Image

കൊഴിഞ്ഞു വീഴുന്ന നറുമലരുകള്‍ (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 11 April, 2014
കൊഴിഞ്ഞു വീഴുന്ന നറുമലരുകള്‍ (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
(ഈ അടുത്ത കാലത്ത്‌ നമ്മുടെ നാലോളം ഇളം യുവത്വങ്ങള്‍ തിരോധാനത്തിലൂടെയും അപമൃത്യുവിലൂടെയും നഷ്ടപ്പെട്ടതിന്റെ വേദനയിലൂടെ... ഒരമ്മയുടെ കണ്ണുനീര്‍പ്പുഴ)

പറന്നുയര്‍ന്നീടാനായ്‌ കുതിയ്‌ക്കുമ്പൊഴേയ്‌ക്കയ്യോ
ചിറകു കരിഞ്ഞതാ താഴേയ്‌ക്കു പതിയ്‌ക്കുന്നോ ?

കരയുവാന്‍ വിധിയാര്‍ന്ന ബന്ധുമിത്രാദികള്‍
നിറയും മിഴികളാല്‍ വിധിയെ പഴിക്കുന്നു,

ചെറുപ്രായത്തില്‍ത്തന്നെ ദുഃഖാഗ്നി താണ്ടുവാന്‍
കുരുന്നുകള്‍ക്കെന്തിനീ വിധിയേകിയീശ്വരാ?

അറിവും വെളിച്ചവും വാരവിതറീടുവാന്‍
അറിവിന്‍ കവാടങ്ങള്‍ പൂകിയൊരാ തനൂജര്‍,

അറിവിന്റെ പൂജ്യത്തെ പുഛിച്ചു തള്ളിയതോ?
നിറമുള്ള സ്വപ്‌നങ്ങള്‍ കാറ്റില്‍ പറത്തിയതോ?

പ്രവീണ്‍, ജോ ജോസ്‌, റെനി, ജാസ്‌മിന്‍, സ്റ്റാന്‍ലി തൊട്ടെത്ര
യുവതളിമങ്ങളാണീനാളില്‍ കൊഴിഞ്ഞതോ !

സ്വയമേ തകര്‍ത്തതോ മറ്റാരോ ഹനിച്ചതോ
നെടുവീര്‍പ്പുമായ്‌ നാള്‍കള്‍ നീക്കുന്നു ജനിതാക്കള്‍

അമ്മ വിതുമ്പുന്നു, പതം പറഞ്ഞു കേഴുന്നു
`നിത്യദുഃഖത്തിലെന്നെയാഴ്‌ത്താനോയെന്നോമലേ,

എന്തിനെന്നുദരത്തില്‍ പിറന്നതെന്‍ പൈതലേ
വെന്തുനീറ്റുവതിനോ, ചിന്തിച്ചു തളര്‍ത്താനോ?

ആരേയുമസൂയാലുവാക്കുംനിന്‍ ലാവണ്യത്തിന്‍
ആരാമപ്രതുഷ്ടിയില്‍ ദുര്‍വിധി യാവാഹിച്ചോ?

** ** ** **

അമ്മതന്‍ മൂലപ്പാലിന്‍ മാധുര്യക്കുറവാണോ
ഇമ്മട്ടിലീ ദുരന്ത സാഗരത്തിലാഴ്‌ത്തുവാന്‍?

അമ്മിഞ്ഞപ്പാല്‍ നുണഞ്ഞു അമ്മതന്‍ കണ്ണില്‍ നോക്കെ
അത്തളിര്‍മേനി യമ്മ യടര്‍ത്തി മാറ്റിയതോ?

ചേലത്തുമ്പത്തു വലിച്ചമ്മേ പോവല്ലേ യെന്ന്‌
ചോരിവായ്‌ പിളര്‍ത്തി നീ കേഴവേ, നേരംപോയി,

കൊഞ്ചിക്കാന്‍ നേരമില്ല, കൊഞ്ചല്‍ കൂടുന്നു കുറെ,
കെഞ്ചിനീ കരഞ്ഞതും, കണ്ണീരോടോര്‍പ്പൂ കുഞ്ഞേ !

എന്തുഞാന്‍ പിഴ ചെയ്‌തീ ദുഃഖാബ്ധി തുഴയുവാന്‍
എന്‍പാദം പിഴച്ചതോ പ്രാചിയെ തുടര്‍ന്നതോ?

പാരമ്പര്യം തുടരുന്നമ്മയെ മടുത്തിട്ടോ,
ചോറും നാടന്‍ കറിയും നാവിനു രുചിക്കാഞ്ഞോ?

നിന്നിഷ്ടം സാധിക്കാഞ്ഞു നിന്‍മുഖം കറുത്തപ്പോള്‍
കന്നത്തം കാട്ടാതെന്ന്‌്‌ ദേഷ്യത്തില്‍ ശാസിച്ചതോ?

മുത്തേ, ഞാന്‍ നിനക്കൊരു ശോഭന ഭാവിയേകാന്‍
സ്വത്തുനേടാനോടവേ, നിന്‍കാര്യം മറന്നുവോ?

ഓടിയതെന്തിനാണോ, എന്തു ഞാന്‍ നേടിയെന്നോ
നേട്ടങ്ങളെല്ലാമിന്നു പൂജ്യത്തിലൊടുങ്ങുന്നോ?

അമ്മതന്‍ വാത്സല്യം നീ ആവോളം രുചിക്കാഞ്ഞോ
അമ്മയെ തോല്‌പിക്കാനോ ക്ഷിപ്രം നീയകന്നുപോയ്‌?

വേണ്ടതു ചൊല്ലിത്തരാന്‍ സത്‌പഥം കാട്ടിത്തരാന്‍
വേണ്ടപോല്‍ സാധിച്ചുവോ? പശ്ചാത്തപിയ്‌ക്കുന്നമ്മ !

കുഞ്ഞിളം പൈതലിനെ വേണ്ടപോല്‍ വളര്‍ത്തിയോ,
കൈകള്‍ പിഴച്ചുപോയോ, കര്‍ത്തവ്യങ്ങള്‍ മറന്നോ?

ഒന്നുംനീ മൊഴിഞ്ഞില്ല, യാത്രചോദിച്ചുമില്ല,
എന്നുംനിന്‍ യാത്രാമൊഴി കാത്തുനീക്കുന്നു നാള്‍കള്‍ !

ഫോണിന്റെ മണിനാദം, വാതില്‍ക്കല്‍ പദസ്വനം
പ്രാണനില്‍ തുടിപ്പുയര്‍ത്തീടുന്ന നിമേഷങ്ങള്‍ !

നീറ്റുമീ സ്‌മരണകള്‍ ജീവാന്ത്യം വരെ പേറാന്‍
തോറ്റുനില്‍ക്കുന്നു ഞാനീ ഭൂവിലെ ജീവകാലം !

ജീവിക്കാന്‍ സാധിച്ചുവോ, ജീവിതം തീരുന്നല്ലോ,
ജീവിതസാഫല്യമിന്നാര്‍ന്നുവോ ശങ്കിക്കുന്നേന്‍!

നാട്ടാരും ബന്ധുമിത്രരൊക്കെ യാശ്വാസം ചൊല്ലൂ,
മാര്‍ത്തടം വിങ്ങും ദുഃഖം മായ്‌ക്കുവാനാര്‍ക്കുസാദ്ധ്യം?

അകാലത്തില്‍ക്കൊഴിഞ്ഞ
സുന്ദര സൂനങ്ങളേ,
അമ്മമാര്‍ക്കെല്ലാം നിങ്ങള്‍ ചിന്തനപാഠം നല്‍കൂ !

വേദാന്തത്തിന്‍ മയക്കുമരുന്നാല്‍ ശമിക്കുമോ
വേദനയാല്‍ ദഹിക്കുന്നെന്‍ ചിത്ത ജഠരാഗ്നി?

അന്യര്‍ക്കു ഭവിച്ചിടും ദുര്‍വിധി യാര്‍ക്കും പാരം
വന്നു ഭവിക്കാമെന്നു ചിന്തിച്ചു ജീവിക്ക നാം!.
കൊഴിഞ്ഞു വീഴുന്ന നറുമലരുകള്‍ (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
കൊഴിഞ്ഞു വീഴുന്ന നറുമലരുകള്‍ (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
Sudhir Panikkaveetil 2014-04-12 07:34:46
വളരെ ഹൃദയ സ്പർശിയായ കവിത. ഒരമ്മയുടെ      വികാരങ്ങളും നൊമ്പരങ്ങളും പകരുന്ന കവിത.
:ഒന്നും നീ മോഴിഞ്ഞ്ഞ്ഞില്ല, യാത്ര ചോധിച്ചുമില്ല
എന്നും നിന് യാത്രാമൊഴി കാത്തു നില്ക്ക്കുന്ന്നു നാൾകൾ"
vaayanakkaaran 2014-04-12 09:25:08
പത്രാധിപർ, ഈ ദ്യാരുണ സ്വംബ്ഭവങ്ങൾക്ക്  വീണ്ടും വീണ്ടും അമ്മമാരെ പഴിപറയുന്ന എഴുത്തുകൾ ഒഴിവാക്കുക. പ്രവീണിന്റെ അമ്മയുടെ കത്ത് താങ്കൾ വായിച്ചിട്ടുണ്ടാവുമെന്ന് കരുതുന്നു. ഈ കമന്റ് താങ്കൾ പ്രസിദ്ധീകരിക്കുകയില്ലായിരിക്കും, പക്ഷെ ഈ കാര്യം ശ്രദ്ധിക്കുമെന്ന് കരുതുന്നു.
vayanakaran 2014-04-12 14:09:10

ഈ കവിതയിൽ അമ്മമാരേ പഴി പറയുന്നില്ലല്ലോ?

another reader
Truth man 2014-04-12 14:39:18
Please do not blame their parents .Their heart already broken. Please be careful write something .Some parents are lucky ,that is not their hard work , with the grace of God .  Everybody like their children doing well. But some it happend .what we can do.
James Thomas 2014-04-13 09:56:57
അമേരിക്കയിൽ വായനകാരില്ലെന്നുള്ളത്  തിരുത്തണം. എഴുതിയതല്ല വായിക്കുന്നത്  എന്നാണു ശരി. ശ്രീമതി എല്സി യോഹന്നാൻ ഒന്നും ദോഷമായി എഴുതിട്ടില്ല. കുട്ടികളെ കുറിച്ചാണെന്ന് ശീർഷകം മാത്രം നോക്കി മനസ്സിലാകി അല്ലെങ്കിൽ
ആരെങ്കിലും പരഞ്ഞത് കേട്ട് കമന്റുകൾ എഴുതുന്നത്
ഖേദകരമാണ്. 
വിദ്യാധരൻ 2014-04-14 07:40:58
ഒരമ്മയുടെ വ്യഥ കവിയിത്രി വളരെ മനോഹരമായി ചിത്രീകരിക്കുന്നു. ഭാഷ, ഭാവം, താള വൃത്ത ലയങ്ങൾ എന്നിവകൊണ്ട് കവിത വേറിട്ട് നില്ക്കുന്നു. അമ്മയുടെ ശാപവാക്കുകളിൽ പോലും സ്നേഹത്തിൽ പൊതിഞ്ഞ തിരുത്തലുകൾ കാണാൻ കഴിയും. ഇത്തരം സന്ദർഭങ്ങളിൽ കുമാരനാശാനെപ്പോലെ താത്വികമായി ചിന്തിക്കാനെ കഴിയു "ചാരുത്ത്വം തികയും സുമങ്ങളെ വീഴ്ത്തുന്നു പൂവല്ലികൾ ചോരും മാതുരിയാർന്ന പക്വ നിരകളെ തളളുന്നു വൃക്ഷങ്ങളും പാരും കൈവിടുന്നു പുത്രരെയഹോ പാകാപ്തിയിൽ ദോഷമായി- തീരുന്നോ ഗുണം ഇങ്ങവറ്റ കഠിന ത്യാഗം പഠിപ്പിക്കുകയോ " (പ്രരോദനം ) വിദ്യാധരൻ
CID Moosa 2014-04-14 13:07:41
കക്കാൻ പഠിച്ചവൻ നിക്കാനും പഠിക്കണം അല്ലെങ്കിൽ പൂച്ച് പുറത്തു വരും. അനതർ റീഡർ എന്ന് അടിയിൽ എഴുതിയിട്ട് മുകളിൽ വായനക്കാരൻ അനതർ രീടരിന്റെ പരിഭാഷ മറ്റൊരു വായനക്കാരൻ എന്നാണു. അങ്ങനെ എഴുതിയില്ല എങ്കിൽ കുലുമാലിൽ ആകുന്നതു പാവം വായനക്കാരൻ എന്ന് പറഞ്ഞു സ്ഥിരം എഴുതുന്ന ആളായിരിക്കും. ഒരു കുറ്റവാളി നൂറു ശതമാനവും ശരി എന്ന് വിശ്വസിച്ചു കുറ്റം ചെയ്യുമ്പോൾ അതിൽ ഒരു ശതമാനമെങ്കിലും തെറ്റ് ചെയ്യിതിരിക്കും. കാരണം മനസിന്റെ വിഭ്രമമാണ്. ഞാൻ ഇതൊക്കെ ഇത്ര ഉറപ്പോടെ പറയുന്നെത് എന്ത് എന്ന് നിങ്ങൾ ധരിക്കുന്നുണ്ടായിരിക്കും? പേടിക്കണ്ട ഞാൻ ഇതിന്റെ ഔര് ഉസ്താതായിരുന്നു. ഇപ്പൂലാണ് സി ഐ ഡി ആയതു. കുറ്റം കൂടാതുള്ള നരന്മാർ കുറയും ഭുമിയിൽ എന്നാനെല്ലോ പ്രമാണം, അതുകൊണ്ട് ഇത്തവണ ക്ഷമിച്ചിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക