Image

മികച്ച സംഭാവന നല്‍കിയ ആറു മലയാളികളെ കേരളാ സെന്റര്‍ ആദരിച്ചു

Published on 20 November, 2011
മികച്ച സംഭാവന നല്‍കിയ ആറു മലയാളികളെ കേരളാ സെന്റര്‍ ആദരിച്ചു
ന്യൂയോര്‍ക്ക്‌: വ്യത്യസ്‌തമേഖലകളില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കി സമൂഹത്തിന്‌ മാതൃകയായ ആറ്‌ അമേരിക്കന്‍ മലയാളികളെ കേരളാ സെന്റര്‍ ആദരിച്ചു. ഡോ.കെ.എം.അബ്രഹാം(അപ്ലൈഡ്‌ സയന്‍സ്‌), ഡോ.സന്തോഷ്‌ മാത്യു(ജോര്‍ണലിസം), മണി മേനോന്‍(മെഡിസിന്‍), രാജു മൈലപ്ര(ജേര്‍ണലിസം), പ്രഫ.മുരളി ഡി നായര്‍(സോഷ്യല്‍ സയന്‍സസ്‌), ഗ്രേസി വര്‍ഗീസ്‌(നഴ്‌സിംഗ്‌) എന്നിവരെയാണ്‌ ഈ മാസം 12ന്‌ കേരളാ സെന്ററില്‍ നടന്ന വാര്‍ഷിക ചടങ്ങില്‍ ആദരിച്ചത്‌. മുന്നോറോളംപേര്‍ പങ്കെടുത്ത ചടങ്ങില്‍ യുഎന്‍ പബ്ലിക്‌ ഇന്‍ഫോര്‍മേഷന്‍ വകുപ്പിലെ ഔട്ട്‌ റീച്ച്‌ ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്‌ടറായ രാമു ദാമോദരന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കേരളാ സെന്റര്‍ പ്രസിഡന്റ്‌ തമ്പി തലപ്പിള്ളില്‍ സ്വാഗതം പറഞ്ഞു. കേരളാ സെന്റര്‍ മുഖ്യരക്ഷാധികാരി ശ്രീധര്‍ മേനോന്‍ രാമു ദാമോദരനെ സദസ്സിന്‌ പരിചയപ്പെടുത്തി.

വ്യത്യസ്‌ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളെ ഒരുകുടക്കീഴില്‍ കൊണ്‌ടുവരാനുള്ള കേരാ സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ രാമു ദാമോദരന്‍ ചടങ്ങില്‍ പ്രകീര്‍ത്തിച്ചു. പ്രധാനമായും ആറു കാര്യങ്ങളാണ്‌ മലായാളികള്‍ക്ക്‌ അഭിമാനിക്കാനുള്ളതെന്ന്‌ ദാമോദരന്‍ പറഞ്ഞു. 1-വ്യവസായത്തിലായാലും സാമൂഹിക പ്രവര്‍ത്തനങ്ങളിലായാലും പുതുമു തേടാനും പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനോ ഉള്ള ഉത്സുകത, 2-സംരഭകത്വം, 3-മറ്റു സമൂഹങ്ങളുമായി ഇഴുകിച്ചേരാനുള്ള കഴിവ്‌, 4-കുടുംബത്തോടും സമൂഹത്തോടുമുള്ള കരുതല്‍, 5- ആശയവിനിമയത്തിനുള്ള മിടുക്ക്‌, 6-തൊഴിലിന്‌ പുറമെ മറ്റു സാമൂഹികപ്രവര്‍ത്തനങ്ങളില്‍ ഇടപെടാനും ജീവിതമെന്നാല്‍ പ്രഫഷണല്‍ നേട്ടങ്ങളോ, സാമ്പത്തിക നേട്ടങ്ങളോ മാത്രമല്ലെന്ന തിരിച്ചറിവ്‌ എന്നിവയാണതെന്നും ദാമോദരന്‍ വ്യക്തമാക്കി.

കേരളാ സെന്റര്‍ ട്രസ്റ്റി ഡോ.ഉണ്ണി മൂപ്പന്‍ ചടങ്ങില്‍ മുഖ്യപ്രഭാഷകനായ ഡോ.മണി മേനോനെ സദസ്സിന്‌ പരിചയപ്പെടുത്തി. വൈദ്യശാസ്‌ത്രരംഗത്തെ നേട്ടങ്ങള്‍ക്ക്‌ മണി മേനോനെ ചടങ്ങില്‍ ആദരിച്ചു. റോബോട്ടിക്‌ സര്‍ജറിയെക്കുറിച്ച്‌ ഉണ്ണി മേനോന്‍ ചടങ്ങില്‍ പ്രസംഗിച്ചു. റോബോട്ടിക്‌ സര്‍ജറിക്ക്‌ സ്വീകാര്യത ഏറിവരികയാണെന്ന്‌ അദ്ദേഹം പറഞ്ഞു. പുതിയ കണ്‌ടുപിടിത്തങ്ങളാണ്‌ മെച്ചപ്പെട്ടസമൂഹത്തിന്‌ ആധാരമാകുകയെന്നും മണി മേനോന്‍ പറഞ്ഞു.

നോര്‍ത്തേണ്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ റിന്യൂവബിള്‍ എനര്‍ജി റിസര്‍ച്ച്‌ പ്രഫസറും ഇ-കെഇഎം സയന്‍സ്‌ പ്രസിഡന്റും ചീഫ്‌ ടെക്‌നോളജി ഓഫീസറുമായ ഡോ. കെ.എം.എബ്രഹാം, പ്രഫസറും ഗവേഷകനും ശാസ്‌ത്ര എഴുത്തുകാരനുമായ ഡോ.സന്തോഷ്‌ മാത്യു, അശ്വമേധം ഓണ്‍ലൈന്‍ പബ്ലിക്കേഷന്‍ ചീഫ്‌ എഡിറ്ററും പ്രമുഖ ഹാസ്യ എഴുത്തുകാരനുമായ രാജു മൈലപ്ര, ഒഹിയോയിലെ ക്ലീവ്‌ലാന്‍ഡ്‌ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ്‌ സോഷ്യല്‍ വര്‍ക്ക്‌ ഡയറക്‌ടറും പ്രഫസറുമായ ഡോ.മരുളി നായര്‍, ന്യൂയോര്‍ക്കിലെ ഈസ്റ്റ്‌ ഹാവന്‍ നഴ്‌സിംഗ്‌ ആന്‍ഡ്‌ റീഹാബിലിറ്റേഷന്‍ സെന്ററിലെ നഴ്‌സിംഗ്‌ ഹോം അഡ്‌മിനിസ്‌ട്രേറ്ററായ ഗ്രേസി വര്‍ഗീസ്‌ എന്നിവരെയാണ്‌ ചടങ്ങില്‍ ആദരിച്ചത്‌.

സദസ്സിനെ കോരിത്തരിപ്പിച്ച ബോളിവുഡ്‌ താരങ്ങളുടെ ഫ്യൂഷന്‍ മ്യൂസിക്കോടെയാണ്‌ ചടങ്ങ്‌ അവസാനിച്ചത്‌.
മികച്ച സംഭാവന നല്‍കിയ ആറു മലയാളികളെ കേരളാ സെന്റര്‍ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക