Image

മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ - ചരിത്ര വഴിയിലെ നിറദീപം

പ്രൊഫ. വി.ജെ. ജോസഫ്‌ എക്‌സ്‌ എം..എല്‍.എ Published on 19 November, 2011
മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ - ചരിത്ര വഴിയിലെ നിറദീപം
പാലാ രൂപത ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളുടെ സാമൂഹ്യ രാഷ്‌ട്രീയ സഭാചരിത്രത്തില്‍ അവിസ്‌മരണീയമായ സ്ഥാനം നേടിയ അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ തിരുമേനി നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ കാല്‍നൂറ്റാണ്ട്‌ ആവുകയാണ്‌. ഈയവസരത്തില്‍ നമ്മുടെ മനസ്സില്‍ വരുന്നത്‌ തലശ്ശേരി രൂപതയുടെ എല്ലാ അര്‍ത്ഥത്തിലും പിതാവായിരുന്ന ദിവംഗതനായ അഭിവന്ദ്യ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി തിരുമേനിയുടെ വാക്കുകകളാണ്‌. ``രൂപതാദ്ധ്യക്ഷന്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്‌ ആദ്ധ്യാത്മിക രംഗത്താണെങ്കിലും ഈ കൃത്യനിര്‍വ്വഹണത്തില്‍ സാമൂഹികം, രാഷ്‌ട്രീയം, വിദ്യാഭ്യാസം തുടങ്ങിയ മറ്റെല്ലാ രംഗങ്ങലിലും ഇടപെടേണ്ടതായി വരും. കഴിഞ്ഞ മൂന്ന്‌ വ്യാഴവട്ടത്തിനുള്ളില്‍ കേരള കത്തോലിക്കാ സഭയെ സംബന്ധിച്ച നിരവധി പ്രശ്‌നങ്ങളില്‍ അഭിവന്ദ്യ വയലില്‍ പിതാവ്‌ നിര്‍ണായകമായ പങ്ക്‌ വഹിച്ചിരുന്നു.

കഠിനാദ്ധ്വാനത്തിന്റെ ഫലമായി പാലാ രൂപതയെ ഇല്ലായ്‌മയില്‍ നിന്നും കേരളത്തിലെ ഇതര രൂപതകളുടെ മുന്‍പന്തിയില്‍ എത്തിച്ച തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ചരിത്രമാണ്‌ ബിഷപ്‌ വയലിന്റേത്‌. നാടിന്റെ സമഗ്രവികസനത്തിനായി ഭാവനാപൂര്‍ണ്ണമായ ഒട്ടേറെ നടപടികള്‍ സ്വീകരിച്ച അഭിവന്ദ്യ പിതാവിന്റെ നേട്ടങ്ങളും സംഭാവനകളും സാമൂഹ്യ,രാഷ്‌ട്രീയ, ചരിത്ര, മാനേജ്‌മെന്റ്‌ വിദ്യാര്‍ത്ഥികള്‍ പഠനത്തിനും ഗവേഷണത്തിനും വിധേയമാക്കേണ്ടതാണ്‌.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മീനച്ചില്‍ താലൂക്കിന്റെ സാമൂഹിക രാഷ്‌ട്രീയചിത്രം ഇന്നത്തെ തലമുറയ്‌ക്ക്‌ ഏറെക്കുറെ അജ്ഞാതമാണ്‌. വയലില്‍ തിരുമേനിയുടെ `നിന്റെ വഴികള്‍ എത്ര സുന്ദരം' എന്ന ആത്മകഥ എന്റെ മനസ്സില്‍ തെളിക്കുന്നത്‌ തകഴിയുടെ `കയര്‍', എസ്‌.കെ. പൊറ്റക്കാടിന്റെ `ഒരു ദേശത്തിന്റെ കഥ' എന്നീ നോവലുകളാണ്‌. `കയര്‍' മദ്ധ്യതിരുവിതാംകൂറിന്റെ മുന്നൂറുവര്‍ഷത്തെ സാമൂഹ്യ ജീവിതത്തിന്റെ കഥ നമ്മുടെ മുമ്പില്‍ ചുരുളഴിക്കുന്നു. ഉത്തരകേരളത്തിന്റെ കഴിഞ്ഞ കാല സാമൂഹ്യ പശ്ചാത്തലവും ജീവിതവും വരച്ചുകാട്ടുന്നതാണ്‌ `ഒരു ദേശത്തിന്റെ കഥ'. അതുപോലെ തന്നെ മീനച്ചില്‍ താലൂക്കിന്റെ സാമൂഹ്യ രാഷ്‌ട്രീയചിത്രം വരച്ചു കാട്ടുന്നതാണ്‌. ``നിന്റെ വഴികള്‍ എത്ര സുന്ദരം'' എന്ന ആത്മകഥ. ഇവിടെ അഭിവന്ദ്യ വയലില്‍ പിതാവ്‌ വ്യത്യസ്ഥനാക്കുന്നത്‌ മറ്റൊരു തരത്തിലാണ്‌. ശ്രീ തകഴി ശിവശങ്കരപിള്ളയും ശ്രീ. എസ്‌.കെ. പൊറ്റക്കാടും സാഹിത്യ രംഗത്തെ അതികായന്മാരായിരുന്നുവെങ്കിലും ഭാവിചരിത്രം രൂപപ്പെടുത്തുന്നതില്‍ അവരുടെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ കാണുന്നില്ല. എന്നാല്‍ പ്രകാശപൂര്‍ണ്ണമായ നാളകളെ മുന്നില്‍ കണ്ട്‌ രൂപപ്പെടുത്തിയ ആശയങ്ങളും പദ്ധതികളും എത്ര കഠിനാമയിരുന്നാലും നടപ്പിലാക്കാനും വിജയപഥത്തിലെത്തിക്കുവാനും അഭിവന്ദ്യ പിതാവിനു കഴിഞ്ഞു.

ഈ മഹാപ്രപഞ്ചത്തിലെ ഒരു ബിന്ദുവായി 1906 ജനുവരി മാസം 28-ാം തീയതി പാലായിലെ സമ്പന്നമായ വയലില്‍ കളപ്പുര കുടുംബത്തിലാണ്‌ അദ്ദേഹം പിറന്നത്‌. മാര്‍ തോമ്മാ ശ്ലീഹാ കേരളത്തില്‍ സ്ഥാപിച്ച എഴുപതുകളില്‍ ഒന്നായിരുന്ന കോട്ടക്കാവു പള്ളിയില്‍നിന്ന്‌ തൊടുപുഴ താലൂക്കിലെ മൈലക്കൊമ്പിലേക്കു കുടിയേറിയ വംശാവലിയില്‍പ്പെട്ട പ്രഗത്ഭനും ആയുധപരിശീലനത്തില്‍ വിദഗദ്ധനുമായ മാണിച്ചനും കുടുംബവും മീനച്ചില്‍ കര്‍ത്താവിന്റെ ക്ഷണമനുസരച്ച്‌ പാലായില്‍ വന്നു താമസമാക്കി. പ്രസ്‌തുതവംശാവലിയില്‍പ്പെട്ട വയലില്‍ കളപ്പുരയില്‍ മാണിച്ചന്‍ പാറപ്പള്ളി കരയിലും താമസമാക്കി. പ്രഗത്ഭനും സമ്പന്നനുമായിരുന്ന മാണിച്ചന്റെയും കള്ളിവയലില്‍ മറിയത്തിന്റെയും മകള്‍ ത്രേസ്യാമ്മയെ വിവാഹം ചെയ്‌തത്‌ മൂലയില്‍ കുഞ്ഞുദേവസ്യാ എന്ന ദേഹമായിരുന്നു. ഈ ദമ്പതികളുടെ രണ്ടാമത്തെ മകന്‍ മാണിക്കുട്ടി എന്നുവിളിക്കപ്പെട്ട സെബാസ്റ്റ്യന്‍ 1950 ജൂലൈയില്‍ പാലാ രൂപതയുടെ പ്രഥമമെത്രാനായി ഉയര്‍ത്തപ്പെട്ടു. ഒരു ഞെട്ടില്‍രണ്ടു വര്‍ഷങ്ങള്‍ പോലെ വിരിഞ്ഞ്‌ സൗരഭ്യം പരത്തിയ രണ്ട്‌ മഹത്‌വ്യക്തികളായിരുന്നു ചങ്ങനാശേരി രൂപതയുടെ മെത്രാനായ മാര്‍ മാത്യു കാവുകാട്ടും പാലാ രൂപതയുടെ പ്രഥമമെത്രാനായ വയലില്‍ തിരുമേനിയും. വിദ്യാലയങ്ങളിലും സെമിനാരിയിലും ഒന്നിച്ചുപഠിച്ച്‌ ഒരേദിവസം തന്നെ വൈദികപട്ടവും കാലത്തിന്റെ തികവില്‍ ഒരേ അള്‍ത്താരയില്‍ വച്ച്‌ മെത്രാന്‍ പട്ടവും സ്വീകരിച്ച വേറെ പിതാക്കന്മാര്‍ സദസിലുണ്ടെന്ന്‌ തോന്നുന്നില്ല. തന്റെ ഉറ്റസുഹൃത്തും സഹപാഠിയുമായിരുന്ന കാവുകാട്ടുപിതാവിന്റെ അകാലവിയോഗം വയലില്‍ പിതാവിനെ വളരെയേറെ ദുഃഖിപ്പിച്ചു.

ആദ്ധ്യാത്മിക രംഗത്തെ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഓര്‍ക്കുമ്പോള്‍ വിശുദ്ധ അല്‍ഫോന്‍സായുടെ നാമകരണ നടപടികളാണ്‌ ഓര്‍മ്മയില്‍ വരുന്നത്‌. വിശുദ്ധന്മാരുടെ പട്ടികയിലേക്കു ഈ പുണ്യാത്മാവിനെ ഉയര്‍ത്തുന്നതിനുള്ള കത്തോലിക്കാസഭയുടെ നടപടിക്രമങ്ങള്‍ ദീര്‍ഘവും സങ്കീര്‍ണ്ണവുമാണ്‌. ഭാരതത്തില്‍നിന്നും നാളിതുവരെ ആരേയും വിശുദ്ധപദവയിലേക്കു ഉയര്‍ത്തപ്പെടാത്ത കാലഘട്ടത്തിലാണ്‌ ആരാലും അറിയപ്പെടാതിരുന്ന പുണ്യചരിതയായ അല്‍ഫോന്‍സാമ്മയുടെ മഹത്വം കണ്ടറിഞ്ഞ്‌ നാമകരണ നടപടികള്‍ക്ക്‌ അഭിവന്ദ്യവയലില്‍ തിരുമേനി തുടക്കം കുറിച്ചത്‌. അല്‍ഫോന്‍സാമ്മയുടെ നാമകരണനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും 1986 ഫെബ്രുവരി 8-ാം തീയതി കോട്ടയത്തു വച്ചു നടന്ന നാമകരണചടങ്ങുകള്‍ക്ക്‌ നേതൃത്വം വഹിക്കാനും സാധിച്ചത്‌ വലിയ ഭാഗ്യമായി പിതാവു കരുതി. തല്‍സംബന്ധമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ മുപ്പതില്‍പരം വര്‍ഷങ്ങള്‍ വേണ്ടിവന്നു. ഇത്‌ ആ ശ്രമത്തിന്റെ പിന്നിലുള്ള അദ്ധ്വാനത്തിന്റെ ഏകദേശരൂപം വെളിവാക്കുന്നു. വാഴ്‌ത്തപ്പെട്ടവള്‍ എന്ന്‌ പ്രഖ്യാപിക്കപ്പെട്ട അല്‍ഫോന്‍സാമ്മയെ പുണ്യവതിയായി പരിശുദ്ധസിംഹാസനം പ്രഖ്യാപിക്കുന്നതിന്‌ മുമ്പുതന്നെ വയലില്‍ തിരുമേനി കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞു.

മെത്രാന്‍ എന്നുള്ള നിലയില്‍ നിരവധിയായ ഈടുറ്റ ഇടയലേഖനങ്ങളിലൂടെ വിശ്വാസികളുടെ ആത്മചൈതന്യം ഉയര്‍ത്തുന്നതിനും മദ്യവര്‍ജ്ജനംപോലുള്ള പരിപാടികളിലൂടെ കുടുംബഭദ്രത ഉറപ്പാക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ജനങ്ങളുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയ്‌ക്കും പുരോഗതിക്കും വിദ്യാഭ്യാസം അനിര്‍വാര്യമാണ്‌ എന്ന്‌ അദ്ദേഹം കരുതിയിരുന്നു. അതിന്റെ ബഹിര്‍സ്‌ഫുരണമാണ്‌ പാലാ സെന്റ്‌ തോമസ്‌ ട്രെയിനിംഗ്‌ സ്‌കൂളിന്റെ ഹെഡ്‌മാസ്റ്ററായിരിക്കുമ്പോള്‍ തന്നെ ഒരു കോളേജ്‌ ഉണ്ടാകണമെന്ന ചിന്ത അദ്ദേഹത്തിന്റെ മനസ്സിലുദിച്ചത്‌. യാത്രാസൗകര്യങ്ങള്‍ പരിമിതമായിരുന്ന ആ കാലഘട്ടത്തില്‍ ചങ്ങനാശ്ശേരി എസ്‌.ബി. കോളേജും ആലുവാ യു.സി. കോളേജും, കോട്ടയം സി.എം.എസ്‌. കോളേജും മാത്രമായിരുന്ന സമീപപ്രദേശങ്ങളിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍. ഈ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുക ദുഷ്‌കരമായിരുന്നു. പ്രവേശനം ലഭിച്ചാല്‍ പോലും ചെലവ്‌ താങ്ങാന്‍ കഴിയുമായിരുന്നില്ല. ഈ പ്രദേശത്തെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക്‌ ന്യായമായ വിലയും ലഭിച്ചിരുന്നില്ല. രണ്ടാം ലോകമഹായുദ്ധത്തോടുകൂടി ഭക്ഷണസാധനങ്ങള്‍ക്ക്‌ റേഷനിംഗ്‌ ഏര്‍പ്പെടുത്തിയിരുന്നു. അരിയും മറ്റും സ്വതന്ത്രമായി കൊണ്ടുനടക്കാന്‍ വയ്യാത്ത കാലം. അരി കൊണ്ടുനടന്നാല്‍ പോലും പോലീസു പിടിക്കുന്ന 1936-37 വര്‍ഷങ്ങളിലാണ്‌ കോളേജ്‌ ആരംഭിക്കുന്നതിനുള്ള ആലോചനകള്‍ നടന്നുകൊണ്ടിരിക്കുന്നത്‌. ഇതിന്‌ നേതൃത്വം നല്‍കിയത്‌ പില്‍ക്കാലത്ത്‌ ബിഷപ്പായിത്തീര്‍ന്ന മാണിക്കുട്ടിയച്ചനാണ്‌. ശ്രീ. ജോര്‍ജ്ജ്‌ തോമസ്‌ കൊട്ടുകാപ്പള്ളി, റവ. ഫാ. ഇമ്മാനുവല്‍ മേച്ചേരിക്കുന്നേല്‍, ശ്രീ. കെ.സി. സെബാസ്റ്റ്യന്‍, ശ്രീ. ഏ.ഒ. ജോസഫ്‌ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അന്ന്‌ തിരുവിതാംകൂര്‍ യൂണിവേഴ്‌സിറ്റി തുടങ്ങുവാനുള്ള നടപടികള്‍ ദിവാന്‍ സര്‍ സി.പി. തുടങ്ങിയതേ ഉണ്ടായിരുന്നു എന്നുള്ളതുകൊണ്ട്‌ അഫിലിയേഷന്‍ കിട്ടുവാന്‍ താമസിച്ചു. പിന്നീട്‌ തിരുവിതാംകൂര്‍ യൂണിവേഴ്‌സിറ്റി ഔദ്യോഗികമായി നിലവില്‍ വന്നതിനുശേഷമാണ്‌ കോളേജ്‌ സ്ഥാപിക്കുന്നതിന്‌ അപേക്ഷിച്ചത്‌. അവിടെയും പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. ചങ്ങനാശേരി എസ്‌.ബി. കോളേജും ആലുവ യു.സി. കോളേജും എന്‍.ഒ.സി. നല്‍കിയെങ്കില്‍ മാത്രമേ പുതിയ കോളേജ്‌ അനുവദിക്കൂ എന്ന നിലപാട്‌ ട്രാവന്‍കൂര്‍ യൂണിവേഴ്‌സിറ്റി എടുത്തു. ഈ വക സാങ്കേതിക പ്രശ്‌നങ്ങള്‍ നില്‍ക്കുമ്പോഴും കോളേജ്‌ ആരംഭിക്കുന്നതിനും ഫണ്ട്‌ കണ്ടെത്താനും ഭഗീരഥപ്രയത്‌നം വേണ്ടിയിരുന്നു. സ്ഥലമെടുപ്പ്‌ ഒരു തരത്തില്‍ പൂര്‍ത്തിയാക്കിയെങ്കിലും സാമ്പത്തികപ്രശ്‌നങ്ങള്‍ അവസാനിച്ചിരുന്നില്ല. ഊണും ഉറക്കവുമുപേക്ഷിച്ച്‌ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി ഒരുവിധം ഫണ്ടും സമാഹരിച്ച്‌ കോളേജിന്റെ പണി തുടങ്ങി. ആദ്യത്തെ കെട്ടിടത്തിന്റെ നിര്‍മ്മാമോദ്‌ഘാടനത്തില്‍ കോട്ടയം ബിഷപ്പ്‌ തോമസ്‌ തറയില്‍ തിരുമേനി പറഞ്ഞത്‌ ``നമ്മെക്കാള്‍ വലിയവന്‍ നമ്മുടെ ഇടയിലുണ്ട്‌. അവനെയാരും തിരിച്ചറിയുന്നില്ല'' എന്നാണ്‌. നിരന്തരമായ കഠിനാദ്ധ്വാനം മൂലം ക്ഷീണിതനായി പണിതുടങ്ങി പുതിയ കെട്ടിടത്തിന്റെ തറയില്‍ തോര്‍ത്തും വിരിച്ച്‌ മാണിക്കുട്ടിയച്ചന്‍ വിശ്രമിക്കുന്ന സമയത്താണ്‌ ചങ്ങനാശ്ശേരി രൂപത വിഭജിച്ച്‌ പാലാ രൂപതയ്‌ക്കു രൂപം നല്‍കിയതും ഫാദര്‍ സെബാസ്റ്റ്യന്‍ വയലിലെ പുതിയ രൂപതയുടെ മെത്രാനായി തെരഞ്ഞെടുത്തിരിക്കുന്ന എന്നുള്ള പരിശുദ്ധ പേപ്പല്‍ സിംഹാസനത്തിന്റെ അറിയിപ്പും എത്തിയത്‌.

കോളേജിന്റെ തുടക്കത്തില്‍ തന്നെ അദ്ധ്യാപകനെ പരിചയമുള്ള പ്രഗത്ഭരായ അദ്ധ്യാപകരെ നിയമിക്കുന്നതിനും പിതാവ്‌ ശ്രദ്ധിച്ചു. ജാതിമതചിന്തകള്‍ക്ക്‌ ഉപരിയായി യോഗ്യത മാനദണ്ഡമാക്കിയ നിയമനങ്ങള്‍ അതു വെളിവാക്കുന്നു. ഇന്‍ഡ്യ ഗവണ്മെന്റിന്റെ സാമ്പത്തിക ഉപദേഷ്‌ടാവും നിരവധി മഹത്‌ഗ്രന്ഥങ്ങളുടെ കര്‍ത്താവും, ഗവേഷകനും, ചരിത്രകാരനും, ഐക്യരാഷ്‌ട്രസഭയില്‍ ഇന്‍ഡ്യയുടെ പ്രതിനിധിയും, മദ്രാസ്‌, സിലോണ്‍ സര്‍വകലാശാലകളില്‍ അദ്ധ്യാപകനുമായിരുന്ന ഡോ.പി.ജെ. തോമസിനെ പ്രിന്‍സിപ്പലും ഷെവലിയര്‍ വി.ജെ. ജോസഫിനെ വൈസ്‌ പ്രിന്‍സിപ്പലും, മൈസൂര്‍ സെ. ഫിലോമിനാസില്‍നിന്ന്‌ പ്രൊഫ. പി.സി. ജോസഫിനെ മാത്തമാറ്റിക്‌സിലേയ്‌ക്കും തേവര സേക്രട്ട്‌ ഹാര്‍ട്ടില്‍നിന്നും പ്രൊഫ. വി.ജെ. മത്തായിയെ ചരിത്ര വിഭാഗത്തിലേയ്‌ക്കും, ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും പ്രൊഫ. പി.കെ. മാണിയെ കെമിസ്‌ട്രിയിലേയ്‌ക്കും, തിരുവനന്തപുരം ഇന്റര്‍മീഡിയേറ്റ്‌ കോളേജില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ഏ.ചുമ്മാറിനെ സുവോളജിയിലേക്കും നിയമിച്ചു. കോളേജ്‌ അതിന്റെ ജൈത്രയാത്ര ആരംഭിച്ചു. പിന്നീട്‌ പ്രിന്‍സിപ്പലായ മോണ്‍ സിത്തോര്‍ ജോസഫ്‌ കുരീത്തടം കോളേജിന്റെ വളര്‍ച്ചയ്‌ക്ക്‌ ആക്കം കൂട്ടി. പ്രൊഫ. ഏ.ഒ. ജോസഫ്‌, പ്രൊഫ.കെ.എം. ചാണ്ടി, പ്രൊഫ. ഏ.എന്‍. സോമവര്‍മ്മ രാജ തുടങ്ങിയ അദ്ധ്യാപകര്‍ കോളേജിന്റെ യശസ്സുയര്‍ത്തുന്നതില്‍ പിതാവിനെ സഹായിച്ചു. പഠനത്തിലും സ്‌പോര്‍ട്‌സിലും മിന്നുന്ന പ്രകടനം കാഴ്‌ചവച്ച സെന്റ്‌തോമസ്‌ കോളേജിന്റെ ഖ്യാതി ഇന്‍ഡ്യയ്‌ക്ക്‌ വെളിയിലും എത്തി. ബിഷപ്പ്‌ വയലിന്റെ വിദ്യാഭ്യാസരംഗത്തെ സമഗ്രസംഭാവന മുന്‍നിര്‍ത്തി അമേരിക്കയിലെ ചിക്കാഗോ യൂണിവേഴ്‌സിറ്റി ഡിലിറ്റ്‌ പദവി നല്‍കി ആദരിക്കുകയുണ്ടായി.

പാലാ രൂപതയിലെ തന്റെ അജഗണങ്ങളുടെയും സഹജീവികളുടെയും സാമൂഹികവും ആത്മീയവുമായ പുരോഗതിക്കുവേണ്ടി ഭാവനാപൂര്‍ണ്ണമായ തീരുമാനങ്ങള്‍ എടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ആ തീരുമാനത്തിന്റെ പ്രതിഫലനമാണ്‌ ഈ രൂപതയ്‌ക്കുള്ളില്‍ കാണപ്പെടുന്ന അല്‍ഫോന്‍സാ കോളേജ്‌, കുറവിലങ്ങാട്‌ ദേവമാതാ, അരുവിത്തുറ സെന്റ്‌ ജോര്‍ജ്ജ്‌ കോളേജ്‌, സെന്റ്‌ തോമമസ്‌ ട്രെയിനിംഗ്‌ കോളേജ്‌, നിരവധിയായ സ്‌കൂളുകള്‍, ദേവാലയങ്ങള്‍, സെന്റ്‌ തോമസ്‌ പ്രസ്‌, മൈനര്‍ സെമിനാരി, ഐ.റ്റി.ഐ., മെത്രാസന മന്ദിരം, കത്തീഡ്രല്‍ ചര്‍ച്ച്‌, നിരവധി ആതുരശുശ്രൂഷാ സ്ഥാപനങ്ങള്‍, ദീപനാളം പബ്ലിക്കേഷന്‍സ്‌ തുടങ്ങിയ നൂറുകണക്കിനു സ്ഥാപനങ്ങള്‍.

ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിന്‌ മോണ്‍ ജേക്കബ്‌ വെള്ളരിങ്ങാട്ടു ചെയ്‌ത ദീര്‍ഘമായ സേവനത്തിനും പിതാവിന്റെ കയ്യൊപ്പുണ്ടായിരുന്നു. വന്ദ്യപിതാവിന്റെ പരിശ്രമഫലമായി പാലാ രൂപതയില്‍ നിന്നും ധാരാളം മെത്രാന്മാരും വൈദീകരും സന്ന്യാസി സന്ന്യാസിനികളും ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളില്‍ മാത്രമല്ല വിദേശരാജ്യങ്ങളിലും സേവനമനുഷ്‌ഠിച്ചുകൊണ്ടിരിക്കുന്നു. സെന്തോമസ്‌ മിഷനറിസൊസൈറ്റി പിതാവിന്റെ ദീര്‍ഘവീക്ഷണത്തിന്റെയും പ്രേഷിതചൈതന്യത്തിന്റെയും നിത്യ സ്‌മാരകമാണ്‌.

അദ്ദേഹത്തിന്റെ അഗാധമായ ദൈവവിശ്വാസമായിരുന്നു ഇല്ലായ്‌മയില്‍നിന്നും പാലാ രൂപതയെ ഇന്നത്തെ നിലയിലേക്കു ഉയര്‍ത്തിയത്‌. ഞാന്‍ ഒരു സംഭവം ഓര്‍ത്തു പോകുന്നു. രണ്ടു തെരഞ്ഞെടുപ്പുകള്‍ അഭിമുഖീകരിച്ച്‌ സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ ഞാന്‍ അനുഭവിച്ചുകൊണ്ടിരുന്ന അവസരത്തില്‍ ഒരു ദിവസം അദ്ദേഹവുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ സംഭാഷണമദ്ധ്യേ വീട്ടുകാര്യങ്ങല്‍ തിരക്കി. ``വീടു വച്ചോ''? എന്ന്‌ ചോദിച്ചപ്പോള്‍ കാര്യങ്ങളുടെ നിജസ്ഥിതി ഞാന്‍ പറഞ്ഞു. ``സ്ഥലമുണ്ടല്ലോ. നീ വീടുവയ്‌ക്കാന്‍ ആരംഭിക്കൂ. ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട്‌ പ്രാര്‍ത്ഥനയിലൂടെ മുമ്പോട്ടു പോകൂ. എല്ലാം ഭംഗിയായി കലാശിക്കും. നിനക്ക്‌ നമ്മുടെ കോളേജിന്റെ ചരിത്രമറിയാമല്ലോ? അതിന്‌ ആരംഭമിട്ടപ്പോള്‍ ഞങ്ങളുടെ കയ്യില്‍ ഒന്നുമില്ലായിരുന്നു. ഈശോയില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട്‌ പ്രാര്‍ത്ഥനയോടെ പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാം പരമകാരുണികനായ ദൈവം നടത്തിതന്നു.'' ഈ നിര്‍ദ്ദേശം സ്വീകരിച്ച്‌ ഞാന്‍ വീട്ടിലെത്തി ഭാര്യയോടു സംസാരിക്കുമ്പോള്‍ അവള്‍ക്കു ഭയമായിരുന്നു. പിതാവിന്റെ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട്‌ വീടുപണിയാരംഭിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്‌തു. അന്നാണ്‌ വലിയ പിതാവിന്റെ ദൈവവിശ്വാസം എനിക്കും ഒരു നിമിത്തവും അനുഗൃഹവുമായി എന്ന്‌ ഞാന്‍ വികാരതരളിതനായി ഓര്‍ത്തത്‌.

അഭിവന്ദ്യ വയലില്‍ തിരുമേനി കത്തോലിക്കരുടെ ആത്മീയ പിതാവായിരുന്നുവെങ്കിലും അദ്ദേഹം ഈ സമൂഹത്തിലെ ഇതര സഹോദരനങ്ങളെയും സമഭാവനയോടുകൂടി മാത്രമേ കരുതിയിരുന്നു എന്നുള്ള ചരിത്ര വസ്‌തുതയാണ്‌. ഒരിക്കല്‍ പിതാവിനെ കാണുന്നതിനായി അരമനയില്‍ എത്തിയ ഞാന്‍ കാണുന്നത്‌ ഈരാറ്റുപേട്ടക്കാരനായ ഒരു മുസ്ലീം സഹോദരന്‍ അദ്ദേഹത്തിന്റെ മുറിയില്‍ നിന്നും ഇറങ്ങിവരുന്നതാണ്‌. ``എന്താ കാക്കാ ഇതിപോ'' എന്ന്‌ ഉപചാരമുറയ്‌ക്ക്‌ ഞാന്‍ തിരക്കിയപ്പോള്‍ കാക്കായുടെ മറുപടി ``എന്റെ സാറേ ഞാന്‍ മെത്രാച്ചനെ കാണാന്‍ വന്നതാണ്‌. ഇക്കൊല്ലം ഹജ്ജില്‍ പോകണം. പൈസ തികഞ്ഞില്ല. അങ്ങേര്‌ സഹായിച്ചു. ഇതു ഞാന്‍ മറക്കില്ല.''

ഇതുപോലെ പാലാ വലിയ പള്ളി സ്ഥാപിക്കുന്നതിന്‌ സ്ഥലം അനുവദിച്ചു പണി പൂര്‍ത്തിയാക്കാന്‍ സംരക്ഷണം നല്‍കിയ മീനച്ചില്‍ കര്‍ത്താക്കന്മാരുടെ പിന്‍തലമുറക്കാരെ ഏറ്റവും സ്‌നേഹാദരവുകളോടെ അദ്ദേഹം പരിഗണിച്ചിരുന്നു. ഇത്തരത്തിലുള്ള സമീപനത്തിലൂടെ ഈ പ്രദേശത്തെ എല്ലാ ജനവിഭാഗങ്ങളേയും ആദരിക്കുകയും പരിഗണിക്കുകയും ചെയ്യുന്നതില്‍ അദ്ദദ്ദേഹം ജാഗരൂകനായിരുന്നു. ജനങ്ങളെല്ലാം തങ്ങളുടെ എല്ലാമായ പിതാവായി അദ്ദേഹത്തെ കരുതിയതില്‍ അത്ഭുതപ്പെടാനില്ല.

അഭിവന്ദ്യവയലില്‍ തിരുമേനിയുടെ ഭാവനയില്‍ പാലായുടെ നവീകരണത്തിനു വ്യക്തമായ സങ്കല്‌പം ഉണ്ടായിരുന്നു. ലോകം മുഴുവന്‍ കണ്ടിട്ടുള്ള അദ്ദേഹത്തിന്റെ മനസ്സില്‍, ലണ്ടന്‍ നഗരവും സ്ഥാനം പിടിച്ചിരുന്നു. തേംസ്‌ നദിയുടെ ഇരുകരകളിലും പടുത്തുയര്‍ത്തപ്പെട്ടതാണ്‌ ലണ്ടന്‍ നഗരം. അതുപോലെ മീനച്ചിലാറിന്റെ ഇരുകരകളിലുമായി പാലാ നഗരത്തെ വളര്‍ത്തിയെടുക്കുന്നതിനും മനോഹരമായി കാത്തു സൂക്ഷിക്കുന്നതിനും യാത്രാ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും, ബിസിനസ്സ്‌ സ്ഥാപനങ്ങള്‍ കാലഘട്ടത്തിനനുസൃതമായി പടത്തുയര്‍ത്തുന്നതിനും അതിരമ്പുഴ പൂഞ്ഞാര്‍ റോഡിനു സമാന്തരമായി (അജ ഞീമറ) മീനച്ചിലാറിന്റെ തെക്കുവശത്തുകൂടി റോഡുനിര്‍മ്മിക്കണമെന്നുള്ളതും അദ്ദേഹത്തിന്റെ ആഗ്രഹവും ദീര്‍ഘവീക്ഷണവുമായിരുന്നു.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും പരിമളം പടര്‍ത്തി കൈയ്യൊപ്പു സമ്മാനിച്ച്‌ ഇരുപത്തിനാലുവര്‍ഷം മുമ്പ്‌ ദിവംഗതനായ സ്‌നേഹപിതാവിന്റെ, അഭിവന്ദ്യന്മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ തിരുമേനിയുടെ ഓര്‍മ്മയ്‌ക്കു മുമ്പില്‍ കൂപ്പുകൈകളോടെ, പ്രാര്‍ത്ഥനയോടെ ഞാന്‍ നില്‍ക്കുന്നു.


പ്രൊഫ. വി.ജെ. ജോസഫ്‌ എക്‌സ്‌ എം..എല്‍.എ

ചെയര്‍മാന്‍

ബിഷപ്‌ വയലില്‍ ഫൗണ്ടേഷന്‍
മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ - ചരിത്ര വഴിയിലെ നിറദീപം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക