Image

കടുവയെ കിടുവ പിടിക്കുമ്പോള്‍; മലയാള സിനിമ വീണ്ടും പ്രതിസന്ധിയിലേക്ക്‌

ജയമോഹനന്‍ എം Published on 01 May, 2014
കടുവയെ കിടുവ പിടിക്കുമ്പോള്‍; മലയാള സിനിമ വീണ്ടും പ്രതിസന്ധിയിലേക്ക്‌
മലയാള സിനിമയില്‍ വിലക്ക്‌ കണ്ടുപിടിച്ച കക്ഷിയാണ്‌ ബി.ഉണ്ണികൃഷ്‌ണന്‍. മാക്‌ട പിളര്‍ത്തി ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തില്‍ ഫെഫ്‌ക രൂപീകരിച്ചതില്‍ പിന്നെ വിലക്കുകളുടെ പെരുമഴ തന്നെയായിരുന്നു. തിലകനെ വിലക്കയതില്‍ നിന്നാണ്‌ ഫെഫ്‌കയുടെ വിലക്കുകളുടെ തുടക്കം. പിന്നീട്‌ പലരെയും പലസമയങ്ങളില്‍ ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തില്‍ വിലക്കിയിട്ടുണ്ട്‌. എന്നാലിപ്പോള്‍ ഉണ്ണികൃഷ്‌ണനെ വിലക്കിയതിന്റെ ക്രെഡിറ്റ്‌ സ്വന്തമാക്കിയിരിക്കുകയാണ്‌ ലിബര്‍ട്ടി ബഷീര്‍. ഉണ്ണികൃഷ്‌ണന്‍ മിസ്റ്റര്‍ ഫ്രോഡ്‌ എന്ന ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന്‌ തീരുമാനിത്തിലാണ്‌ ലിബര്‍ട്ടി ബഷീര്‍ നയിക്കുന്ന എ ക്ലാസ്‌ തിയറ്റര്‍ സംഘനയായ എക്‌സിബിറ്റേഴ്‌സ്‌ അസോസിയേഷന്‍. വിലക്ക്‌ എത്തിയിട്ട്‌ ഒരാഴ്‌ച പിന്നിടുമ്പോഴും പ്രശ്‌നത്തിന്‌ പരിഹാരമായിട്ടില്ല.

എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്റെ ഓഫീസ്‌ ഉദ്‌ഘാടനത്തിന്‌ ഫെഫ്‌കയിലെ സംവിധായകരും അമ്മയിലെ താരങ്ങളും എത്താതിരുന്നതിന്‌ പിന്നില്‍ ബി.ഉണ്ണികൃഷ്‌ണനാണെന്ന്‌ ലിബര്‍ട്ടി ബഷീറും എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷനും പറയുന്നു. അതുകൊണ്ടു തന്നെ ബി.ഉണ്ണികൃഷ്‌ണന്‍ അസോസിയേഷന്‍ ഓഫീസിലെത്തി മാപ്പു പറയാതെ പ്രശ്‌നം തീരില്ലെന്നാണ്‌ നിലപാട്‌.

എന്നാല്‍ മിസ്റ്റര്‍ ഫ്രോഡ്‌ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ ഒരു സിനിമയും പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിലാണ്‌ ഫെഫ്‌ക. താരസംഘടനയായ അമ്മയുടെ സപ്പോര്‍ട്ടും ഫെഫ്‌കയ്‌ക്ക്‌ തന്നെ. തിയറ്ററില്‍ സിനിമ വന്നില്ലെങ്കില്‍ തിയറ്റര്‍ ഉടമകള്‍ എന്ത്‌ ചെയ്യുമെന്നാണ്‌ ഫെഫ്‌കയുടെ ചോദ്യം. അന്യഭാഷ ചിത്രങ്ങള്‍ കൊണ്ട്‌ തിയറ്റര്‍ നടത്താമെന്ന്‌ കരുതേണ്ടെന്നും ഫെഫ്‌ക പറയുന്നു. അങ്ങനെയെങ്കില്‍ മെയ്‌ എട്ടിനും മിസ്റ്റര്‍ ഫ്രോഡിനെ വിലക്കിയ പ്രശ്‌നം തീര്‍ന്നില്ലെങ്കില്‍ റിലീസുകള്‍ നിര്‍ത്തിവെച്ച്‌ സമരത്തിലേക്ക്‌ പോകും മലയാള സിനിമ. റിലീസുകള്‍ നിര്‍ത്തിവെക്കാനാണ്‌ തീരുമാനമെങ്കില്‍ പുതിയ നിര്‍മ്മാണങ്ങളും നിര്‍ത്തിവെക്കേണ്ടി വരുമെന്ന നിലപാടിലാണ്‌ നിര്‍മ്മാതാക്കളുടെ സംഘടന.

ബി.ഉണ്ണികൃഷ്‌ണനെതിരെ ഫെഫ്‌കയിലും നിര്‍മ്മാതാക്കളുടെ സംഘടനയിലും ചില ഗ്രൂപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമാണ്‌ ഇപ്പോഴത്തെ പ്രശ്‌നങ്ങളെന്നാണ്‌ സൂചന. ബി.ഉണ്ണികൃഷ്‌ണന്റെ ഏകാധിപതിയെപ്പോലെയുള്ള പ്രവര്‍ത്തനം ഇനി മലയാള സിനിമയില്‍ വേണ്ടെന്നാണ്‌ ഇവരുടെ നിലപാട്‌. അമ്മയിലെ സൂപ്പര്‍താരങ്ങളുടെ പിന്തുണ കൊണ്ടു മാത്രമാണ്‌ ഉണ്ണികൃഷ്‌ണന്‍ ഫെഫ്‌കയുടെ തലവനായി തുടരുന്നതെന്നും അവര്‍ പറയുന്നു.

എന്തായാലും ദൃശ്യം സിനിമയുടെ 150ാം വാര്‍ഷിക ആഘോഷം കൊച്ചിയില്‍ നടക്കുമ്പോള്‍ അവിടെ അനുരഞ്‌ജന ചര്‍ച്ചയും ഒരുക്കാമെന്ന ധാരണയിലാണ്‌ ഇപ്പോള്‍ തിയറ്റര്‍ ഉടമകളും ഫെഫ്‌കയും. അവിടെയും തീരുമാനമായില്ലെങ്കില്‍ മലയാള സിനിമ വീണ്ടും പ്രതിസന്ധിയിലേക്ക്‌ പോകും.
കടുവയെ കിടുവ പിടിക്കുമ്പോള്‍; മലയാള സിനിമ വീണ്ടും പ്രതിസന്ധിയിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക