിനാസ്‌പദം. സിലോണില്‍ തമിഴ്‌ ജനതയെ ജയിലില്‍ നിറയ്‌ക്കുന്ന കാലം. എഴുത്തുകാരും ചിന്തകരും അതില്‍ ഉള്‍പ്പെട്ടിരുന്നു. അവര്‍ ജയില്‍ ചുമരുകളില്‍ സ്വന്തം രക്തം കൊണ്ട്‌ ചിത്രങ്ങള്‍ വരച്ചു. ഇതരിഞ്ഞപ്പോള്‍ എനിക്ക്‌ എന്റെ രക്തം കൊണ്ട്‌ പെയിന്റ്‌ ചെയ്യണമെന്ന്‌ തോന്നി. 1974 ല്‍ ആണത്‌. സുഹൃത്തായ ഡോക്‌ടറോട്‌ കാര്യം പറഞ്ഞപ്പോള്‍ മടിച്ചു മടിച്ചാണ്‌ അദ്ദേഹം കട്ട പിടിക്കാതിരിക്കാനുള്ള സാധനങ്ങള്‍ ഒക്കെയിട്ട്‌ എന്റെ ബ്ലഡ്‌ എടുത്തുതന്നത്‌. വിലങ്ങണിയിച്ച രണ്ട്‌ കൈകള്‍ ചങ്ങല പൊട്ടിക്കുന്ന ചിത്രമാണ്‌ വരച്ചത്‌. അന്ന്‌ അത്‌ വലിയ ചര്‍ച്ചാവിഷയമായി.

മറ്റ്‌ ഹോബികള്‍?

എനിക്ക്‌ പല കാലത്തും പലതിലുമാണ്‌ കമ്പം ഉണ്ടായിരുന്നത്‌. മ്യൂസിക്ക്‌ പഠിച്ചു. വയലിനാണ്‌ ഇഷ്‌ടം. അക്കാലത്ത്‌ എഫ്‌.എം റേഡിയോയിലൊക്കെ പ്രോഗ്രാം ചെയ്‌തിട്ടുണ്ട്‌. സ്റ്റേജിലും അരങ്ങേറി. പിന്നെ ചെസ്സിലായി ശ്രദ്ധ. എറണാകുളം ഡിസ്‌ട്രിക്‌റ്റ്‌ പ്ലയറായിരുന്നു.  ഇന്ത്യന്‍ ചാമ്പ്യനായിരുന്ന നസീര്‍ അലിയുമായി കളിക്കാന്‍ അവസരം കിട്ടി. ആ കളി അദ്ദേഹവുമായി സമനിലയില്‍ പിരിഞ്ഞു. അതോടെ ചെസ്സിലുള്ള കമ്പവും അവസാനിച്ചു എന്നു പറയാം. ഞാന്‍ ഒന്നിലും ഉറച്ചു നില്‍ക്കാറില്ല.

അമേരിക്കന്‍ യാത്ര...

1995 ലാണ്‌ ഇവിടെ വന്നത്‌. ഇവിടെ വച്ചാണ്‌ അക്കാദമിക്കായി ഞാന്‍ പെയിന്റിംഗ്‌ പഠിക്കാന്‍ ചേരുന്നത്‌. കമ്മ്യൂണിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ എക്‌സിബിഷനില്‍ പങ്കെടുത്തു. ബെസ്റ്റ്‌ ഓഫ്‌ ദി ഷോ ആയി തെരെഞ്ഞടുത്തത്‌ എന്റെ ഗ്ലോബല്‍ ടോര്‍മെന്റ്‌ എന്ന പെയിന്റിംഗായിരുന്നു. മതം, സമയം, സാമൂഹ്യനീതി എന്നീ മൂന്നു കാര്യങ്ങള്‍ക്ക്‌ അടിമയാണ്‌ മനുഷ്യന്‍. അതായിരുന്നു ആ ചിത്രത്തിന്റെ വിഷയം.

യാത്ര ?

അതേ.. യാത്രകളാണ്‌ ഒരു മനുഷ്യനെ രൂപപ്പെടുത്തുന്നത്‌. നമ്മുടെ മനസ്സ്‌ വിഷാലമാകുന്നത്‌ യാത്ര ചെയ്യുമ്പോഴാണ്‌ ലണ്ടന്‍, ജര്‍മ്മനി, ജപ്പാന്‍, ഫിലിപ്പെന്‍സ്‌, മിഡില്‍ ഈസ്റ്റ്‌ എന്നിവിടങ്ങളില്‍ പോയിട്ടുണ്ട്‌.

സിനിമ അഭിനയം?

ടി.ഡി ദാസന്‍ എന്ന ചിത്രത്തിലും ഇറങ്ങാനിരിക്കുന്ന ഇ.എം.എസും പെണ്‍കുട്ടിയും എന്ന സിനിമയിലും അഭിനയിച്ചു. ജേസി സംവിധാനം ചെയ്‌ത മോഹപ്പക്ഷികള്‍ എന്ന സീരിയലിലും നല്ല വേഷമായിരുന്നു.
`എനിക്ക്‌ പല കാലത്തും പലതിലുമാണ്‌ കമ്പം ഉണ്ടായിരുന്നത്‌. മ്യൂസിക്ക്‌ പഠിച്ചു. സ്റ്റേജിലും അരങ്ങേറി. പിന്നെ ചെസ്സിലായി ശ്രദ്ധ എറണാകുളം ഡിസ്‌ട്രിക്‌റ്റ്‌ പ്ലയറായിരുന്നു. സ്റ്റില്‍ ഫോട്ടോഗ്രാഫറും സിനിമാനടനുമായി. യുഎസില്‍ ഞാനൊരു പബ്ലിഷ്‌ഡ്‌ ആര്‍ട്ടിസ്റ്റാണ്‌.

ഇഷ്‌ട മാധ്യമം

വാട്ടര്‍ കളറാണ്‌ എനിക്കിഷ്‌ടം, 2005 ല്‍ വെസ്‌റ്റേണ്‍ മിഷഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബിഎഫ്‌എ നേടി. വാട്ടര്‍ കളറാണ്‌ സ്‌പെഷ്യലൈസ്‌ ചെയ്‌തത്‌.
ധാരാളം ഷോകള്‍ ചെയ്‌തു. അവിടെ ഞാനൊരു പബ്ലിഷ്‌ഡ്‌ ആര്‍ട്ടിസ്റ്റാണ്‌.

സ്വധീനിച്ചവര്‍

സാല്‍വ്വദോര്‍ ദാലി, പിക്കാസോ, വാന്‍ഗോഗ്‌ എന്നീ മാസ്റ്റര്‍മാര്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്‌. ചിത്രകല പഠിക്കുമ്പോള്‍ വിദേശ സഹപാഠികള്‍ എന്നെ ചെറിയ ഡാലി എന്നാണ്‌ വിളിച്ചിരുന്നത്‌. അതില്‍ ഞാന്‍ അഭിമാനിച്ചിരുന്നു. ആയിരക്കണക്കിന്‌ ചിത്രകലാവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അവിടെ ഞാനായിരുന്നു ഏക ഇന്ത്യന്‍ സ്റ്റഡന്റ്‌.

മറക്കാനാവാത്ത അനുഭവം

യുഎസില്‍ വ്‌ളാഡിമര്‍ ആര്‍ട്ട്‌ ഗ്യാലറിയിലായിരുന്നു എനിക്ക്‌ ജോലി. അഞ്ച്‌ വര്‍ഷം അവിടെ പ്രോഡക്ഷന്‍ മാനേജര്‍ ആയിരുന്നു. പെയിന്റിംഗുകള്‍ മ്യൂസിയം ക്വാളിറ്റിയിലാക്കലാണ്‌ ജോലി. ഒറിജിനല്‍ പെയിന്റിംഗുകള്‍ വരും അവിടെ ഒരിക്കല്‍ അങ്ങനെ പാരീസില്‍ നിന്ന്‌ ഡാലിയുടെ ഒരു പെയിന്റിംഗ്‌ വന്നു. അത്‌ കൈ കൊണ്ട്‌ തൊട്ട നിമിഷം മറക്കാനാവില്ല. അങ്ങനെ മാസ്റ്റേഴ്‌സിന്റെ പെയിന്റിംഗുകള്‍ തൊട്ട നിമിഷങ്ങള്‍ രോമാഞ്ചം കൊള്ളിച്ചവയാണ്‌. യുഎസില്‍ പോയതുകൊണ്ട്‌ കിട്ടിയ ഭാഗ്യമാണിതൊക്കെ.

വരും തലമുറയ്‌ക്കുള്ള ഉപദേശം?

ഉപദേശിക്കാന്‍ ഞാനില്ല. കലാകാരന്‍ എപ്പോഴും സമൂഹത്തോട്‌ കടപ്പാട്‌ സൂക്ഷിക്കുന്നവനായിരിക്കണം. ഇവിടെ ടൂറിസം വികസിച്ചെങ്കിലും ആര്‍ട്ടിസ്റ്റുകള്‍ക്ക്‌ പ്രയോജനമില്ല. ഒരു സിറ്റി ഡിസൈന്‍ ചെയ്യുമ്പോള്‍ പോലും ആര്‍ട്ടിസ്റ്റുകള്‍ക്ക്‌ റോളില്ല. ഇവിടെ എഞ്ചിനീയര്‍ മാത്രം മതി. ഈ നയം മാറണം. പുതിയ കലാകാരന്മാര്‍ക്ക്‌ വികസനത്തിലും പങ്കാളിയാവാനുള്ള അവസരം സര്‍ക്കാര്‍ കൊടുക്കണം.

കുടുംബം?

ഭാര്യ മോളി യുഎസില്‍ അദ്ധ്യാപികയാണ്‌. എനിക്ക്‌ രണ്ടാണ്‍കുട്ടികളാണ്‌. മൂത്തവന്‍ അഭിലാഷ്‌, രണ്ടാമന്‍ അനിലാഷ്‌. രണ്ടുപേരും എഞ്ചിനീയര്‍മാരാണ്‌. ലളിത ജീവിതമാണ്‌ ഞങ്ങള്‍ നയിക്കുന്നത്‌. യുഎസിലാണെങ്കിലും വീട്ടില്‍ മലയാളമാണ്‌ പറയുന്നത്‌. ഞങ്ങള്‍ കുട്ടികളെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചിട്ടുണ്ട്‌. ചാനല്‍ മലയാളമൊന്നുമല്ല അവരുടേത്‌
അലോഷ്യസ്‌ പാനിക്കുളങ്ങര ജീവിതം പറയുന്നു (അനില്‍ പെണ്ണുക്കര)
അലോഷ്യസ്‌ പാനിക്കുളങ്ങര ജീവിതം പറയുന്നു (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക