Image

ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പായുടെ വിശുദ്ധ ജീവിതം സഭയ്ക്കു ലഭിച്ച മഹാദാനമെന്ന് ഫ്രാന്‍സിസ് പാപ്പ.

Published on 25 April, 2014
ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പായുടെ വിശുദ്ധ ജീവിതം സഭയ്ക്കു ലഭിച്ച മഹാദാനമെന്ന് ഫ്രാന്‍സിസ് പാപ്പ.
ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പായുടെ വിശുദ്ധ ജീവിതം സഭയ്ക്കു ലഭിച്ച മഹാദാനമെന്ന് ഫ്രാന്‍സിസ് പാപ്പ.
ഉത്തര ഇറ്റലിയിലെ ബെര്‍ഗമോ സ്വദേശിയായ ആഞ്ചലോ റൊങ്കാളിയെന്ന ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പായുടെ വിശുദ്ധപദ പ്രഖ്യാപനത്തോടനുബന്ധിച്ച് ബെര്‍ഗമോയിലെ ലെക്കോ എന്ന പത്രത്തിനു നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇപ്രകാരം പ്രസ്താവിച്ചത്. യുവ വൈദികനായിരിക്കെ, ഫാ.റൊങ്കാളി ഈ പത്രത്തില്‍ സേവനം ചെയ്തിരുന്നു.
പാപ്പാ ജോണിനോട് അതിരറ്റ സ്‌നേഹമുള്ളവരാണ് ബെര്‍ഗമോ നിവാസികളെന്ന് തനിക്ക് നന്നായി അറിയാമെന്ന് വെളിപ്പെടുത്തിയ പാപ്പ, ജോണ്‍പാപ്പായ്ക്കും ബെര്‍ഗമോയോട് ഒരു ആത്മബന്ധമുണ്ടായിരുന്നുവെന്നും അത് ഇന്നും തുടരുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു.
പാപ്പാ ജോണ്‍ നല്‍കിയ ആത്മീയ പൈതൃകം, കാലത്തിന്റെ വെല്ലുവിളികളെ മറികടന്ന് വിശ്വാസ ജീവിതത്തില്‍ അഭിവൃദ്ധിപ്രാപിക്കാന്‍ അവര്‍ക്ക് തുണയാകട്ടെയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസിച്ചു.
സഭയില്‍ മാറ്റങ്ങള്‍ക്കു തുടക്കമിട്ട രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് വിളിച്ചുകൂട്ടിയ ജോണ്‍ പാപ്പായേയും രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിന്റെ ഫലങ്ങള്‍ നടപ്പിലാക്കിയ ജോണ്‍ പോള്‍ രണ്ടാമന്‍പാപ്പായുടേയും വിശുദ്ധപദ പ്രഖ്യാപനം ഒരുമിച്ചു നടത്താന്‍ സാധിക്കുന്നതില്‍ താന്‍ കൃതാര്‍ത്ഥനാണെന്നും പാപ്പ പറഞ്ഞു.
നവവിശുദ്ധന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെ സാര്‍വ്വത്രിക സഭയ്ക്കു സമ്മാനിച്ച പോളണ്ടിന് ഫ്രാന്‍സിസ് പാപ്പായുടെ ഹൃദയാഞ്ജലി. രണ്ടര പതിറ്റാണ്ടിലേറ കത്തോലിക്കാ സഭയെ നയിച്ച പുണ്യശ്ലോകനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ വിശുദ്ധപദപ്രഖ്യാപനത്തോടനുബന്ധിച്ച് പോളിഷ് ടെലിവിഷന് നല്‍കിയ പ്രത്യേക സന്ദേശത്തിലാണ്, പാപ്പായുടെ ജന്മനാടിന് ഫ്രാന്‍സിസ് പാപ്പ കൃതജ്ഞത രേഖപ്പെടുത്തിയത്. മാര്‍പാപ്പയുടെ വീഡിയോ സന്ദേശം വ്യാഴാഴ്ച വൈകീട്ട് പോളണ്ടില്‍ പ്രക്ഷേപണം ചെയ്തു.
മഹാനായ മനുഷ്യനും മാര്‍പാപ്പായുമായിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ് വെളിപ്പെടുത്തി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടേയും ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പായുടേയും വിശുദ്ധപദ പ്രഖ്യാപനം പോളണ്ടിലെ സഭയ്ക്കും സമൂഹത്തിനും പുത്തനുണര്‍വേകട്ടെയെന്ന് പാപ്പ ആശംസിച്ചു. ഏപ്രില്‍ 27ന് വത്തിക്കാനില്‍ നടക്കുന്ന വിശുദ്ധപദപ്രഖ്യാപനത്തില്‍ നേരിട്ടും മാധ്യമങ്ങളിലൂടെയും പങ്കുചേരുന്ന എല്ലാവര്‍ക്കും വിശ്വാസത്തില്‍ ആഴപ്പെടാനുള്ള അവസരമായിരിക്കട്ടെ അതെന്നും പാപ്പ പറഞ്ഞു.
ലോക യുവജന സംഗമത്തോടനുബന്ധിച്ച് 2016ല്‍ പോളണ്ട് സന്ദര്‍ശിക്കാമെന്ന പ്രത്യാശയും തദവസരത്തില്‍ പോളിഷ് ജനത്തോട് പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക