Image

ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ പദാര്‍ത്ഥം വരുന്നു (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 20 November, 2011
ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ പദാര്‍ത്ഥം വരുന്നു (അങ്കിള്‍സാം വിശേഷങ്ങള്‍)
വാഷിംഗ്‌ടണ്‍: ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഖര പദാര്‍ഥം വികസിപ്പിച്ചെടുത്തതായി യു. എസ്‌. ഗവേഷകര്‍ അവകാശപ്പെട്ടു. ഘന സെന്റീമീറ്ററിന്‌ 0.9 മില്ലി ഗ്രാം മാത്രം സാന്ദ്രതയുള്ള ഇതിന്‌ പാക്കിങ്ങിനും മറ്റും ഉപയോഗിക്കുന്ന തെര്‍മോകോളിന്റെ നൂറിലൊന്ന്‌ ഭാരമേയുണ്‌ടാവൂ. അസാധാരണ ഊര്‍ജ ആഗിരണ ശേഷിയുള്ള ഇതിന്‌ പുതുതലമുറ ബാറ്ററികളിലും ഷോക്‌ അബ്‌സോര്‍ബറുകളിലും സ്ഥാനമുണ്‌ടാകുമെന്നാണ്‌ കരുതുന്നത്‌. കാലിഫോര്‍ണിയ സര്‍വകലാശാലയിലെയും ഇര്‍വിന്‍, എച്ച്‌.ആര്‍.എല്‍.ഗവേഷണ ശാലകളിലെയും കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലെയും ശാസ്‌ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിന്റെ ഫലം സയന്‍സ്‌ മാസികയാണ്‌ പ്രസിദ്ധീകരിച്ചത്‌.

അതിസൂക്ഷ്‌മ ലോഹക്കുഴലുകള്‍ വലപോലെ ചേര്‍ത്തു നെയ്‌തെടുത്തുള്ള ഘടനയാണ്‌ പുതിയ പദാര്‍ഥത്തിന്റെ സാന്ദ്രത കുറയ്‌ക്കാന്‍ സഹായിക്കുന്നത്‌. ഉള്ളു പൊള്ളയായ കുഴലിന്‌ മുടിനാരിഴയുടെ ആയിരത്തിലൊന്നു കനമേയുള്ളൂ. പുതിയ പദാര്‍ഥത്തിന്റെ 99.99 ശതമാനവും വായുവാണ്‌. 0. 01 ശതമാനം മാത്രമാണ്‌ ഖരഭാഗം. വലനെയ്‌തതുപോലുള്ള ഘടന കാരണം ഉറപ്പ്‌ നന്നായുണ്‌ടാവുകയും ചെയ്യും. എയ്‌റോജെല്ലുകള്‍ക്കും തെര്‍മോകോള്‍, സ്‌റ്റൈറോഫോം എന്നെല്ലാം വിളിക്കുന്ന പ്ലാസ്റ്റിക്‌ അനുബന്ധ പദാര്‍ഥങ്ങള്‍ക്കും നിയതമായ പദാര്‍ഥ ഘടനയില്ല. അതുകൊണ്‌ടുതന്നെ അവയ്‌ക്ക്‌ ഉറപ്പു കുറവായിരിക്കും. എന്നാല്‍ പുതിയ പദാര്‍ഥത്തിന്‌ ആ പ്രശ്‌നമുണ്‌ടാകില്ല.

സിലിക്ക കുഴമ്പിലെ (ജെല്‍) ദ്രവാംശം വലിച്ചുകളഞ്ഞ്‌ വായു കടത്തി വിട്ടുണ്‌ടാക്കുന്ന സിലിക്ക എയ്‌റോജെല്ലാണ്‌ നിലവില്‍ ലോകത്തെ ഏറ്റവും സാന്ദ്രത കുറഞ്ഞ ഖര പദാര്‍ഥം. ഘന സെന്റീമീറ്ററിന്‌ 1.0 മില്ലിഗ്രാമാണ്‌ അതിന്റെ സാന്ദ്രത. കാറ്റില്‍ പാറി നടക്കുന്ന പഞ്ഞിയുടെയും അപ്പൂപ്പന്‍ താടിയുടെയുമെല്ലാം സാന്ദ്രത ഘന സെന്റീമീറ്ററിന്‌ ഏതാണ്‌ട്‌ 1.54 ഗ്രാം വരും. അതിലുമെത്രയോ കുറവാണ്‌ പുതിയ പദാര്‍ഥത്തിനുള്ളത്‌.

യുഎസ്‌ സേനയ്‌ക്ക്‌ രഹസ്യ കത്ത്‌: ഹഖാനി മടങ്ങി

വാഷിംഗ്‌ടണ്‍: പാക്ക്‌ സര്‍ക്കാരിനെ അട്ടിമറിച്ച്‌ സൈന്യം ഭരണം കൈയടക്കുന്നത്‌ തടയാന്‍ അമേരിക്കയുടെ സഹായം തേടിയെന്ന വാര്‍ത്ത വന്‍കോളിളക്കം സൃഷ്‌ടിച്ചതിനെത്തുടര്‍ന്ന്‌ വിവാദത്തിന്റെ കേന്ദ്രബിന്ദുവായ യുഎസിലെ പാക്ക്‌ അംബാസഡര്‍ ഹുസൈന്‍ ഹഖാനി തിരക്കിട്ട്‌ ഇസ്‌ലാമബാദിലേക്ക്‌ തിരിച്ചു. ഹഖാനിയാണ്‌ യുഎസ്‌ സൈന്യാധിപനുള്ള കത്ത്‌ തയാറാക്കിയതെന്നാണ്‌ ആരോപണം. ഹഖാനി രാജിവച്ചതായും വാര്‍ത്തകള്‍ പരന്നു.

അബട്ടാബാദില്‍ യുഎസ്‌ കമാന്‍ഡോ ആക്രമണത്തില്‍ അല്‍ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദന്‍ വധിക്കപ്പെട്ട വിവരമറിഞ്ഞയുടന്‍ പാക്ക്‌ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരി, അമേരിക്കയോട്‌ അനുഭാവമുള്ള സേനാ വിഭാഗത്തിനു രൂപം നല്‍കാമെന്നും മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളെ മുഴുവന്‍ ഇന്ത്യയ്‌ക്ക്‌ കൈമാറാമെന്നും യുഎസ്‌ സംയുക്‌ത സേനാ മേധാവി അഡ്‌മിറല്‍ മൈക്ക്‌ മുള്ളന്‌ രഹസ്യമായി വാഗ്‌ദാനം നല്‍കിയെന്ന വിവരമാണ്‌ വിവാദമായത്‌. സര്‍ദാരിയുടെ കത്ത്‌ മേയ്‌ മാസത്തില്‍ മുള്ളന്‌ കൈമാറിയത്‌ യുഎസ്‌ - പാക്ക്‌ വ്യവസായിയായ മന്‍സൂര്‍ ഇജാസ്‌ ആയിരുന്നു. ഇജാസ്‌ തന്നെയാണ്‌ വിവരം പുറത്തുവിട്ടത്‌.

സര്‍ദാരിയുടെ പേരിലുള്ള കത്ത്‌ മുള്ളന്‍ വിശ്വാസയോഗ്യമായി കരുതിയില്ലെന്നും അതുകൊണ്‌ടുതന്നെ അതിന്റെ അടിസ്‌ഥാനത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നുമാണ്‌ മുള്ളന്റെ വക്‌താവ്‌ അറിയിച്ചത്‌. മെമ്മോഗേറ്റ്‌ എന്ന പേരില്‍ വിവാദമായ കത്തിനെക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ പാക്ക്‌ ആഭ്യന്തര മന്ത്രി റഹ്‌മാന്‍ മാലിക്ക്‌ ഇസ്‌ലാമാബാദില്‍ പറഞ്ഞു. അന്വേഷണം വേണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ നവാസ്‌ ഷരീഫും ആവശ്യപ്പെട്ടു.

തമോഗര്‍ത്തത്തിന്റെ നിഗൂഢത നീക്കി ശാസ്‌ത്രജ്‌ഞര്‍

വാഷിംഗ്‌ടണ്‍: ശാസ്‌ത്രജ്‌ഞരുടെ പരീക്ഷണങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും പിടികൊടുക്കാതെ നിന്ന `തമോഗര്‍ത്ത'മെന്ന പ്രതിഭാസത്തിന്റെ ചുരുളഴിച്ച്‌ ശാസ്‌ത്രലോകം. പ്രകാശ രശ്‌മികള്‍ പോലും കടന്നുപോകാത്തത്ര സാന്ദ്രതയേറിയ തമോഗര്‍ത്തത്തിന്റെ ഗുരുത്വാകര്‍ഷണം, വൈദ്യുത ചാര്‍ജ്‌, ഭ്രമണം തുടങ്ങിയ രഹസ്യങ്ങളാണ്‌ അത്യാധുനിക ദൂരദര്‍ശിനികളുടെ സഹായത്തോടെ ശാസ്‌ത്രജ്‌ഞര്‍ കണെ്‌ടത്തിയത്‌. വിശകലന വിധേയമാക്കിയ തമോഗര്‍ത്തം അറുപതുലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പാണു രൂപമെടുത്തത്‌. ഇതിന്റെ വൈദ്യുത ചാര്‍ജ്‌ പൂജ്യമാണ്‌. 6070 പ്രകാശവര്‍ഷമകലെയാണു സ്‌ഥാനമെന്നും ശാസ്‌ത്രജ്‌ഞര്‍ പറയുന്നു.

പാക്കിസ്ഥാന്‍ ദുഃഖിക്കേണ്‌ടി വരുമെന്ന്‌ യുഎസ്‌

വാഷിംഗ്‌ടണ്‍: ഭീകരര്‍ക്ക്‌ വളരാന്‍ അവസരമൊരുക്കുന്ന പാക്കിസ്ഥാന്‍ അത്‌ തുടര്‍ന്നാല്‍ ദുഃഖിക്കേണ്‌ടി വരുമെന്ന്‌ യുഎസ്‌. ഭീകരരെ പാക്കിസ്ഥാന്‍ തന്നെ നിയന്ത്രിക്കുന്നതാണ്‌ നല്ലത്‌, അല്ലെങ്കില്‍ അതിനെതിരേ നടപടി സ്വീകരിക്കാന്‍ യുഎസ്‌ നിര്‍ബന്ധിതമാകും യുഎസ്‌ മുന്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോ ഒഫ്‌ സ്റ്റാഫ്‌ മാര്‍ക്‌ ലിപ്പെര്‍ട്ട്‌ പറഞ്ഞു.

അഫ്‌ഗാനിസ്ഥാന്‍, നാറ്റോ സൈനികര്‍ക്കു നേരേ പാക്‌ ഭീകരരുടെ ആക്രമണം വ്യാപകമാണ്‌. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ യുഎസിനെ കഴിയാഞ്ഞിട്ടില്ല, പക്ഷേ അത്‌ പാക്കിസ്ഥാന്‍ തന്നെ തടയുന്നതാകും ഉത്തമം. അഫ്‌ഗാനിസ്ഥാനില്‍ സമാധാനപരമായ ഒരു ഭരണം സ്ഥാപിക്കാനാണ്‌ നാറ്റോ ശ്രമിക്കുന്നത്‌. അതിനെ തടയാനാണ്‌ പാക്‌ ഭീകരുരടെ ശ്രമമെന്നും ലിപ്പെര്‍ട്ട്‌ പറഞ്ഞു.

നെവാദയില്‍ കാട്ടുതീ പടരുന്നു

ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ നെവാദ സംസ്ഥാനത്തു കാട്ടുതീ പടരുന്നതു ജനങ്ങളെ ദുരിതത്തിലാക്കി. റെനോ മേഖലയില്‍ രണ്‌ടു ദിവസമായി തുടരുന്ന കാട്ടുതീയില്‍ 25 വീടുകള്‍ നശിച്ചു. 10,000ത്തോളം ജനങ്ങള്‍ വിവിധ പ്രദേശങ്ങളില്‍നിന്നു പലായനം ചെയ്‌തിരിക്കുകയാണ്‌.

രക്ഷപ്പെട്ടോടുന്നതിനിടെ ഒരാള്‍ മരിക്കുകയും 16 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവവും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്‌ട്‌. ശക്തമായ കാറ്റു വീശുന്നതാണു കാട്ടുതീ പടരാനിടയാക്കുന്നത്‌. തീ നിയന്ത്രണവിധേയമാക്കി വരികയാണെന്ന്‌ അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക