Image

പ്രതിയോഗി (കവിത)

പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു D.Sc., Ph.D. Published on 13 November, 2011
പ്രതിയോഗി (കവിത)
ചെങ്കുത്തായ താഴ്‌വരയില്‍ പ്രതിധ്വനിക്കും
ഉരുള്‍പൊട്ടിയടരും ക്രുദ്ധയാണു നീ;
അനന്തമാം തുരങ്കത്തിനറ്റം നിര്‍വചിക്കും
പ്രകാശത്തെയതിശയിക്കും വികിരണമാണു നീ;
ഉത്സവപ്പറമ്പില്‍ ഭീതിയുടെ കാഹളമൂതി
മുന്നറിയിപ്പില്ലാതെ മദിക്കും;
അഷ്‌ടദിക്കും ക്രമരഹിതമായ്‌ ചലിക്കും
നിറഞ്ഞ ബലൂണിലെ സുഷിരം;
ജനാധിപത്യപ്പുച്ഛം ശിരസ്സിലമ്പിളിയാക്കും
ഏകാധിപതിയുടെ ധാര്‍ഷ്‌ട്യം;
കാവലില്ലാത്ത റെയില്‍വേ ഗേറ്റില്‍
കാര്‍ത്തികരാവില്‍ കൂരിരുട്ടില്‍
നിശബ്‌ദമായ്‌ വളവു തിരിഞ്ഞെത്തും
ചൂളമടിക്കാത്ത ചുവന്ന തേരട്ട;
സര്‍വനാശിനിപ്പുഴയുടെ തീരത്ത്‌
പഴമയുടെ പേരാലിന്‍ക്കൊമ്പില്‍
കല്ലേറു കാക്കാതെ കടന്നാക്രമിക്കും
ക്ഷണിക നിമിഷത്തിലെ കടന്നല്‍ക്കൂട്‌;
ധവളപത്രത്തിലെ കരിമഷിയില്‍
കൂട്ടുച്ചിത്രത്തിലെ ഉപാംഗങ്ങളായ്‌
സ്ഥാനം തെറ്റി വിന്യസിക്കും
ജഡശരീരത്തിലെ അവയവം:
കോങ്കണ്ണു കാട്ടും ദൃഷ്‌ടി,
നരച്ച രോമക്കാടിന്‍ വൃഷ്‌ടി,
അശ്ലീലം ചുരത്തി-
യാശ്ലേഷിയ്‌ക്കും സൃഷ്‌ടി!

(2006)
പ്രതിയോഗി (കവിത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക