Image

ഫോമാ: ജയിംസ് ഇല്ലിക്കല്‍-സജി കരിമ്പന്നൂര്‍: സംയുക്ത പ്രസ്താവന

ജോയിച്ചന്‍ പുതുക്കുളം Published on 05 May, 2014
ഫോമാ: ജയിംസ് ഇല്ലിക്കല്‍-സജി കരിമ്പന്നൂര്‍: സംയുക്ത പ്രസ്താവന
കേരളമെന്ന കൊച്ചു സംസ്ഥാനത്തുനിന്നും പാശ്ചാത്യസംസ്‌കാരത്തിന്റെ തൊട്ടില്ലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നോര്‍ത്ത് അമേരിക്കയിലേക്ക് മലയാളികള്‍ കുടിയേറിപ്പാര്‍ക്കാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി. നോര്‍ത്ത് അമേരിക്കയിലെ മലയാളികള്‍ ആഗ്രഹിച്ച രീതിയിലുള്ള ഒരു സംഘടനയുടെ സ്വപ്ന സാക്ഷാത്കാരമാണ് 'ഫോമ' എന്ന ഓമനപ്പേരിലറിയപ്പെടുന്ന 'ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക'.

പ്രകൃതി മനോഹാരിതയാല്‍ അലങ്കരിക്കപ്പെട്ട, കേരളമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്‌ളോറിഡയിലേക്ക് അടുത്ത കണ്‍വന്‍ഷന്‍ കൊണ്ടുവരുവാന്‍ ആഗ്രഹിക്കുന്നു. അതിലേക്ക് ഏവരേയും ഞങ്ങള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. അതിന് നേതൃത്വം കൊടുക്കാന്‍ ഞങ്ങള്‍ മാനസീകമായും ശാരീരികമായും സാമ്പത്തികമായും തയാറായിരിക്കുന്നു എന്നു പറയുന്നതില്‍ ഞങ്ങള്‍ക്ക് ചാരിതാര്‍ത്ഥ്യമുണ്ട്.

ഫോമയ്ക്ക് നേതൃത്വംകൊടുക്കുവാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിക്കുന്നപക്ഷം ഒരു കണ്‍വന്‍ഷന്‍കൊണ്ട് ഈ പ്രസ്ഥാനത്തെ ഒതുക്കിനിര്‍ത്താതെ ഇതൊരു ജനകീയപ്രസ്ഥാനം ആക്കിത്തീര്‍ക്കുമെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കുകയുമാണ്.

മലയാള സംസ്‌കാരത്തിന്റെ പൈതൃകം കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ നോര്‍ത്ത് അമേരിക്കയിലെ രണ്ടാം തലമുറയിലേക്ക് നമ്മുടെ സംസ്‌കാര പൗതൃകം പകര്‍ന്നുകൊടുക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് തുറന്ന മനസോടെ ഞങ്ങള്‍ അറിയിക്കുന്നു. ടീനേജ് പ്രായം മുതല്‍ കൗമാര പ്രായം വരെയുള്ള കുട്ടികളുടെ പിതാക്കളായ ഞങ്ങളെ സംബന്ധിച്ചടത്തോളം ഇതിന്റെ ആവശ്യകത തിരിച്ചറിഞ്ഞിട്ടുള്ളവരാണ്. യുവജനപ്രാതിനിധ്യം ഉറപ്പുവരാത്തെ ഏതൊരു നേതൃത്വത്തിനും പ്രസ്ഥാനത്തിന്റെ അസ്തിത്വം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. നമ്മുടെ പുത്തന്‍ തലമുറയെ നേതൃത്വനിരയിലേക്ക് കൊണ്ടു വരേണ്ടത് ഈ കാലഘട്ടത്തിന്റെ ഒരു ആവശ്യമാണ്.

വര്‍ത്തമാനകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ യുവതലമുറയുടെ ഭാവിയെപ്പറ്റിയുള്ള ആശങ്കയുടേയും ഭീതിയുടേയും നടുവിലൂടെ കടന്നുപോകുന്ന ഈ സമയത്ത് നമ്മള്‍ ഭിന്നിച്ചു നില്‍ക്കാതെ ഒറ്റക്കെട്ടായി മുന്നോട്ടു പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഗ്രൂപ്പിനും, ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും അതീതമായി മലയാളികളുടെ ഐക്യമാണ് നമ്മുടെ ഇന്നത്തെ ആവശ്യം. അക്ഷരത്തിന്റെ ശ്രീകോവിലെന്ന് കേരളത്തെ സ്പര്‍ശിച്ചുകൊണ്ട് അമേരിക്കന്‍ നേതൃത്വം അഭിപ്രായപ്പെടുമ്പോള്‍ ലോക ജനതയുടെ മുന്നില്‍ മലയാള നാടിനു കിട്ടിയ അംഗീകാരം കാത്തുസൂക്ഷിക്കുവാന്‍ മലയാളികളായ നമ്മള്‍ പ്രതിജ്ഞാബദ്ധരാണ്.

അമേരിക്കന്‍ കുടിയേറ്റ സമൂഹത്തില്‍ വിദ്യാഭ്യാസപരമായും, സാമൂഹികപരമായും, സാമ്പത്തികപരമായും മലയാളികള്‍ നല്ല നിലയില്‍ ഉയര്‍ന്നെങ്കിലും, രാഷ്ട്രീയപരമായ രീതിയില്‍ നമ്മള്‍ വളരെ പിന്നിലാണ്. രാഷ്ട്രീയ ബോധവത്കരണ പരിപാടികള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് യുവതലമുറയെ മുന്‍നിരയില്‍ കൊണ്ടുവരും.

മലയാളി സംഘടനകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ അവരെ സംഘടിപ്പിച്ചുകൊണ്ട് ഫോമയുടെ പ്രവര്‍ത്തനമേഖലകള്‍ വിപുലീകരിക്കും. എല്ലാ മാധ്യമങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. ഭാഷയേയും സാഹിത്യത്തേയും പരിപോഷിപ്പിക്കുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടപ്പാക്കും. പ്രവാസി വിരുദ്ധ നടപടികള്‍ക്കെതിരേ അധികാര കേന്ദ്രങ്ങളില്‍ ഇടപെട്ട് അവ പരിഹരിക്കും. എംബസിയിലും കോണ്‍സുലേറ്റിലും പ്രവാസി മലയാളികള്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ ആനുകൂല്യങ്ങള്‍ ചോദിച്ചുവാങ്ങും. ഭംഗിയായും ചിട്ടയായും പരാതികളൊന്നുമില്ലാതെയും ഏവര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കി സഹകരിപ്പിച്ചുകൊണ്ടുള്ള 2016-ലെ ഫോമയുടെ കണ്‍വെന്‍ഷന്‍ മലയാളികളുടെ മനസ്സില്‍ എക്കാലത്തേയും ഒരു അവിസ്മരണീയ മുഹൂര്‍ത്തമാക്കും.

ഒരു കാര്യം ഓര്‍മ്മിപ്പിക്കട്ടെ, ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ട് ഫോമ എന്ന പ്രസ്ഥാനം ലോക ഭൂപടത്തില്‍ സ്ഥാനം പിടിക്കാന്‍ വിയര്‍പ്പൊഴുക്കിയ മുന്‍കാല നേതൃത്വത്തോടുള്ള നിസ്സീമമായ നന്ദി പ്രകടിപ്പിക്കുന്നു.

2014 ജൂണ്‍ 26-ന് വ്യാഴാഴ്ച തിരശ്ശീല ഉയരുന്ന ഫോമാ കണ്‍വെന്‍ഷന് നിങ്ങള്‍ എല്ലാവരും വന്ന് സഹകരിച്ച്, അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു മാമാങ്കമാക്കി മാറ്റണമെന്ന് ഞങ്ങള്‍ സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

ഈ കര്‍മ്മപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ മൂന്നു പതിറ്റാണ്ടുകാലത്തെ ഞങ്ങളുടെ സംഘടനാ പ്രവര്‍ത്തനത്തിന്റെ പരിചയസമ്പത്ത് ഉപകരിക്കുമെന്നുള്ളതിന് യാതൊരു സംശയവുമില്ല. സാമൂഹിക,സാംസ്‌കാരിക, മത നേതൃത്വങ്ങളില്‍ ഞങ്ങള്‍ക്ക് കിട്ടിയ അനുഭവസമ്പത്ത് കൊണ്ട് ഫോമാ എന്ന പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് നൂറു ശതമാനം അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്കുന്നു. ഫോമയുടെ ശോഭനമായ ഭാവിക്കുവേണ്ടി നിങ്ങളുടെ ഓരോരുത്തരുടേയും സമ്മതിദാനാവകാശം ഞങ്ങള്‍ക്ക് നല്‍കി വിജയിപ്പിക്കണമെന്ന് സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

വിശ്വസ്തതയോടെ
ജയിംസ് ഇല്ലിക്കല്‍
പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.
ഫോമാ.
സജി കരിമ്പന്നൂര്‍
ട്രഷറര്‍ സ്ഥാനാര്‍ത്ഥി,
ഫോമാ.
ഫോമാ: ജയിംസ് ഇല്ലിക്കല്‍-സജി കരിമ്പന്നൂര്‍: സംയുക്ത പ്രസ്താവന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക