Image

ശാശ്വത സമാധാനം, ദൈവിക ദാനം – മാർപാപ്പ

Published on 21 May, 2014
ശാശ്വത സമാധാനം, ദൈവിക ദാനം – മാർപാപ്പ
പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നവര്‍ ഹൃദയത്തില്‍ ശാശ്വത സമാധാനം അനുഭവിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ. പേപ്പല്‍ വസതിയായ സാന്താ മാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് ലോകം നല്‍കുന്ന ഉപരിപ്ലവമായ സമാധാനവും ദൈവിക ദാനമായ ശാശ്വത സമാധാനവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പാപ്പ വിവരിച്ചത്. പണവും അധികാരവും നല്‍കുന്ന സുരക്ഷിതത്വവും സമാധാനവും ക്ഷണികമായിരിക്കുമെന്ന് പാപ്പ ഉദാഹരണ സഹിതം സമര്‍ത്ഥിച്ചു.
പണത്തിന് ശാശ്വത സമാധാനം നല്‍കാനാവില്ല. ഇന്ന് ധനികരായിരിക്കുന്നവര്‍ നാളെ അങ്ങനെ ആയിരിക്കണമെന്നില്ല. ധനം അപഹരിക്കപ്പെട്ടേക്കാം. ഒരു സ്‌റ്റോക്ക് മാര്‍ക്കറ്റ് തകര്‍ച്ച മതിയാകും സമ്പത്തെല്ലാം അപ്രത്യക്ഷമാകാന്‍. സമ്പത്ത് ക്ഷണികമാണ്, അതു നല്‍കുന്ന സമാധാനവും അങ്ങനെ തന്നെയായിരിക്കുമെന്ന് പാപ്പ പ്രസ്താവിച്ചു.
ലോകം വാഗ്ദാനം ചെയ്യുന്ന മറ്റൊരു സമാധാനം അധികാരത്തിന്റേതാണ്. അതും എപ്പോള്‍ വേണമെങ്കിലും ഇല്ലാതായേക്കാമെന്ന് പാപ്പ ചൂണ്ടിക്കാട്ടി. അപ്രതീക്ഷിതമായ അട്ടിമറികളിലൂടെ എത്രയോ അധികാരികള്‍ സ്ഥാനഭ്രഷ്ടരാക്കപ്പെട്ടിരിക്കുന്നു! പ്രശസ്തിയില്‍ സമാധാനം തേടുന്നവരുണ്ട്. പേരും പെരുമയും സമാധാനം വാഗ്ദാനം ചെയ്താലും അതും ക്ഷണികമാണെന്നോര്‍ക്കണം. ഇന്ന് പ്രശംസാ പാത്രമാകുന്നവര്‍ നാളെ രൂക്ഷ വിമര്‍ശനത്തിനു വിധേയരായേക്കാം, ഓശാന ഞായര്‍ മുതല്‍ ദുഃഖ വെള്ളിവരെയുള്ള ദിനങ്ങളില്‍ യേശുവിന് സംഭവിച്ചതുപോലെ!

അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ക്രിസ്തു വാഗ്ദാനം ചെയ്യുന്ന സമാധാനം. പരിശുദ്ധാത്മാവ് എന്ന വ്യക്തിയിലാണ് ആ സമാധാനം കുടികൊള്ളുന്നത്. ദൈവം നമുക്കു നല്‍കുന്ന സമ്മാനമാണത്. പരിശുദ്ധാത്മാവിലൂടെ നമുക്കു കരഗതമാകുന്ന സമാധാനം നമ്മുടെ ഹൃദയത്തില്‍ നിന്ന് എടുത്തുമാറ്റാന്‍ ആര്‍ക്കും സാധിക്കില്ല. ഈ സമാധാനം നഷ്ടമാകാതെ നമ്മള്‍ സൂക്ഷിക്കണം. അത് കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. കാരണം ഈ സമാധാനം എന്റെ സ്വന്തമല്ല, എല്ലായ്‌പ്പോഴും എന്നോടൊത്തായിരിക്കുന്ന ഒരു വ്യക്തി എനിക്കു നല്‍കുന്ന ദാനമാണത്. ദൈവം നല്‍കിയ സമ്മാനം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക