Image

പാമ്പിന്‍ `പടവും' നോഹയെന്ന ചിത്രവും (ജോണ്‍മാത്യു)

Published on 01 May, 2014
പാമ്പിന്‍ `പടവും' നോഹയെന്ന ചിത്രവും (ജോണ്‍മാത്യു)
പാമ്പുകളോടാണ്‌ എനിക്ക്‌ ഏറെ പ്രതിപത്തി. അത്‌ പാമ്പുകളോടുള്ള സ്‌നേഹമാണോ വിദ്വേഷമാണോയെന്നും പറയാന്‍ കഴിയില്ല. നമുക്ക്‌ ആരെയെങ്കിലും വെറുക്കുകയും സ്‌നേഹിക്കുകയും ഒരുപോലെ ചെയ്യാന്‍ കഴിയുമോ? കഴിയും.

ഒരഞ്ചാറ്‌ പതിറ്റാണ്ടുകള്‍ക്കു മുന്‍പ്‌ ഞങ്ങളുടെ നാട്ടിന്‍പുറത്ത്‌ ജീവിച്ചിരുന്നവര്‍ അത്‌ മനസ്സിലാക്കിയിരുന്നു:

വിഷഹാരിയും ആരാധ്യനുമായ ആശാന്‍ പാമ്പുകളെ വിളിച്ചുവരുത്തി വിഷമെടുപ്പിക്കുന്നു. സ്വന്തം കടമ നിറവേറ്റി വിഷം കുത്തിവെച്ചതിനുശേഷം ആ വിഷം തിരിച്ചെടുക്കേണ്ടുന്ന കടമ പാമ്പുകള്‍ക്കില്ല, പക്ഷേ അത്യന്തികമായ ഒരു ത്യാഗം, വിഷഹാരിയുടെ കല്‌പന അനുസരിച്ചുകൊണ്ട്‌ പാമ്പുകള്‍ ചത്തുവീഴുന്നു!

മറ്റൊരുവശത്ത്‌ `അവന്‍ നിന്റെ തല തകര്‍ക്കും, നീ അവന്റെ കുതികാല്‍ തകര്‍ക്കും' എന്ന വേദപ്രമാണം അതേപടി പാലിക്കാന്‍ വിധിച്ചിട്ടുള്ള തറവാട്‌. അവിടത്തെ പ്രധാന ശേഖരവസ്‌തു ചൂരല്‍വടികളായിരുന്നു. പാമ്പുകള്‍ പലവിധമെന്നപോലെ ചൂരലും പലവിധം. എങ്കിലും ഏതോകാലത്തുണ്ടായിരുന്ന സര്‍പ്പാരാധനയുടെ ഭാഗമായിരിക്കാം പാമ്പിന്റെ തലയുടെ രൂപം കെട്ടിയ ചൂരല്‍വടികള്‍!

`പാമ്പിന്‍പട'ത്തിന്റെ ദിവ്യത്വം നിറഞ്ഞുനില്‍ക്കുന്ന സിനിമ കണ്ടപ്പോള്‍ പൊട്ടിച്ചിരിക്കാനാണ്‌ തോന്നിയത്‌. കാരണം പണ്ടുകാലത്ത്‌ രാവിലെ പറമ്പില്‍ക്കൂടിയൊന്ന്‌ നടന്നാല്‍ മതി കൊഴിച്ചിട്ട പാമ്പിന്‍പടം കാണാന്‍.

നോഹയെന്ന ചിത്രം കണ്ടു:

പേരക്കിടാങ്ങള്‍ നിര്‍ബന്ധിച്ചതുകൊണ്ട്‌. അവര്‍ കരുതിയത്‌ നോഹയുടെ പെട്ടകത്തില്‍ കടന്നുകൂടിയ മാന്‍കിടാങ്ങളുടെ തുള്ളിച്ചാട്ടം കാണാമെന്നായിരുന്നു. `ഗ്രില്‍ തീയേറ്ററിലെ' ഹാംബര്‍ഗള്‍ തിന്നുകഴിഞ്ഞപ്പോള്‍തന്നെ `ഇളയത്‌' ഉറക്കംതൂങ്ങി. ഇപ്പോള്‍ ഇങ്ങനെയാണ്‌, തീയേറ്ററും തീറ്റക്കടയും കൂട്ടിയിണക്കി സിനിമയില്‍ ഉണ്ടാകുന്ന നഷ്‌ടം തീറ്റയില്‍ നികത്താംപോലും!

ബൈബിള്‍സിനിമകള്‍ ഈയ്യിടെയായി ഞാന്‍ കാണാറേയില്ല. നിര്‍മ്മാതാവിന്റെയോ സംവിധായകന്റെയോ വിശ്വാസത്തിനനുസൃതമായിട്ടായിരിക്കും കഥ.

അറുപതുകളുടെ തുടക്കത്തിലെ `പത്തു കല്‌പനകള്‍' ഓര്‍മ്മയില്‍ വന്നു. ഇന്നത്തെപ്പോലെ അന്നും `ആംഗ്രേജി' എനിക്ക്‌ കഷ്‌ടി. പക്ഷേ കഥ അറിയാമായിരുന്നതുകൊണ്ട്‌ ആട്ടം കണ്ടു.

ബൈബിളിലെ ഉല്‌പത്തിപ്പുസ്‌തകത്തിലെ പ്രളയകഥ ഭാവനക്കും വ്യാഖ്യാനത്തിനും ധാരാളം അവസരങ്ങള്‍ തരുന്നു. ചോദ്യമില്ലാതെ അക്ഷരംപ്രതി വേദം സത്യമെന്നും വിശ്വസിക്കുന്നവര്‍ക്ക്‌ അങ്ങനെയും ആവാം. പക്ഷേ, ഒരു പടംപിടിക്കുമ്പോള്‍ ചില സൂചനകള്‍ക്ക്‌ അതിഭാവുകത്വം കൊടുക്കേണ്ടതായിവരും.

ഉദാഹരണത്തിന്‌ `അക്കാലത്ത്‌ ഭൂമിയില്‍ മല്ലന്മാരുണ്ടായിരുന്നു'. ഇവിടെ മല്ലന്മാരെ കല്‍ബിംബങ്ങളായി കല്‌പിച്ചുകൊണ്ട്‌ നോഹ അവരെക്കൊണ്ട്‌ പെട്ടകനിര്‍മ്മാണം നടത്തിക്കുന്നു. മറ്റൊന്ന്‌ ബൈബിള്‍ വഴിയേ പറഞ്ഞുപോകുന്ന ഒരു കഥാപാത്രമാണ്‌ സര്‍വ്വകൊല്ലന്മാരുടെയും പിതാവായ തൂബാല്‍കയീന്‍. നോഹ എന്ന ചിത്രത്തില്‍ ഈ തൂബാല്‍കയീന്‍ പ്രതിനായകസ്ഥാനത്താണ്‌.

കേവലയുക്തിക്ക്‌ അതീതമാണ്‌ ഈ ചിത്രമെന്ന്‌ പറയുന്നതിലും അര്‍ത്ഥമില്ല. മൂലകഥതന്നെ യുക്തിരഹിതമാണ്‌. ദിവ്യശക്തി നിറഞ്ഞുനില്‍ക്കുന്നുവെന്ന സങ്കല്‍പ്പം.

മുന്നൂറുമുഴം നീളമുള്ള പെട്ടകം എങ്ങനെയാണ്‌ ഒരാള്‍ ഒറ്റക്ക്‌ നിര്‍മ്മിക്കുക? അവിടെയാണ്‌ മെഥൂശലഹമിന്റെ പാത്രധര്‍മ്മം. ഉപദേശങ്ങള്‍ കൊടുക്കുന്ന ഋഷിതുല്യനായ വയോവൃദ്ധന്‍, നോഹയുടെ പിതാമഹന്‍! അദ്ദേഹം ഏദന്‍തോട്ടത്തില്‍നിന്ന്‌ ശേഖരിച്ചുവെച്ചിരുന്ന വിത്ത്‌ അത്ഭുതസിദ്ധികൊണ്ട്‌ മുളപ്പിച്ച്‌ ഇടതൂര്‍ന്ന മരങ്ങള്‍ വളരുന്ന ഒരു മഴക്കാടുതന്നെ സൃഷ്‌ടിച്ചെടുക്കുന്നു. ഇപ്പോള്‍ പെട്ടകനിര്‍മ്മാണത്തിനുള്ള മരമായി, ജോലി ചെയ്യാനും ശത്രുക്കളോട്‌ പോരാടാനും മല്ലന്മാരായ `കല്‍ബിംബ'ങ്ങളും. പെട്ടകത്തില്‍ക്കിടന്ന മൃഗങ്ങള്‍ `കലപില' കൂട്ടാതിരിക്കാനൊരു എളുപ്പമാര്‍ഗ്ഗം, എല്ലാം ഉറങ്ങിക്കിടക്കുന്നു!

സാങ്കേതികത അരോചകമായിരുന്നെങ്കിലും സംവിധായകന്‌ വ്യക്തിപരമായി താല്‍പര്യമുള്ള ദര്‍ശനങ്ങള്‍ ചിത്രത്തില്‍ സ്ഥാനം കണ്ടെത്തുന്നു. ഏദന്‍തോട്ടത്തില്‍നിന്ന്‌ ആണ്‍വഴിയില്‍ തുടര്‍ന്ന പാരമ്പര്യയായ `പാമ്പിന്‍പടം' നോഹ പെണ്‍മക്കളിലേക്ക്‌ എങ്ങനെ പകര്‍ന്നുകൊടുക്കും? പിറന്നുവീണ കുഞ്ഞുങ്ങളെ വകവരുത്താന്‍ കത്തിയുമായി നില്‍ക്കുന്ന നോഹയുടെ കാതുകളില്‍ ഇള എന്ന മരുമകളുടെ ശോകഗാനത്തില്‍ക്കൂടി കുടുംബത്തിലെ ദാര്‍ശനികമായ സംഘര്‍ഷം പ്രകടിപ്പിക്കാന്‍ കഴിഞ്ഞു.

ബൈബിളിലെ ഉല്‌പത്തിപ്പുസ്‌തകത്തിലെ ആദ്യഅദ്ധ്യായങ്ങള്‍ ഞാന്‍ വീണ്ടും വായിച്ചു. ഏതാനും നേര്‍ത്ത വരകളില്‍ക്കൂടി, ഏതാനും വാക്കുകളില്‍ക്കൂടി മനുഷ്യന്റെ സാംസ്‌ക്കാരികചരിത്രം മുഴുവന്‍ അവിടെ കോറിയിട്ടിരിക്കുന്നു. മനുഷ്യന്‍ കൃഷി തുടങ്ങിയത്‌, ഭാഷ വഴങ്ങിക്കിട്ടിയത്‌ കലാരൂപങ്ങള്‍ക്ക്‌ തുടക്കംകുറിച്ചത്‌, മദ്യം ഉപയോഗിച്ചത്‌, ആയുധങ്ങള്‍ നിര്‍മ്മിച്ചത്‌, അടിമകളുണ്ടായത്‌, അവസാനം മനുഷ്യന്റെ ആയുസ്സ്‌ ആയിരത്തോടടുത്ത വര്‍ഷങ്ങളില്‍നിന്ന്‌ നൂറിലേക്ക്‌ ചുരുങ്ങി വരുന്നത്‌, എന്നിങ്ങനെ.

എന്തായാലും തൂബാല്‍കയീനായിരുന്നു അക്കാലത്തെ ഏറ്റവും വലിയ വിപ്ലവകാരി. അയാള്‍ നിര്‍മ്മിച്ചെടുത്ത ആയുധങ്ങള്‍കൊണ്ടായിരിക്കണമല്ലോ മനുഷ്യന്‍ മൃഗങ്ങളെ വകവരുത്തിയത്‌. അതിനുമുന്‍പ്‌ മനുഷ്യന്‍ സസ്യഭുക്കായിരുന്നുവെന്നുവേണം അനുമാനിക്കാന്‍. അതിന്റെ സൂചനയും നോഹയെന്ന ചിത്രത്തിലുണ്ട്‌. പ്രളയം കഴിഞ്ഞ്‌ മനുഷ്യന്‍ കാണുന്നത്‌ ഒരു പുതിയ ലോകമാണ്‌.

എന്നെ ഏറെ വശീകരിച്ചത്‌ പാമ്പിന്‍പടംതന്നെ!

ഏദന്‍തോട്ടത്തില്‍നിന്ന്‌ ശപിക്കപ്പെട്ട പാമ്പിന്റെ കൊഴിഞ്ഞുവീണ `പടം' ഇനിയും ആകര്‍ഷണീയമായ `ഡിസൈനര്‍' വില്‍പനവസ്‌തുവാകുന്നതും, അത്‌ തലയിലും കയ്യിലും തങ്ങളുടെ അവകാശമായും അഭിമാനമായും ചുറ്റി, അണിഞ്ഞ്‌ യുവതികള്‍ പള്ളിയില്‍ അനുഗ്രഹം വാങ്ങാന്‍ പോകുന്നതും കാണാനിരിക്കുന്നതേയുള്ളൂ.
പാമ്പിന്‍ `പടവും' നോഹയെന്ന ചിത്രവും (ജോണ്‍മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക