Image

വിത്തു ഗുണം പത്തു ഗുണം (കഥ: സന്തോഷ് പിള്ള)

സന്തോഷ് പിള്ള Published on 23 April, 2014
വിത്തു ഗുണം പത്തു ഗുണം (കഥ: സന്തോഷ് പിള്ള)
മക്കള്‍ കോളേജില്‍ നിന്നും അവധിക്കു വരുന്നതുകൊണ്ട് കുറച്ചു ദിവസം ജോലിയില്‍ നിന്നും അവധി എടുത്തു. അതിരാവിലെ തന്നെ അടുക്കളയില്‍ നിന്നും സ്വാധിഷ്ട വിഭവങ്ങള്‍ പാചകം ചെയ്യുന്നതിന്റെ സുഗന്ധം ഉയര്‍ന്നു വരുന്നു. അകലെയുള്ള കോളേജില്‍ പഠിക്കാന്‍ ചേര്‍ന്ന പുത്രന്‍ ആറുമാസത്തിനു ശേഷം തിരികെ എത്തുന്നതിനാണല്ലോ? പുത്രന് പ്രിയപ്പെട്ട വിഭവങ്ങള്‍ ഓരോന്നായി ഭാര്യ ഒരുക്കുകയാണ്. ഭാര്യ അമ്മച്ചിയും ഇങ്ങനെ ആയിരുന്നു. വിദേശത്തുള്ള മക്കള്‍ അവധിക്കു നാട്ടിലെത്തുമ്പോള്‍ ഓരോരുത്തരുടേയും ഇഷ്ടവിഭവങ്ങള്‍ തയ്യാറാക്കി കണ്ണുംനട്ട് കാത്തിരിക്കാറുണ്ടായിരുന്നു. അമ്മച്ചിയുടെ സ്വഭാവഗുണമാണ് ഭാര്യയിലൂടെ  ഇപ്പോള്‍ പ്രതിഫലിക്കുന്നത്. എന്റെ വല്യപ്പച്ചന്‍ നാഴികക്ക് നാല്പതുവട്ടം ചൊല്ലാറുണ്ടായിരുന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമായി.

“വിത്തുഗുണം പത്തുഗുണം.”

അവധിക്ക് കോളേജില്‍ നിന്നും നേരത്തെ എത്തിയ മകള്‍ പരിഭവവുമായി മുറിയില്‍ എത്തി. ഡാഡീ, ഡാഡീ, ഇതു കണ്ടോ? ഞാന്‍ ഇന്നലെ വന്നപ്പോള്‍ മമ്മി വളരെ കുറച്ചു വിഭവങ്ങളല്ലേ ഉണ്ടാക്കിയിരുന്നുള്ളൂ. ഇന്ന് ചേട്ടന്‍ വരുന്നതുകൊണ്ട് എന്തൊക്കെയാ തയ്യാറാക്കുന്നത്. അല്ലെങ്കിലും മമ്മിക്ക് ചേട്ടനോടാ കൂടുതല്‍ സ്‌നേഹം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യയുടെ അമ്മച്ചിയോട് ഭാര്യ പറയാറുണ്ടായിരുന്നു. “അമ്മച്ചിക്ക് അല്ലെങ്കിലും ജോര്‍ജുകുട്ടിച്ചായനോടാ കൂടുതല്‍ ഇഷ്ടം. എല്ലാ കാര്യങ്ങളും അച്ചായനോട് ആലോചിച്ചിട്ടാ ചെയ്യുന്നത്. വയസ്സാകുമ്പോള്‍ വെള്ളം തിളപ്പിച്ച് തരാന്‍ പെണ്‍മക്കളേ കാണുകയുള്ളൂ എന്ന് മറക്കണ്ട”  അന്നത്തെ ഭാര്യയുടെ പല്ലവി ഇന്ന് മക്കള്‍ ആവര്‍ത്തിക്കുന്നു.

മകന്‍ എന്തേണ്ട സമയം കഴിഞ്ഞല്ലോ. ആ ഫോണെടുത്ത് അവനെ ഒന്ന് വിളിച്ചേ. അഞ്ചെട്ടുമണിക്കൂര്‍ ഡ്രൈവ് ചെയ്ത് വരുന്നതാ. കാറോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് നമ്മള്‍ തന്നയല്ലേ അവനോട് പറഞ്ഞിട്ടുള്ളത്. ഭാര്യ തുടരുകയാണ്, അത് പഴയ കഥ, ഇപ്പോള്‍ ബ്ലൂടൂത്തൊണ്ട്. അതുകൊണ്ട് സംസാരിക്കുന്നതിന് അപായ സാധ്യതയില്ല. സകുടുംബം അവധി ആഘോഷിക്കാനായി വരുന്ന വഴി “റെഡ് ബോക്‌സില്‍”  നിന്നും നല്ല കുറച്ച് സിനിമയും എടുത്തു കൊണ്ട് വരാമെന്നാ എന്നോട് അവന്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ടായിരിക്കാം എത്താന്‍ താമസിക്കുന്നത്.
ഫോണെടുക്കാനായി മുറിയിലേക്ക് പോയപ്പോള്‍ അടുക്കളയില്‍ നിന്നും ബഹളം കേട്ടു. മകന്‍ എത്തിയതിന്റെ ആഹ്‌ളാദം ആണെന്നു തോന്നുന്നു. പക്ഷെ ഉറക്കെ ഉള്ള സംസാരം തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു. ഇതെന്തുവേഷം? നിന്റെ താടിയും മുടിയുമൊക്കെ കണ്ടിട്ട് പേടി തോന്നുന്നു. ഇപ്പോള്‍ കണ്ടാല്‍ ഒരു ഗുഹാമനുഷ്യനെ പോലെയുണ്ട്. ഇന്നു തന്നെ പോയി എല്ലാം മാറ്റിക്കോണം. കുറച്ചുമാസം വീട്ടില്‍ നിന്നും മാറി നിന്നപ്പോഴേക്കും വന്ന മാറ്റം കണ്ടില്ലേ? ഇങ്ങനെ തുടര്‍ന്നു പോകുന്നു ഭാര്യയുടെ ശകാരം.

ഡാഡീ, ഡാഡീ എന്നു വിളിച്ചുകൊണ്ട് മകള്‍ മുറിയിലേക്ക് ഓടി വന്നു. പൊക്കത്തിലിരിക്കുന്ന ആ ഫോട്ടോ ആല്‍ബം ഒന്നെടുത്തേ. പൊടി തട്ടി ആ പഴയ ആല്‍ബം മകളുടെ കൈവശം കൊടുത്തു. അതിവേഗത്തില്‍ പേജുകള്‍ മറിച്ച് മറിച്ച് ഒരു ചിത്രം അതില്‍ നിന്നും അവള്‍ അടര്‍ത്തി എടുത്തു. ഏത ചിത്രമാണെന്ന ആകാംഷയോടെ ഞാന്‍ നോക്കിയപ്പോള്‍, അതാ പണ്ട് ഞാന്‍ കോളേജില്‍ പഠിച്ചിരുന്ന കാലത്തെ വിചിത്ര ചിത്രം. താടിയും, മുടിയുമൊക്കെ വളര്‍ത്തി ബോബനും മോളിയിലേയും അപ്പിഹിപ്പിയെപോലത്തെ രൂപം. ആ ചിത്രവുമായി അടുക്കളയിലേക്ക് ഓടികൊണ്ട് മകള്‍ പറയുന്നു. മമ്മീ മമ്മീ ചേട്ടനെ ഇപ്പോള്‍ കണ്ടിട്ട്, ഈ ഫോട്ടോയില്‍ ഡാഡിയെ കാണുന്നതുപോലെ തന്നെയുണ്ട്. ഭാര്യയുടെ രോഷം അപ്പോഴും തീര്‍ന്നിട്ടില്ല. നിന്റെ അപ്പനെ ഈ കോലത്തില്‍ കണ്ടിരുന്നെങ്കില്‍ ഞാന്‍ കെട്ടത്തില്ലായിരുന്നു. ഹായ് ഡാഡ് എന്ന വിളിച്ചുകൊണ്ട് മകന്‍ ഓടിവന്ന് എന്നെ വരിഞ്ഞുമുറുക്കി നിലത്തും നിന്നും ഉയര്‍ത്തി അനേകം തവണ ചുറ്റിക്കറക്കി താഴെ നിറുത്തി. മകന്റെ കരവലയത്തില്‍ നിന്നും സ്വതന്ത്രമായപ്പോള്‍, നീട്ടിവളര്‍ത്തിയ താടി, മുടികള്‍ക്കിടയിലൂടെ പ്രകാശിക്കുന്ന മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. കാലയവനികക്കു പിന്നില്‍ മറഞ്ഞു നില്‍ക്കുന്ന വല്യപ്പച്ചന്റെ വാക്കുകള്‍ എങ്ങുനിന്നോ മുഴങ്ങികേള്‍ക്കാറായി.
“വിത്തുഗുണം, പത്തുഗുണം.”


വിത്തു ഗുണം പത്തു ഗുണം (കഥ: സന്തോഷ് പിള്ള)
Join WhatsApp News
വിദ്യാധരൻ 2014-04-23 07:17:15
ഒരു പ്രാഭാതത്തിൽ ഒരു മണ്ണിരയെ നോക്കി മറ്റൊരു മണ്ണിര പറഞ്ഞു " കഷ്ടം ഇന്നത്തെ എന്റ ദിവസം പോയി. നിന്റെ വൃത്തികെട്ട മുഖമാണല്ലോ കണി കണ്ടത്" മറ്റേ മണ്ണിര പറഞ്ഞു, "പേടിക്കെണ്ട ഞാൻ നിന്റെ വാലാണ് - വിത്ത്‌ ഗുണം പത്തുഗുണം" കാര്യം അല്പ്പം ഹാസ്യം കലര്ത്തി കഥാകൃത്ത് നന്നായി പറഞ്ഞിരിക്കുന്നു
Rajesh 2014-04-24 04:13:01
A very simple point explained in a simpler, soothing way. Good work Santhosh,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക