Image

വിഷു-ഈസ്റ്റര്‍ ചിന്തകള്‍ (വാസുദേവ്‌ പുളിക്കല്‍)

Published on 13 April, 2014
വിഷു-ഈസ്റ്റര്‍ ചിന്തകള്‍ (വാസുദേവ്‌ പുളിക്കല്‍)
വസന്താഗമനത്തെ സൂചിപ്പിച്ചുകൊണ്ട്‌ പൂക്കള്‍ വിരിഞ്ഞും നഗ്നമായ മരച്ചില്ലകളെ ഇലകള്‍ പൊതിഞ്ഞും മനോഹരമാക്കുന്ന ഏപ്രില്‍ ആഘോഷങ്ങളുടെ മാസമാണ്‌. വിഷുവും ഈസ്റ്ററും മലയാളികള്‍ സൗഹൃദത്തോടെ ആഘോഷിക്കുന്നു. ഈസ്റ്റര്‍ ക്രൈസ്‌തവരുടെ ആഘോഷമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും യേശുദേവന്റെ ഉയര്‍ത്തെഴുന്നേല്‍പിന്റെ പൊരുള്‍ അറിയുന്നവര്‍ക്ക്‌ ഈസ്റ്റര്‍ സമാന ചിന്തയോടെയുള്ള ആഘോഷത്തിന്റെ ദിവസമാണ്‌. രാത്രിയും പകലും സമമായി വരുന്ന വിഷുവും നല്‌കുന്നത്‌ സമാനതയുടെ സന്ദേശം തന്നെ.

പുത്തന്‍ പ്രതീക്ഷകളുമായി മലയാളികള്‍ ഹര്‍ഷപുളകിതരായി പുതുവത്സരത്തിലേക്ക്‌ കാലുകുത്തുന്ന ദിവസമാണ്‌ വിഷു. കേരളീയര്‍ മാത്രമല്ല ഈ ദിവസം ആഘോഷിക്കുന്നത്‌. ഭാരതീയര്‍ പല പേരുകളിലും ആചാരക്രമങ്ങളിലും ഈ ദിവസം ആഘോഷിക്കുന്നു. വിഷു പ്രവാസികള്‍ക്ക്‌ ?ഗൃഹാതുരത്വത്തിന്റെ നൊമ്പരങ്ങള്‍ നല്‌കുന്നുണ്ടാകും. എന്റെ കുട്ടിക്കാലത്ത്‌ അമ്മ ഉണ്ണിക്കണ്ണന്റെ ചിത്രവും കതിര്‌കുലകളും കാര്‍ഷികോല്‍പന്നങ്ങളും മറ്റ്‌ അനുസാരികളും വോട്ടുരുളിയില്‍ വച്ച്‌ കണി ഒരുക്കുന്നതും കണി കാണുന്നതും വിഷുക്കൈനീട്ടം വാങ്ങുന്നതും വിഷുപ്പുലരിയില്‍ വിഷുപ്പക്ഷികള്‍ പാടുന്നതും പ്രകൃതിയെ മനോഹരമാക്കുന്ന പച്ച വിരിച്ച പാടങ്ങളും വയലോരങ്ങളിലേക്ക്‌ തല ചായ്‌ച്ചു നില്‌കുന്ന കേരനിരകളും മറ്റും ഓര്‍മ്മകളിലൂടെ കടന്നു പോകുമ്പോള്‍ ഗൃഹാതുരത്വത്തിന്റെ കൊച്ചുകൊച്ചു നൊമ്പരങ്ങളുണ്ടാകും. ഇപ്പോള്‍ പച്ചവിരിച്ച പാടങ്ങളില്ല, കേരനിരകളില്ല, പക്ഷികള്‍ക്കിരിക്കാന്‍ മരച്ചില്ലകളില്ല. വിഷുപ്പക്ഷികള്‍ എവിടെയോ പറന്നുപോയി. പ്രഭാതത്തിന്‌ സൗന്ദര്യമില്ല. പ്രഭാതം പൊട്ടിവിരിയുമ്പോള്‍ മനസ്സിന്‌ കുളിര്‍മ്മ നല്‌കുന്ന കിളികളുടെ കൂജനത്തിനു പകരം കേള്‍ക്കുന്നത്‌ ചീറിപ്പായുന്ന വാഹനങ്ങളുടെ അരോചകമായ ശബ്ദമാണ്‌. വിഷുക്കണി അലങ്കരിക്കാന്‍ ഉണ്ണിക്കണ്ണന്റെ സാന്നിദ്ധ്യമുണ്ടെന്ന്‌ വിശ്വസിത്തുന്ന കൊന്നപ്പൂക്കല്‍ നല്‍കാന്‍ കൊന്നമരങ്ങളില്ല. എല്ലാം പുറം നാടുകളില്‍ നിന്നും വരണം. വിഷുക്കണി പോലും മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്ന കാലം. ജീവിതത്തില്‍ കൃതൃമത്വം സ്ഥാനം പിടിച്ചതോടെ ജീവിതത്തിന്റെ സരളതയും നൈര്‍മ്മല്യവും അസ്‌തമിച്ചു. രാഷ്ട്രീയക്കാരാണെങ്കില്‍ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ വിഷു രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു. യാന്ത്രികമായ ജീവിതത്തില്‍ പഴമക്കാര്‍ പകര്‌ന്നു തന്ന വിഷു ആഘോഷത്തിന്റെ തനിമ നഷ്ടപ്പെട്ടിരിക്കുന്നു. നമ്മുടെ പാരമ്പര്യത്തേയും സംസക്കാരത്തേയും മാനിച്ചുകൊണ്ട്‌ ഇപ്പോള്‍ വിഷു ആഘോഷിക്കുന്നത്‌ മറുനാടന്‍ മലയാളികളാണ്‌ എന്ന്‌ നമുക്ക്‌ അഭിമാനിക്കാം.ഇക്കാര്യത്തില്‍ നമ്മള്‍ ഇവിടത്തെ സംഘടനകളോട്‌ കടപ്പെട്ടിരിക്കുന്നു.

വിഷുപ്പുലരിയില്‍ കണി കണാന്‍ കണ്ണു തുറക്കുമ്പോള്‍ ഒരു പുതിയ ഉണര്‍വ്വും ഉന്മേഷവുമാണ്‌. ജാതിമതഭേദമന്യേ എല്ലാവരും വിഷു ആഘോഷിക്കുമ്പോള്‍ വിഷുക്കണി മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായിത്തീരുന്നു. വിഷുക്കണി പരത്തുന്ന പ്രകാശം മതാന്ധന്മാരുടെ അന്ധത നീക്കാന്‍ പോന്നതാണ്‌. കണ്ണു തുറന്ന്‌ നിലവിളക്കിന്റെ പ്രകാശത്തില്‍ ജ്വലിക്കുന്ന വിഷുക്കണിയിലേക്ക്‌ നോക്കുമ്പോള്‍ ഇരുട്ടില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌, അജ്ഞാനത്തില്‍ നിന്ന്‌ വിജ്ഞാനത്തിലേക്ക്‌ കടക്കുന്നത്‌ പ്രതീതമാകണം. കണ്ണടച്ചുകൊണ്ട്‌ അടിവച്ചടിവച്ചു വരുന്നത്‌ ഒരു ലക്ഷ്യത്തിലേക്കാണ്‌ - വിഷുക്കണി എന്ന ലക്ഷ്യത്തിലേക്ക്‌. ഇടക്ക്‌ കണ്ണൂ തുറന്നാല്‍ വിഷുക്കണി കാണാന്‍ കഴിയുകയില്ല. വിഷു ദിവസം ആദ്യം കാണേണ്ടത്‌ വിഷുക്കണിയാണ്‌ എന്ന ലക്ഷ്യം സഫലീകൃതമാവുകയില്ല. കണ്ണടക്കുന്നത്‌ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും പ്രതീകമാകണം. ഐശ്വര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കണം. പുരോഗതിയായിരിക്കണം ജീവിത ലക്ഷ്യം. വിഷുക്കണി എന്ന ലക്ഷ്യത്തില്‍ എത്തുന്നതു വരെ കണ്ണൂ തുറക്കരുത്‌ എന്ന്‌ പറയുന്നതു പോലെ നമ്മള്‍ ജീവിതലക്ഷ്യം സാക്ഷാത്‌ക്കരിക്കുന്നതുവരെ തളരാതെ നിരന്തരം പ്രയത്‌നിച്ചു കൊണ്ടേയിരിക്കണം.

കണ്ണു തുറന്ന്‌ വിഷുക്കണിയില്‍ വെളിച്ചം കാണുന്നതു പോലെ വേണം നമ്മള്‍ യേശുദേവന്റെ ഉയര്‍ത്തെഴുന്നേല്‌പിനെ കാണാന്‍. മനുഷ്യചരിത്രത്തില്‍ അവിസ്‌മരണീയമായ നിരവധി ദുഃഖസന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. മനുഷ്യമനസ്സിന്‌ താങ്ങാനാവാത്ത ഒരു ദുഃഖസന്ദര്‍ഭമാണ്‌ യേശുദേവനെ മുള്‍മുടി ചാര്‍ത്തി കുരിശിലേറ്റിയത്‌. ആ ദുഃഖം അവസാനിച്ചതെവിടെ. ലോകജനതയുടെ സമാശ്വാസത്തിലല്ലേ. പ്രത്യാശയുടെ കിരണങ്ങള്‍ ചൊരിഞ്ഞു കൊണ്ട്‌ യേശുദേവന്‍ ഉയര്‍ത്തെഴുന്നേറ്റു. മരണമാണ്‌ മനുഷ്യരെ ഏറ്റവുമധികം ഭയപ്പെടുത്തുന്നത്‌. യേശുദേവന്റെ ഉയര്‍ത്തെഴുന്നേല്‌പില്‍ ഒരു സത്യമുണ്ട്‌. മരണത്തിന്‌ യേശുദേവനെ കല്ലറയില്‍ പൂട്ടിയിടാന്‍ കഴിഞ്ഞില്ല. യേശുദേവന്‍ ഉയര്‍ത്തെഴുന്നേറ്റു. ഇതിനു മുമ്പും ഉയര്‍ത്തെഴുന്നേല്‍പ്‌ ഉണ്ടായിട്ടുണ്ട്‌. പക്ഷെ അവരെല്ലാം പിന്നീട്‌ മരിച്ചു. എന്നാല്‍ യേശുദേവന്‍ ഉയര്‍ത്തെഴുന്നേറ്റ്‌ സര്‍വ്വേശ്വരനോട്‌ ചേരുകയാണ്‌ ചെയ്‌തത്‌. അതു തന്നെയാണ്‌ യേശുദേവന്റെ ഉയര്‍ത്തെഴുന്നേല്‌പിന്റെ സവിശേഷത. അതുപോലെ, യേശുദേവനില്‍ വിശ്വസിക്കുന്നവനും ശവകുടീരത്തില്‍ അടിഞ്ഞു പോവുകയില്ല എന്ന്‌ പ്രതീക്ഷ. അതുകൊണ്ട്‌ കല്ലറയില്‍ നിന്ന്‌ പുറത്തു വന്ന യേശുദേവന്റെ അഭ്യൂന്നതിയേക്കാള്‍ ഉപരിയായി ഈസ്റ്റര്‍ പറയുന്നത്‌ പ്രതീക്ഷയുടെ കഥയാണ്‌. അതുകൊണ്ടാണ്‌ അത്‌ സ്വീകാര്യമാക്കുന്നതും.സഹനത്തിന്റെ ഉറവിടമായിക്കൊണ്ട്‌ യേശുദേവന്‍ സ്‌നേഹവും ദയയും അനുകമ്പയും ചൊരിഞ്ഞ്‌ ലോകജനതയെ സമാശ്വസിപ്പിച്ചു. അവതാരങ്ങള്‍ പലവിധത്തിലാണ്‌ അധര്‍മ്മത്തിനെതിരെ നീങ്ങുന്നത്‌. അധര്‍മ്മത്തെ ധര്‍മ്മത്തിന്റെ മുഖം മൂടികൊണ്ടലങ്കരിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും അധര്‍മ്മത്തെ വളര്‍ത്തിക്കൊണ്ടിരുന്നപ്പോള്‍ അധര്‍മ്മത്തിനെതിരെ നിന്ന്‌ ധര്‍മ്മസ്ഥാപനത്തിനായി ഭഗവാന്‍ കൃഷ്‌ണന്‍ വേണ്ടതെല്ലാം വേണ്ടതുപോലെ ചെയ്‌തു.

ഭക്തിയോടെ വിഷുക്കണിയിലെ ഇഷ്ടദേവതയുടെ മുന്നില്‍ നില്‌കുമ്പോള്‍ വരും കാലം സമ്പത്സമൃദ്ധമാകണമെന്ന പ്രതീക്ഷയും പ്രാര്‍ത്ഥനയുമാണ്‌. അഭയം പ്രാപിക്കുന്നവരെ സര്‍വ്വേശ്വരന്‍ കൈവെടിയുകയില്ല. നമ്മള്‍ വിശ്വാസമര്‍പ്പിക്കുന്നത്‌ യേശുവിലോ കൃഷ്‌ണനോ അല്ലെങ്കില്‍ മറ്റേതെങ്കിലും ദേവതമാരിലോ ആണെങ്കിലും അവര്‍ നമ്മുടെ മനസ്സും പ്രാര്‍ത്ഥനയും അറിയാതിരിക്കുകില്ല. അമ്പാടിയില്‍ മറ്റു ഗോപികാരെ പൊലെ ഉണ്ണികൃഷ്‌ണന്റെ കൂടെ ഒരിക്കലും ആടി പാടാന്‍ പോകാതെ വീട്ടിലിരുന്ന്‌ കൃഷ്‌ണനെ ഭജിച്ചികൊണ്ടിരുന്ന ഒരു ഗോപിക `കൃഷ്‌ണാ നീ എന്നെ അറിയുമോ' എന്ന സംശയത്തില്‍ കൃഷ്‌ണന്‍ മധുരക്ക്‌ പുറപ്പെട്ടപ്പോള്‍ യാത്രയയക്കാന്‍ ചെന്നില്ലെങ്കിലും കൃഷ്‌ണന്റെ രഥം ആ ഗോപികയുടെ വീട്ടുമുറ്റത്തു വന്നു നിന്നു.`ഗോപികേ നിന്നെ ഞാന്‍ അറിയുന്നു' എന്ന വാക്കുകള്‍ കൃഷ്‌ണന്റെ പുഞ്ചിരിയിലൂടെ ഉതിര്‍ന്നു വീണു (കവിത- സുഗതകുമാരി). നമ്മള്‍ ഇഷ്ടദേവതയെയാണ്‌ വിഷുക്കണിയില്‍ വച്ച്‌ ആരാധിക്കുന്നത്‌. സത്യസാക്ഷാത്‌ക്കാരത്തിലേക്ക്‌ നയിക്കുന്ന ഭക്തിയുടെ പ്രതീകം കൂടിയാണ്‌ വിഷുക്കണി.

ഏവര്‍ക്കും ഈസ്റ്റര്‍- വിഷു ആശംസകള്‍.

വിഷു-ഈസ്റ്റര്‍ ചിന്തകള്‍ (വാസുദേവ്‌ പുളിക്കല്‍)
Join WhatsApp News
Moncy kodumon 2014-04-13 10:06:01
Very nice article
vayanakaaran 2014-04-14 09:36:11
കണ്ണു തുറന്ന വിഷുക്കണിയിൽ വെളിച്ചം കാണുന്നത് പോലെ വേണം നമ്മൾ യേശുദെവന്റെ ഉയര്ത്തെഴുന്നെൽപ്പിനെ കാണാൻ.. ശ്രീ വാസുദേവ് എഴുതുന്നു മത പരിവർത്തനത്തിന്റെ ഒരു ഒത്താശ ഈ വരികളിലില്ലേ?
വിദ്യാധരൻ 2014-04-14 10:17:25
ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർ വെട്ടിയും കുത്തിയും മരിക്കുമ്പോൾ മത സൗഹാർധത്തിനു വേണ്ടി ഒരു ചെറുവിരൽ എങ്കിലും ഇളക്കാൻ കഴിഞ്ഞാൽ അത് ഈ ജീവിതത്തതിലെ പുണ്ണ്യം. വിഷുവിന്റെയും യേശു ദേവന്റെ ജീവിതത്തിന്റെയും മരണത്തിന്റെയും സ്ന്ധേഷങ്ങളിലെ സമാനതകളെ എടുത്തുകാട്ടി, ജനങ്ങളിൽ അവബോധം വളർത്തുന്നതിൽ ലേഖകൻ തികച്ചും ഈ ലേഖനത്തിലൂടെ ആ ദൌത്യം കൈവരിച്ചിരിക്കുന്നു. ഹിന്ദുവിനെയും മുസല്മാനെയും തന്റെ അയല്ക്കാരനെ പോലെ സ്നേഹിക്കാൻ കഴിയുമ്പോൾ ഇല്ല വിശ്വാസങ്ങളുടെയും ലക്ഷ്യം പൂർത്തികരിക്കപ്പെടുന്നു' "ഏകം സത് വിഭ്രാ ബഹുതാവതന്തി" ഒരു സത്യം മാത്രമേയുള്ളൂ മട്ടുല്ലെതെല്ലാം വ്യഖ്യാനങ്ങൾ മാത്രം.
Jacko Mattukalayil 2014-04-15 12:35:41
വാസ്തവത്തിൽ "ഒരു സത്യം മാത്രമേ ഉള്ളൂ" എന്നു പറയുന്നതു തന്നെ പലർക്കും സത്യം പലവിധത്തിൽ അനുഭവപ്പെടുന്നു - കാണുന്നു - തോന്നുന്നൂ എന്നതു കൊണ്ടല്ലേ? ഓരോ ദൈവ സാക്ഷികളും അവരുടെ ഏജന്റന്മാരും അവകാശപ്പെടുന്ന പോലെ സ്വന്തം ദൈവവും വിശ്വാസവും അവർക്കു സത്യമായിരിക്കുമ്പോൾ, അങ്ങനെ തോന്നാത്ത മറ്റു സാക്ഷികളും ഏജന്റന്മാരും നമ്മളെ വഴി തെറ്റിക്കുന്നതെങ്ങിനെ? അള്ളായും, കൃഷ്ണനും, യേശുവും, ബുദ്ധനും എല്ലാം സത്യം തന്നെ എന്നു അടിപിടിയും, തലവെട്ടും, കഴിഞ്ഞിട്ടോ, നടത്തിക്കൊണ്ടോ, മടുത്തിട്ടോ രക്ഷപെടാനുള്ള ഒരു മാർഗ്ഗമെന്നു കരുതി പറയുന്നതുമല്ലേ? വിശ്വാസികൾക്കു  സത്യമായ ദൈവം തന്നെ അവിശ്വാസികൾക്കു അങ്ങനെയല്ലല്ലോ?
വിദ്യാധരൻ 2014-04-15 12:59:00
അവിശ്വാസം എന്ന് പറയുന്നത് തന്നെ തീവ്രമായ സത്യാന്വേഷനത്തിന്റെ ഭാഗമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക