Image

കാവ്യാംഗനയുടെ ചോദ്യം (കവിത:വാസുദേവ്‌ പുളിക്കല്‍)

Published on 05 May, 2014
കാവ്യാംഗനയുടെ ചോദ്യം (കവിത:വാസുദേവ്‌ പുളിക്കല്‍)
കാവ്യാംഗനയൊരുചോദ്യവുമായി
കാവ്യലോകത്തേക്കിറങ്ങിവന്നു
അക്ഷരമാലകളണിഞ്ഞുമണിവിരല്‍
മോതിരമിട്ട്‌ മറച്ച്‌ പിടിച്ചും
ആപാദചൂഡമണിഞ്ഞൊരുനേരിയ
പുടവതുമ്പുകള്‍ കാറ്റിലുലച്ചും
നെറ്റികുറിയിലെ കുങ്കുമമിത്തിരി
കയ്യിലെടുത്തവള്‍ചോദ്യമെഴുതി
സുലളിതമോഹന കല്‍പ്പനകള്‍
പൊന്‍ ചിറകില്‍പാറിനടക്കുമ്പോള്‍
ദുര്‍ഗ്രഹയായൊരഭിസാരികയായ്‌
എന്നെദുഷിപ്പിക്കുന്നൊരുദുഷ്‌ടര്‍
മൂകയും ബധിരയും ഭ്രാന്തിയുമായ്‌
പൊട്ടിപെണ്ണായ്‌ കരുതരുതെന്നെ
ഞാനോ കവിതമനോഹരിയായവള്‍
ഭാഷകള്‍ ചൂടും വാടാ ഹാരം
എന്നിലെയിതളുകള്‍നുള്ളിയെറിഞ്ഞും
എന്നിലെ ഗന്ധം കാറ്റിലെറിഞ്ഞും
വാക്കുകള്‍വെട്ടി, കുത്തിമലര്‍ത്തി
ശവമാക്കുന്നുനൂതന കവികള്‍
കടലാസ്സ്‌പൂവ്വായിമാറ്റുന്നുചിലര്‍
എന്നെ, കവികള്‍ കലയില്ലാത്തോര്‍
പഴമയിലെന്നും പുണ്യം പുലരുമൊരനര്‍ഘ
സുന്ദര കവിതകള്‍ എവിടെ?

*************************
കാവ്യാംഗനയുടെ ചോദ്യം (കവിത:വാസുദേവ്‌ പുളിക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക