Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഭരണം തിരുവനന്തപുരം ജില്ലാ ജഡ്ജിയെ ഏല്‍പിച്ചു

Published on 24 April, 2014
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഭരണം തിരുവനന്തപുരം ജില്ലാ ജഡ്ജിയെ ഏല്‍പിച്ചു

ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഭരണം തിരുവനന്തപുരം ജില്ലാ ജഡ്ജിയെ ഏല്‍പിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ സമിതിക്കാണ് ഭരണ ചുമതല. നിലവറകളുടെ താക്കോല്‍ ജില്ലാ ജഡ്ജി ആയിരിക്കും സൂക്ഷിക്കുക.

കെ.എന്‍ സതീഷ് ഐ.എ.എസ് പുതിയ എക്സിക്യൂട്ടിവ് ഓഫീസര്‍ ആവും. മുമ്പ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ആയിരുന്ന സതീഷ് ഇപ്പോള്‍ ഹയര്‍ സെക്കന്‍ററി ഡയറക്ടര്‍ ആണ്. ഗുരുവായൂര്‍ ദേവസ്വം കമ്മീഷണര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിരീക്ഷകന്‍ ആയി പോയിരിക്കുകയാണ് ഇദ്ദേഹം.

അമികസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം നല്‍കിയ അടിയന്തിര പ്രാധാന്യമുള്ള റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റിസ് ആര്‍.എം ലോധ, എ.കെ പട്നായിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്. ക്ഷേത്രഭരണം കയ്യാളിയിരുന്ന തിരുവിതാംകൂര്‍ രാജകുടുംബത്തിന് തിരിച്ചടിയാണ് കോടതി വിധി.

ക്ഷേത്രത്തിന്‍റെ 25 വര്‍ഷത്തെ വരവ് ചെലവു കണക്കുകള്‍ പരിശോധിക്കാന്‍ മുന്‍ സി.എ.ജി വിനോദ് റായിയെ ചുമതലപ്പെടുത്തി. ഇതിലേക്കുള്ള അംഗങ്ങളെ വിനോദ് റായിക്ക് നിര്‍ദേശിക്കാം. എല്ലാ ശനിയാഴ്ചയും ക്ഷേത്രത്തിലെ കാണിക്കകളുടെ കണക്കെടുക്കണം. ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തില്‍ ആയിരിക്കണം ഈ കണക്കെടുപ്പ്. ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ ക്ഷേത്രത്തിന്‍റെ ഉടമ്സഥതയില്‍ ഉള്ള സ്ഥലം വില്‍ക്കാനോ കൈമാറാനോ പാടില്ളെന്നും സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്ര ഭരണത്തില്‍ പങ്കാളിത്തം ആവശ്യപ്പെട്ടെങ്കിലും തല്‍ക്കാലം അത് പരിഗണിക്കാനാവില്ളെന്ന് കോടതി പറഞ്ഞു. ജഡ്ജിക്കു പുറമെ, ക്ഷേത്രം തന്ത്രിയും നമ്പിയും ഭരണസമിതിയില്‍ അംഗങ്ങള്‍ ആയിരിക്കും. ബാക്കിയുള്ള രണ്ടു അംഗങ്ങളെ സര്‍ക്കാറിനും രാജ കുടംബത്തിനും നിര്‍ദേശിക്കാം. എന്നാല്‍, ഈ അംഗങ്ങളെ നിയമിക്കുന്നതില്‍ അന്തിമ തീരുമാനം ജില്ലാ ജഡ്ജിയുടേതായിരിക്കും.
നിലവില്‍ തിരുവനന്തപുരം ജില്ലാ ജഡ്ജി കൃസ്ത്യന്‍ മത വിശ്വാസിയായതിനാല്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് കെ.പി ഇന്ദിരക്കായിരിക്കും ക്ഷേത്രത്തിന്‍റെ ഭരണ ചുമതല.
കോടതിയുത്തരവ് പോലെ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. എന്നാല്‍, രാജ കുടുംബത്തെ അവഹേളിക്കുന്ന സമീപനത്തോട് യോജിപ്പില്ല. കേട്ടുകേള്‍വിയുടെ പേരില്‍ എതിര്‍ക്കുന്നത് ശരിയല്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്മനാഭസ്വാമി ക്ഷേത്രം പൊതുസ്വത്താണെന്ന് സമ്മതിക്കുന്നെന്ന് തിരുവിതാംകൂര്‍ രാജ കുടുംബാംഗത്തിലെ പിന്തുടര്‍ച്ചാവകാശി മൂലം തിരുനാള്‍ രാമവര്‍മ. ക്ഷേത്രത്തെ സ്വകാര്യ സ്വത്തായി കണ്ടിരുന്നത് തെറ്റായിപ്പോയെന്നും മൂലം തിരുനാള്‍ രാമവര്‍മയുടെ സത്യവാങ് മൂലത്തില്‍ പറയുന്നു. ക്ഷേത്രത്തിന്‍്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അമിക്കസ്ക്യൂറിയുടെ കണ്ടത്തെലുകള്‍ക്ക് മറുപടിയായാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ക്ഷേത്രം കുടുംബ സ്വത്തെന്നാണ് കരുതിയിരുന്നത്. ഹൈകോടതി വിധിയെ തുടര്‍ന്ന് തന്‍്റെ കുടുംബം നിലപാട് മാറ്റിയെന്നും, ക്ഷേത്രം ഇപ്പോള്‍ പൊതു സ്വത്താണെന്നും സത്യവാങ്മൂലത്തില്‍ രാമവര്‍മ വ്യക്തമാക്കി.

അതേസമയം ക്ഷേത്രത്തിലെ ആചാരങ്ങള്‍ പാലിക്കുന്നതില്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അമിക്കസ് ക്യൂറിക്കെതിരെയുള്ള ഏതുനീക്കവും തടയുമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഗോപാല്‍ സുബ്രഹ്മണ്യത്തിനെതിരെ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസര്‍ സത്യവാങ്മൂലം നല്‍കിയത്.
അമിക്കസ്ക്യൂറി കുറ്റാന്വേഷകനെപ്പോലെയാണ് പെരുമാറിയതെന്നും തന്‍്റെ ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചെന്നും ക്ഷേത്രം എക്സിക്യൂട്ടീഫ് ഓഫീസര്‍ എസ്.ആര്‍ ഭുവനേന്ദ്രന്‍ നായരുടെ സത്യവാങ്മൂലത്തില്‍ ആരോപിച്ചു.

ക്ഷേത്രത്തിന് സമീപം ഭൂമിക്കടിയില്‍ കല്‍പ്പടവുകള്‍ കണ്ടെത്തി. ക്ഷേത്രത്തിന്‍്റെ വടക്കേനടയിലാണ് വെട്ടുകല്ലുകളും ചുടുകട്ടകളും കൊണ്ട് നിര്‍മ്മിച്ച കല്‍പടവുകള്‍ കണ്ടത്തെിയത്. സുരക്ഷയുടെ ഭാഗമായി ഓട്ടോമാറ്റിക് ബാരിക്കേഡ് നിര്‍മ്മിക്കാന്‍ കുഴിയെടുത്തപ്പോഴാണ് ഭൂമിക്കടിയില്‍ കല്‍പ്പടവുകള്‍ കണ്ടത്തെിയത്.
ഇരുന്നൂറ് വര്‍ഷം പഴക്കമുള്ളവയാണ് കല്‍പ്പടവുകള്‍ എന്നാണ് പ്രാഥമിക നിഗമനം. കല്‍പ്പടവുകള്‍ കണ്ടത്തെിയതോടെ ബാരിക്കേഡ് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ പുരാവസ്തുവകുപ്പ് നിര്‍ദ്ദശേം നല്‍കി. പുരാവസ്തു വകുപ്പ് നാളെ പരിശോധന നടത്തുമെന്നും വ്യക്തമായ വിവരം കിട്ടുന്നത് വരെ പരിശോധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു

(Madhyamam)

Join WhatsApp News
Aniyankunju 2014-04-24 18:53:05
.......തിരുവിതാംകൂറിലെയും കൊച്ചിയിലെയും പഴയ നിയമപ്രകാരം രാജകുടുംബത്തിനും ബ്രാഹ്മണര്‍ക്കും പ്രത്യേക നിയമമാണ്. എന്ത് കുറ്റംചെയ്താലും ബ്രാഹ്മണര്‍ക്ക് വധശിക്ഷ പാടില്ല. പക്ഷേ, കറവയുള്ള പശുക്കളെയും ഗര്‍ഭിണികളായ പശുക്കളെയും കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കാം. ഇതിനെല്ലാം അറുതിവരുത്തിയത് ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തോടെയാണ്. എന്നിട്ടും ബംഗാളില്‍ 18-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഒരു ബ്രാഹ്മണനെ ഹൈക്കോടതി ശിക്ഷിച്ചപ്പോള്‍ ബ്രാഹ്മണര്‍ വലിയ പ്രതിഷേധം നടത്തി. മനുവിന്റെ ധര്‍മശാസ്ത്രപ്രകാരം ബ്രാഹ്മണരെ ശിക്ഷിച്ചുകൂടെന്ന് കോടതിയില്‍ വാദിച്ചു. കമ്പനിഭരണം അത് വകവച്ചില്ല. ......................... ...................................... പത്മനാഭദാസനായി രാജ്യം ആദ്യം ഭരിച്ചത് 18-ാം നൂറ്റാണ്ടില്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ്. അക്കാലത്ത് നാടുവാഴികളുടെയും ദേശവാസികളുടെയും ക്ഷേത്രഭരണാധികാരികളുടെയും ഭരണത്തിന്‍ കീഴിലായിരുന്നു തിരുവിതാംകൂര്‍. അന്ന് കേന്ദ്രീകൃത ഭരണമില്ലായിരുന്നു. തൃപ്പാപ്പൂര്‍ സ്വരൂപം (വേണാട് രാജവംശം) പല താവഴികളിലായി നിലകൊണ്ട് തമ്മിലടിക്കുകയായിരുന്നു. വേണാട് ഭരണത്തെ അക്ഷരാര്‍ഥത്തില്‍ നിയന്ത്രിച്ചത് എട്ടരയോഗക്കാരും (ഇവരാണ് പത്മനാഭസ്വാമി ക്ഷേത്രവും സ്വത്തും ഭരിച്ചുപോന്ന ഊരാളന്മാര്‍) എട്ടുവീട്ടില്‍ പിള്ളമാരുമായിരുന്നു. രാജകുടുംബത്തില്‍ അധികാരത്തര്‍ക്കവും അന്ന് നിലനിന്നു. മരുമക്കത്തായ സമ്പ്രദായമായിരുന്നു വേണാട് രാജവംശത്തില്‍. അതനുസരിച്ച് രാജപദവി ലഭിക്കേണ്ടത് മാര്‍ത്താണ്ഡവര്‍മയ്ക്കാണ്. എന്നാല്‍, രാമവര്‍മരാജാവിന്റെ മൂത്തമകനായ പപ്പുത്തമ്പി ഈ അവകാശവാദം അംഗീകരിച്ചില്ല. മക്കത്തായം അനുസരിച്ച് രാജപദവി ലഭിക്കണമെന്ന് തമ്പിമാര്‍ വാദിച്ചു. എന്നാല്‍, രാജപദവി ലഭിക്കാന്‍ നാടുവാഴികള്‍ മരുമക്കത്തായത്തിനായി നിലകൊണ്ടു. ഇതിനു പരിഹാരം കാണാന്‍ മാര്‍ത്താണ്ഡവര്‍മ സ്വീകരിച്ച മാര്‍ഗം പിള്ളമാരുടെയും മാടമ്പിമാരുടെയും മറ്റു നാടുവാഴികളുടെയും ഭരണം തകര്‍ക്കുകയും അവരുടെ സ്വത്തെല്ലാം കണ്ടുകെട്ടുകയും പുതിയൊരു ഭരണക്രമം നടപ്പാക്കുകയുമായിരുന്നു. ചാതുര്‍വര്‍ണ്യത്തിന്റെ കേരള പതിപ്പുപ്രകാരം നായര്‍പ്രഭുക്കളെ രാജ്യദ്രോഹ കുറ്റത്തിലുള്‍പ്പെടുത്താന്‍ പാടില്ല. ബ്രാഹ്മണരെ ഒരു പ്രകാരത്തിലും ശിക്ഷിക്കരുത്. എന്നാല്‍, മാര്‍ത്താണ്ഡവര്‍മ അതെല്ലാം കാറ്റില്‍ പറത്തി. നിരവധി നാടുവാഴികളെ കൊന്നു. നിരവധിപേരെ നാടുകടത്തി. യുദ്ധത്തില്‍ മുതിര്‍ന്ന ബ്രാഹ്മണരെ നിഷ്കരുണം വെടിവച്ചുകൊന്നു (ചങ്ങനാശേരി യുദ്ധത്തിലുള്‍പ്പെടെ ബ്രാഹ്മണരെ കൊന്നു). കൊട്ടാരക്കര, ദേശിംഗനാട് (കൊല്ലം), കായംകുളം, വടക്കുംകൂര്‍, തെക്കുംകൂര്‍, പുറക്കാട്, പന്തളം, മീനച്ചല്‍ തുടങ്ങിയ എല്ലാ പ്രാദേശിക നാടുവാഴിത്ത കേന്ദ്രങ്ങളെയും തകര്‍ത്തു. അങ്ങനെ തിരുവിതാംകൂര്‍ രാജ്യം വിസ്തൃതമാക്കി. അപ്രകാരം കൊള്ളയടിക്കപ്പെട്ട മുതലുകളടക്കം സൂക്ഷിച്ചത് പത്മനാഭസ്വാമി ക്ഷേത്രത്തിലാണ്. ചാതുര്‍വര്‍ണ്യവും ഹൈന്ദവ ധര്‍മശാസ്ത്രവും മനുവും ഒന്നും അനുവദിക്കാത്ത വെട്ടിപ്പിടിത്തവും അതിക്രമവുമാണ് അന്ന് മാര്‍ത്താണ്ഡവര്‍മ നടത്തിയത്. അതിനെ മറികടക്കാനാണ് ഭരണവും ഭൂമിയും പത്മനാഭന്റേതായി പ്രഖ്യാപിച്ചതും താന്‍തന്നെ പത്മനാഭദാസനായിരിക്കുമെന്ന് വിളംബരമിറക്കിയതും .......................
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക