Image

പിതൃസ്‌മരണയില്‍ ഗവി (പ്രകൃതിയുടെ നിഴലുകള്‍ തേടി -16: ജോര്‍ജ്‌ തുമ്പയില്‍)

Published on 05 May, 2014
പിതൃസ്‌മരണയില്‍ ഗവി (പ്രകൃതിയുടെ നിഴലുകള്‍ തേടി -16: ജോര്‍ജ്‌ തുമ്പയില്‍)
പേരു കേട്ടാല്‍ കേരളത്തനിമ ഇല്ലാത്ത ഒരു സ്ഥലമുണ്ട്‌ ഇടുക്കി ജില്ലയില്‍. ഗവി എന്നാണ്‌ പേര്‌. ഇളം മഞ്ഞിന്‍ കുളിരുമായി ആരെയും കൊതിപ്പിക്കുന്ന ഒരു അപൂര്‍വ്വ ഡെസ്റ്റിനേഷന്‍. സമുദ്രനിരപ്പില്‍നിന്ന്‌ 3,400 അടി ഉയരത്തിലാണ്‌ ഗവി. കൊടുംവേനലില്‍ പോലും വൈകിട്ടായാല്‍ ചൂട്‌ 10 ഡിഗ്രിയിലേക്ക്‌ എത്തും. പുല്‍മേടുകളാല്‍ സമൃദ്ധമായ മൊട്ടക്കുന്നുകള്‍. ഇവിടെ ഒരു കുന്നിന്‍ പുറത്തു നിന്ന്‌ നോക്കിയാല്‍ ശബരിമലയുടെ ഒരു വിദൂര ദര്‍ശനം ലഭിക്കും. ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത പൂക്കളും മരങ്ങളും നിറഞ്ഞ ഗവിയില്‍ മലമുഴക്കി വേഴാമ്പല്‍, മരംകൊത്തി മുതല്‍ 323 തരം പക്ഷികളുടെ ഒരു വന്‍സഞ്ചയം തന്നെയുണ്ടിവിടെ. കടുവ, ആന, പുലി, കരടി തുടങ്ങി പ്രധാന മൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ്‌ ഈ മേഖല. 63 തരം മൃഗങ്ങളും 45 തരം ഉരഗങ്ങളും ഇവിടെയുള്ളതായി കണക്കാക്കപ്പെടുന്നു. ഇതാണ്‌ ഗവിയുടെ ഒരു ഏകദേശ രൂപം. എനിക്ക്‌ ഗവിയുമായുള്ള ഒരു നാഭീനാള ബന്ധമാണ്‌. അതായത്‌ അമ്മയുടെ വയറ്റില്‍ വച്ചേ തുടങ്ങിയ ബന്ധം...

ഇഹലോകവാസം വെടിഞ്ഞ എന്റെ പിതാവിനെ അടക്കി വന്നതിനു ശേഷം കുറിക്കുന്നതാണിത്‌. പ്രകൃതിയുടെ നിഴലുകള്‍ തേടി എന്ന പംക്തിയുടെ ഈ ലക്കത്തിലേക്ക്‌ പ്ലാന്‍ ചെയ്‌തിരുന്ന ഇവിടെ പരാമര്‍ശിക്കുന്ന പത്തനംതിട്ട ജില്ലയിലെ പ്രകൃതിരമണീയമയായ ഗവിയെക്കുറിച്ചുള്ള വിവരണം എന്റെ പിതാവിനുള്ള സമര്‍പ്പണമായി ഉപകരിക്കാന്‍ പരമകാരുണികനായ ദൈവം ഇടയാക്കി എന്ന സംതൃപ്‌തിയോടെയാണിത്‌ കുറിക്കുന്നത്‌.

ചലനമറ്റു കിടന്ന ആ കൈകകളില്‍ തൂങ്ങിയാണ്‌, ആ മാറില്‍ ഒട്ടിച്ചേര്‍ന്നു കിടന്നാണ്‌ ഓര്‍മ്മവച്ച നാള്‍ മുതല്‍ ഗവിയിലും സമീപപ്രദേശങ്ങളിലും സഞ്ചരിച്ചിരുന്നത്‌. പച്ചക്കാനം ഡൗണ്‍ടണ്‍ എസ്റ്റേറ്റിലെ ഉദ്യോഗസ്ഥനായിരുന്നു അന്ന്‌ അച്ചായന്‍. എസ്‌റ്റേറ്റ്‌ കണ്ടക്ടര്‍ എന്നതായിരുന്നു അച്ചായന്റെ ഔദ്യോഗിക പദവി. റൈട്ടര്‍ എന്ന്‌ ഏലം എസ്റ്റേറ്റിലെ തൊഴിലാളികളും ആന്‍ഡ്രൂസ്‌ സാര്‍ എന്ന്‌ സഹപ്രവര്‍ത്തകരും വിളിച്ചിരുന്ന അച്ചായന്‍ എസ്റ്റേറ്റിലെ സൂപ്രണ്ടിന്‌ തൊട്ടു താഴെയുള്ള ഉദ്യോഗസ്ഥനായിരുന്നു. കാഞ്ഞിരപ്പള്ളിക്കാരായ കരിമ്പനാല്‍ മുതലാളിമാരുടെ ഇഷ്ടഭാജനമായിരുന്ന അച്ചായന്റെ കൈകളിലൂടെയായിരുന്നു അഞ്ഞൂറിലധികം വരുന്ന തൊഴിലാളികളുടെയും മറ്റു ജീവനക്കാരുടെയും ശമ്പളം മുതലായ എല്ലാ കണക്ക്‌ കാര്യങ്ങളും കടന്നു പൊയ്‌ക്കൊണ്ടിരുന്നത്‌. മലയാളംപത്രം പേട്രണ്‍ ചാക്കോ സാര്‍ (പി.സി ചാക്കോ) കാഞ്ഞിരപ്പള്ളി ഹെഡ്‌ ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്നു അന്ന്‌. മലയാളംപത്രവുമായുള്ള ബന്ധം ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതെന്നു സാരം.

ഞാന്‍ അമ്മയുടെ ഉദരത്തിലായിരുന്ന കാലം മുതല്‍ ഗവിയും പരിസരങ്ങളും എന്റെ ക്യാച്‌മെന്റ്‌ ഏരിയയായിരുന്നു എന്നു പറയുന്നതാവും കൂടുതല്‍ ശരി. അന്ന്‌ വണ്ടിപ്പെരിയാറില്‍ നിന്നു ശരിക്കുള്ള റോഡുകളൊന്നും ആയിട്ടില്ല. കുമളി വരെ സ്വരാജ്‌ ബസില്‍ പോയി അവിടെ തേക്കടിയില്‍ നിന്നു ബോട്ടിലും വള്ളത്തിലുമാണ്‌ പച്ചക്കാനം എസ്റ്റേറ്റില്‍ എത്തിയിരുന്നത്‌. പിന്നീട്‌ വള്ളക്കടവില്‍ നിന്നായി ബോട്ട്‌ സഞ്ചാരം. ഇപ്പോഴും കരിമ്പനാല്‍ ജീവനക്കാരനായ ശ്രീധരന്‍ ചേട്ടന്റെ കൈയില്‍ തൂങ്ങി (ശ്രീധരന്‍ ചേട്ടന്‍ അച്ചായന്റെ മരണദിവസവും ഒമ്പതാം ദിന പ്രാര്‍ത്ഥനയിലും പങ്കെടുക്കാന്‍ എത്തിയിരുന്നു) മുല്ലപ്പെരിയാറിലൂടെ സഞ്ചരിച്ചിരുന്നത്‌ നേരിയ ഓര്‍മ്മയായി കൂടെയുണ്ട്‌. എനിക്കൊരു ഏഴെട്ട്‌ വയസ്സുള്ളപ്പോഴാണ്‌ വണ്ടിപ്പെരിയാറില്‍ നിന്ന്‌ വള്ളക്കടവ്‌ വഴി കോഴിക്കാനം, പച്ചക്കാനം കടന്ന്‌ ആനത്തോട്‌ താണ്ടി ഗവി ഏരിയയിലൂടെ കക്കി ഡാം വരെ ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്‌ സഞ്ചരിക്കാന്‍ തുടങ്ങിയത്‌. ദിവസം രണ്ടു ബസുകളായിരുന്നു കോട്ടയം സ്‌റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ടിരുന്നത്‌. രാവിലെ എട്ടിന്‌ ഒരെണ്ണവും ഉച്ചകഴിഞ്ഞ്‌ രണ്ടു മണിക്ക്‌ മറ്റൊന്നും. രണ്ടു മണിയുടെ വണ്ടിയിലായിരുന്നു തപാലും മറ്റും എത്തിച്ചിരുന്നത്‌. വണ്ടിപ്പെരിയാറില്‍ നിന്നും മുക്കാല്‍ മണിക്കൂര്‍ കൊണ്ട്‌ പച്ചക്കാനം എസ്റ്റേറ്റിലെത്തും. അവിടെ നിന്ന്‌ മലമടക്കുകളിലൂടെ ഏതാണ്ട്‌ അര മണിക്കൂര്‍ കൂടി യാത്ര ചെയ്യുമ്പോഴാണ്‌ ഗവിയിലെത്തുക. ഏതൊരു കൊച്ചവധിക്കും പച്ചക്കാനത്ത്‌ എത്തുക എന്നത്‌ ഞങ്ങള്‍ പിള്ളേരുടെ ഒരു അവകാശമായിരുന്നു. മൃഗ സംരക്ഷണമൊന്നും ഇപ്പോഴുള്ളതു മാതിരി കാര്യക്ഷമമല്ലാതിരുന്ന അക്കാലത്ത്‌ റൈട്ടര്‍ സാറിന്റെ മകന്‍ എന്ന നിലയില്‍ തോട്ടത്തിലെ സെക്യൂരിറ്റിമാരായ രണ്ടു പേരുടെ കൂടെ മാറി മാറി (പേരുകള്‍ ഓര്‍മ്മയിലില്ല) വേട്ടയ്‌ക്ക്‌ പോയതും, മ്‌ളാവ്‌ (മാനിന്റെ ഒരു വകഭേദം), പറക്കുന്ന അണ്ണാന്‍ തുടങ്ങി പലതിനെയും വെടിവച്ച്‌ വീഴ്‌ത്തി വീട്ടില്‍ കൊണ്ടു വന്നതുമൊക്കെ മറക്കാനാവാത്ത ഓര്‍മ്മകളാണ്‌. തോട്ടത്തിലെ ഓറഞ്ച്‌ മരങ്ങള്‍ കോണ്‍ട്രാക്ട്‌ കൊടുത്തിരുന്നതാണെങ്കിലും അതില്‍ കയറി ഇഷ്ടം പോലെ ഓറഞ്ചുകള്‍ പറിക്കാനും വീട്ടില്‍ കൊണ്ടു പോകാനും സൂപ്രണ്ട്‌ സാര്‍ പ്രത്യേകം അധികാരം തന്നിരുന്നതും ഓര്‍മ്മിക്കുന്നു. തൊഴിലാളികളുടെ മക്കളില്‍ ചിലരും കുട്ടി സൗഹൃദത്തില്‍ പെട്ടിരുന്നു. അവരുമായി കാട്ടിനുള്ളില്‍ ഞാവുളുപ്പഴം (നമ്മുടെ വൈല്‍ഡ്‌ ബ്ലൂബെറി തന്നെ) ശേഖരിക്കാന്‍ പോയതും വായും മുഖവും മുഴുവന്‍ പര്‍പ്പിള്‍ കളറായതും ശുദ്ധ നീര്‍ക്കയത്തില്‍ മുങ്ങിക്കുളിച്ചതുമൊക്കെ ഏതാണ്ട്‌ 50 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഇപ്പോഴും സ്‌മൃതിപഥത്തിലെത്തുന്നു. പച്ചക്കാനം എസ്റ്റേറ്റിലെത്തുന്ന ബന്ധുമിത്രാദികളുടെയും മുതലാളിമാരുടെ അതിഥികളുടെയും കൂടെ ഗവിയിലൂടെ കക്കി ഡാം വരെയുള്ള എത്രയെത്ര യാത്രകള്‍.

അച്ചായന്‍ പച്ചക്കാനം എസ്റ്റേറ്റില്‍ നിന്നും 15 കൊല്ലം മുന്‍പാണ്‌ പിരിഞ്ഞത്‌. അതിനൊക്കെയും മുന്‍പ്‌ സഹോദരിമാരായ ആലീസും, മേഴ്‌സിയുമായി അവധിക്കാലങ്ങളില്‍ ഇവിടങ്ങളില്‍ ചുറ്റിയടിക്കാറുണ്ടായിരുന്നു.

ഈയടുത്ത കാലത്ത്‌ കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച ഓര്‍ഡിനറി എന്ന സിനിമ ഗതകാല സ്‌മരണകളെ പുല്‍കി ഉണര്‍ത്തിയിരുന്നു. ഓര്‍ഡിനറി സിനിമയുടെ ഭൂരിഭാഗവും ഗവിയിലാണ്‌ ഷൂട്ട്‌ ചെയ്‌തത്‌. പിന്നീട്‌ വനിതയില്‍ റിമി ടോമി ഭര്‍ത്താവിനൊപ്പം ഗവി ചുറ്റിയതു കൂടി വായിച്ചപ്പോള്‍ ഒന്നു കൂടി ആ വഴിയില്‍ കറങ്ങാന്‍ മനസ്സ്‌ മന്ത്രിച്ചതാണ്‌. നടന്നില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം. ഇപ്പോഴാകട്ടെ വള്ളക്കടവിനപ്പുറം ആരെയും കടത്തിവിടുന്നുമില്ല. കാട്ടുതീയെ ഭയക്കുന്നതു കൊണ്ടാവാം വനപാലകരുടെ കര്‍ശനനിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ്‌ ഗവി. പോരാത്തതിന്‌ കക്കി, ശബരിഗിരി, പമ്പ റിസര്‍വോയറുകള്‍ ഉള്ളതിനാല്‍ ശക്തമായ സുരക്ഷയും ഈ ഭാഗത്ത്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. വണ്ടിപ്പെരിയാറില്‍ നിന്നും ഗവി വരെ പോയി വരാമെങ്കിലും അതിനപ്പുറത്തേക്കുള്ള യാത്രയുടെ കാര്യത്തില്‍ കാര്യമായി റിസ്‌ക്കെടുക്കണമെന്ന്‌ കേള്‍ക്കുന്നുണ്ട്‌. ഇപ്പോള്‍ ഈ വഴി ഒരു ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്‌ വണ്ടിപ്പെരിയാറ്റില്‍ നിന്നും പത്തനംതിട്ടയിലേക്ക്‌ നിത്യേന ട്രിപ്പ്‌ നടത്തുന്നുമുണ്ട്‌.

(എത്തിച്ചേരാന്‍: കൊല്ലം മധുര ദേശീയ പാതയില്‍ (എന്‍.എച്ച്‌ 220) വണ്ടിപ്പെരിയാറില്‍ നിന്നും 28 കി.മി. തെക്ക്‌പടിഞ്ഞാറായാണ്‌ ഗവി. കോട്ടയത്തു നിന്നും തിരുവനന്തപുരത്തുനിന്നും എറണാകുളത്തു നിന്നും വണ്ടിപ്പെരിയാറിലേക്ക്‌ കെ. എസ്‌.ആര്‍.ടി.സി ബസ്‌ സര്‍വീസുണ്ട്‌. വണ്ടിപ്പെരിയാറില്‍ നിന്നു കുമളിയിലേക്കുള്ള വഴിയില്‍ കോണിമാറ എസ്‌റ്റേറ്റിലൂടെ വലത്തോട്ടുതിരിഞ്ഞു വേണം ഗവിയിലേക്ക്‌ പോകാന്‍. വളരെ ദുര്‍ഘടം പിടിച്ച വഴിയായതിനാല്‍ ജീപ്പ്‌ പോലയുള്ള ഓഫ്‌റോഡര്‍ വാഹനങ്ങളാണ്‌ ഉചിതം. വണ്ടിപ്പെരിയാറില്‍ നിന്നും കുമളിയില്‍ നിന്നും ഇത്തരം വാഹനങ്ങള്‍ ലഭിക്കും. വണ്ടിപ്പെരിയാറില്‍ നിന്നും ആദ്യത്തെ ഒന്‍പത്‌ കിലോമീറ്റര്‍ പിന്നിട്ടാല്‍ വള്ളക്കടവ്‌ ചെക്‌പോസ്റ്റാണ്‌. പ്രവേശനപാസ്സുകള്‍ വള്ളക്കടവിലുള്ള വനംവകുപ്പ്‌ ചെക്ക്‌ പോസ്റ്റില്‍നിന്ന്‌ ലഭ്യമാണ്‌. ഇതിനു പുറമേ പത്തനംതിട്ടയില്‍ നിന്നും ഗവി വഴി കുമളിയിലേക്ക്‌ കെ.എസ്‌. ആര്‍.ടി.സി ബസ്സ്‌ സര്‍വ്വീസുണ്ട്‌. പത്തനംതിട്ട നിന്ന്‌ വടശ്ശേരിക്കര, പെരിനാട്‌, പുതുക്കട, മണക്കയം വഴിയാണ്‌ ഈ സര്‍വീസ്‌. രാവിലെ 6.30നും ഉച്ചയ്‌ക്ക്‌ 12.30നുമാണ്‌ ഈ സര്‍വ്വീസുകള്‍. 70 കിലോമീറ്റര്‍ അകലെയുള്ള തേനിയും 120 കിലോമീറ്റര്‍ അകലെയുള്ള കോട്ടയവുമാണ്‌ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്‌റ്റേഷനുകള്‍. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ യഥാക്രമം 200ഉം 250ഉം കിലോമീറ്റര്‍ അകലെയാണ്‌.)

(തുടരും)
പിതൃസ്‌മരണയില്‍ ഗവി (പ്രകൃതിയുടെ നിഴലുകള്‍ തേടി -16: ജോര്‍ജ്‌ തുമ്പയില്‍)
പിതൃസ്‌മരണയില്‍ ഗവി (പ്രകൃതിയുടെ നിഴലുകള്‍ തേടി -16: ജോര്‍ജ്‌ തുമ്പയില്‍)
പിതൃസ്‌മരണയില്‍ ഗവി (പ്രകൃതിയുടെ നിഴലുകള്‍ തേടി -16: ജോര്‍ജ്‌ തുമ്പയില്‍)
പിതൃസ്‌മരണയില്‍ ഗവി (പ്രകൃതിയുടെ നിഴലുകള്‍ തേടി -16: ജോര്‍ജ്‌ തുമ്പയില്‍)
പിതൃസ്‌മരണയില്‍ ഗവി (പ്രകൃതിയുടെ നിഴലുകള്‍ തേടി -16: ജോര്‍ജ്‌ തുമ്പയില്‍)
പിതൃസ്‌മരണയില്‍ ഗവി (പ്രകൃതിയുടെ നിഴലുകള്‍ തേടി -16: ജോര്‍ജ്‌ തുമ്പയില്‍)
പിതൃസ്‌മരണയില്‍ ഗവി (പ്രകൃതിയുടെ നിഴലുകള്‍ തേടി -16: ജോര്‍ജ്‌ തുമ്പയില്‍)
പിതൃസ്‌മരണയില്‍ ഗവി (പ്രകൃതിയുടെ നിഴലുകള്‍ തേടി -16: ജോര്‍ജ്‌ തുമ്പയില്‍)
പിതൃസ്‌മരണയില്‍ ഗവി (പ്രകൃതിയുടെ നിഴലുകള്‍ തേടി -16: ജോര്‍ജ്‌ തുമ്പയില്‍)
പിതൃസ്‌മരണയില്‍ ഗവി (പ്രകൃതിയുടെ നിഴലുകള്‍ തേടി -16: ജോര്‍ജ്‌ തുമ്പയില്‍)
പിതൃസ്‌മരണയില്‍ ഗവി (പ്രകൃതിയുടെ നിഴലുകള്‍ തേടി -16: ജോര്‍ജ്‌ തുമ്പയില്‍)
പിതൃസ്‌മരണയില്‍ ഗവി (പ്രകൃതിയുടെ നിഴലുകള്‍ തേടി -16: ജോര്‍ജ്‌ തുമ്പയില്‍)
പിതൃസ്‌മരണയില്‍ ഗവി (പ്രകൃതിയുടെ നിഴലുകള്‍ തേടി -16: ജോര്‍ജ്‌ തുമ്പയില്‍)
ഓര്‍മ്മകളില്‍: ലേഖകന്റെ പിതാവ്‌ ടി.വി. ആന്‍ഡ്രൂസ്‌ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ഭാര്യ അന്നമ്മയ്‌ക്കൊപ്പം വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്റെ പശ്ചാത്തലത്തില്‍. (വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ എന്നതുപോലെ ആന്‍ഡ്രൂസ്‌ സാറും ഇക്കഴിഞ്ഞമാസം കഥാവശേഷനായി).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക