Image

ഐപാക്ക്‌ ഇന്ത്യന്‍ അംബാസഡര്‍ക്ക്‌ നിവേദനം സമര്‍പ്പിച്ചു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 21 November, 2011
ഐപാക്ക്‌ ഇന്ത്യന്‍ അംബാസഡര്‍ക്ക്‌ നിവേദനം സമര്‍പ്പിച്ചു
ന്യൂയോര്‍ക്ക്‌: പാസ്സ്‌പോര്‍ട്ട്‌, വിസ, ഒ.സി.ഐ. മുതലായ പ്രശ്‌നങ്ങളില്‍ പ്രവാസികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക്‌ പരിഹാരനിര്‍ദ്ദേശങ്ങളും പോംവഴികളുമായി തുടക്കമാരംഭിച്ച ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സിലിന്‌ (IPAC) പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ ഇന്ത്യന്‍ സമൂഹം രംഗത്തു വന്നു.

നവംബര്‍ 19 ശനിയാഴ്‌ച ന്യൂജെഴ്‌സിയില്‍ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ്‌ പീപ്പിള്‍ ഓഫ്‌ ഇന്ത്യന്‍ ഒറിജിന്‍ (GOPIO) എന്ന സംഘടനയുടെ കണ്‍വന്‍ഷന്‍ വേദിയിലായിരുന്നു ഐപാക്ക്‌ പ്രതിനിധികള്‍ക്ക്‌ ഇന്ത്യന്‍ പ്രവാസി സമൂഹം പിന്തുണ പ്രഖ്യാപിച്ചത്‌.

ഐപാക്ക്‌ പ്രതിനിധികളുടെ സമയോചിതമായ ഇടപെടലും, ഐപാക്കിന്റെ പ്രവര്‍ത്തനരീതിയേയും വിശദീകരിച്ചുകൊണ്ട്‌ നടത്തിയ പ്രസ്‌താവന ജനങ്ങള്‍ സാകൂതം ശ്രദ്ധിക്കുകയും അനീതിക്കെതിരെ പൊരുതാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു എന്ന്‌ ഐപാക്ക്‌ പ്രതിനിധി അലക്‌സ്‌ വിളനിലം കോശി അറിയിച്ചു.

ഒക്ടോബര്‍ 29-ന്‌ വിദേശകാര്യസഹമന്ത്രി ഇ.അഹമ്മദിന്‌ നല്‍കിയ നിവേദനത്തിന്റെ പകര്‍പ്പും, മന്ത്രിയുമായി നടന്ന കൂടിക്കാഴ്‌ചയുടെ റിപ്പോര്‍ട്ടും ഐപാക്ക്‌ പ്രതിനിധികള്‍ ഇന്ത്യന്‍ അംബാസഡര്‍ നിരുപമ റാവുവിന്‌ നല്‍കി. പന്ത്രണ്ട്‌ ആവശ്യങ്ങളടങ്ങിയ നിവേദനത്തില്‍ അടിയന്തര സ്വഭാവമുള്ളവക്ക്‌ എത്രയും വേഗം തീര്‍പ്പു കല്‌പിക്കുവാന്‍ മന്ത്രി അന്നുതന്നെ ഡപ്യൂട്ടി കോണ്‍സുലിന്‌്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ആ നിവേദനത്തിന്റെ തുടര്‍ച്ചയെന്നോണമാണ്‌ ഇപ്പോള്‍ അംബാസഡര്‍ക്ക്‌ നിവേദനം സമര്‍പ്പിച്ചത്‌. തന്നെയുമല്ല, നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ കാര്യങ്ങളും വളരെ ഗൗരവത്തോടെ കാണണമെന്ന്‌ പ്രതിനിധികള്‍ അംബാസഡറോട്‌ ആവശ്യപ്പെടുകയും ചെയ്‌തു.അതുപ്രകാരം 2012 ജനുവരിയില്‍ ഐപാക്ക്‌ പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്താനുള്ള സൗകര്യവും ലഭ്യമാക്കാമെന്ന്‌ അംബാസഡര്‍ അറിയിച്ചു.

പ്രവാസികള്‍ നേരിടുന്ന പ്രധാനപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ഐപാക്കിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. നിങ്ങള്‍ക്ക്‌ അവയില്‍ വോട്ടു ചെയ്യാനുള്ള സംവിധാനവുമുണ്ട്‌. എല്ലാവരും വെബ്‌സൈറ്റ്‌ സന്ദര്‍ശിച്ച്‌ വോട്ടു രേഖപ്പെടുത്തണമെന്ന്‌ ഐപാക്ക്‌ അഭ്യ ര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.pravasiaction.com
ഐപാക്ക്‌ ഇന്ത്യന്‍ അംബാസഡര്‍ക്ക്‌ നിവേദനം സമര്‍പ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക