Image

പാറേമ്മാക്കല്‍ തോമ്മാ കത്തനാരുടെ വര്‍ത്തമാനപുസ്തകം: ഒരു പഠനം (ഭാഗം - 2 : പ്രൊഫ.ഏ.കെ.ബാലകൃഷ്ണപിള്ള)

പ്രൊഫ.ഏ.കെ.ബാലകൃഷ്ണപിള്ള) Published on 17 April, 2014
പാറേമ്മാക്കല്‍ തോമ്മാ കത്തനാരുടെ വര്‍ത്തമാനപുസ്തകം: ഒരു പഠനം (ഭാഗം - 2 : പ്രൊഫ.ഏ.കെ.ബാലകൃഷ്ണപിള്ള)
പോര്‍ത്തുഗീസ് സാമ്രാജ്യത്വത്തിന്റെ വിശദീകരണം
1778 നവംബര്‍ 14ന് മല്പാനും തോമ്മാ കത്തനാരും രണ്ടു വിദ്യാര്‍ത്ഥികളും ഒത്ത് ഒരു പോര്‍ത്തുഗീസ് കപ്പലില്‍ മദിരാശിയില്‍ നിന്ന് റോമിലേക്ക് യാത്രതിരിച്ചു.

ആദ്യം കപ്പല്‍ നിര്‍ത്തിയത്, ആഫ്രിക്കയുടെ തീരത്ത് പോര്‍ത്തുഗീസുക്കാര്‍ ആക്രമിച്ചെടുത്ത് കച്ചവടകേന്ദ്രമാക്കിയ 'വെന്‍ഗെലാ' എന്ന സ്ഥലത്താണ്, എല്ലാകാര്യങ്ങളിലും പോര്‍ത്തുഗീസുകാര്‍ കര്‍ശനമായ നിയമങ്ങള്‍ ഉണ്ടാക്കി നടപ്പാക്കി. ഇന്ത്യയില്‍ നിന്നുംകൊണ്ടുവരുന്ന സാധനങ്ങള്‍ പോര്‍ത്തുഗലില്‍ ചെല്ലുന്നതുവരെ വില്ക്കാന്‍ പാടില്ലയെന്ന് രാജകീയ നിരോധനം ഉണ്ടായിരുന്നു. സ്‌നേഹിതരെ പട്ടംകെട്ടിച്ച്, മല്പാനും തോമ്മാക്കത്തനാരും, ഇന്ത്യയില്‍ നിന്നും കൊണ്ടുവന്ന ചില പുതപ്പുകള്‍ വിറ്റ് ആഹാര സാധനങ്ങള്‍ വാങ്ങി. കഠിനമായ സുഖക്കേടും മറ്റ് അസൗകര്യങ്ങളും കൊണ്ട് കപ്പല്‍യാത്ര വളരെ വിഷമം ഉള്ളതായിരുന്നു. അടുത്തതായി കപ്പല്‍ നിര്‍ത്തിയത് തെക്കേ അമേരിക്കയില്‍ ബാഹിയ എന്ന സ്ഥലത്താണ്. അവിടം പോര്‍ത്തുഗീസുകാര്‍ പിടിച്ചടക്കിയതാണ്. അവര്‍ ബ്രസീല്‍ മുഴുവന്‍ കീഴടക്കി. തോമ്മാ കത്തനാര്‍ എഴുതുന്നു: ഇവിടെയുണ്ടാകുന്ന പൊന്നും, രന്തങ്ങളും, വൈരക്കല്ലുകളും, തടികളും പോര്‍ത്തുഗലിലേക്ക് ആണ്ടുതോറും കൊണ്ടുപോകുന്നുണ്ട്(പേജ് 82) നാട്ടുകാരെ ക്രിസ്തുമതത്തിലേക്ക് മാറ്റി, അവരെ കര്‍ശനമായി ഭരിക്കുന്നതിന് പോര്‍ത്തുഗീസ് അധികാരികളേയും, പാതിരിമാരേയും ബ്രസീല്‍ ആകെ പുലര്‍ത്തി. കൂടാതെ മുക്കിലും മൂലയിലും പള്ളികളും ഉണ്ടാക്കി. നാട്ടുകാരെ അക്ഷരാഭ്യാസമില്ലാത്തവരായി അജ്ഞതയില്‍ നിലനിര്‍ത്തി. അവരെക്കൊണ്ട് ക്രൂരമായ അടിമത്തപണിചെയ്യിച്ച്, കരിമ്പിന്‍ നിന്നുള്ള ചാരായവും, കപ്പയും, തോലും മറ്റും ഉണ്ടാക്കി യൂറോപ്പില്‍ കൊണ്ടുപോയി കച്ചവടം ചെയ്ത് പറങ്കികള്‍ ധനം ഉണ്ടാക്കി.

തോമ്മാ കത്തനാരുടെ സൂക്ഷ്മമായ ജീവിത നിരീക്ഷണമാണ് വര്‍ത്തമാനപുസ്തകത്തെ സഞ്ചാരസാഹിത്യമായി ഉയര്‍ത്തുന്ന ഒരു ഘടകം അതും അകുമ്പയോടെ അദ്ദേഹം നിര്‍വഹിക്കുന്നു. ക്രിസ്ത്യാനികളായി മതപരിവര്‍ത്തനം ചെയ്യപ്പെടാത്ത ബ്രസീലിലെ കാടുകളില്‍ താമസിക്കുന്ന ആളുകള്‍ മനുഷ്യമാംസഭോജികള്‍ എന്ന്, പോര്‍ത്തുഗീസുകാരുടെയിടക്ക് പരക്കെ അപവാദം നിലനില്‍ക്കുമ്പോള്‍, തോമ്മാക്കത്തനാര്‍ എഴുതുന്നു: “ഈ അടുത്തു സ്‌നേഹിച്ചാല്‍ നല്ലവരാണത്രെ.”
തോമ്മാക്കത്തനാരുടെ നിരീക്ഷണ പാടവത്തിലൂടെ സന്ദര്‍ശിച്ച സംഘങ്ങളുടെ പ്രധാനവിവരങ്ങള്‍ നല്‍കുന്നു: ബ്രസീലില്‍ ഏറ്റവും ഉയരം കൂടിയ ഭാഗത്ത് ഗവര്‍ണ്ണരുടെ ഗോപുരം, സായുധസേനയുടെ കാവല്‍, പോര്‍ത്തുഗീസ് ഭരണാധിപത്യത്തിന് പിന്‍തുണയായി പ്രവര്‍ത്തിക്കുന്ന മെത്രാപ്പോലീത്തയുടെ മനോഹമായ അരമനയും (പേജ് 83). റോമാനഗരത്തിന്റെ വിവരണം വായിക്കുക. “കോട്ടമതില്‍”, “കൃത്രിമനീരുറവകള്‍,” “വലിയ  കൊട്ടാരങ്ങളും വീടുകളും,”…. വിശേഷിച്ച് വി. പത്രോസ്സിന്റെ ദേവാലയം ഭീമാകാരവും മനോഹരവുമാണ്.” (പേജ് 176). “റോമിലുള്ള മാടമ്പികളുടെ വമ്പും പ്രതാപവും കര്‍ദ്ദിനാളന്മാരുടെ വേഷവും പ്രൗഢിയും അവരുടെ അരമനകളുടെ വലുപ്പവും എടുപ്പും അവരുടെ ഉദ്യാനങ്ങളുടെ രമണീയതയുമെല്ലാം നമ്മെ വിസ്മയിപ്പിക്കും. നഗരവീഥികളില്‍ നിരന്തരം ഈ പ്രമുഖരുടെ തേരുകള്‍ ഓടിക്കൊണ്ടിരിക്കുന്നു.” (പേജ് 177) അനുബന്ധമായി, “വിശുദ്ധ കുര്‍ബാനയുടെ പെരുന്നാള്‍ ദിവസം മാര്‍പ്പാപ്പ പരസ്യ പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നതും കര്‍ദ്ദിനാള്‍മാരും മെത്രാന്മാരും ദര്‍ശനക്കാരും അകമ്പടി സേവിക്കുന്നതും കാണുകതന്നെ വേണം.”(പേജ് 177)

കുഞ്ഞും കുടുംബവും പ്രകൃതിസംരക്ഷണവും സാമൂഹ്യബന്ധത്തിലും ജീവിച്ച ആഫ്രിക്കാക്കാരെ വേട്ടയായി പിടിച്ച് അവരെ ബന്ധങ്ങളെല്ലാം വെട്ടിമുറിച്ച് അടിമകളാക്കി ക്രിസ്ത്യാനികളാക്കിയെങ്കിലും, ആഹാരവും കിടപ്പാടവും കൊടുക്കാതെ നിര്‍ബന്ധമായി അദ്ധ്വാനം ചെയ്യിച്ച്, രക്തം ഊറ്റികൊലചെയ്തു. അത് ക്രിസ്തുവിന്റെ മനുഷ്യത്വം തുളുമ്പുന്ന മഹാമതത്തിനും തികച്ചും വിരുദ്ധമല്ലെ?- അടിമ പ്രസ്ഥാനത്തെ ഇന്ന് യൂറോപ്പിലേയും അമേരിക്കയിലേയും ക്രിസ്തീയ പണ്ഡിതര്‍ വിളിക്കുന്നത് കൊളോണിയല്‍, ക്രിസ്തുമതം എന്നാണ്

(Colonial Christianity) യൂറോപ്പില്‍ ഫ്യൂഡല്‍ ഉച്ചനീചത്വവ്യവസ്ഥിതിയുടെ ചൂഷണ സംസ്‌ക്കാരം, പോര്‍ത്തുഗീസുകാര്‍ ഉള്‍പ്പെടെ എല്ലാ സാമ്രാജ്യശക്തികള്‍ക്കും ഉണ്ട്.

ഇതിനു സമാന്തരമാണ് ഇന്ത്യയില്‍ ജാതി-വ്യവസ്ഥിതികൊണ്ട്, ഹിന്ദുമതത്തിന്റെ പേരില്‍ താഴ്ന്ന ജാതിക്കാരെ ഉണ്ടാക്കി,  അവരെ ബ്രാഹ്മണ മേധാവിത്വം രാജാക്കന്മാരുമായുള്ള സഖ്യത്തോടെ ചൂഷണം ചെയ്തത്.

സാമ്രാജ്യത്വത്തിന്റെ സിദ്ധാന്തം

സാമ്രാജ്യത്വചൂഷകരായ പോര്‍ത്തുഗീസ്, സ്പാനിഷ്, ഡച്ച്- ഫ്രഞ്ച്- ബല്‍ജിയം- ഇംഗ്ലീഷ് ശക്തികള്‍, അമേരിക്ക, ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ ഭൂവിഭാഗങ്ങളിലെ പ്രകൃതിയേയും മനുഷ്യജീവിതത്തേയും തകര്‍ത്ത് കുത്തിവാരിയ വിഭവങ്ങളില്‍ നിന്നാണ്, കോട്ടപോലുള്ള കെട്ടിടങ്ങളും അവയ്ക്കകത്തു സ്വര്‍ണ്ണത്തില്‍ വാര്‍ത്ത അലങ്കാരങ്ങളും നിറച്ച് ലിസ്ബന്‍, ആംസ്റ്റര്‍ഡാം, ബ്രസ്സല്‍സ്, ലണ്ടന്‍ തുടങ്ങിയ മഹാനഗരങ്ങളുണ്ടാക്കിയത്. ഈ സാമ്രാജ്യശക്തികളെ താങ്ങുന്ന പൗരോഹിത്യത്തെ ചോദ്യം ചെയ്താണ്, കുരിയാറ്റില്‍ മല്പാനും പാറേമാക്കല്‍ തോമ്മാ കത്തനാരും റോമിലേക്കു പുറപ്പെട്ടത്. അങ്ങിനെ സാമ്രാജ്യ സിദ്ധാന്തത്തിന്റെ വിശ്വോത്തരമായ ഒരു വിശദീകരണമാണ് 'വര്‍ത്തമാന പുസ്തകം'.

മാര്‍ക്കോപോളയുടെ (1254-þ-1324) ഏഷ്യന്‍ പര്യടനത്തെ പറ്റിയുള്ള അത്ഭുതരമായ വാര്‍ത്തകള്‍ക്കുശേഷം, യൂറോപ്പിലെ രാജാധികാരികള്‍ക്ക് അക്രമണത്തിനും കൊള്ളയ്ക്കും ഉള്ള ഊര്‍ജ്ജം കൊടുമ്പിരികൊണ്ടു. അവര്‍ തങ്ങളുടെ പൗരന്മാരില്‍ അക്രമാസ്‌ക്തരായ ഒരു ജനവിഭാഗത്തെ രൂപം കൊള്ളിച്ചു. തങ്ങളുടെ കുലതൊഴിലായ കപ്പല്‍ യുദ്ധത്തെ ആയുധമാക്കി. മറുനാട്ടുകാര്‍ക്കില്ലായിരുന്ന തോക്കിന്റെ ശക്തികൊണ്ട് അവര്‍ വിദേശികളെ വേട്ടയാടിയും കബളിപ്പിച്ചും കോളനികള്‍ ഉണ്ടാക്കി. ക്രൂരത നിറഞ്ഞ കൊള്ളയാണ് കൊളോണിയലിസത്തിന്റെ മൗലികസ്വഭാവം. മനുഷ്യത്വത്തിനുവേണ്ടി നിലകൊണ്ടമതത്തെ അതിന് അവര്‍ ദുര്‍വിനിയോഗം ചെയ്തു. മതസംഘടനകളുടെ ദുര്‍വിനിയോം കൊളോണിയല്‍ സിദ്ധാന്തത്തിന്റെ ഒരു പ്രധാനം ഘടകമാണ്.

(തുടരും)

പാറേമ്മാക്കല്‍ തോമ്മാ കത്തനാരുടെ വര്‍ത്തമാനപുസ്തകം: ഒരു പഠനം (ഭാഗം - 2 : പ്രൊഫ.ഏ.കെ.ബാലകൃഷ്ണപിള്ള)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക