Image

ഇത്തവണത്തെ അമേരിക്കന്‍ യാത്രയില്‍ നിന്ന്‌ ചിലത്‌

ഇടത്തൊടി ഭാസ്‌കരന്‍ Published on 07 April, 2014
ഇത്തവണത്തെ അമേരിക്കന്‍ യാത്രയില്‍ നിന്ന്‌ ചിലത്‌
ഫെബ്രുവരി 28ന്‌ രാത്രി ബഹ്‌റിനിലെ അന്താരാഷ്‌ട്രവിമാനത്താവളത്തില്‍ നിന്നും ഫ്രാങ്ക്‌ഫര്‍ട്ട്‌ വഴിയുള്ള ലുഫ്‌ത്താന്‍സയുടെ വിമാനത്തില്‍ കയറി, കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായുള്ള നാലാമത്തെ അമേരിക്കന്‍ യാത്രയ്‌ക്ക്‌ തുടക്കമിട്ടു. കൃത്യം ആറര മണിക്കൂര്‍ യാത്രകൊണ്ട്‌ ഫ്രാങ്ക്‌ഫര്‍ട്ടിലെത്തി, അവിടെ എയര്‍പ്പോര്‍ട്ടില്‍ ഏതാണ്ട്‌ രണ്ടു മണിക്കൂറോളം ചിലവഴിച്ചതിനുശേഷം ഏകദേശം 525-ഓളം യാത്രക്കാരെ കൊണ്ടുപോകാവുന്ന A-380-800 എയര്‍ബസ്സ്‌ വിമാനത്തില്‍ ഉദ്ദേശം അത്രയോളം തന്നെ യാത്രികരെയും കൊണ്ട്‌ പതിനൊന്നര മണിക്കൂര്‍ നീണ്ട യാത്രയില്‍ യീയുള്ളവനെയുംകൂട്ടി വിമാനം നാല്‌പ്പതിനായിരം അടി മുകളില്‍ക്കൂടെ പറന്നുതുടങ്ങി. വിമാനയാത്രയില്‍ തൊട്ടടുത്തസീറ്റില്‍ കിട്ടിയത്‌ ഒരു ജര്‍മന്‍കാരനെത്തന്നെയായിരുന്നു (ഫ്രാങ്ക്‌ഫര്‍ട്ടില്‍ നിന്നുമാണല്ലോ ആ യാത്ര). ഏതാണ്ട്‌ ആറടി മൂന്നിഞ്ചെങ്കിലും കാണും അദ്ദേഹത്തിന്റെ ഉയരം; അതിനൊത്ത തടിയും. അദ്ദേഹം ലാസ്‌ വെഗാസില്‍ നടക്കുന്ന ഒരു മഹാ കണ്‍സ്‌ട്രക്ഷന്‍ എക്‌സിബിഷനില്‍ പങ്കെടുക്കാന്‍ പോവുകയാണെന്ന്‌ പറഞ്ഞു. അദ്ദേഹം ജോലിചെയ്യുന്ന ജര്‍മനിയിലെ സ്ഥാപനം റോഡ്‌പണിയുമായി ബന്ധപ്പെട്ട മെഷിനറികള്‍ ഉണ്ടാക്കുന്നവരാണത്രെ; ഇന്ത്യയില്‍, പ്രത്യേകിച്ചു പൂനയില്‍ അടുത്തിടെ ഒരു പ്രോജക്‌റ്റ്‌ ചെയ്‌തുവരികയാണെന്നും അതിനാല്‍ കൂടെക്കൂടെ പൂനയില്‍ വരാറുണ്ടെന്നും പറഞ്ഞു.

ഞാന്‍ എന്റെയും യാത്രാ ഉദ്ദേശം അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി. ഞാനും ലാസ്‌ വെഗാസിലേക്കായതിനാല്‍, ഒരു പക്ഷെ അമേരിക്കയിലെ ആദ്യം ഇറങ്ങേണ്ട എയര്‍പ്പോര്‍ട്ട്‌ ഹൂസ്റ്റന്‍ ആയതിനാല്‍, എമിഗ്രേഷനും കസ്റ്റംസ്‌ ക്ലിയറന്‍സും കഴിഞ്ഞാല്‍ തരപ്പെട്ടാല്‍ വീണ്ടും കാണാമെന്നും പറഞ്ഞോണ്ട്‌ ഞങ്ങള്‍ ഹൂസ്റ്റന്‍ എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങി. നീണ്ടയാത്രക്കിടയില്‍ വിമാനത്തില്‍ കുറെ കിടന്നുറങ്ങി; രണ്ടു സിനിമകള്‍ (ഒരു മലയാളം, ഒരു തമിഴ്‌) കണ്ടു. എന്റെ യീ സുഹൃത്ത്‌ ഞാന്‍ കാണുന്ന സിനിമയും ഇടയ്‌ക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു; കാരണം പുള്ളിയും ഇന്ത്യയില്‍ കൂടെക്കൂടെ കഴിയുന്ന ആളാണല്ലോ. തമിഴ്‌ സിനിമയിലെ സ്‌ടണ്ടും കോലാഹലങ്ങളും പുള്ളിക്ക്‌ ഒത്തിരി ഇഷ്ടമായെന്നപോലെ!

ഹൂസ്റ്റന്‍ എയര്‍പ്പോര്‍ട്ടിലെ എമിഗ്രേഷന്‍ വളരെ വേഗത്തില്‍ കഴിഞ്ഞു; ഇതിനുമുമ്പും മൂന്നുതവണ അതേവിസയില്‍ ചെന്നതോണ്ടാവണം ഒരുപാടു ചോദ്യങ്ങളൊന്നും ഉണ്ടായില്ല. അതുപോലെ ബഗ്ഗേജ്‌ ക്ലിയറന്‍സും പെട്ടെന്നു കഴിഞ്ഞു.

ഓഫീസര്‍ ചോദിച്ചു, `ഇന്ത്യയില്‍ നിന്നും എന്തെങ്കിലും പഴവര്‍ഗങ്ങള്‍ ഉണ്ടോ' യെന്ന്‌. അവിടെ പൂരിപ്പിച്ചുകൊടുക്കേണ്ട ഫോമില്‍ ഒട്ടനവധി ചോദ്യങ്ങളുടെ (അവശ്യവും അനാവശ്യവുമായ) കൂട്ടത്തില്‍ അത്തരം സാധനങ്ങളൊന്നും കൈവശം ഇല്ലെന്ന്‌ എഴുതി ഒപ്പിട്ടുകൊടുത്തിട്ടുള്ളതാണ്‌; പിന്നെ ഉണ്ടെന്നു പറയാനൊക്കുമോ? ആ ഫോമും കയ്യില്‍ വെച്ചുകൊണ്ടാണെ അദ്ദേഹത്തിന്റെ ചോദ്യവും! സുഹൃത്തുക്കള്‍ക്കുംമറ്റും മണലാരണ്യത്തിന്റെ പ്രതീകമായി നല്ലയിനം ഈന്തപ്പഴം മൂന്നു പാക്കറ്റുകളില്‍ പ്രത്യേകം കരുതിയിരുന്നു; അവ ഉണങ്ങിയ പഴവര്‍ഗങ്ങളില്‍ പെടുന്നതുകൊാണ്ട്‌, ഞാന്‍ പറഞ്ഞില്ല. കൂടാതെ സ്‌ക്രീനിംഗ്‌ ഒക്കെ കഴിഞ്ഞതും ആണല്ലോ. പിന്നെ, ഓഫീസര്‍മാര്‍ അവിടവിടെ പെട്ടികളൊക്കെ മണക്കുന്ന പട്ടികളുമായി നടക്കുന്നുമുണ്ട്‌. അങ്ങിനെ ഹൂസ്റ്റന്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്നും അതിനടുത്തുള്ള ഡൊമസ്റ്റിക്‌ എയര്‍പ്പോര്‍ട്ടിലേക്ക്‌ എയര്‍പ്പോര്‍ട്ടിനകത്തു തന്നെയുള്ള ട്രാമില്‍കയറി യാത്രയായി. എല്ലാം നോക്കിയും കണ്ടും, ബോര്‍ഡുകള്‍ വായിച്ചും വേണം മുന്നോട്ടുപോവാന്‍. അതിവിശാലമായ എയര്‍പോര്‍ട്ട്‌ ആയതിനാല്‍ ദിശ തെറ്റിപ്പോവാന്‍ വളരെ യെളുപ്പമാണ്‌.

എന്തായാലും യീ തിരക്കുകള്‍ക്കിടയില്‍ ആ ജര്‍മന്‍ സുഹൃത്തിനെ പിന്നെ കണ്ടില്ല. ഒരു പക്ഷെ അദ്ധേഹത്തിന്റെ വിമാനം വേറെ ആയിരുന്നിരിക്കാം; ഒരു പാട്‌ ഡൊമസ്റ്റിക്‌ എയര്‍ലൈന്‍സ്‌ പറക്കുന്ന ഇടംകൂടെയാണല്ലോ അമേരിക്ക.

വിമാനം ലാസ്‌ വെഗാസില്‍ ചെന്നിറങ്ങി. അമേരിക്കയിലെ ഡൊമസ്റ്റിക്‌ വിമാനങ്ങള്‍ക്ക്‌ ഒരു പ്രത്യേകത ഉള്ളത്‌ വെറും വെള്ളം മാത്രമേ സൌജന്യമായി വിമാനത്തിനുള്ളില്‍ കൊടുക്കൂയെന്നതാണ്‌! വേറെയെന്തു ഭക്ഷണസാധനം വേണമെങ്കിലും ഡോളര്‍ എണ്ണികൊടുക്കണം! ഹാംബര്‍ഗര്‍, ചീസ്‌ബര്‍ഗര്‍, ചിപ്‌സ്‌ തുടങ്ങിയവ ചുരുങ്ങിയത്‌ അഞ്ചു ഡോളറെങ്കിലും കൊടുത്താലേ കിട്ടൂയെന്നുമാത്രം. എന്തായാലും ഞാന്‍ ഇത്തരം `ജങ്ക്‌ഫുഡ്‌' എന്നു വിശേഷിപ്പിക്കപ്പെടുന്നതിലൊന്നും ആകൃഷ്‌ടനല്ലാത്തതിനാല്‍ രക്ഷപെട്ടുയെന്നുവേണം പറയാന്‍. വിമാനങ്ങളില്‍ ഭക്ഷണം സൗജന്യമായി നല്‌കപ്പെടാത്ത ആ സ്ഥിതിവിശേഷം പ്രത്യേകിച്ചും മൂന്നുമണിക്കൂറിന്റെ ധ്യര്‍ഘ്യം ഉള്ളയാത്രകളില്‍) ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ എന്ത്‌ ബഹളം ആയിരിക്കും യെന്നോര്‍ത്തുപോയി.

ലാസ്‌ വേഗാസിലെ ഒട്ടുമിക്ക ഹോട്ടലുകളിലും `എയര്‍പ്പോര്‍ട്ട്‌ പിക്ക്‌അപ്പ്‌' എന്ന സംവിധാനം കുറവാണെന്നറിഞ്ഞു. എന്നിരുന്നാലും എയര്‍പ്പോര്‍ട്ടില്‍ തന്നെ ലഭ്യമുള്ള ടാക്‌സി സര്‍വീസ്‌ വളരെ കാര്യക്ഷമമാണുതാനും. വളരെ സുഖസൌകര്യമുള്ള ടി.വി. കോച്ചില്‍ ഏകദേശം പത്തുപേര്‍ ആയപ്പോള്‍ (അവരവരുടെ തലങ്ങളിലേക്ക്‌ മുന്‍കൂര്‍ ടിക്കറ്റ്‌ എടുക്കേണ്ടതുണ്ട്‌) ഞങ്ങള്‍ പത്തുപേരെയും കൊണ്ട്‌ അവരവരുടെ ഹോട്ടലുകളിലേക്കു സുമാര്‍ രാത്രി എട്ടരയോടെ ടൌണില്‍ക്കൂടെ കൊണ്ടുപോയി. രാത്രി ലാസ്‌ വേഗാസ്‌ നഗരം കാണാന്‍ വളരെ മനോഹരമാണ്‌. അവള്‍ വിവിധവര്‍ണാഭയാല്‍ പുളകിതയായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു. നൂതനമായ പല പുതിയ ടെക്‌നിക്കുകളാല്‍ ആലങ്കിതമായ നഗരം. രാത്രി പകലായി മാറുന്ന നഗരം. എങ്ങും പ്രഭാപൂരിതമായ നഗരം. അങ്ങിനെ പത്തുമിനുട്ട്‌കൊണ്ട്‌ എന്നെ ഞാന്‍ ബുക്ക്‌ച്യ്‌തിരുന്ന `ടസ്‌ക്കനി കാസിനോ & സ്യുട്ട്‌സ്‌' എന്ന വളരെ വിശാലമായി സ്ഥിതിചെയ്യുന്ന, ഒരുപാടു സ്യുട്ട്‌സ്‌ മാത്രമുള്ള ഹോട്ടലില്‍ കൊണ്ടുവന്നിറക്കി. ബാഗ്ഗുകള്‍ ഒക്കെയിറക്കി വെച്ചു എന്നെ യാത്രയാക്കുമ്പോള്‍ `ടിപ്പ്‌' ഒന്നുമില്ലേ യെന്നഭാവത്തില്‍ അതിന്റെ െ്രെഡവര്‍ പുറത്തുതന്നെ നില്‍ക്കുകയായിരുന്നു. ഉടനെ രണ്ടു ഡോളര്‍ അയാള്‍ക്കുകൊടുത്തപ്പോള്‍ വളരെ സന്തോഷവാനായി അദ്ധേഹം എന്നെ യാത്രയാക്കി. അയാള്‍ ഓടിക്കുന്ന വാഹനം റിമോട്ട്‌സംഭാഷണം കൊണ്ട്‌ ആരോ നിയന്ത്രിക്കുന്നുണ്ടായിരുന്നു. ഓരോ മെയിന്‍ റോഡില്‍ യെത്തുമ്പോഴും അയാള്‍ എത്തിയ സ്ഥലം `വാക്കിടാക്കി' യിലൂടെ അറിയിക്കുന്നുമുണ്ടായിരുന്നു. നീണ്ടയാത്രയായതിനാല്‍ റൂമിലൊന്നു എത്തിപെട്ടാല്‍ മതിയെന്നായിരുന്നു എനിക്ക്‌; കിടക്കയില്‍ ചുരുണ്ടുകൂടി വിശധമായി ഒന്ന്‌ കിടന്നുറങ്ങണം യെന്നതായിരുന്നു അപ്പോഴത്തെ ആഗ്രഹം.

ഹോട്ടലിന്റെ താഴത്തെ നിലയില്‍ വിശാലമായി കിടക്കുന്ന കാസിനോതന്നെ. വിവിധതരത്തിലുള്ള പണം ഇരട്ടിപ്പിക്കുന്ന കളിക്കാനുള്ള മഷീനുകള്‍. ഒട്ടുമിക്കതിലും ആണുങ്ങളും പെണ്ണുങ്ങളും ഒറ്റക്കും കൂട്ടമായും തമ്പേറിയിരിക്കുന്നു. പലരുടേയും മുഖം പ്രസന്നമല്ലാ.... അതില്‍നിന്നും അവരുടെ അവസ്ഥ മനസ്സിലാക്കാന്‍ സാദിച്ചു. പുറമേ പറയുംപോലെയല്ല കാസിനോകളിലെ സാഹചര്യം. നേടുന്നവര്‍ വിരളം; നേടാന്‍ വെമ്പുന്നവര്‍ ഒട്ടനവധി! `ഗാംബ്ലിഗ്‌' എന്ന്‌ കേട്ടിരുന്നത്‌ നേരില്‍ കണ്ടു. അതും കണ്ടോണ്ടു, ലഘുവായി സായാഹ്നഭക്ഷണവും കഴിച്ചു അന്നുരാത്രി കിടന്നുറങ്ങി. ഉറങ്ങുന്നതിനുമുമ്പ്‌ വീട്ടിലേക്കു വിളിക്കാന്‍ മറന്നില്ല; അതുവരെയുള്ള വിശേഷങ്ങളൊക്കെ വീട്ടുകാരുമായി പങ്കുവെക്കുകയും ചെയ്‌തു. അപ്പോള്‍ ബെ്രെഹനില്‍ രാവിലെ എട്ടു മണിയായിരുന്നു; ലാസ്‌ വെഗാസില്‍ രാത്രി ഒന്‍പതുമണിയും.

പിറ്റേന്നുരാവിലെ, റൂമില്‍ വരുത്തിച്ച പ്രഭാതഭക്ഷണവും കഴിച്ചു നഗരം കാണാന്‍ ഇറങ്ങി. ലാസ്‌ വേഗാസ്‌ പട്ടണം കാണാനുള്ളത്‌ `ലാസ്‌ വേഗാസ്‌ സ്‌ട്രിപ്‌' യെന്നുപറയുന്ന സൃങ്കലയിലാണ്‌. എല്ലാ കേമന്മാരയാ ഹോട്ടലുകളും (എം.ജി.എം; ബെല്ലാജിയോ, ന്യൂയോര്‍ക്ക്‌ ന്യൂയോര്‍ക്ക്‌, ദ മിറാജ്‌, പാരിസ്‌, ഫ്‌ലമിന്‌ഗോ, ട്രഷര്‍ അയലന്റ്‌, വെനീഷ്യന്‍, മണ്ടാലെ ബേ, സീസേര്‍സ്‌ പാലസ്‌, വയ്‌ന്‍ ലാസ്‌ വെഗാസ്‌, പിന്നെ പുതിയവ സ്‌ട്രാറ്റോസ്‌പീയര്‍, ആരിയാസ്‌ യെന്നിങ്ങനെ ഒട്ടേറെ പ്രശസ്ഥമായവ, മൊത്തത്തില്‍ 212ഓളം ഹോട്ടലുകള്‍ ഉണ്ടെന്നാണ്‌ കണക്ക്‌) പ്രധാന തെരുവീധിക്കു ചുറ്റുവട്ടത്തില്‍തന്നെ സ്ഥിതിചെയ്യുന്നു. യീ വമ്പന്‍മാരായ എല്ലാ ഹോട്ടലുകളിലും കാസിനോകളുടെ അതിപ്രസരം തന്നെ. ഓരോ ഹോട്ടലിനും അവരവരുടേതായ പ്രതെയ്‌ക സ്‌പെഷ്യാലിറ്റി ഷോകള്‍ ആണ്‌ ഓരോന്നിന്റെയും ആകര്‍ഷണം. അവ മാജിക്ഷോ ആയും വന്യമൃഗ ഷോ ആയും ഒക്കെ അങ്ങിനെ പോകുന്നു പട്ടിക.

ദി മിറാജ്‌ എന്ന ഹോട്ടലിന്റെ പ്രധാന ആകര്‍ഷണം രാത്രിയില്‍ അവരുടെ വോള്‍ക്കാനോ ഷോ ആണ്‌. പെട്ടെന്ന്‌ ഒരു അഗ്‌നികുണ്ഡം ഹോട്ടലിനു മുന്നില്‍ ആളികത്തുക; അദ്‌ഭുതാവഹമായ ഒരു കാഴ്‌ച തന്നെയാണത്‌. അത്‌ കാണുവാന്‍ മാത്രം ഒരുപാട്‌ ടൂറിസ്റ്റുകള്‍ തങ്ങിനില്‍ക്കുന്നത്‌ കാണാം. അതിനുതൊട്ടുള്ള മറ്റൊരു ഹോട്ടലിന്റെ മുഖ്യ ആകര്‍ഷണം, വെള്ളക്കെട്ടില്‍ (കൃത്രിമമായുണ്ടാക്കിയത്‌), വെള്ളം നിറഞ്ഞുകവിയുമ്പോള്‍ മുങ്ങിപ്പോവുന്ന ഒരു ബോട്ട്‌ ആണ്‌. ബെല്ലാജിയോ യെന്ന ഹോട്ടലിന്റെ പ്രധാനാകര്‍ഷണം മ്യൂസിക്കല്‍ ജലധാരയാണ്‌; പകലും രാത്രിയിലും ഒരുപോലെ സംഗീതത്തിനൊത്തു ടാന്‍സ്‌ ചെയ്യുന്ന ജലധാരകള്‍! പകലില്‍ വേറൊരുതരത്തില്‍ ടൂറിസ്റ്റുകളെ വിസ്‌മയിപ്പിക്കുമ്പോള്‍ രാത്രി കണ്ണുകളെ കുളിരണിയിക്കുന്ന വിവിധവര്‍ണങ്ങളില്‍ മഴപോലെ പെയ്യുന്ന, ഉയര്‍ന്നും താഴ്‌ന്നും, നീളത്തിലും വീതിയിലും അങ്ങിനെയങ്ങിനെ മനോഹരമായി സംഗീതത്തിനൊത്തു നൃത്തം ചെയ്യുന്ന ജലധാരകള്‍! ഹോട്ടലിനുമുന്നില്‍ ഏതാണ്ട്‌ ഒരേക്കര്‍ വിസ്‌തൃതിയില്‍ ഉണ്ടാക്കിയ നീര്‍ക്കായലില്‍ ആണിതുസ്ഥിതിചെയ്യുന്നത്‌. അത്‌ പകലും രാത്രിയിലും ഒരുപാട്‌ ടൂറിസ്റ്റുകള്‍ മണിക്കൂറുകളോളം നിര്‍ന്നിമേഷരായ്‌ നോക്കിനില്‍ക്കുന്നത്‌ കാണാം. പിന്നെ വിവിധ വഴിവാണിഭക്കാര്‍; മാജിക്കുകള്‍ കാണിക്കുന്നവര്‍; നൃത്തം ചെയ്യുന്നവര്‍; വിവിധ പ്രച്ഛന്നവേഷക്കാര്‍ (സ്‌ത്രീകളും പുരുഷന്മാരും ഇടകലര്‍ന്ന്‌), ജീവിതത്തിലെ വിവധ തുറകളിലെ നാം മിക്കപ്പോഴും അഭിമുഖീകരിക്കുന്ന കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളുമായി വഴിപോക്കരെ വിസ്‌മയിപ്പിക്കുന്നവര്‍... അങ്ങിനെ പോവുന്നു അവിടത്തെ ഓരോ കാഴ്‌ച്‌കള്‍. പിന്നെ തൊട്ടുതൊട്ടു വിവിധയിനം ഭക്ഷണശാലകള്‍; എല്ലാ ഭക്ഷണശാലകളിലും ബിയറും വയ്‌നും മറ്റു ലഹരിപാനീയങ്ങളും സുലഭം. കയ്യിലൊതുങ്ങുന്ന വിലയേയുള്ളൂ യേത്‌ ഭക്ഷണ പദാര്‍ത്തത്തിനും. അങ്ങിനെ മൊത്തത്തില്‍ ഉത്സവലഹരിയില്‍ എന്നും ആറാടിനില്‍ക്കുന്ന നഗരം, അതാണ്‌ ലാസ്‌ വെഗാസ്‌!

എന്നെ ഹടാതാകര്‍ഷിച്ച മറ്റൊന്നുണ്ട്‌ അവിടെ; ലണ്ടനിലെ തെംസ്‌ നദീതീരത്തുള്ളപോലെ ഒരു വലിയ `ജയന്റ്‌ (ഭീമാകാരനായ) കറങ്ങുന്ന വീല്‍' പണി തീര്‍ന്നുവരുന്നു. `ലണ്ടന്‍ ഐ' എന്ന്‌ വിളിക്കപ്പെടുന്ന കറങ്ങുന്ന വീലിനെക്കാള്‍ വളരെ വലുതാണിത്‌. അത്‌ അടുത്ത ജൂണ്‍ജൂലായ്‌ മാസങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണവര്‍. അതിലെ ആളുകള്‍ക്കിരിക്കാവുന്ന ഓരോ ട്യുബിലും (ഗ്ലാസ്സ്‌ കൂട്‌) നാല്‍പ്പതോളം പേര്‍ക്കിരിക്കാമത്രേ. ലണ്ടനിലെത്‌, എന്റെ ഓര്‍മ ശരിയാണെങ്കില്‍ (കാരണം 2005ല്‍ ആയിരുന്നു കുടുംമ്പസമേതം അവിടെ സന്ദര്‍ശിച്ചത്‌) ഇരുപത്തന്‌ജാളുകള്‍ക്കേ യാത്രചെയ്യാന്‍പറ്റൂ യെന്നതാണ്‌. യീ വീല്‍ രാത്രിയില്‍ ദീപാലങ്കാരത്താല്‍ വളരെ കമനീയമാക്കിയിട്ടുമുണ്ട്‌. അതും നോക്കി ആസ്വദിക്കാന്‍ ഒരുപാടാളുകള്‍ തടിച്ചുകൂടുന്നത്‌ കണ്ടു.

പിന്നെ പോയത്‌ ലാസ്‌ വേഗാസിലെ ഏറ്റവും ഉയരത്തിലുള്ള ടവര്‍ നിലകൊള്ളുന്ന ഹോട്ടല്‍ `സ്‌ട്രാറ്റോസ്‌പിയര്‍ കാസിനോ & റിസോര്‍ട്ട്‌സ്‌' ലേക്കായിരുന്നു. അവിടെയും ഏറ്റവും താഴത്തെ നിലയില്‍ സംഗതി വേറെയായിരുന്നില്ല; കാസിനോകള്‍ തന്നെ. വിവിധതരം മഷീനുകള്‍ ആളുകളുടെ പണം പിടുങ്ങാന്‍ കാത്തിരിക്കുന്നു. എന്തുകൊണ്ടോ യെനിക്കതിലൊന്നും സമയവും പിന്നെ പണവും കളയാന്‍ മനസ്സനുവധിച്ചില്ല. ഞാന്‍ കാഴ്‌ചകള്‍ കാണാനുള്ള തത്രപ്പാടിലായിരുന്നു. ആ ഹോട്ടലിന്റെ 112നിലകള്‍ക്ക്‌മീതെ കമനീയമായ 360 ഡിഗ്രിയില്‍ വൃത്താകാരമായ ഒരു റസ്‌ടോറന്റ്‌; അതിനും മുകളിലായി ഒരു ടവര്‍. ടവറിനു ചുറ്റും (നാലുവശത്തുമായി) നാലുപേര്‍വീതം ഇരിക്കാവുന്ന, ബെല്‍റ്റിട്ട്‌മുറുക്കാവുന്ന രീതിയില്‍ ഘടിപ്പിച്ചിരിക്കുന്ന ചുവന്നകളറിലുള്ള ഇരിപ്പിടങ്ങള്‍. എന്നോട്‌ താഴെനിന്നെ ടിക്കറ്റ്‌ യെടുപ്പിച്ചിരുന്നു; എന്തെങ്കിലും ഒരു റൈഡില്‍ കയറാന്‍ അവര്‍ പ്രേരിപ്പിക്കയും ചെയ്‌തിരുന്നു. മറ്റു രണ്ടു റൈഡ്‌കളും കുറച്ചൂടെ കഠിനമായിരുന്നതിനാല്‍, മുകളില്‍ വിവരിച്ച റയ്‌ഡിനു മാത്രമാണ്‌ ടിക്കറ്റ്‌ എടുത്തത്‌. അങ്ങിനെ അതിലെ ഒരു സീറ്റില്‍ ഇരിക്കാന്‍ അത്‌ നിയന്ത്രിക്കുന്ന ആള്‍ പറഞ്ഞു. എന്നിട്ട്‌ എന്നെ ബെല്‍റ്റിട്ട്‌ മുറുക്കിത്തന്നു. ഇതില്‍ ഇരുന്നാല്‍ എന്താണുനടക്കാന്‍ പോവുന്നതെന്നെനിക്കറിയില്ലായിരുന്നു. അങ്ങിനെ ഇരുന്നുകഴിഞ്ഞ ഉടന്‍ അയാള്‍ ചോദിച്ചു `തയ്യാറല്ലേ?' യെന്ന്‌. ഞാന്‍ സമ്മതം കൊടുത്തു. നിമിഷനേരംകൊണ്ട്‌ ആ ചെയര്‍ യെന്നെയുംകൊണ്ട്‌ ഏതാണ്ട്‌ ഒരു പത്തുനില കെട്ടിടത്തിന്റെ നെറുകയിലേക്ക്‌ `ഭും' എന്നപോലെ കൊണ്ടുചെന്നു. ഒരുവേള, ഹൃദയം നിന്നുപോയേക്കുമോ എന്ന്‌ പേടിയ്‌ക്കുന്ന നിമിഷങ്ങള്‍! അങ്ങിനെ മുകളില്‍ കൊണ്ടുചെന്ന്‌ വീണ്ടും താഴോട്ട്‌ അതേ വേഗതയില്‍ ഒരിറക്കവും! വീണ്ടും കൂടുതല്‍ പേടിപ്പെടുത്തുന്ന നിമിഷങ്ങള്‍. പിന്നെയും പാതി ദൂരം മുകളിലേക്ക്‌. പിന്നെ ഏറ്റവും താഴേക്ക്‌. വീണ്ടും കാല്‍ഭാഗം ദൂരം മുകളിലേക്ക്‌. വീണ്ടും ഏറ്റവും താഴോട്ട്‌. അങ്ങിനെ ആ റയ്‌ടു തീര്‍ന്നു. ഓ.. ഏറ്റവും മുകളിലേക്കു കൊണ്ടുപോയിട്ട്‌ അവിടെ അല്‍പ്പം നേരം നിര്‍ത്തും; അപ്പോള്‍ നാം ആ ബില്‍ടിങ്ങിന്റെ മണ്ടക്കായിപ്പോകും. നാലുവശവും തുറന്നും കിടക്കുന്നു! പേടിക്കാന്‍ വേറെ എന്തെങ്കിലും വേണോ?

ഇതിലും ഭയാനകമായിരുന്നു ആളെ സുരക്ഷിതമായി കയറില്‍ കെട്ടി, കെട്ടിടത്തിന്റെ പുറത്തൂടെ 100 നിലകള്‍ക്കു താഴോട്ട്‌ കയറിലൂടെ തള്ളിയിടുന്നത്‌. ആ റൈഡ്‌ ചെയ്‌താല്‍ ഒരു വലിയ കെട്ടിടത്തിന്റെ മുകളില്‍ നിന്ന്‌ താഴോട്ടുചാടുന്ന പ്രതീതി ശരിക്കും അനുഭവപ്പെടാം. ഒരു ഉയര്‍ന്ന കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുകയാണെങ്കില്‍ എങ്ങിനെയിരിക്കും എന്ന്‌ ഇതിലൂടെ അനുഭവിച്ചറിയാം! അവിടത്തെ ഓരോരോ കണ്ടുപിടുത്തങ്ങളെ! വേറൊരു റൈഡ്‌ ഒക്ടോപ്പസ്‌ പോലെ ആ കെട്ടിടത്തിനു മുകളില്‍ വികസിക്കുകയും കറക്കുകയും ചെയ്യുന്ന രീതിയില്‍ ഘടിപ്പിച്ചുട്ടുള്ള ഇരിപ്പിടങ്ങളില്‍ (ഗ്ലാസ്‌കൊണ്ടുള്ള കൂട്‌) ഇരുത്തും. പിന്നെയുള്ള മറ്റൊരു റൈഡ്‌ നീണ്ട ഒരു ഇരുമ്പുബീമില്‍ ഘടിപ്പിച്ചിട്ടുള്ള ഇരിപ്പിടത്തില്‍ (ചെറിയ ടോയ്‌കാറുപോലത്തെ കവചിതമായ ഇരിപ്പിടം) ഇരുത്തി താഴോട്ട്‌ പെട്ടെന്ന്‌ ഇറക്കി വിടുന്നതാണ്‌; കുറച്ചു ദൂരം ഭയങ്കരവേഗതയില്‍ ചെന്നു ഉടനെ കടിഞ്ഞാണിട്ടപോലെ നില്‍ക്കും. അങ്ങിനെ താഴോട്ട്‌ ഇറക്കിവിടുമ്പോള്‍ അനുഭവപ്പെടുന്ന പേടി ഭയങ്കരമാണ്‌; ഒട്ടുമിക്കവരും പേടിച്ചു നിലവിളിക്കുന്നത്‌ കേള്‍ക്കാമായിരുന്നു. ഇതൊക്കെ കഴിഞ്ഞു അവിടെ ഒരുക്കിയ ബാല്‍ക്കണിയിലെ `വ്യൂപോയിന്റ്‌' ബൈനോക്കുലരുകളിലൊക്കെ കുറച്ചു നേരം ചിലവഴിച്ചു ഞാന്‍ അവിടെത്തന്നെയുള്ള റസ്‌റ്റോറന്റില്‍ നിന്നും ഹാംബര്‍ഗ്ഗറും (അതേ അവിടെ ഉണ്ടായിരുന്നുള്ളൂ ആ സമയത്ത്‌) കഴിച്ചു താഴോട്ട്‌ കുതിച്ചു. അവിടെ, ഇന്ത്യയിലെ പൂനയില്‍ നിന്നും വന്ന ഒരു യുവദമ്പതികളെ കണ്ടു പരിചയപ്പെടാനും കഴിഞ്ഞു. ആ ലിഫ്‌റ്റില്‍ ഏതാണ്ട്‌ ഒരു മിനിട്ടിനുള്ളില്‍ തന്നെ ഏറ്റവും താഴെയെത്തി. ഇതുപോലെ ഒരു കാഴ്‌ചസ്ഥലം ഞങ്ങള്‍ മുമ്പ്‌ കണ്ടത്‌ ന്യുയോര്‍ക്കിലെ `അമ്പയര്‍ സ്‌റ്റേറ്റ്‌ ബില്‍ടിങ്ങില്‍' സുമാര്‍ 110 നിലകള്‍ക്കുമുകളില്‍ സജ്ജീകരിച്ചിരിക്കുന്ന ഇതുപോലത്തെ ഒരു സ്ഥലമാണ്‌; പക്ഷെ അവിടെ ഒരു റയ്‌ഡുകളും ഉണ്ടായിരുന്നില്ല അന്ന്‌; ഇപ്പോഴുണ്ടോയെന്നറിയില്ല.

ഇത്രത്തോളം കണ്ടുകഴിഞ്ഞപ്പോള്‍ ഒരു വിധം ക്ഷീണിതനായി. അതിനാല്‍ ഹോട്ടലില്‍ ചെന്നു കുറച്ചുനേരം വിശ്രമിക്കാമെന്നു കരുതി. വൈകുന്നേരം ആറുമണിയായിക്കാണും. ഞാന്‍ ലാസ്‌ വെഗാസില്‍ സന്ദര്‍ശിക്കാന്‍ ചെന്ന കമ്പനിയുടെ വൈസ്‌പ്രസിടന്റ്‌റ്‌ ഫോണില്‍ വിളിച്ചു ഡിന്നറിനു റെഡിയാവാന്‍ പറഞ്ഞു. അങ്ങിനെ അദ്ധേഹവുമൊത്തു ഡിന്നറിനു മുമ്പ്‌ വീണ്ടും സിറ്റി ഒന്നു കറങ്ങി; അദ്ധേഹം തന്നെ അങ്ങിനെ ചെയ്യുകയായിരുന്നു; നഗരത്തിന്റെ മനോഹാരിത രാത്രിയില്‍ ആണ്‌ കാണേണ്ടത്‌ എന്നും പറഞ്ഞുകൊണ്ട്‌.

ഞങ്ങള്‍ ഒട്ടുമിക്ക പ്രധാനവീധികളിലൂടെയും അദ്ദേഹത്തിന്റെ കാറില്‍ സഞ്ചരിച്ചു. എന്തു മനോഹരമാണെന്നോ ലാസ്‌ വേഗാസ്‌ നഗരം രാത്രി കമനീയ ദീപാലങ്കാരങ്ങളോടെ കാണുവാന്‍! എല്ലാം നൂതനവിദ്യകള്‍ ഉപയോഗിച്ച്‌ചെയ്‌തിരിക്കുന്ന കാഴ്‌ചകള്‍. പലവിധം പലതരം ആകൃതിയിലുള്ള കെട്ടിടങ്ങള്‍, കാഴ്‌ച്ചവസ്‌ത്തുക്കള്‍, പ്രതിമകള്‍, കാറുകളുടെയും ബയ്‌ക്കുകളുടെയും വിവധതരം മോഡലുകള്‍, അങ്ങിനെയങ്ങിനെ ഒട്ടേറെ വിസ്‌മയപ്പെടുത്തുന്ന കാഴ്‌ച്ചകള്‍.

അങ്ങിനെ അദ്ദേഹം തിരഞ്ഞെടുത്ത `പ്രയ്‌മ്‌ റിബ്‌ ഹൌസ്‌' (ഇവിടെയൊക്കെയുള്ള സ്‌ടീക്ക്‌ ഹൗസിനു തുല്യം) എന്ന ഭക്ഷണശാലയിലേക്ക്‌ ഞങ്ങള്‍ ചെന്നു. രണ്ടാളുകള്‍യെന്നു തിട്ടപ്പെടുത്തി ഞങ്ങളെ രണ്ടാളുകള്‍ക്കിരിക്കാവുന്ന ടേബിളിലേക്കു കൊണ്ടുപോയി. അവിടെയും ഒട്ടേറെ ആളുകള്‍ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. സാമാന്യം തിരക്കേറിയ ഭക്ഷണശാലതന്നെയായിരുന്നു അത്‌.
വെയ്‌റ്റര്‍ ഞങ്ങളോട്‌ അവിടത്തെ ഭക്ഷണരീതി വിവരിച്ചുതന്നു. ഓര്‍ഡര്‍ എടുത്തതിനുശേഷം കുറച്ചുകഴിഞ്ഞപ്പോള്‍ അതാ മുന്നില്‍ വന്നു നില്‍ക്കുന്നു ഒരു ട്രോളിയില്‍ ഒരു മുഴുവന്‍ ?റിബ്‌? കുക്ക്‌ ചെയ്‌തുവെച്ചത്‌! അതില്‍നിന്നും നമുക്ക്‌ ഇഷ്ട്‌ടമുള്ളഭാഗം ആവശ്യപ്പെടാം. അതാണ്‌ മെയിന്‍ യിനം. അതിനോടോത്തു റയ്‌സ്‌, മറ്റു സസ്യവിഭവങ്ങള്‍ ഒക്കെ വിളമ്പും. ആ പ്രയ്‌മ്‌ റിബ്‌ വളരെ സ്വാധിഷ്ട്‌ടമായിരുന്നു; ആദ്യമായാണ്‌ ഇങ്ങിനെ റിബ്‌ കിട്ടുന്നത്‌. കുറച്ചൊക്കെ സമയമെടുത്ത്‌ ആസ്വതിച്ചു കഴിച്ചു; അദ്ദേഹം എന്നെ തിരികെ ഹോട്ടലില്‍ കൊണ്ടുവന്നു വിട്ടു.

തലേന്ന്‌ ആ കമ്പനിയുടെ ഫാക്ടറിയിലെക്കായിരുന്നു യാത്ര. പുലര്‍ച്ചെ അഞ്ചുമണിക്ക്‌ ഞാനുള്‍പ്പെടുന്ന സംഘത്തെ അവര്‍ വന്നു കൂട്ടിക്കൊണ്ടുപോയി. മൂന്നര മണിക്കൂര്‍ നീണ്ട യാത്രയായിരുന്നത്‌. യാത്രയില്‍ നീണ്ടുകിടക്കുന്ന ഭൂപ്രദേശം ഇരുഭാഗത്തും കണ്ടു. അവിടവിടെ ചെറിയ ചെറിയ ഗ്രാമങ്ങള്‍. എന്തൊക്കെയോ കൃഷി ചെയ്യുന്നുമുണ്ട്‌. ഓരോ വീട്ടിലും ബീമാകാരന്മാരായ പിക്ക്‌അപ്പുകളും വലിയ വലിയ കാറുകളും കാണാം. ഇടയ്‌ക്കു ചുണ്ണാമ്പു ഘനനവും കണ്ടു. ചിലഭാഗങ്ങളില്‍ മലകള്‍ തുരന്നുണ്ടാക്കിയ മനോഹരമായ രണ്ടുവരിപ്പാതകള്‍ (അങ്ങോട്ടുമിങ്ങോട്ടും) നെടുനീളെ കിടക്കുന്നു. വൈകുന്നേരം അഞ്ചുമണിവരെ അവരുടെ ഫാക്ടറിയില്‍ ചിലവഴിച്ചു ഞങ്ങളെല്ലാം എട്ടരമണിയോടെ തിരിച്ചു ലാസ്‌ വെഗാസില്‍ എത്തി. അന്നും ഒരുപാട്‌ ക്ഷീണിതനായതിനാല്‍ ഭക്ഷണവും കഴിച്ചു കിടന്നുറങ്ങി. അടുത്തദിവസം ലാസ്‌ വെഗാസ്‌ ടൌണില്‍ തന്നെയുള്ള അവരുടെ ഓഫീസ്‌ സന്ദര്‍ശനം ആയിരുന്നു. അതെല്ലാം കഴിഞ്ഞപ്പോള്‍ വീണ്ടും വൈകീട്ട്‌ അഞ്ചുമണി. തിരികെ ഹൊട്ടലില്‍ കൊണ്ടുവന്നുവിട്ടു.

ഇതിനിടെ ഹോട്ടലില്‍ പാര്‍ക്കു ചെയ്‌തിരുന്ന ടാക്‌സികളില്‍ ഒരു അമ്മൂമ്മ ഞാനുമായി വളരെ സൌഹൃധത്തിലായി. അവര്‍ അവിടെ ഒരുപാട്‌ നാളുകളായി ടാക്‌സി ഓടിച്ചുജീവിക്കുകയാണെന്നും രണ്ടു പെണ്മക്കളാണുള്ളതെന്നും, ഇരുവരുടെയും കല്യാണവും അവര്‍ക്കൊക്കെ കുട്ടികളും ആയെന്നും പറഞ്ഞു. മൂത്തമരുമകന്‌ ഏതോ ബാങ്കിലെ ജോലിയില്‍ വര്‍ഷത്തില്‍ യെന്‍പതിനായിരം ഡോളര്‍ കിട്ടുമായിരുന്നെന്നും എന്നാല്‍ കഴിഞ്ഞവര്‍ഷം അമേരിക്കയിലുണ്ടായ സാമ്പത്തികമാന്ദ്യത്തില്‍ അയാളുടെ ജോലി നഷ്ട്‌ടമായെന്നും, ഇപ്പോള്‍ അവരെല്ലാം പെടാപ്പാട്‌പെട്ടാണ്‌ ജീവിക്കുന്നതെന്നും പറഞ്ഞു. ടാക്‌സി ഓടിച്ചും, സന്ദര്‍ശകരെ ഓരോ സ്ഥലങ്ങളിലേക്ക്‌ (ഉദാഹരണം: ബ്യൂട്ടി പാര്‍ലര്‍, മസ്സാജ്‌ സെന്റര്‍, നൈറ്റ്‌ ക്ലബ്ബുകള്‍) കൂട്ടിക്കൊണ്ടാക്കുമ്പോള്‍ ആ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ ടാക്‌സിക്കാര്‍ക്ക്‌ കൊടുക്കുന്ന പ്രത്യേക ടിപ്പുകളുമൊക്കെയായി ദിവസം ശരാശരി നൂറുനൂറ്റമ്പതു ഡോളര്‍ ഉണ്ടാക്കുമെന്നും പറഞ്ഞു. അവര്‍ അവിടെ വളരെ തഴക്കവും പഴക്കവും ഉള്ള െ്രെഡവര്‍ ആണെന്നും, എന്നെയും മേല്‍പ്പറഞ്ഞ സ്ഥലങ്ങള്‍ ഒക്കെ കൊണ്ട്‌ കാണിക്കാമെന്നും പറഞ്ഞു സമ്മതിപ്പിച്ചു. അവര്‍ക്ക്‌ ഏതാണ്ട്‌ അറുപത്തനജ്‌ വയസ്സായത്രേ.

അങ്ങിനെ അവര്‍ എന്നെ ആറു മണിക്ക്‌ വന്നു കറങ്ങാന്‍ കൊണ്ടുപോയി. ആദ്യം കൊണ്ടുപോയത്‌ ബ്യൂട്ടി പാര്‍ലറില്‍ ആയിരുന്നു. മാനിക്യുയര്‍, പെടിക്യുയര്‍ തുടങ്ങി എന്തൊക്കെയോ അവര്‍ ചെയ്‌തുതരുമെന്ന്‌ പറഞ്ഞു. വിയറ്റ്‌നാം സ്‌ത്രീകള്‍ ആണ്‌ അതൊക്കെ ചെയ്യുന്നത്‌. ഞാന്‍ അതൊക്കെ പിന്നീടാകാമെന്നുപറഞ്ഞു. പിന്നീട്‌ അവര്‍ ഒരു മസ്സാജ്‌ സെന്റര്‍ കൊണ്ടുപോയി കാണിച്ചു. അവിടെയും വിയറ്റ്‌നാം, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള സ്‌ത്രീകള്‍ ആണ്‌. അതും പിന്നീടാവാമെന്നു ഞാന്‍ പറഞ്ഞു. അപ്പോഴേക്കും ഡിന്നറിനുള്ള സമയം ആയി. അവര്‍ എന്നെ ഒരു നല്ല ഇന്ത്യന്‍ റെസ്‌ടോറന്റില്‍ കൊണ്ടുചെന്നാക്കി. അവര്‍ പറഞ്ഞപോലെ ഇന്ത്യയിലെ പല പ്രസിദ്ധരായ ബോളിവുഡ്‌, കോളിവുഡ്‌ നടീനടന്മാര്‍ ചെന്നു ഭക്ഷണം കഴിച്ചതിന്റെ ഫോട്ടോകള്‍ ചുമരില്‍ അലങ്കരിച്ചു സൂക്ഷിച്ചിട്ടുണ്ട്‌; ഒപ്പം അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമയോടൊത്തും അതിന്റെ ഉടമസ്ഥന്‍ നില്‍ക്കുന്ന ഫോട്ടോയും കണ്ടു. ഭക്ഷണവും ഉഗ്രന്‍ തന്നെയായിരുന്നു. കുറെ ദിവസങ്ങള്‍ ആയിയല്ലോ ഇന്ത്യന്‍ ഭക്ഷണം കഴിച്ചിട്ടും! അപ്പോഴേക്കും ആ ടാക്‌സി െ്രെഡവറും എങ്ങോപോയി അവരുടെ ഭക്ഷണം കഴിച്ചുതിരിച്ചെത്തി.

`ഇനി എങ്ങോട്ട്‌' യെന്ന ചോദ്യരൂപേണയുള്ള എന്റെ നോട്ടത്തിന്‌ ആ അമ്മൂമ്മ പറഞ്ഞു ഏതായാലും, ലാസ്‌ വെഗാസില്‍ കാണേണ്ടതെല്ലാം അവര്‍ കാണിച്ചു; എന്നാല്‍ ഒന്ന്‌ രണ്ടു പ്രധാന സ്ഥലങ്ങള്‍ കൂടെ കണ്ടാലേ ആ ദൌത്യം പൂര്‍ണമാവൂഎന്ന്‌. അതിനെ `നൈറ്റ്‌ ലൈഫ്‌' എന്നാണ്‌ ഓമനപ്പേരില്‍ വിളിക്കുന്നതെന്നും അവര്‍ പറഞ്ഞു. അതെന്താണെന്ന ചോദ്യത്തിന്‌ അവര്‍ പറഞ്ഞു: `കാറില്‍ കയറൂ.... ഒന്നുകൊണ്ടും പേടിക്കെണ്ട'യെന്ന്‌.

അവര്‍ എന്നെ `സിംഫണി' എന്ന നൈറ്റ്‌ ക്ലബ്ബിലേക്കാണ്‌ കൊണ്ടുപോയത്‌. അവിടെ പാര്‍ക്കിംഗ്‌ ലോട്ടില്‍ തന്നെ ഭയങ്കര തിരക്ക്‌. ഒരുപാടാളുകള്‍ ആണ്‍പെണ്‍ ബേധമെന്യെ, ഒറ്റക്കും കൂട്ടമായും ആളുകളുടെ പ്രഹളം തന്നെയായിരുന്നു അങ്ങോട്ട്‌. പ്രധാനകവാടത്തില്‍ വെച്ചുതന്നെ `ഫോട്ടോഐഡി' വേണമെന്ന്‌ പറഞ്ഞു. ആജാനബാഹുക്കളായ കുറച്ചു തടിമാടന്മാര്‍ ആണ്‌ അതൊക്കെ നിയന്ത്രിക്കുന്നത്‌. അങ്ങോട്ട്‌കയറാന്‍ `ഡ്രസ്സ്‌കോഡ്‌' ഒക്കെയുണ്ട്‌. അങ്ങത്വ ഫീ മാത്രം നാല്‍പ്പതു ഡോളര്‍. ഉള്ളില്‍ ചെന്നപ്പോള്‍ അവിടെ നടുക്ക്‌ ഒരു സ്‌റ്റേജ്‌. അതില്‍ ഒരു നര്‍ത്തകി ഏതാണ്ട്‌ അര്‍ദ്ധനഗ്‌നയായി, ഒരു പോളില്‍ പിടിച്ചു നൃത്തം ചെയ്യുന്നു. അതിനെ `പോള്‍ടാന്‍സ്‌' എന്നാണ്‌ പറയുന്നതത്രെ. പ്രത്യേക പരിശീലനമൊക്കെ വേണംപോലും ആ ഡാന്‍സ്‌ ചെയ്യാന്‍. ആ സ്‌റ്റേജില്‍ അങ്ങിനെ ഓരോ ഇംഗ്ലീഷ്‌ ഗാനത്തിനൊത്ത്‌ ഓരോ നര്‍ത്തകിമാര്‍ മാറിമാറി വന്നു നൃത്തം ചെയ്യും. ഒരാള്‍ നൃത്തം ചെയ്യുമ്പോള്‍ മറ്റുള്ള നര്‍ത്തകിമാര്‍ അവിടെ കാണാന്‍ വന്നിട്ടുള്ളവരെ ചാക്കിട്ടുപിടിച്ചു, സമ്മതം നല്‍കിയവര്‍ക്കുമുന്നില്‍, അവര്‍ക്ക്‌ മാത്രമായി ഇരുപതു ഡോളര്‍ ഫീസില്‍ ഡാന്‍സ്‌ ചെയ്‌തു കൊടുക്കുന്നു. പിന്നെ മദ്യപിക്കേണ്ടവര്‍ക്ക്‌ അവിടെ ബിയര്‍ മാത്രം ലഭിക്കുന്ന ഒരു ബാര്‍ ഉണ്ട്‌. മറ്റു മദ്യങ്ങളൊന്നും അവിടെ വില്‍പ്പനയില്ല. ഇതൊക്കെ അല്‍പ്പനേരം കണ്ടപ്പോഴേക്കും സമയം രാത്രി പതിനൊന്ന്‌ മുപ്പതു ആയിരുന്നു.

ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ ആ അമ്മൂമ്മ എന്നെയും കാത്തു പുറത്തേക്കുള്ള കവാടത്തില്‍ തന്നെ കാത്തുനിന്നിരുന്നു. എങ്ങിനെയുണ്ടായിരുന്നെന്ന ചോദ്യത്തിന്‌ `തരക്കേടില്ലെന്ന്‌' പറഞ്ഞു അവരെ സന്തോഷിപ്പിച്ചു. അവര്‍ക്ക്‌ സ്‌പെഷ്യല്‍ ടിപ്പ്‌ ആണല്ലോ പ്രധാനം; അങ്ങിനെതന്നെ ആവട്ടെയെന്നു ഞാനും കരുതി..

ഇനിയൊരു സ്ഥലം കൂടെ മാത്രം കാണാനുണ്ടെന്നും പറഞ്ഞു അവര്‍ `ഡൗണ്‍ടൌണിലേക്ക്‌' എന്നെയും കൊണ്ട്‌ യാത്രയായി. അവിടെ `പാമോ ലിമോ' എന്ന ഒരു പ്രത്യേക നൈറ്റ്‌ക്‌ളബ്ബിലെക്കാണവര്‍ കൊണ്ട്‌ ചെന്നാക്കിയത്‌. അവിടെയും സ്ഥിതി മറ്റൊന്നായിരുന്നില്ലാ. പക്ഷെ `സിംഫണി'യിലെ പ്പോലെ അത്ര ജനത്തിരക്കില്ലായിരുന്നു. അവിടെയും പ്രവേശന ഫീസും ഡ്രസ്സ്‌കോഡും ഒക്കെ അതേപോലെ. ഇവിടെ വ്യത്യാസമുള്ളത്‌ ഏതുതരം മദ്യവും ലഭ്യമാണ്‌ എന്നതാണ്‌. പിന്നെ നര്‍ത്തകികള്‍ അവരുടെ ടാന്‍സ്‌ അവസാനിക്കുംമുമ്പ്‌ പൂര്‍ണ നഗ്‌നരാവണമത്രേ. അതും കാണാന്‍ സമൂഹത്തിലെ വലിയ കാശുകാരെന്നു തോന്നിപ്പിക്കുന്ന പ്രൌഡപ്രമാണികളായ സ്‌ത്രീകളും പുരുഷന്മാരും സന്നിഹിതരായിരുന്നു! കുറെപേര്‍, സിനിമയില്‍ കാണുന്നതുപോലെ ഒരുപാട്‌ ഡോളറുകള്‍ ആ നര്‍ത്തകികള്‍ കളിക്കുന്ന സ്‌റ്റേജില്‍ വാരിവിതറി. അതെല്ലാം അപ്പഴപ്പോള്‍ സ്‌റ്റേജില്‍ കളിക്കുന്ന നര്‍ത്തകിക്കുള്ളതാണ്‌. അവരുടെ നൃത്തം കഴിഞ്ഞയുടനെ ഒരു ബക്കറ്റുമായവര്‍ വന്ന്‌ എല്ലാ ഡോളറുകളും അതില്‍ വാരി നിറച്ചു പോകും. പരിപൂര്‍ണ നഗ്‌നതകൊണ്ട്‌ അവര്‍ കാണിച്ചുകൂട്ടാത്ത ആഭാസങ്ങള്‍ ഇല്ലതന്നെ! ഇതൊക്കെ കാണാനും ആഹ്ലാദിക്കാനും സ്‌ത്രീജനങ്ങള്‍ തന്നെ കാഴ്‌ചാക്കാരായിട്ടുണ്ട്‌ എന്നത്‌ എന്നെ അദ്‌ഭുതപ്പെടുത്തി! ചില സ്‌ത്രീകള്‍ അവിടെ ഇരുന്നു പറയുന്നത്‌ കേട്ടു, `ഇതവരുടെ ജോലി' അല്ലെ; നമ്മള്‍ അവരെ പ്രോത്സാഹിപ്പിക്കുക അല്ലെ വേണ്ടത്‌ എന്ന്‌ അവരോടൊപ്പം വന്നവരോട്‌. ക്ലബ്ബ്‌ രാവിലെ നാലു മണിവരെ പ്രവര്‍ത്തിക്കുമത്രേ. പന്ത്രണ്ടര മണിയോടെ ഞാനും ആ ക്ലബ്ബില്‍ നിന്നും വിടവാങ്ങി. യിവിടെ നാം ഒന്നു മനസ്സിലാക്കേണ്ടത്‌ അമേരിക്കക്കാര്‍ ഓരോ വ്യക്തിയും (ആണാകട്ടെ, പെണ്ണാകട്ടെ) ചെയ്യുന്ന ജോലിയെ അതിന്റെ രീതിയില്‍ ബഹുമാനിക്കുന്നുയെന്നതാണ്‌. മാത്രവുമല്ലാ വ്യക്തികത അവകാശങ്ങള്‍ക്ക്‌ അവിടെയാണല്ലോ ലോകത്തില്‍വെച്ചേറ്റവും സംരക്ഷണവും ബഹുമാനവും കല്‍പ്പിക്കുന്നതും. നമ്മുടെനാട്ടിലാണെങ്കില്‍ ഇത്തരം ക്ലബ്ബുകള്‍ സ്‌ത്രീകള്‍ തനിച്ചായും കൂട്ടമായും, ദമ്പതികളും ഒക്കെ സന്ദര്‍ശിക്കുന്നത്‌ ഏറ്റവും വിരളമല്ലേ?

നാളെ ഉച്ചതിരിഞ്ഞ്‌ ലാസ്‌ വെഗാസില്‍ നിന്നും മടക്കയാത്രയാണ്‌, ഹൂസ്‌റണിലേക്ക്‌. ആ അമ്മൂമ്മ നാളെ രാവിലെ എങ്ങോട്ടെങ്കിലും പോവാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ വിളിക്കണമെന്നും പറഞ്ഞ്‌ എന്നെ `ടസ്‌ക്കനി' ഹോട്ടലില്‍ കൊണ്ടുവിട്ടു.

പിറ്റേന്ന്‌ ഞാന്‍ അവിടെ സന്ദര്‍ശിച്ച ആ കമ്പനിയില്‍ അവിടത്തെ സി.ഇ.ഓ പട്ടണത്തില്‍ വന്നിട്ടുള്ളതിനാല്‍ എന്നെ അവിടേക്ക്‌ കൊണ്ടുപോയി; ഉച്ചവരെ അവിടെ ചിലവഴിക്കേണ്ടി വന്നു. അവരുടെവക ലഞ്ചും കഴിച്ചു, പിന്നെയും വിമാന യാത്രക്ക്‌ സമയം ഉള്ളതിനാല്‍ അവര്‍ എന്നെ അവിടെനിന്നും ഏകദേശം ഇരുപത്തഞ്ചു മൈല്‍സ്‌ ദൂരത്തുള്ള `ഹൂവര്‍ ഡാം' കൊണ്ട്‌ കാണിച്ചു.

`ഹൂവര്‍ ഡാം' കാണേണ്ടത്‌ തന്നെയാണ്‌. ആ ഭാഗത്തെ ജലആവശ്യങ്ങള്‍ക്കു യീ ഡാമാണത്രെ പ്രധാന ജല സ്രോതസ്സ്‌. മാത്രമല്ലാ, രണ്ടു സംസ്ഥാനങ്ങളെ വേര്‍തിരിക്കുന്ന ഒരു ഡാം കൂടെയാണത്‌ അരിസോണയെയും നിവാടയെയും. അതിനാല്‍ ഡാമിലെ പാലത്തിന്റെ അപ്പുറത്തും ഇപ്പുറത്തും ഉള്ള വലിയ സ്‌തംപങ്ങളില്‍ ഒരു മണിക്കൂര്‍ വ്യത്യാസത്തിലുള്ള സമയം ആണ്‌ കാണുക. ഇതൊരു രസമുള്ള കാഴ്‌ച്ചതന്നെയാണ്‌. ആളുകളെ ചിന്താകുഴപ്പത്തില്‍ ആക്കാന്‍ ഇതു ധാരാളമല്ലേ? ഒരേ സ്ഥലത്ത്‌ രണ്ടു സമയങ്ങള്‍! സമയം അതികമില്ലാത്തതിനാല്‍, കുറച്ചൊക്കെ അവിടെ നടന്നുകണ്ട്‌ തിരിച്ചു എയര്‍പ്പോര്‍ട്ടിലേക്ക്‌ യാത്രയായി. വാസ്‌തവത്തില്‍ അവിടെ കാണാനും ആസ്വതിക്കാനും വേറെ കുറെ യുണ്ട്‌; അവിടെ ഒരു വഴിയിലൂടെ താഴേക്കിറങ്ങിയാല്‍ വ്യ്‌ധുതി ഉല്‍പ്പാതിപ്പിക്കുന്ന ടര്‍ബൈനിന്റെ അടിവശം കാണാന്‍പറ്റുമെന്ന്‌ എന്റെകൂടെ വന്ന ആ കമ്പനി പ്രതിനിതി പറഞ്ഞു. അതിനു ടിക്കറ്റ്‌ എടുക്കണം; കുറച്ചു സമയം ചിലവഴിക്കയും വേണ്ടിവരും.

എന്തായാലും ഇത്തവണ ലാസ്‌ വെഗാസ്‌ മുഴുവനും കാണാനൊത്തു. കൂടാതെ കാണാതിരുന്ന മറ്റു ചിലതും. ആ സന്തോഷത്തോടെ ഇനി ഹൂസ്റ്റനിലേക്ക്‌ ......
ഇത്തവണത്തെ അമേരിക്കന്‍ യാത്രയില്‍ നിന്ന്‌ ചിലത്‌
Join WhatsApp News
Perumathura Ourangaseeb 2014-04-17 05:59:26
very interesting Travel story..waiting for more...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക