Image

മതഭ്രാന്തും കൈവെട്ടിക്കളിയും ആരോപണവും ആത്‌മഹത്യയും (ബ്ലെസന്‍ ഹൂസ്റ്റണ്‍)

Published on 07 April, 2014
മതഭ്രാന്തും കൈവെട്ടിക്കളിയും ആരോപണവും ആത്‌മഹത്യയും (ബ്ലെസന്‍ ഹൂസ്റ്റണ്‍)
ചോദ്യപേപ്പര്‍ വിഷയത്തിന്റെ പേരില്‍ കൈവെട്ടിമാറ്റപ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്‌തത്‌ ഏവരെയും ദുഃഖത്തിലാഴ്‌ത്തുകയുണ്ടായി. അതിനെക്കാളുപരി അത്‌ ഇന്ന്‌ ഏറെ വിവാദം സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയുമാണ്‌. ഒരു വ്യക്തിയുടെ ആത്മഹത്യ ഇത്രയധികം കോളിളക്കം സൃഷ്‌ടിക്കുന്നത്‌ കേരളത്തില്‍ ഇതാദ്യമാണെന്നുതന്നെ പറയാം. സലോമിയുടെ ആത്മഹത്യയ്‌ക്കു കാരണം കോളേജ്‌ മാനേജ്‌മെന്റാണെന്ന ആരോപണമാണ്‌ ഈ സംഭവം ഇത്രയധികം കേരളക്കരയില്‍ കോളിളക്കം സൃഷ്‌ടിക്കാ ന്‍ കാരണമെന്നാണ്‌ പറയപ്പെടുന്നത്‌. നാല്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ പ്രൊഫ. ജോസഫ്‌ തയ്യാറാക്കിയ ചോദ്യപേപ്പറില്‍ മതനിന്ദാപരമായ ചില ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുകയുണ്ടായതായി ചില മതതീവ്രവാദികള്‍ ആരോപിക്കുകയും അവര്‍ അദ്ദേഹത്തിന്റെ കൈവെട്ടുകയും ചെയ്‌തതാണ്‌ സംഭവത്തിന്റെ തുടക്കം. മതതീവ്രവാദികള്‍ ആരോപിച്ച കാര്യത്തെകുറിച്ച്‌ അന്വേഷണം നടത്തിയ കോളേജ്‌ അധികൃതര്‍ അദ്ദേഹത്തിന്റെ ഭാഗത്ത്‌ വീഴ്‌ചവന്നതായി കണ്ടെത്തി. അവര്‍ അദ്ദേഹത്തെ കോളേജില്‍ നിന്ന്‌ പുറത്താക്കി. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്താതെ പ്രൊഫ. ജോസഫിനെ പുറത്താക്കിയ കോളേജ്‌ അധികൃതരുടെ നടപടി അന്ന്‌ വളരെയേറെ വിമര്‍ശിക്കുകയുണ്ടായി.

മതിയായ കാരണം കാണിക്കാതെ പ്രൊഫ. ജോസഫിനെ പിരിച്ചുവിട്ട കോളേജ്‌ അധികൃതരുടെ നടപടി നീതിക്കുനിരക്കാത്തതാണെന്ന്‌ അന്ന്‌ ഏറെ വിമര്‍ശിക്കപ്പെടുകയുണ്ടായെങ്കിലും അതൊന്നും കേട്ടതായിപ്പോലും അവര്‍ നടിച്ചില്ല. ഇതിനിടെ സംഭവം കോടതിയിലെത്തുകയും കോടതി പ്രൊഫ. ജോസഫിനെ കുറ്റവിമുക്തനാക്കുകയും ചെയ്യുകയുണ്ടായി. കോടതി കുറ്റവിമുക്തനാക്കിയ തന്നെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയുമെടുക്കാന്‍ തയ്യാറായില്ലെന്ന്‌ മാത്രമല്ല നേരത്തെയുള്ള നിലപാടില്‍ തന്നെ കോളേജ്‌ അധികൃതര്‍ ഉറച്ചുനില്‍ക്കുകയാണുണ്ടായത്‌. മതഭ്രാന്തന്‍മാര്‍ കൈവെട്ടിയതിനെക്കാള്‍ ക്രൂരമായ നടപടിയായി അന്ന്‌ വിമര്‍ശിക്കുകയുണ്ടായി. പ്രൊഫ. ജോസഫിനെ ജോലിയില്‍ തിരിച്ചെടുക്കാന്‍ കോളേജ്‌ അധികൃതര്‍ തയ്യാറാകാഞ്ഞത്‌ ചിലരുടെ പിടിവാശിയും ഭയവും ആയിരുന്നു അത്രെ. നിതൃവൃത്തിക്കുപോലും വകയില്ലാതെ ജീവിക്കാന്‍ വേണ്ടി പച്ചക്കറി വ്യാപാരംവരെ നടത്തിയ പ്രൊഫ. ജോസഫിനെയും അഭിമാനം മാറ്റിവച്ചുകൊണ്ട്‌ തൊഴിലുറപ്പ്‌ പദ്ധതിയില്‍ കൂടി കാനലുകളും മറ്റും വൃത്തിയാക്കാനും മുതിര്‍ന്ന സലോമിയുടെയും കഷ്‌ടപ്പാടുകള്‍ കാണാന്‍ കോളേജ്‌ അധികൃതര്‍ക്കോ മാനേജ്‌മെന്റിനോ കഴിഞ്ഞില്ല. ആ സമയം നല്ല ശമരിക്കാരന്റെ കഥ അവര്‍ മറ്റുള്ളവര്‍ക്ക്‌ പറഞ്ഞു കൊടുക്കുകയായിരുന്നു.

ഒരു വ്യക്തി പ്രതിസ്ഥാനത്ത്‌ വന്നാല്‍ ആ വ്യക്തിക്കെതിരെ താല്‌ക്കാലിക നടപടിയെടുക്കാന്‍ തൊഴിലുടമക്ക്‌ അധികാരമുണ്ട്‌. എന്നാല്‍ ആ വ്യക്തിയെ തൊഴിലില്‍ നിന്ന്‌ പിരിച്ചുവിടുന്നതു ള്‍പ്പെടെയുള്ള നടപടി കൈക്കൊള്ളുന്നതിന്‌ അധികാരം ആ വ്യക്തിയെ കോടതി ശിക്ഷിച്ചെങ്കില്‍ മാത്രമെയുള്ളൂ. കോടതിയാണ്‌ ഒരു വ്യക്തി കുറ്റക്കാരനാണോ അല്ലയോയെന്ന്‌ തീരുമാനിക്കുന്നത്‌. പ്രതിചേര്‍ക്കപ്പെട്ട ഒരു വ്യക്തിയെ കോടതി വെറുതെ വിട്ടാല്‍ ആ വ്യക്തി പൂര്‍ണ്ണ സ്വതന്ത്രനും കുറ്റവിമുക്തനുമാണെന്ന്‌ ഏതൊരു വ്യക്തിക്കുമറിയാവുന്ന കാര്യമാണ്‌. അപ്പോള്‍ കോടതി കുറ്റവിമുക്തനാക്കപ്പെട്ട പ്രൊഫ. ജോസഫ്‌ തന്നെ തിരിച്ചെടുക്കണമെന്ന്‌ ന്യായമായി ആവശ്യപ്പെട്ടപ്പോള്‍ അത്‌ അം ഗീകരിക്കാന്‍ കോളേജിന്റെ മാനേജ്‌മെന്റിനും കോളേജിന്റെ ചുമതലയുള്ള സഭാ നേതൃത്വത്തി നും കഴിയേണ്ടതായിരുന്നു.

കൊലകുറ്റത്തില്‍ പ്രതികളായിരുന്ന വൈദീകരെ പോലും കോടതി കുറ്റവിമുക്തമാക്കിയപ്പോള്‍ തിരുവസ്‌ത്രം ആ വൈദീകര്‍ക്ക്‌ തിരികെ നല്‍കി സഭയിലേക്ക്‌ തിരിച്ചെടുത്ത സംഭവം നമ്മുടെ കേരളത്തില്‍ തന്നെ നടന്നിട്ടുണ്ട്‌. ഫാദര്‍ ബനടിക്‌ടിന്റെ സംഭവം തന്നെ അതിനുദാഹരണമാണ്‌. നാല്‌ പതിറ്റാണ്ടുകള്‍ ക്ക്‌ മുന്‍പ്‌ ഒരു സ്‌ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ അറസ്റ്റ്‌ ചെയ്യപ്പെട്ട ഫാദര്‍ ബനടിക്‌ടിനെ കീഴ്‌കോടതി ശിക്ഷിക്കുകയുണ്ടായി. ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച ഫാദര്‍ ബനടിക്‌ടിനെ ഹൈക്കോടതി കുറ്റക്കാരനല്ലെന്ന്‌ കണ്ട്‌ വെറുതെ വിടുകയാണുണ്ടായത്‌. അദ്ദേഹത്തെ സഭ തിരിച്ചെടുത്ത്‌ പള്ളികളില്‍ വികാരിസ്ഥാനവും നല്‍കുകയുണ്ടായി. ഓര്‍ത്തഡോക്‌സ്‌ സഭയുടെ കൊല്ലം ഭദ്രാസനത്തിലെ ഒരു വൈദീകനായ രവിയച്ചനെ ജോളി വധക്കേസില്‍ കീഴ്‌ക്കോടതി ശിക്ഷിക്കുകയുണ്ടായി. ഹൈക്കോടതിയില്‍ അപ്പീലിനുപോയ അച്ഛനെയും ഹൈക്കോടതി കുറ്റവിമുക്തനാക്കുകയുണ്ടായി. അച്ചനെ ഓര്‍ത്തഡോക്‌സ്‌ സഭ തിരിച്ചെടുക്കുകയുണ്ടായി. ഇന്ന്‌ അച്ഛന്‍ വൈദീകനായി സേവനമനുഷ്‌ഠിക്കുന്നുണ്ട്‌. കോടതി കുറ്റവിമുക്തനാക്കിയാല്‍ ആ വ്യക്തി ഏത്‌ സ്ഥാനത്തിരുന്നുവോ ആ സ്ഥാനത്ത്‌ തിരികെ എടുക്കാമെന്നതിന്‌ ചില ഉദാഹരണങ്ങള്‍ പറഞ്ഞുവെന്നേയുള്ളൂ.

പ്രതിചേര്‍ക്കപ്പെട്ടവര്‍ വൈദീകരായാല്‍പ്പോലും കോടതിയവരെ കുറ്റവിമുക്തരാക്കിയാല്‍ അവരെ തിരികെ സഭയിലേക്ക്‌ എടുക്കാമെന്നുണ്ടെങ്കില്‍ പ്രൊഫ. ജോസഫിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടും കോളേജ്‌ മാനോജുമെന്റ്‌ സഭാ നേതൃത്വത്തിലിരിക്കുന്നവരും തിരിച്ചെടുക്കാത്തത്‌ അധികാര ധാര്‍ഷ്‌ഠ്യമനോഭാവമായി തന്നെ കാണുന്നുണ്ട്‌. അതിന പ്രൊഫ. ജോ സഫിന്‌ നല്‍കേണ്ടി വന്നത്‌ അദ്ദേഹത്തിന്റെ ഭാര്യയുടെ ജീവന്‍ തന്നെയായിരുന്നു. ഈ സംഭവത്തില്‍ സഭാ നേതൃത്വത്തെ ഒന്നടങ്കം കുറ്റപ്പെടുത്തുന്നില്ല. സഭയിലെ ചിലരുടെ പിടിവാശിയോ അലംഭാവമോ അനാസ്ഥയോ ഇവിടെ സംഭവിച്ചിട്ടുണ്ട്‌. മത തീവ്രവാദികളുടെ ക്രൂരമായ ശിക്ഷയേറ്റ്‌ മൃതപ്രായനായ പ്രൊഫ. ജോസഫിനെ കണ്ട്‌ ഒഴിഞ്ഞുമാറിയവര്‍ ഓര്‍മ്മപ്പെടുത്തുന്നത്‌ ശമരിയക്കാരന്റെ കഥയില്‍ മറികടന്നുപോയ പുരോഹിതന്നെയാണ്‌.

സഭാ നേതൃത്വം ഒന്നടങ്കം ഇതില്‍ കുറ്റക്കാരല്ലെങ്കിലും പ്രൊഫ. ജോസഫിന്റെ സംഭവത്തില്‍ അലംഭാവവും അനാസ്ഥയും കാണിച്ചവര്‍ സഭയെ ഒന്നടങ്കം കളങ്കപ്പെടുത്തിയെന്നതില്‍ യാതൊരു സംശയവുമില്ല. നീതിക്കുവേണ്ടി പോരാട്ടം നടത്താന്‍ തീര്‍ത്തും അശക്തനായതുകൊണ്ടാണ്‌ പ്രൊഫ. ജോസഫ്‌ നിയമയുദ്ധത്തിനൊരുങ്ങാത്തതെന്നാണ്‌ പറയപ്പെടുന്നത്‌. അതോടൊപ്പം തന്നെ സഭയോടുള്ള വിധേയത്വം കൊണ്ടുമായിരുന്നു. കോടതിയില്‍ പോയി നിയമപോരാട്ടം നടത്തിയിരുന്നെങ്കില്‍ പ്രൊഫ. ജോസഫിന്‌ വിജയം കാണാമായിരുന്നു. കോടതി കുറ്റവിമുക്തനാക്കിയതു മാത്രം മതി അദ്ദേഹത്തിന്‌ ആ പോരാട്ടത്തിന്‌ വിജയം കാണാന്‍. സാമ്പത്തികമായും മാനസ്സികമായും തളര്‍ന്ന്‌ അദ്ദേഹത്തിന്‌ ആ പോരാട്ടം നടത്താനുള്ള കെല്‍പില്ലാത്തതാകാം ഒരു കാരണം. കോടതിയില്‍ പോയി വിജയം കാണുമ്പോള്‍ അത്‌ സഭയുടെ പേരിനുതന്നെ കളങ്കം ചാര്‍ത്തുമെന്ന്‌ അദ്ദേഹം കരുതിയതാകാം മറ്റൊരു കാരണം . അതൊന്നും ചെയ്യാതെ, അതിനൊന്നും മുതിരാതെ യാചനയുടെ സ്വരത്തില്‍ അപേക്ഷിച്ച പ്രൊഫ. ജോസഫിനെ ചവിട്ടി പുറത്താക്കിയവര്‍ ക്രിസ്‌തുവിന്റെ ശിഷ്യരും അനുയായികളും ആണെന്നു പറയുമ്പോള്‍ അതില്‍ ലജ്ജ തോന്നുന്നു. ആ സഭയിലെ ശുശ്രൂഷ ചെയ്യുന്ന വൈദീകരാണ്‌ അതില്‍ മുന്‍പില്‍ നിന്നതെന്ന തും ഏറെ ലജ്ജിക്കുന്നതുതന്നെ. ഇവരൊക്കെ യേശുക്രിസ്‌തുവിനെ ക്രൂശിക്കാന്‍ മുന്‍പന്തിയില്‍ നിന്ന അന്നത്തെ പ്രമാണിമാരെയും പുരോഹിത വര്‍ക്ഷത്തെയും പരീശന്‍മാരെയുമാണ്‌ ഓര്‍മ്മപ്പെടുത്തുന്നത്‌. മതഭ്രാന്തന്മാരുടെ കൈകളിലേയ്‌ക്ക്‌ പ്രൊഫ. ജോസഫിനെ വിട്ടുകൊണ്ട്‌ പീലാത്തോസിനെപ്പോലെ കൈകഴുകിയവരോട്‌ പകയോ വിദ്വേഷമോ യാതൊന്നും പ്രകടിപ്പിക്കാതെ സകലതും സഹിച്ചും ക്ഷമിച്ചും ജീവിച്ച പ്രൊഫ. ജോസഫിന്റെ വലിയ മനസ്സിനെ അംഗീകരിച്ചെ മതിയാകു. ക്രിസ തീയ ജീവിതമെന്തെന്ന്‌ അദ്ദേഹത്തില്‍ കൂടി ഇവരൊക്കെ പഠിക്കേണ്ടതാണ്‌. സഭയെ മൊത്തത്തില്‍ ഇതില്‍ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ ഒരു ന്യൂനപക്ഷം ചെയ്‌തത്‌ സഭയെ മൊത്തത്തില്‍ കളങ്കം ചാര്‍ത്തിയെന്നുതന്നെ പറയാം.

കത്തോലിക്കാസഭ കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യരംഗത്ത്‌ വിലപ്പെട്ട സംഭാവനകള്‍ അനേകമാണ്‌. സ്‌കൂളുകളിലും കോളേജുകളിലും അദ്ധ്യാപകരെ നിയമിക്കുമ്പോള്‍ ഏതാനം നാളുകള്‍ വരെ സഭ, ഡിപ്പോസിറ്റായോ ഡോണേഷനായോ പണം വാങ്ങിയിരുന്നില്ല. തീര്‍ത്തും സൗജന്യമായിട്ടായിരുന്നു ആ നിയമനങ്ങളൊക്കെ നടത്തിയിരുന്നത്‌. എന്തുകൊണ്ടാണ്‌ പണം വാങ്ങാത്തതെന്ന്‌ ഒരിക്കല്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ബെനഡിക്‌ട്‌ മാര്‍ ഗ്രീഗോറിയോസ്‌ തിരുമേനിയോട്‌ ചോദിച്ചപ്പോള്‍ അദ്ദേഹം അതിന്‌ മറുപടി പറഞ്ഞത്‌ സഭ ബിസ്സിനസ്സ്‌ സ്ഥാപനമല്ല സേവനാലയമാണെന്നാണ്‌. പാവങ്ങളുടെ കണ്ണീരൊപ്പിയ കഷ്‌ടപ്പാടുകള്‍ കണ്ട്‌ അവരെ സഹായിച്ച എത്രയോ വൈദീകരെ എനിക്ക്‌ നേരിട്ടറിയാം. കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങള്‍ക്ക്‌ തൊട്ടടുത്തായിരുനനു സ്‌കൂളുകളില്‍ കൂടുതലും. തുശ്ചമായ സര്‍ക്കാര്‍ ഗ്രാന്റുകൊണ്ട്‌ സ്‌കൂളുകള്‍ നടത്തുന്നത്‌ വലിയ നഷ്‌ടമായിരുന്നിട്ടുകൂടി സമൂഹനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച സഭാ പിതാക്കന്മാരെയും വൈദികരെയും അവരുടെ പ്രവര്‍ത്തികളുടെ മഹത്വം ഈ ഒരൊറ്റ പ്രവര്‍ത്തികൊണ്ട്‌ മങ്ങലേറ്റുയെന്നു പറയാം. സഭയെ മൊത്തത്തില്‍ കളങ്കപ്പെടുത്തിയപ്പോഴെങ്കിലും അധികാരികളുടെ കണ്ണു തുറന്നത്‌ ആശ്വസിക്കാം.

കോടതി കുറ്റവിമുക്തനാക്കിയശേഷം തന്നെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന്‌ പ്രൊഫ. ജോസഫ്‌ ആവശ്യപ്പെട്ടപ്പോഴൊക്കെ പല മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ്‌ ഒഴിഞ്ഞുമാറിയവര്‍ക്ക്‌ അദ്ദേഹത്തിന്റെ ഭാര്യ സലോമിയുടെ ജീവന്‍ ബലികഴിച്ചപ്പോഴാണ്‌ നല്ല ബുദ്ധി തോന്നിയത്‌. ഒരു വ്യക്തി ആത്മഹത്യ ചെയ്യുന്നത്‌ എല്ലാ പ്രതീക്ഷകളും ജീവിതത്തില്‍ നശിക്കുമ്പോഴാണ്‌. എല്ലാ വാതിലുകളും അടയുമ്പോഴാണ്‌. ഇങ്ങനെ വഴിമുട്ടി നിന്നപ്പോഴാണ്‌ സലോമി ജീവിതം തന്നെ ഇല്ലാതാക്കിയത്‌. മതഭ്രാന്തന്‍മാര്‍ പ്രൊഫ. ജോസഫിന്റെ കൈവെട്ടിയെങ്കില്‍ സലോമിയുടെ കഴുത്തുവെട്ടുന്നതിനു തുല്യമായ പ്രവര്‍ത്തിയാണ്‌ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നത്‌. ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്ന്‌ വിവേകപൂര്‍ണ്ണമായ ഒരു നടപടി അന്നുണ്ടായിരുന്നെങ്കില്‍ ഒരു ജീവന്‍ രക്ഷിക്കാമായിരുന്നു. നാട്‌ മുഴുവന്‍ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയപ്പോഴാണ്‌ മുടന്തന്‍ ന്യയങ്ങളെല്ലാം അപ്രത്യക്ഷമായത്‌ എന്നത്‌ സാമാന്യബുദ്ധിക്കു നിരക്കാത്ത ഒരു നടപടിയാണ്‌ എന്നതില്‍ യാതൊരു സംശയവുമില്ല. അലിവുള്ള നാഥന്റെ അരുമ ശിഷ്യന്മാരെന്നവകാശപ്പെടുന്നവര്‍ അലിവില്ലാത്തവരായി പോയത്‌ അതീവ ദുഃഖകരമായതുതന്നെ. ഒടുവില്‍ അല്‌പമെങ്കിലും അലിവ്‌ പ്രൊഫ. ജോസഫിന്റെ കുടുംബത്തോ ട്‌ കാട്ടിയതില്‍ ആശ്വസിക്കാം.

ഇവരെ മാത്രമല്ല പ്രൊഫ. ജോസഫിന്റെ സംഭവത്തില്‍ മൗനം പാലിച്ച നമ്മുടെ രാഷ്‌ട്രീയ നേതൃത്വങ്ങളെയും ഭരണകൂടങ്ങളെയും കുറ്റപ്പെടുത്തുക തന്നെ വേണം. നാഴികക്ക്‌ നാല്‌പതുവട്ടം പ്രതിഷേധിക്കുകയും പ്രകടനങ്ങള്‍ നടത്തുകയും സാധാരണക്കാരന്റെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുമെന്ന്‌ അത്യുച്ചത്തില്‍ ഉല്‍ഘോഷിക്കുന്ന രാഷ്‌ട്രീയക്കാരും ഭരണകര്‍ത്താക്കളും ഇതൊന്നും കാണാതെയും കേള്‍ക്കാതെയും പോയത്‌ ഏറെ കഷ്‌ടംതന്നെയെന്നു പറയാം. കോളേജ്‌ അധികൃതരുടെ ഭാ ഗത്തുനിന്ന്‌ നീതി പൂര്‍വ്വമായ നടപടികളുണ്ടായില്ലെങ്കില്‍ അവര്‍ക്കും പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യാമായിരുന്നു. പീഡിപ്പിക്കാനും പേടിപ്പിക്കാനും മാത്രമെ ഇവര്‍ക്കൊക്കെ ഇപ്പോള്‍ കഴിയുന്നുള്ളൂയെന്നതാണ്‌ സത്യം. ഒരു കൊടിയുടെയും നിറത്തിനു പിന്നില്‍ പോകാത്തതായിരുന്നു പ്രൊഫ. ജോസഫ്‌ ചെയ്‌ത തെറ്റ്‌. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പേരില്‍ ഇന്ന്‌ സര്‍വ്വീസ്‌ സംഘടനകളുണ്ട്‌ കേരളത്തിലെ ആ സര്‍വ്വീസ്‌ സംഘടനകളൊന്നും പ്രൊഫ. ജോസഫിന്റെ നേരെ നടന്ന നീതനിഷേധം കണ്ടില്ലായെന്നത്‌ ഞെട്ടിപ്പിക്കുന്ന ഒന്നു തന്നെയാണ്‌. ജീവനക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നുയെന്ന്‌ അവകാശപ്പെടുന്നവര്‍ പ്രൊഫ. ജോസഫിനുനേരെ നടന്ന അവകാശ നിഷേധത്തെ കണ്ടില്ലെന്നു നടിച്ചതും ഒരു നീതിനിഷേധം തന്നെയായിരുന്നു. അവര്‍ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്‌തിരുന്നെങ്കില്‍ പ്രൊഫ. ജോസഫിനെ തിരിച്ചെടുക്കാന്‍ മാനേജ്‌മെന്റ്‌ നടപടിയെടുത്തേനെ. യാതൊരു നടപടിയും ഒരു സര്‍വ്വീസ്‌ സംഘടനകളുടെ ഭാഗത്തുനിന്നുമുണ്ടായില്ല.

സത്യത്തില്‍ പ്രൊഫ. ജോസഫിന്റെ നേരെ മുഖം തിരിച്ചു നടക്കുകയും അദ്ദേഹത്തെ കണ്ടില്ലെന്നു നടിക്കുകയും അദ്ദേഹത്തെ ചവിട്ടി പുറത്താക്കുകയും ചെയ്‌തത്‌ കോളേജ്‌ മാനേജ്‌മെന്റും അതിന്റെ ചുമതലയുള്ള സഭാ നേതൃത്വത്തിലെ ചില
ര്‍ മാത്രവുമല്ല ഈ പറഞ്ഞവര്‍ എ ല്ലാവരുമുണ്ട്‌. ഇവരുടെയൊക്കെ നിസ്സഹരണപൂര്‍വ്വമായ അതീവ കാഠിന്യപരമായ പ്രവര്‍ത്തിക്ക്‌ പ്രൊഫ. ജോസഫിന്‌ വിലകൊടുക്കേണ്ടി വന്നത്‌ തന്റെ ഭാര്യയുടെ ജീവന്‍ തന്നെയായിരുന്നു. അവര്‍ ആത്മഹത്യ ചെയ്യുന്നതിനെ കാരണക്കാര്‍ ഇവരൊക്കെ തന്നെയെന്നാണ്‌ ഇതിനെ വിലയിരുത്തികൊണ്ടുള്ള പലരുടെയും അഭിപ്രായം. സത്യം അതുതന്നെയെന്നു പറയുന്നു ജനങ്ങളെല്ലാവരും.

മരിച്ചു കഴിയുമ്പോള്‍ മഹത്വം പറയുകയും വാനോളം പുകഴ്‌ത്തുകയും ചെയ്യുന്നവരാണ്‌ മലയാളികളില്‍ ഏറെ പേരും. അതിന്‌ തൊട്ടുമുന്‍പ്‌ വരെ ചവിട്ടി താഴ്‌ത്താന്‍ നോക്കുന്നുയെന്നതാണ്‌ സത്യവും. സ്വന്തം ഭര്‍ ത്താവിനുവേണ്ടി ജീവന്‍ ബലികഴിച്ചുയെന്നു പറയുന്നതിനെക്കാള്‍ സത്യത്തില്‍ അവരുടെ സമൂഹം അവരെ ബലികഴിക്കുകയായിരുന്നുയെന്ന്‌ പറയം. ഇന്ന്‌ സഭ പ്രൊഫ. ജോസഫിനെ ജോലിയില്‍ തിരിച്ചെടുക്കുകയും എല്ലാ ആനുകൂല്യങ്ങളും നല്‍കാമെന്ന്‌ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു നല്ലതുതന്നെ. എന്നാല്‍ ഇവര്‍ക്ക്‌ അദ്ദേഹത്തിനെ ഇതിനെക്കാളൊക്കെ വിലപ്പെട്ടതായ ആ ജീവന്‍ തിരിച്ചു നല്‍കാന്‍ കഴിയുമോ. പ്രൊഫ. ജോസഫി നെ സംഭവിച്ച ദുരിതം ആര്‍ക്കുമുണ്ടാകരുതെന്ന്‌ പ്രാര്‍ത്ഥിക്കാം. അദ്ദേഹത്തോട്‌ ചെയ്‌ത ക്രൂരത ആരോടും ചെയ്യരുതെന്ന്‌ അപേക്ഷിക്കുന്നു. എല്ലാവരോടും.


ബ്ലെസന്‍ ഹൂസ്റ്റണ്‍ :
blesson houston@gmail.com
മതഭ്രാന്തും കൈവെട്ടിക്കളിയും ആരോപണവും ആത്‌മഹത്യയും (ബ്ലെസന്‍ ഹൂസ്റ്റണ്‍)മതഭ്രാന്തും കൈവെട്ടിക്കളിയും ആരോപണവും ആത്‌മഹത്യയും (ബ്ലെസന്‍ ഹൂസ്റ്റണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക