Image

സോണിയ കാര്‍സന്‍: ഒരമ്മയുടെ ജീവിതപോരാട്ടത്തിന്റെ കഥ!! (മീനു എലിസബത്ത്‌)

Published on 09 May, 2014
സോണിയ കാര്‍സന്‍: ഒരമ്മയുടെ ജീവിതപോരാട്ടത്തിന്റെ കഥ!! (മീനു എലിസബത്ത്‌)
ഈയാഴ്‌ചകളിലെല്ലാം അമേരിക്കയുടെ പ്രധാന ചാനലുകളില്‍ മദേഴ്‌സ്‌ ഡേ പ്രമാണിച്ചുള്ള ധാരാളം അഭിമുഖങ്ങളും പ്രത്യേക പരിപാടികളുമായിരുന്നു. പ്രശസ്‌തരായ പലരും അവരവരുടെ അമ്മമാരുമായി ചാനലുകളില്‍ വന്നു.

വളരെ ഹൃദയസ്‌പര്‍ശിയായി തോന്നിയത്‌, മെരിലാന്റിലെ ബാള്‍ട്ടിമൂറിലുള്ള ജോണ്‍ ഹോപ്‌കിന്‍സ്‌ ഹോസ്‌പിറ്റലിലെ അതിപ്രശസ്‌ത പീടിയാട്രിക്‌ നൂറോളജിസ്റ്റായ ഡോക്‌ടര്‍. ബെന്‍ കാര്‍സനുമായി ABC ന്യൂസിലെ റോബിന്‍ റോബര്‍ട്‌സ്‌ നടത്തിയ അഭിമുഖമായിരുന്നു.

അമ്മയുടെ വിശേഷങ്ങള്‍ പങ്കു വെയ്‌ക്കുമ്പോള്‍ ഡോക്‌ടര്‍ കാര്‍സന്‍ വാചാലനായി. പലപ്പോഴും അദ്ദേഹത്തിന്റെ തൊണ്ട ഇടറി കണ്ണുനിറഞ്ഞു. വളരെ വികാരനിര്‍ഭരനായി ഡോക്‌ടര്‍ കാര്‍സന്‍ പറഞ്ഞതിങ്ങനെയായിരുന്നു. `എന്റെ അമ്മയുടെ ദൈവവിശ്വാസവും പ്രാര്‍ഥനയും പ്രോത്സാഹനവും ഒന്നുകൊണ്ട്‌ മാത്രമാണ്‌ ഞാന്‍ ഇന്നീ നിലയിലായത്‌. പഠിക്കുവാന്‍ മോശമായിരുന്ന എന്നെ അമ്മ നിരന്തരം പ്രോത്സാഹിപ്പിച്ചു, എന്റെ കഴിവുകളെ മെല്ലെ പൊടി തട്ടിയെടുത്ത്‌ തിളക്കം വെപ്പിച്ചത്‌ എന്റെ അമ്മയാണ്‌.'

ബെന്‍കാര്‍സന്‍ എന്ന ഈ ഡോക്‌ടറെക്കുറിച്ച്‌ മുന്‍പേ കേട്ടിരുന്നു. 2009തില്‍ ഡോക്‌ടര്‍ കാര്‍സന്റെ ആത്മകഥയുടെ ഒരു ചെറിയ ഏട്‌ `ഗിഫ്‌ട്ടട്‌ ഹാന്‍ഡ്‌സ്‌ എന്ന പേരില്‍ സിനിമയാക്കിയത്‌ കണ്ടിരുന്നു. ഡോക്‌ടര്‍ കാര്‍സന്റെ ജീവിതം അതിമനോഹരമായി അഭിനയിച്ചത്‌ എനിക്ക്‌ വളരെയധികം ഇഷ്‌ടമുള്ള ഹോളിവുഡ്‌ നടനും, ഓസ്‌കര്‍ ജേതാവുമായ ക്യൂബഗുടിംഗ്‌ ജൂനിയറായിരുന്നു. ഡോക്‌ടറുടെ അമ്മ സോണിയയായി അഭിനയിച്ചത്‌ കിംബര്‍ലി എലിസ്‌ എന്ന ഹോളിവുഡ്‌ നടിയും.

ഈ വര്‍ഷത്തെ മദേഴ്‌സ്‌ ഡേ കോളം സോണിയാ കാര്‍സന്‍ എന്ന ആ അമ്മയുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെയും കഷ്‌ടപ്പാടുകളുടെയും, ജീവിത വിജയത്തിന്റെയും, കഥകള്‍ പങ്കു വെച്ച്‌ കൊണ്ടാവട്ടെ. നമ്മള്‍ അറിഞ്ഞിരിക്കേണ്ടതാണ്‌ ഇവരുടെ ജീവിതകഥ. റ്റെന്നസി സ്റ്റേറ്റിലെ ഒരു ചെറിയ ഗ്രാമത്തിലാണ്‌ കറുത്ത വര്‍ഗക്കാരിയായ സോണിയയുടെ ജനനം. കൂടപ്പിറപ്പുകള്‍ ഒന്നും രണ്ടുമല്ല, ഇരുപത്തിമൂന്നു പേര്‍.

സ്വഭാവികമായും പട്ടിണിയും പരിവട്ടവും, ദാരിദ്ര്യവും കൂട്ടിനുണ്ടാവുമല്ലോ മാതാപിതാക്കള്‍ തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്‌മ കാരണം പല ഫോസ്‌റെര്‍ ഹോമുകളിലായാണ്‌ സോണിയയും കൂടപ്പിറപ്പുകളും വളര്‍ന്നത്‌. വിദ്യാഭ്യസം മൂന്നാം ക്ലാസു വരെ.

ഫോസ്‌റെര്‍ ഹോമുകളിലെ ജീവിതം മടുത്തിട്ടാവണം. വെറും പതിമൂന്നു വയസുള്ളപ്പോള്‍ തന്നെക്കാള്‍ പതിനഞ്ചു വയസു കൂടുതലുള്ള റോബര്‍ട്ട്‌ കാര്‍സന്‍ വിവാഹാഭ്യര്‍ഥന നടത്തിയപ്പോള്‍ സോണിയ മറുത്തൊന്നും, ചിന്തിച്ചില്ല.

ദുരിതപൂര്‍ണമായിരുന്ന ഫോസ്‌റെര്‍ വീടുകളിലെ മാറി മാറിയുള്ള താമസത്തില്‍ നിന്നും ഡിട്രോയിറ്റിലേക്ക്‌ ഭര്‍ത്താവുമൊത്തു താമസം മാറ്റുമ്പോള്‍ ഒരു സ്വര്‍ഗലോകത്തേക്ക്‌ വന്നതുപോലെയാണ്‌ ആദ്യമൊക്കെ സോണിയക്ക്‌ തോന്നിയത്‌.

പക്ഷെ ആ ഹണിമൂണ്‍ അധികകാലം നീണ്ടു നിന്നില്ല. രണ്ടു കുട്ടികളുണ്ടായിക്കഴിഞ്ഞപ്പോള്‍ സംഗതിയാകെ മാറി. വിവാഹത്തിന്റെ ആദ്യ നാളുകളില്‍, സ്‌നേഹത്തില്‍ പൊതിഞ്ഞ്‌ പ്രണയത്തില്‍ തന്നെ അലിയിച്ചെടുത്തിരുന്ന റോബര്‍ട്ട്‌, പിന്നെപ്പിന്നെ അവരെ അവഗണിക്കുവാന്‍ തുടങ്ങി.

അയാളുടെ ജീവിതത്തിലേക്ക്‌ മറ്റു സ്‌ത്രീകള്‍ നിരന്തരം കടന്നു വരുന്നത്‌ ആദ്യമൊക്കെ സോണിയ കണ്ടില്ലെന്നു നടിച്ചു. എന്നാല്‍ മറ്റൊരു സ്‌ത്രീയില്‍ അയാള്‍ക്ക്‌ കുട്ടികളുമുണ്ടെന്നറിഞ്ഞപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല. റോബര്‍ട്ടിനെ ഉപേക്ഷിച്ച്‌ അവര്‍ ഡിട്രോയിട്ടില്‍ നിന്നും തന്റെ ആണ്‍കുട്ടികളുമായി ബോസ്റ്റന്‌ വണ്ടി കയറി. അന്ന്‌ മക്കളായ കെര്‍ട്ടിസിന്‌ പത്തും, ബെന്നിന്‌ എട്ടും ആണ്‌ പ്രായം.

ബോസ്റ്റനിലെ പല വീടുകളിലായി വീട്ടു പണി ചെയ്‌തും ബേബി സിറ്റിങ്ങ്‌ നടത്തിയുമായിരുന്നു സോണിയ മക്കളെ വളര്‍ത്തിയത്‌. ആദ്യമെല്ലാം പഠിക്കുവാന്‍ മോശമായിരുന്ന ബെന്നിനെ അവര്‍ നിരന്തരം പ്രോത്സാഹിപ്പിച്ചു, തനിക്കറിവുള്ള പോലെ കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു. ദൈവത്തിലുള്ള വിശ്വാസം മാത്രമായിരുന്നു തന്റെ രക്ഷയെന്ന്‌ ചെറുപ്പത്തിലേ മനസിലാക്കിയ സോണിയ മക്കളെയും ദൈവഭയത്തില്‍ തന്നെയാണ്‌ വളര്‍ത്തിക്കൊണ്ട്‌ വന്നത്‌.

തന്റെ മക്കള്‍ ആവശ്യമില്ലാതെ ധാരാളം സമയം ടെലിവിഷന്‍ കണ്ടു കളയുന്നതിനെ അവര്‍ എതിര്‍ത്തു. ടെലിവിഷന്‍ കാഴ്‌ചകളുടെ സമയം ആഴ്‌ചയില്‍ രണ്ടോ മൂന്നോ ഷോകള്‍ മാത്രമാക്കി പകരം അവര്‍ക്കു ലോക്കല്‍ ലൈബ്രറിയിലെ മെമ്പര്‍ഷിപ്‌ കാര്‍ഡ്‌ എടുത്തു കൊടുത്തു. കുട്ടികള്‍ ആഴ്‌ചയില്‍ രണ്ടു മൂന്നു പുസ്‌തകങ്ങള്‍ എങ്കിലും വായിക്കുക മാത്രമല്ല അതിന്റെ സാരാശം എഴുതി അമ്മയെ വായിച്ചു കേള്‍പ്പിക്കുകയും ചെയ്യണം എന്നായിരുന്നു സോണിയയുടെ നിബന്ധന.

ആദ്യമൊക്കെ മടിയോടെയാണെങ്കിലും കുട്ടികള്‍ അമ്മയെ അനുസരിച്ചു. മറ്റു കുട്ടികള്‍ കര നിരങ്ങി നടക്കുമ്പോള്‍ സോണിയയുടെ പുസ്‌തകങ്ങളെ കൂട്ടുകാരാക്കി.

ഒരാണ്‍ തുണയില്ലാതെ, ഗവണ്‍മെന്റിന്റെ യാതൊരു ഔദാര്യവും പറ്റാതെ രണ്ടു ജോലികള്‍ ചെയ്‌ത്‌ അവര്‍ മക്കളെ വളര്‍ത്തി. ചെറുപ്പത്തില്‍ പഠിക്കുവാന്‍ പിന്നോക്കമായിരുന്ന ബെന്നിനെ അവര്‍ ഉപദേശിച്ചും, ആത്മവിശ്വാസം കൊടുത്തും പുറകില്‍നിന്നു. എഴുതുവാനും വായിക്കുവാനും തീരെ വശമില്ലാതിരുന്ന അവര്‍ ഇതിനിടയില്‍ താന്‍ വീട്ടു പണി ചെയ്‌തിരുന്ന ഒരു റിട്ടയര്‍ഡ്‌ പ്രൊഫസറുടെ സഹായത്തോടെ അക്ഷരം കൂട്ടി വായിക്കുവാന്‍ വീണ്ടും പഠിച്ചു.

എന്തായാലും സോണിയാ കാര്‍സന്റെ മുട്ടിപ്പായ പ്രാര്‍ഥനകള്‍ക്ക്‌ ഉത്തരം ലഭിച്ചു. മക്കള്‍ രണ്ടു പേരും നല്ല രീതിയില്‍ പഠിച്ചു. മൂത്ത മകന്‍ എന്‍ജിനീയറും ഇളയ ആളായ ബെന്‍ കാര്‍സര്‍ ലോക പ്രശസ്‌തനായ നുറോ സര്‍ജനുമായി. 1987 തലയോട്ടി ഒട്ടിപ്പിടിച്ചിരുന്ന സയാമീസ്‌ ഇരട്ടകളെ ആപല്‍ക്കരമായ ഓപറേഷനിലൂടെ വിഘടിപ്പിച്ചത്‌ ഇദ്ദേഹമാണ്‌. വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു ഓപ്പറേഷനായിരുന്നു അന്നത്‌.

പതിനാറു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌, ഡോക്‌ടര്‍ കാര്‍സനും ഭാര്യയും കൂടി പഠിക്കാന്‍ മിടുക്കരായ കുട്ടികളെ പ്രോത്സാഹിപ്പിക്കുവാനായി ഒരു പ്രത്യേക സ്‌കോളര്‍ഷിപ്‌ പദ്ധതി ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയതിന്‌, 2008 ല്‍, പ്രസിഡന്റിന്റെ ഏറ്റവും ഉന്നത ബഹുമതിയായ `പ്രസിഡന്റ്‌ മെഡല്‍ ഓഫ്‌ ഫ്രീഡ`ത്തിനു വരെ അര്‍ഹനായി.

`ബാസ്‌ക്കറ്റ്‌ ബോളിലും ഫുട്‌ബോളിലും മറ്റു കായിക ഇനങ്ങളിലും പ്രാവിണ്യം പ്രകടിപ്പിക്കുന്ന കുട്ടികളെ അതീവഗൗരവത്തോടെ പ്രോത്സാഹിപ്പിക്കുകയും കൊണ്ടാടപ്പെടുകയും ചെയ്യുന്ന അമേരിക്കയില്‍ പഠിക്കാന്‍ മിടുക്കരായ കുട്ടികളെ ആരും ആഘോഷിക്കാറില്ല. അതിനു മാറ്റം ഉണ്ടാകണം. അമേരിക്കയിലെ കുട്ടികള്‍ ലോകത്തിലെ മറ്റു രാജ്യങ്ങളിലെ കുട്ടികളെ അപേക്ഷിച്ച്‌ പഠനത്തില്‍ പുറകിലാണ്‌. തീര്‍ച്ചയായും വരും തലമുറ പഠനത്തിനും മുന്നിലാവണം.

പ്രസിഡന്റ്‌ ഒബാമയും മിഷാല്‍ ഒബാമയും സംബന്ധിച്ച നാഷണല്‍ ഡേ ഓഫ്‌ പ്രേയറിന്റെ ഫെലോഷിപ്‌ ഫൗണ്ടേഷന്‍ ഓഫ്‌ നാഷണല്‍ പ്രെയറിന്റെ കഴിഞ്ഞ വര്‍ഷത്തെ മീറ്റിങ്ങില്‍ ഡോക്‌ടര്‍ കാര്‍സന്‍ പറഞ്ഞ പല പ്രധാന കാര്യങ്ങളില്‍ ഒന്നിതായിരുന്നു. പ്രസിഡന്റും ഭാര്യയും സന്തോഷത്തോടെ കയ്യടിച്ച്‌, ഡോക്‌ടര്‍ കാര്‍സന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേട്ടിരുന്നു.

തന്റെ എല്ലാ ജീവിത വിജയങ്ങള്‍ക്കും പിന്നില്‍ അമ്മ സോണിയ ആണെന്ന്‌ വളരെ അഭിമാനപൂര്‍വം ഡോക്‌ടര്‍ .കാര്‍സന്‍ ആവര്‍ത്തിക്കുന്നു. വളരെയധികം, പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ച്‌ പട്ടിണിയിലും, ദുരിതത്തിലും തളരാതെ പിടിച്ചു നിന്ന തന്റെ മക്കള്‍ക്ക്‌ നല്ല വിദ്യാഭ്യാസവും, അതിലൂടെ നല്ല ജീവിതവും നേടിക്കൊടുത്ത ശ്രീമതി. സോണിയാ കാര്‍സന്‍ ലോകം മുഴുവനുള്ള എല്ലാ അമ്മാര്‍ക്കും ഒരു പ്രചോദനമാവട്ടെ. ഹാപ്പി മദേഴ്‌സ്‌ ഡേ, അമ്മമാരെ....!!

വീഡിയോ കാണുക

https://www.youtube.com/watch?v=OQfGm919A9o

https://www.youtube.com/watch?v=-scL_riG-Jg

സോണിയ കാര്‍സന്‍: ഒരമ്മയുടെ ജീവിതപോരാട്ടത്തിന്റെ കഥ!! (മീനു എലിസബത്ത്‌)സോണിയ കാര്‍സന്‍: ഒരമ്മയുടെ ജീവിതപോരാട്ടത്തിന്റെ കഥ!! (മീനു എലിസബത്ത്‌)
Join WhatsApp News
Thelma 2014-05-14 10:46:47
Kollaaam Meenu. Nannaaiyttundu. Good source of information.
Truth man 2014-05-14 11:06:09
The real story is getting more inspiration to all of them.
Hard work is the secret of success .When we born with too much money is the big problem here.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക