Image

എയര്‍ ഇന്‍ഡ്യ: ഒരു ആകാശമാനക്കേട്‌?

ബിനോയി സെബാസ്റ്റ്യന്‍ Published on 20 November, 2011
എയര്‍ ഇന്‍ഡ്യ: ഒരു ആകാശമാനക്കേട്‌?
ആകാശമാര്‍ഗേയുള്ള സഞ്ചാരം സഹസ്രാബ്‌ദങ്ങള്‍ക്കു മുമ്പുതന്നെ മനുഷ്യന്റെ ആകാശസഞ്ചാര ചരിത്രത്തില്‍ ആദ്യമായി രേഖപ്പെടുത്തി വച്ചിരിക്കുന്നത്‌ ഭാരത ഇതിഹാസങ്ങളില്‍ ഒന്നിലാണെന്നത്‌ യാദൃശ്‌ചികം എന്നു പറയുവാന്‍ കഴിയുമോ? അങ്ങനെ ചരിത്രപരമായ ആകാശയാത്ര നടത്തി മരണത്തിലേക്കു യാത്രയായ, ഇരുപതു കൈകളും പത്തു തലകളും ഉണ്ടായിരുന്ന ശക്തനും കാരുണ്യവാനുമായിരുന്ന രാവണന്റെ ലങ്കാപുരിയുടെ നാശാവസ്ഥയിലേക്കു അധഃപതിക്കുകയാണോ രാജാപാര്‍ട്ടില്‍ വേഷമണിഞ്ഞു പറക്കുന്ന ഇന്‍ഡ്യയുടെ സ്വന്തം എയര്‍ഇന്‍ഡ്യ?

സമയാസമയങ്ങളില്‍ സമരം ചെയ്‌തും കസ്റ്റമര്‍ സര്‍വ്വീസിന്റെ കാര്യത്തില്‍ തിരിച്ചറിവില്ലാതെയും കെടുകാര്യസ്ഥത തികഞ്ഞ നടത്തിപ്പുകാരുടെ പിടിയില്ലാത്ത പിടിപ്പുകേടു മുലവും തകര്‍ച്ചയുടെ നെല്ലിപ്പടിയിലേക്കു താണു താണു പോകുന്ന എയര്‍ ഇന്‍ഡ്യയ്‌ക്ക്‌ ഒരു ശാപമോക്ഷമുണ്ടാകണമെങ്കില്‍ എന്താണു പ്രതിവിധി? വിദേശികള്‍ തന്നെ അതിനു നേതൃത്വം നല്‍കേണമോ? ഇന്‍ഡ്യാക്കാരായതുകൊണ്ടു ജീവനും സ്വത്തും പണയപ്പെടുത്തി എയര്‍ഇന്‍ഡ്യയെ കൊതിതീരുവോളം സ്‌നേഹിക്കുവാന്‍ ആര്‍ക്കു കഴിയും?

രണ്ടായിരത്തിപ്പതിനൊന്ന്‌ സാമ്പത്തികവര്‍ഷത്തില്‍ എയര്‍ ഇന്‍ഡ്യ അഭിമുഖീകരിക്കേണ്ടത്‌ ഏഴായിരത്തിലേറെ കോടി രൂപയുടെ നഷ്ടമാണ്‌. ഇതോടൊപ്പം തലയും വാലും എവിടെ എന്നറിയാതെ കമ്മീഷന്‍ മാത്രം ലക്ഷ്യമിട്ടു വാങ്ങിക്കൂട്ടിയ നൂറുകണക്കിനു വിമാനങ്ങളുടെ കടബാദ്ധ്യത! കേരളത്തിലെ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ബസിലെ ജീവനക്കാരുടെ ഉത്തരവാദിത്വം പോലുമില്ലാത്ത വിമാനഡ്രൈവേഴ്‌സിന്റെയും അതിലെ പരിചാരികമാരുടെയും അടിക്കടിയുള്ള മിന്നല്‍ സമരതന്ത്രങ്ങള്‍ മുലമുള്ള നഷ്ടം പിറകെ! ഇതിനു പുറമേയാണ്‌ ഓസ്‌പാസും കിളിപാസും ചെല്ലക്കളി പാസുമെല്ലാം. പിന്നെ തട്ടിപ്പും വെട്ടിപ്പും വെട്ടിക്കല്‍സും..

ഒരു വസ്‌തുത മനസിലാക്കണം. അങ്ങകലെ ഡല്‍ഹിയുടെ ഭരണാന്തപ്പുരകളിലിരുന്നു എയര്‍ ഇന്‍ഡ്യയുടെ ഓജസില്ലാത്ത നഷ്ടങ്ങളെക്കുറിച്ചു പത്രപ്രസ്‌താവനകള്‍ നടത്തുന്നവര്‍ക്കറിയില്ല ഒരു നാടിന്റെ അഭിമാനമാണ്‌ ഇങ്ങനെ തകര്‍ന്നടിയുന്നതെന്ന്‌. ഇതിനെതിരെ സമരം ചെയ്യുവാന്‍ കാശുകൊടുത്തു യാത്ര ചെയ്യുന്ന സാദാ യാത്രക്കാര്‍ക്ക്‌ ഒരു സംഘടനയില്ലല്ലോ? കഷ്ടം! കേരളത്തിലെ അസംഘടിത കര്‍ഷകരുടേതിനേക്കാള്‍ ദയനീയമാണ്‌ എയര്‍ ഇന്‍ഡ്യയില്‍ യാത്ര ചെയ്യുന്നവരുടെ സ്ഥിതി. പാവം മന്ത്രി വയലാര്‍ രവി! ഒരു പാവം കുട്ടനാടന്‍ മന്ത്രിക്കിതില്‍ എന്തു ചെയ്യുവാന്‍ കഴിയും? തഥൈവ!

ഭാരതത്തിന്റെ ആന്തരിക വിമാനസര്‍വ്വീസായിരുന്ന ഇന്‍ഡ്യന്‍ എയര്‍ലൈന്‍സും അന്തര്‍ദേശീയ സര്‍വ്വീസായിരുന്ന എയര്‍ ഇന്‍ഡ്യയും ലയിച്ചു ചേര്‍ന്നാല്‍(എച്ച്‌2ഓ എന്ന ഇക്വേഷന്‍) വെള്ളംപോലെ കാശും പണവും ലാഭമായി വന്നടിയുമെന്ന്‌ ഉപദേശിച്ചവരാരും തന്നെ ഇപ്പോള്‍ വെളിച്ചത്തു വരാറില്ല. ആ സംഗമത്തിലൂടെ ആരെല്ലാം നാലു പുത്തനുണ്ടാക്കി എന്നു ചോദിച്ചാല്‍ ഉത്തരവുമില്ല. രണ്ടു തലകള്‍ തമ്മില്‍ ചേരും പക്ഷെ രണ്ടു സ്‌തനങ്ങള്‍ ചേരുകയില്ല എന്നു നാടന്‍ ഭാഷയില്‍ പറയുന്നതുപോലെ ഇപ്പോള്‍ ഇന്‍ഡ്യന്‍ എയര്‍ലൈന്‍സ്‌ പൈലറ്റ്‌സുകളും എയന്‍ ഇന്‍ഡ്യ ഡ്രൈവേഴ്‌സും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ്‌! കാരണം അറിയേണ്ടേ? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തിനുടമകളല്ലേ നമ്മള്‍? വന്ദേമാതരവും ജനഗണമനയുമൊക്കെ കേള്‍ക്കുമ്പോള്‍ ചോര സിരകളില്‍ തുടിക്കുന്നവരല്ലേ നമ്മള്‍!

ഇരുപത്തിയേഴ്‌ ഡ്രീം ലൈനേഴ്‌സ്‌ ബോയിംഗ്‌ 787 വിമാനങ്ങള്‍ ഇന്‍ഡ്യ വാങ്ങിയപ്പോള്‍ അതില്‍ എതു വിഭാഗത്തില്‍ പെടുന്ന ഡ്രൈവേഴ്‌സിനു പരിശീലനം നല്‍കണം എന്നതിനെ ചെല്ലി കടുത്ത സമരം. ചോദിക്കുവാനും പറയുവാനും പിതാക്കന്മാരും നാഥന്മാരും ഇന്‍ഡ്യയില്‍ ഇല്ലാത്തതിനാല്‍ സമരം അങ്ങനെ നീണ്ടു. കാശു കൊടുത്തു മാസങ്ങള്‍ക്കു മുമ്പു ടിക്കറ്റെടുത്തവരെല്ലാം ഗോപി വരച്ചു പെരുവഴിയില്‍! എത്ര പേര്‍ക്കു ഇതിനോടകം സമയത്ത്‌ ജോയിന്‍ ചെയ്യാത്തതിനാല്‍ തൊഴില്‍ നഷ്ടപ്പെട്ടു എന്നറിയില്ല. കലി കാലത്തിലൂടെ കലാപമായി തുടരും എന്ന കവി വചനം അന്വര്‍ത്‌ഥമാണ്‌!

അവസാനം പാവം മന്ത്രി വയലാര്‍ രവിയുടെ ഒരു പ്രസ്‌താവന! വ്യാഴം മുതല്‍ വിമാനം ഓടിതുടങ്ങും പോലും! വിമാനസമരം മുലം കടുത്ത പീഢനങ്ങള്‍ അനുഭവിച്ചവര്‍ ഇനിയും എയര്‍ഇന്‍ഡ്യയില്‍ നിന്നും യാത്രയ്‌ക്കായി ടിക്കറ്റെടുത്താല്‍ രണ്ടായിരം രൂപ കുറച്ചു കൊടുക്കും പോലും! ഇന്‍ഡ്യയിലെ ദളിത്‌ സ്‌ത്രീകള്‍ ബലാല്‍സംഗത്തിന്‌ ഇരയായാല്‍ പതിനായിരം ഉറുപ്പിക നഷ്ടപരിഹാരമായി സര്‍ക്കാര്‍ കൊടുക്കുന്നതുപോലെ ഇതും! പാവം മന്ത്രി! കൈയ്യില്‍ ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക്‌ ബ്രഹ്‌മാസ്‌ത്രവുമായി തൊഴിലാളി സംഘടനകളും നേതാക്കളും നില്‍ക്കുമ്പാള്‍ ശക്തി തീരെയില്ലാത്ത ഒരു കൊച്ചു വാണവുമായി അന്തംവിട്ടു നില്‍ക്കുന്ന അദേഹത്തിനു എന്തു ചെയ്യുവാന്‍ കഴിയും?

എയര്‍ ഇന്‍ഡ്യാ മനേജ്‌മെന്റിനും സര്‍ക്കാരിനും ഈ രംഗത്തു ഇനി എന്തു ചെയ്യുവാന്‍ കഴിയും? സാധിക്കുകില്ല ഭവാനുപോലുമി സാറിന്റെ കാലിലെ മന്തു മാറ്റാന്‍ എന്നു വയലാര്‍ പാടിയതുപോലെ ഭഗവാനുപോലും എയന്‍ ഇന്‍ഡ്യയെ നന്നാക്കാന്‍ ഒക്കുകില്ല! പക്ഷെ യാത്ര ചെയ്യുന്നവര്‍ക്കു കഴിയും. ജീവിക്കാന്‍ ആഗ്രഹമുള്ളവര്‍, ഉള്ള ജോലി നഷ്ടപ്പെടരുതെന്ന്‌ ആഗ്രഹിക്കുന്ന വിദേശ ഇന്‍ഡ്യാക്കാര്‍, നല്ല കസ്റ്റമര്‍ സര്‍വ്വീസ്‌ താല്‌പര്യമുള്ളവര്‍ തുടങ്ങിയവര്‍ ഒരു കാരണവശാലും ഇനിയും ഈ പീഢനത്തില്‍ ഉള്‍പ്പെടാതിരിക്കുവാന്‍ മുട്ടിപ്പായി പ്രാര്‍ത്‌ഥിക്കുക! എയര്‍ഇന്‍ഡ്യ ഒരു വിദേശ ഭാരതീയന്റേയും ദേശസ്‌നേഹപരമായ പ്രലോഭനമാകാതിരിക്കട്ടെ!

പിന്‍കുറിപ്പ്‌ : എയര്‍ ഇന്‍ഡ്യയും ഇന്‍ഡ്യന്‍ എയര്‍ലൈന്‍സും ദാമ്പത്യജീവിതം ആരംഭിച്ചതുപോലെ ലോകത്തൊരിടത്തും ഒരു സംയോജനവും നടക്കാതിരിക്കട്ടെയെന്നും ആ ഇണ ചേരലിലൂടെ പിറവിയെടുത്ത എയര്‍ ഇന്‍ഡ്യ എക്‌സ്‌പ്രസ്‌ പോലുള്ള ചാപിള്ളകള്‍ ഇനിയും പിറക്കാതിരിക്കട്ടെയെന്നും വെറുതെ ആഗ്രഹിക്കരുത്‌!! ജയ്‌ഹിന്ദ്‌!
എയര്‍ ഇന്‍ഡ്യ: ഒരു ആകാശമാനക്കേട്‌?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക