Image

മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തിയേക്കും

Published on 15 November, 2011
മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തിയേക്കും
സമരങ്ങള്‍ അവസാനിച്ചാല്‍ ഈ വാരം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് തീയേറ്ററുകളിലേക്കെത്തും. ഇരുവരുടെയും കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളാണ് റിലീസ് കാത്ത് നില്‍ക്കുന്നത്. മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരിയും, മോഹന്‍ലാലിന്റെ അറബിയും ഒട്ടകവും പി.മാധവന്‍ നായരും. നവംബര്‍ ആദ്യവാരം തന്നെ റിലീസ് പ്രഖ്യാപിച്ചിരുന്ന ഈ രണ്ട് ചിത്രങ്ങളും തീയേറ്റര്‍ ഉടമകളുടെ സമരത്തെ തുടര്‍ന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. മമ്മൂട്ടിയുടെയും ലാലിന്റെ ചിത്രങ്ങള്‍ നേര്‍ക്കു നേര്‍ തീയേറ്ററുകളിലെത്തിയിട്ട് ഒരുപാടു കാലമാകുന്നു. എന്നാല്‍ ഇത്തവണ കേരളത്തിലെ തീയേറ്ററുകളില്‍ ഉത്സവ പ്രതീതി സൃഷ്ടിക്കാന്‍ ഈ രണ്ട് സിനിമകളും ഒരുമിച്ച് റിലീസാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പേരുകൊണ്ടു തന്നെ ഏറെ ശ്രദ്ധ നേടിയ മോഹന്‍ലാല്‍ - പ്രീയന്‍ ചിത്രമാണ് ""അറബിയും ഒട്ടകവും പി.മാധവന്‍നായരും ഇന്‍ ഒരു മരുഭൂമി കഥ''. കോമഡി ത്രില്ലര്‍ എന്നാണ് പ്രീയദര്‍ശന്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. നീണ്ട എട്ടുവര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം മോഹന്‍ലാലും പ്രീയദര്‍ശനും ഒരുമിക്കുന്നു എന്നത് തന്നെയാണ് അറബിയും ഒട്ടകവും എന്ന ചിത്രത്തിന്റെ ഹൈലൈറ്റ്. കിളിച്ചുണ്ടന്‍മാമ്പഴത്തിനു ശേഷം പ്രീയനും ലാലും ഒന്നിക്കുമ്പോള്‍ പ്രീയന്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ മുകേഷും ഈ ചിത്രത്തിലുണ്ട്. ലാല്‍ - മുകേഷ് കോമ്പിനേഷന്‍ കോമഡികള്‍ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 1984ല്‍ പൂച്ചക്കൊരു മൂക്കുത്തിയില്‍ തുടങ്ങിയ പ്രീയന്‍ - ലാല്‍ കൂട്ടുകെട്ട് 2011ല്‍ എത്തുമ്പോള്‍ എങ്ങനെയാവും അനുഭവപ്പെടുക എന്നറിയാനുള്ള താത്പര്യമാണ് ഇപ്പോള്‍ പ്രേക്ഷകനില്‍ കൗതുകമായി നിറയുന്നത്.

എന്നും മലയാളിക്ക് ഹാസ്യത്തിന്റെ കൗതുകങ്ങള്‍ പകര്‍ന്നു നല്‍കിയവയായിരുന്നു പ്രീയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍. കിലുക്കവും, ചിത്രവും,താളവട്ടവും, വെള്ളാനകളുടെ നാടും, വന്ദനവും, മിഥുനവുമൊക്കെ മലയാളി എത്രയോ വട്ടം കണ്ടിരിക്കുന്നു. ശുദ്ധ ഹാസ്യത്തിന്റെ കഥകള്‍ പറഞ്ഞു തന്ന ഈ പരമ്പരകളിലേക്ക് പുതിയ ചേര്‍ക്കലായിരിക്കും അറിബിയും ഒട്ടകവും എന്നു തന്നെയാണ് പ്രതീക്ഷ.

എന്നാല്‍ ഈ പ്രീയദര്‍ശന്‍ ചിത്രവും ഒരു ഹോളിവുഡ് സിനിമയില്‍ നിന്നും പകര്‍ത്തിയതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പല പ്രീയദര്‍ശന്‍ ചിത്രങ്ങളും വിദേശ സിനിമകളില്‍ നിന്നും കടംകൊണ്ടിട്ടുള്ളതാണ് എന്നത് പ്രേക്ഷകര്‍ക്കും അറിവുള്ളതാണ്. എങ്കിലും കടംകൊള്ളലിനും അപ്പുറം ഒരു പ്രീയന്‍ടച്ചുണ്ടാകുക എന്നതാണ് പ്രേക്ഷകരെ ഇഷ്ടപ്പെടുത്തുന്നത്.

പുതിയ ചിത്രത്തെക്കുറിച്ച് അഭിമുഖങ്ങളിലൂടെ ചില മുന്‍കൂര്‍ ജാമ്യവും പ്രീയന്‍ സ്വീകരിക്കുന്നു. ഈ സിനിമയില്‍ ലോജിക്കുകള്‍ക്ക് വേണ്ടി പ്രേക്ഷകന്‍ പോകരുത് എന്നാണ് പ്രീയന്‍ പറയുന്നത്. ഇത് തികച്ചും കോമഡി ചിത്രമാണ്, ഹ്യൂമറിന് അപ്പുറമുള്ള യാതൊന്നും ചിത്രത്തില്‍ ഉദ്ദേശിച്ചിട്ടില്ല എന്നും പ്രീയന്‍ പറയുന്നു. മാത്രമല്ല മലയാള സിനിമയില്‍ ഇത് തന്റെ അവസാനത്തെ കോമഡി ചിത്രമായിരിക്കുമെന്നും പ്രീയന്‍ പറഞ്ഞു കഴിഞ്ഞു. മലയാളത്തില്‍ ഇനി കലാമൂല്യമുള്ള ചിത്രങ്ങള്‍ക്ക് വേണ്ടി മാത്രമേ താന്‍ എത്തുകയുള്ളു എന്നതാണ് പ്രീയന്റെ പക്ഷം.

ബോളിവുഡില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങി നില്‍ക്കുന്ന പ്രീയദര്‍ശന് മലയാളത്തിലെങ്കിലും നിലവില്‍ ഒരു വിജയം ആവശ്യമാണ് എന്നത് ഈ ചിത്രത്തിന്റെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു. പ്രണയവും, സ്‌നേഹവീടും വിജയങ്ങളായതിന്റെ പ്രതീക്ഷ ലാല്‍ ആരാധകര്‍ക്കുണ്ട് എന്നതാണ് അറബിയും ഒട്ടകത്തിന്റെയും അണിയറപ്രവര്‍ത്തകര്‍ക്ക് ആശ്വാസമാകുന്നത്.

മോഹന്‍ലാല്‍ ചിത്രത്തില്‍ മാധവന്‍നായര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ബോളിവുഡ് നടന്‍ ശക്തികപൂര്‍ അറബിയായി എത്തുന്നു. ഒട്ടകമെന്നത് മുകേഷ് അവതരിപ്പിക്കുന്ന കഥാപാത്രമാണ്. ഭാവനയാണ് ചിത്രത്തിലെ നായിക. ലക്ഷമി റായിയും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രവാസി ജീവിതം നയിക്കുന്ന മാധവന്‍ നായര്‍ക്ക് ഗള്‍ഫില്‍ നേരിടേണ്ടി വരുന്ന ചില പ്രശ്‌നങ്ങളാണ് സിനിമയുടെ പ്രമേയം.



2011ല്‍ ഇതുവരെ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രങ്ങള്‍ എല്ലാം തികഞ്ഞ പരാജയമായിരുന്നു. ആഗസ്റ്റ് 15, ഡബിള്‍സ്, ദി ട്രെയിന്‍, ബോംബെ മാര്‍ച്ച് 12 എന്നീ നാല് മമ്മൂട്ടി ചിത്രങ്ങളാണ് തുടര്‍ച്ചയായി പരാജയപ്പെട്ടത്. ഈ പരാജയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ഏറെ ശ്രദ്ധയോടെ തിരഞ്ഞെടുത്ത പ്രോജക്ടാണ് വെനീസിലെ വ്യാപാരി. നീണ്ട പരാജയങ്ങള്‍ക്ക് ശേഷം ഒരു വിജയം ഉറപ്പിക്കണമെന്നത് മമ്മൂട്ടിയുടെ ആവശ്യം തന്നെയാണ്. തൊമ്മനും മക്കളും, മായാവി തുടങ്ങിയ വിജയങ്ങള്‍ക്ക് ശേഷം ഷാഫി ഒരുക്കുന്ന മമ്മൂട്ടി ചിത്രം എന്നത് തന്നെയാണ് വെനീസിലെ വ്യാപാരിയുടെ ഹൈലൈറ്റ്. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ തിരക്കഥാകൃത്ത് ജെയിംസ് ആല്‍ബര്‍ട്ട് വെനീസിലെ വ്യാപാരിക്ക് തിരക്കഥയൊരുക്കിയിരിക്കുന്നു. പവിത്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

എണ്‍പതുകളിലെ ആലപ്പുഴയുടെ ഗ്രാമീണതയിലാണ് വെനീസിലെ വ്യാപാരിയുടെ കഥ പറയുന്നത്. "കിഴക്കിന്റെ വെനീസ്' എന്നറിപ്പെടുന്ന ആലപ്പുഴ. ഒരു കാലത്ത് കേരളത്തിന്റെ കച്ചവട കേന്ദ്രമായിരുന്ന ആലപ്പുഴയുടെ മണ്ണില്‍ നിന്നും പഴയൊരു കാലത്തെ തിരിച്ചു പിടിക്കുകയാണ് വെനീസിലെ വ്യാപാരി. പുതു തലമുറക്ക് അറിയില്ലാത്ത എണ്‍പതുകളിലെ ജീവിത രീതികളും, കാഴ്ചകളും, സംസ്കാരവുമൊക്കെ ജെയിംസ് ആല്‍ബര്‍ട്ട് വെനീസിലെ വ്യാപാരിയുടെ കഥക്കൊപ്പം പറഞ്ഞു പോകുന്നു.

എണ്‍പതുകളിലെ കാലവും വ്യക്തികളെയും പുനര്‍ ആവിഷ്കരിക്കുന്നു എന്നതാണ് വെനീസിലെ വ്യാപാരിയുടെ പ്രധാന ഹൈലൈറ്റ്. അങ്ങാടി എന്ന പഴയകാല ജയന്‍ സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ എന്ന ഗാനം റീമിക്‌സ് ചെയ്ത് വെനീസിലെ വ്യാപാരിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിയും, പൂനം ബവ്ജയുമാണ് ഈ ഗാനരംഗത്തില്‍ അഭിനയിക്കുന്നത്. ജയന്റെ കോസ്റ്റ്യൂമുകളില്‍ മമ്മൂട്ടി ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നു.

പോലീസ് കോണ്‍സ്റ്റബിളായ പവിത്രന്‍ കഥയാണ് വെനീസിലെ വ്യാപാരി. പോലീസ് ജോലി പവിത്രന് തീരെയിഷ്ടമല്ല. അവന്റെ താത്പര്യം കച്ചവടത്തിലാണ്. ഇതിനിടയിലാണ് പവിത്രന്‍ കുട്ടിനാട്ടില്‍ ഒരു കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്നത്. നിസാരമായ കേസായിരുന്നില്ല മറിച്ച് ഒരു കൊലപാതകമാണ് പവിത്രന് അന്വേഷിക്കേണ്ടിയിരുന്നത്. എന്നാല്‍ കുട്ടനാട്ടിലെത്തിയ പവിത്രന് കയര്‍ വ്യാപരത്തില്‍ താത്പര്യമായി. കയര്‍ വ്യാപാരം ആരംഭിച്ച പവിത്രന്‍ നാട്ടിലെ വലിയ പ്രമാണിയായി മാറുകയാണ് പിന്നീട്. ഇത് പവിത്രന് ധാരാളം ശത്രുക്കളെയും സമ്മാനിച്ചു. തുടര്‍ന്നുള്ള കഥയാണ് വെനീസിലെ വ്യാപാരിയില്‍ പറയുന്നത്.
മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തിയേക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക