Image

പാനലിന്‌ താത്‌പര്യമില്ല; എല്ലാവരുമായി ഒത്തുപോകുമെന്ന്‌ തോമസ്‌ ടി. ഉമ്മന്‍

Published on 26 April, 2014
പാനലിന്‌ താത്‌പര്യമില്ല; എല്ലാവരുമായി ഒത്തുപോകുമെന്ന്‌ തോമസ്‌ ടി. ഉമ്മന്‍
ന്യൂയോര്‍ക്ക്‌: ഫ്‌ളോറിഡയില്‍ നിന്ന്‌ രണ്ട്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥികളും ന്യൂയോര്‍ക്കില്‍ നിന്ന്‌ രണ്ട്‌ സെക്രട്ടറി സ്ഥാനാര്‍ത്ഥികളും രംഗത്തുവന്നതോടെ ഫോമാ ഇലക്ഷന്‍, പാനല്‍ അടിസ്ഥാനത്തിലായിരിക്കുമെന്ന ധാരണ അസ്ഥാനത്തായി.

`എനിക്ക്‌ പ്രത്യേകിച്ച്‌ പാനലൊന്നുമില്ല. എല്ലാവരുടേയും പിന്തുണയാണ്‌ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്‌. പാനലും ഗ്രൂപ്പും കളിച്ചാണ്‌ സംഘടന രണ്ടായി പിളര്‍ന്നതെന്ന ദുഖസത്യം നമുക്ക്‌ മുന്നിലുണ്ട്‌. അത്തരം ഭിന്നതകള്‍ ആവര്‍ത്തിക്കാതിരിക്കണം'
സെക്രട്ടറി  സ്ഥാനാര്‍ത്ഥിയും, ഫോമാ പൊളിറ്റിക്കല്‍ ഫോറം കണ്‍വീനറുമായ തോമസ്‌ ടി. ഉമ്മന്‍ പറഞ്ഞു.

ഫോമാ നേതാക്കളില്‍ നല്ലൊരു പങ്കും പാനലിനും ഗ്രൂപ്പിസത്തിനും എതിരാണെന്നും തോമസ്‌ ടി. ഉമ്മന്‍ ചൂണ്ടിക്കാട്ടി. മലയാളി സമൂഹത്തിന്റെ മൊത്തം ഉന്നമനം ലക്ഷ്യമാക്കുന്ന സംഘടനയാവണം ഫോമ എന്നതാണ്‌ തന്റെ കാഴ്‌ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. ആഘോഷം സംഘടിപ്പിക്കുന്ന ഒരു സംഘടന മാത്രമല്ല ഇത്‌. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കണം. ഉത്തരേന്ത്യന്‍ സംഘടനകള്‍ ഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളില്‍ നേടിയെടുത്ത സ്വാധീനം ഫോമയും കൈവരിക്കണം.

വിസ-പാസ്‌പോര്‍ട്ട്‌ പ്രശ്‌നങ്ങളില്‍ എന്നും എംബസിയും കോണ്‍സുലേറ്റുകളും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു. അതിനവരെ നിര്‍ബന്ധിതരാക്കുന്ന ജനവിരുദ്ധ നയങ്ങളാണ്‌ ഡല്‍ഹിയിലെ അധികൃതരില്‍ നിന്നും ഉണ്ടാകുന്നതും. ഇതിനെതിരേ ശക്തമായി ശബ്‌ദമുയര്‍ത്താന്‍ കഴിയുന്നത്‌ മലയാളി സമൂഹത്തിനും ഫോമയ്‌ക്കുമാണ്‌- തോമസ്‌ ടി. ഉമ്മന്‍ ചൂണ്ടിക്കാട്ടി.

മലയാള ഭാഷയും ഇന്ത്യന്‍ സംസ്‌കാരവും ഇവിടെ സജീവമായി നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ്‌ മറ്റൊന്ന്‌. ഇക്കാര്യത്തില്‍ ഫോമ ഏറെ കാര്യങ്ങള്‍ ചെയ്യുന്നു. അവ കൂടുതല്‍ ഊര്‍ജസ്വലമാക്കണം.

വാര്‍ധക്യത്തിലേക്കു കടന്ന ആദ്യകാല കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങളാണ്‌ സുപ്രധാനമായ മറ്റൊന്ന്‌. പലരും വാര്‍ധക്യത്തില്‍ നാട്ടിലേക്കു പോകാമെന്നു കരുതുന്നു. പക്ഷെ അവിടെ ചെല്ലുമ്പോള്‍ പൊരുത്തപ്പെടാനാവാത്ത അവസ്ഥ വരുന്നു. അതുപോലെ തന്നെ മക്കളോടൊത്ത്‌ കഴിയാമെന്ന താത്‌പര്യവും ചിലപ്പോള്‍ നടന്നുവെന്നു വരില്ല. ഈ സാഹചര്യത്തിലാണ്‌ ഫോമ പുതിയ സംരംഭങ്ങളും കാഴ്‌ചപ്പാടുകളുമായി രംഗത്തുവരേണ്ടതെന്നു കരുതുന്നു. ഇതിനായി പ്രത്യേക സമിതി തന്നെ രൂപപ്പെടുത്തണം.

യുവതലമുറ ചെന്നുപെടുന്ന ആപത്തുകളാണ്‌ അടുത്തകാലത്ത്‌ നമ്മെ ഏറെ വേദനിപ്പിച്ചത്‌. അതിനു നമുക്ക്‌ എന്തുചെയ്യാനാകും? ചെറുപ്പം മുതലേ അവര്‍ക്ക്‌ ഉപദേശ-പരിശീലനങ്ങള്‍ നല്‍കാന്‍ സംവിധാനം വേണം. ഇപ്പോള്‍ പള്ളിയുടേയും ക്ഷേത്രത്തിന്റേയും നിയന്ത്രണത്തില്‍, പുറംലോകത്ത്‌ നടക്കുന്നതിനെപ്പറ്റി ശരിയായ ധാരണയില്ലാതെ കുട്ടികള്‍ വളര്‍ന്നുവരുന്നു. കൗമാരത്തിലെത്തുമ്പോള്‍ അപകടങ്ങളില്‍പ്പെടുകയും ചെയ്യുന്നു. അതിനാല്‍ ചെറുപ്പത്തിലേയുള്ള സാമൂഹിക- ബോധവത്‌കരണ പരിപാടിയാണ്‌ ഉണ്ടാവേണ്ടത്‌. ഇതിന്‌ ഫോമ മുന്നിട്ടിറങ്ങണമെന്ന്‌ ആഗ്രഹിക്കുന്നു.

അതോടൊപ്പം അവരെ ഇവിടുത്തെ സിവിക്‌ -പൊളിറ്റിക്കല്‍ രംഗങ്ങളിലേക്ക്‌ ആകൃഷ്‌ടരാക്കാനും കഴിയണം.

ഇത്തരം വ്യക്തമായ കാഴ്‌ചപ്പാടുകളാണ്‌ തനിക്കുള്ളതെന്നും പ്രസിഡന്റായി ആനന്ദന്‍ നിരവേല്‍ വന്നാലും, ജയിംസ്‌ ഇല്ലിക്കല്‍ വന്നാലും സഹകരിക്കുന്നതിന്‌ തനിക്ക്‌ പ്രശ്‌നങ്ങളൊന്നുമില്ലെന്നും തോമസ്‌ ടി. ഉമ്മന്‍ പറഞ്ഞു.

നാല്‍പ്പതു വര്‍ഷം മുമ്പു പോലും അമേരിക്കന്‍ പൗരത്വം എടുത്തവര്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ കോണ്‍സുലേറ്റില്‍ കൊണ്ടുപോയി സറണ്ടര്‍ ചെയ്യുകയും അതിന്‌ 175 ഡോളര്‍ ഫീസും പിഴകളും നല്‍കണമെന്നും നാലുവര്‍ഷം മുമ്പ്‌ ഇന്ത്യാ ഗവണ്‍മെന്റ്‌ ചട്ടം കൊണ്ടുവന്നപ്പോള്‍ ഇതിനെതിരെ പ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കിയത്‌ ഫോമയും തോമസ്‌ ടി. ഉമ്മനുമാണ്‌. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ അതിനു മുമ്പ്‌ ഒരു പ്രതിക്ഷേധ റാലി ഉണ്ടായിട്ടില്ല. സ്വന്തം സഹോദരന്‍ മരി
ച്ചിട്ടും പ്രക്ഷോഭത്തിനു വന്നത്‌ പലരും ഓര്‍ക്കുന്നുണ്ടാവണം. ആ സമരം മൂലം 175 ഡോളര്‍ ഫീസ്‌ എന്നത്‌ 20 ഡോളറാക്കി. (2010 വരെ പൗരത്വമെടുത്തവര്‍ക്ക്‌). അധികൃതര്‍ക്ക്‌ ഇന്ത്യക്കാര്‍ പതിക്ഷേധിക്കുമെന്ന പേടി വന്നു. ഉത്തരേന്ത്യന്‍ സംഘടനകള്‍ മലയാളി സമൂഹത്തെ ആദരവോടെ അപ്പോഴെങ്കിലും നോക്കി.

വിസ-പാസ്‌പോര്‍ട്ട്‌ സര്‍വീസ്‌ ചെയ്യുന്ന ബി.എല്‍.എസ്‌ ഇന്റര്‍നാഷണലിന്റെ സ്വാധീനം മൂലം മലയാളികള്‍ മിക്കപ്പോഴും തോമസ്‌ ടി. ഉമ്മന്റെ സഹായമാണ്‌ അവ പരിഹരിക്കാന്‍ തേടുന്നത്‌. (ബി.എല്‍.എസ്‌ എന്തായാലും ഏതാനും ദിവസംകൂടിയേ ഉണ്ടാകൂ. അവരുടെ ചുമതല കോക്‌സ്‌ ആന്‍ഡ്‌ കിംഗ്‌സ്‌ എന്ന ബഹുരാഷ്‌ട്ര കമ്പനിക്ക്‌ നല്‍കാന്‍ തീരുമാനമായതായി അറിയുന്നു. മിക്കവാറുമെല്ലാ രാജ്യങ്ങളിലും കോക്‌സ്‌ ആന്‍ഡ്‌ കിംഗ്‌സിനു ശാഖകളുണ്ട്‌. പ്രൊഫഷണല്‍ സര്‍വീസ്‌ അവരില്‍ നിന്നെങ്കിലും പ്രതീക്ഷിക്കാം).

ബന്ധുമിത്രാദികളല്ലാതെ മരിക്കുന്നവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കും മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനും മറ്റും തോമസ്‌ ടി. ഉമ്മന്‍ ചെയ്യുന്ന സേവനങ്ങളും ശ്രദ്ധേയമാണ്‌. പാക്കിസ്ഥാന്‍ ന്യൂനപക്ഷങ്ങള്‍, ക്രൈസ്‌തവര്‍, ഹിന്ദുക്കള്‍, സിക്കുകാര്‍ എന്നിവര്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ക്കുമെതിരേയുള്ള പ്രതിക്ഷേധ റാലിക്കു നേതൃത്വം നല്‍കി.

ലോംഗ്‌ ഐലന്റ്‌ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക) സ്ഥാപക പ്രസിഡന്റാണ്‌. സി.എസ്‌.ഐ നോര്‍ത്ത്‌ അമേരിക്കന്‍ ഡയോസിഷന്‍ കൗണ്‍സില്‍ സെക്രട്ടറിയായിരുന്നു. സെന്റ്‌ തോമസ്‌ എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ ക്രിസ്‌ത്യന്‍ ഫോറം പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ബ്രന്റ്‌ വുഡ്‌ പബ്ലിക്‌ ലൈബ്രറിയില്‍ മലയാളം ക്ലാസുകള്‍ ഏര്‍പ്പെടുത്തുകയും, ഒ.സി.ഐ കാര്‍ഡ്‌ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്‌തു.

ഇന്ത്യയില്‍ നിന്നുള്ള രാഷ്‌ട്രീയ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്നു. ഏതു സ്ഥാനം ലഭിച്ചാലും അതിനായി പൂര്‍ണസമയവും വിനിയോഗിക്കുമെന്ന്‌ തോമസ്‌ ടി. ഉമ്മന്‍ പറഞ്ഞു.
പാനലിന്‌ താത്‌പര്യമില്ല; എല്ലാവരുമായി ഒത്തുപോകുമെന്ന്‌ തോമസ്‌ ടി. ഉമ്മന്‍
Join WhatsApp News
John Nadavelil 2014-04-26 21:21:11
Thomas T. Oommen did lot of good things for Malayalee Community. He will be a big asset for FOMMA. His leadership skills are excellent. He will do a great job like Aniyan, Salim, Benoy and Gladson did as General Secretary....... All the best. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക