Image

ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-7

Published on 21 November, 2011
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-7
മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. ചിലപ്പോള്‍ മന്ദഗതിയിലും മറ്റവസരങ്ങളില്‍ അതിവേഗത്തിലും.
യഹൂദപള്ളിയോടു ചേര്‍ന്ന ചെറിയ സ്‌ക്കൂളില്‍ എന്റെ കൂടെ പഠിച്ചിരുന്ന പെണ്‍കുട്ടികളൊക്കെ വിവാഹം കഴിച്ചു കുടുംബിനികളായി കഴിയുന്നു.

ഞാനിപ്പോഴും അവിവാഹിത തന്നെ.

വിവാഹകാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അതിലെനിക്ക് താല്പര്യമില്ലായിരുന്നു. എന്നു പറയുന്നതാവും ശരി. എന്റെ സഹപാഠിനികള്‍ക്കെല്ലാം വീട്ടില്‍ മേല്‍നോട്ടത്തിന് അവരുടെ പിതാക്കന്മാരുണ്ടായിരുന്നു. ക്രൂരമായ വിധി അതെനിക്കു നിഷേധിക്കുകയായിരുന്നല്ലോ. അതുകൊണ്ട് അനുരൂപനായ ഒരു വരനെ ഞാന്‍ തന്നെ കണ്ടെത്തേണ്ട സ്ഥിതിയാണുണ്ടായത്.
ഞാനാലോചിച്ചു!

അക്കാലത്തെ നാട്ടുനടപ്പനുസരിച്ച് അവിവാഹിതയായി കഴിയുന്നത് അപമാനമാണ്. അതെനിക്ക് സ്വീകാര്യമായിരുന്നില്ല. എല്ലാവരും ആഗ്രഹിച്ചതുതന്നെയാണ് ഞാനുമാഗ്രഹിച്ചത്. ദൈവപ്രീതിക്കുപാത്രമായി മാതൃകാപരമായ ഒരു ജീവിതം നയിക്കുക. കുടുംബം, സമ്പത്ത്, ആരോഗ്യം, സ്വന്തമായൊരു വീട്. ഇതെല്ലാം ആരാണാഗ്രഹിക്കാത്തത്?.

അതേസമയം ഞാനെന്റെ സ്വാതന്ത്ര്യം ഇഷ്ടപ്പെട്ടു. വിവാഹം കൊണ്ടു കിട്ടുന്ന പലതും എനിക്കിപ്പോഴേയുണ്ട്. ഇല്ലാത്തത് കുടുംബമാണ്. ഭര്‍ത്താവ്, മുറ്റത്തു പിച്ചവെച്ചു നടക്കുന്ന കുട്ടികള്‍ . ഞാനത് നിസ്സാരമായി കരുതുന്നില്ല. എന്നാലതിനു കൊടുക്കേണ്ട വിലയോ? രാവും പകലും ഭര്‍ത്താവിന്റെയും കുട്ടികളുടെയും ആവശ്യങ്ങള്‍ നിറവേറ്റണം. ഇതുവരെ ഞാനനുഭവിച്ച സ്വാതന്ത്ര്യമെനിക്ക് നഷ്ടമാവും.

പ്രായോഗികതലത്തില്‍ ഞാനൊരടിമയാകും. അതിന് ഞാന്‍ ഒരുക്കമാണോ? ഈ ചോദ്യത്തിനുത്തരം കണ്ടെത്താന്‍ ഞാന്‍ വിഷമിച്ചു.

വേദപുസ്തകങ്ങളില്‍ സമുദായത്തിന് ഭാരമായി ജീവിക്കേണ്ടിവരുന്ന അനാഥരെയും അപമാനിതകളായ അവിവാഹിതകളേയും പറ്റി പറയുന്നുണ്ട്. എന്നാലെനിക്ക് ജീവിക്കാനുള്ള ധനം വേണ്ടതിലധികം ഉണ്ടല്ലോ, ഗ്രീസില്‍ നിന്നും, സിറിയയില്‍ നിന്നും വരുന്ന സ്ത്രീകള്‍ക്ക് മഗ്ദനലിലെ സ്ത്രീകളെ അപേക്ഷിച്ച്, കൂടുതല്‍ സ്വാതന്ത്ര്യമുണ്ടെന്നും ഞാനറിഞ്ഞിരുന്നു. പുരുഷന്മാരോട് പൊതു സ്ഥലങ്ങളില്‍ വെച്ച് നേരിട്ട് സംസാരിക്കാനും, അവരുടെ പേരില്‍ വസ്തുക്കള്‍ സമ്പാദിക്കാനും അവര്‍ക്കവകാശമുണ്ടായിരുന്നു. തല ശിരോവസ്ത്രം കൊണ്ട് മറയ്‌ക്കേണ്ടയാവശ്യവും അവര്‍ക്കില്ലായിരുന്നു. എന്റെ വിചാരം ഇങ്ങനെ പോയി.
യഹൂദരുടെ മതാനുഷ്ഠാനങ്ങള്‍ ആദ്യം മുതലേ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രായശ്ചിത്തത്തിന്റെ ദിവസം തോറയിലെ പത്തു കല്പനകളും ഉരുവിടും. ആ വര്‍ഷം എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടെങ്കില്‍ അതു പൊറുക്കണമേയെന്ന് ഹൃദയം നൊന്ത് പ്രാര്‍ത്ഥിക്കും.

“നീ അച്ഛനേയും അമ്മയേയും ബഹുമാനിക്കുക” ഈ കല്പന എന്നെ ബാധിച്ചില്ല.

“നീ വേറൊരു ദൈവത്തില്‍ വിശ്വസിക്കരുത്” യേശുവിനെ കാണുന്നതുവരെ ഞാനിത് വിശ്വസിച്ചിരുന്നു.

“നീ കൊല ചെയ്യരുത്.” ഞാന്‍ ചെയ്തിരുന്നില്ല.

ഇങ്ങനെ ഓരോ കല്പന വായിക്കുമ്പോഴും ഞാന്‍ തലകുനിച്ച് യഹോവയുടെ കാരുണ്യത്തിനായി പ്രാര്‍ത്ഥിക്കും.

പ്രപഞ്ചത്തില്‍ മനുഷ്യരാശിയുടെ സൃഷ്ടിക്ക് സ്ത്രീക്കും പുരുഷനും തുല്യ പ്രാധാന്യമുണ്ടെന്ന് വിശ്വസിച്ചിരുന്ന എനിക്ക് സ്ത്രീകളോടുള്ള ദൈവത്തിന്റെ അനുശാസനങ്ങള്‍ പലപ്പോഴും മനസ്സിലാക്കാന്‍ പ്രയാസമായിരുന്നു. എബ്രഹാമിനോടും, മോസ്സസിനോടും, സോളമനോടും ദൈവം അരുളപ്പാടു ചെയ്തതായി വേദപുസ്തകത്തിലുണ്ട്. പക്ഷേ, സ്ത്രീകളോടു ദൈവം അപൂര്‍വ്വമായേ സംസാരിച്ചിട്ടുള്ളൂ. അങ്ങനെയുള്ള സന്ദര്‍ഭത്തില്‍പോലും അവള്‍ക്കൊരു കുട്ടി ജനിക്കുന്നതിനെ കുറിച്ചു മാത്രമായിരിക്കുമ പറയുക.

ദൈവത്തിനിങ്ങനെ വിവേചനപരമായ സമീപനമില്ലെന്ന് വിശ്വസിക്കാന്‍ ഞാന്‍ ശ്രമിക്കും. അപ്പോഴൊക്കെ ഈവിന്റെയും, സാറയുടെയും, ഹന്നയുടെയും കാര്യമെനിക്കോര്‍മ്മവരും. ഈവിനോടു പറഞ്ഞത് ഗര്‍ഭധാരണം ഞാന്‍ നിക്ക് വേദനയുള്ളതാക്കും, ആ വേദനയില്‍ നീ കുട്ടികളെ പ്രസവിക്കുമെന്നാണ്. സാറയുടെയും ഹന്നയുടെയും കാര്യത്തില്‍ അവര്‍ക്ക് പുത്രന്മാരുണ്ടാകട്ടെയെന്നാണരുളപ്പാടുണ്ടായത്. പുത്രികളല്ല.

മൂന്നുവര്‍ഷം മുമ്പാണ് റോമന്‍ ചക്രവര്‍ത്തി അഗസ്റ്റസ് സീസര്‍ മരണമടഞ്ഞത്. ദീര്‍ഘകാലം റോമാസാമ്രാജ്യം ഭരിച്ച്, അനേകം രാജ്ഞിമാരുണ്ടായിരുന്ന അദ്ദേഹത്തിന് ഒരു പുത്രനില്ലാതെപോയി. അതുകൊണ്ട് വളര്‍ത്തുപുത്രന്‍ ടൈബീരിയസ്സാണ് പിന്നീട് ചക്രവര്‍ത്തിയായത്. അയാളോട് അഗസ്റ്റസിന് പ്രത്യേക സ്‌നേഹമൊന്നുമുണ്ടായിരുന്നുമില്ല. അഗസ്റ്റസ് സീസര്‍ മരിച്ച് ഒരു വര്‍ഷം തികയുന്ന ദിവസം റോമാക്കാര്‍ അദ്ദേഹത്തെ ഒരു ദൈവമായി പ്രഖ്യാപിക്കുകയും ചെയ്തു. ദൈവത്തെ അപമാനിക്കുന്നതു
പോലെയാണിതെന്ന് എനിക്കുതോന്നി.

ടൈമ്പീരിയസിന് ഒരു ചക്രവര്‍ത്തിക്കുവേണ്ട ഗുണഗണങ്ങള്‍ തീരെയില്ലായിരുന്നു. മറ്റുള്ളവരില്‍ എപ്പോഴും സംശയവും ഭീരുത്വവും അദ്ദേഹത്തിന്റെ സ്വഭാവത്തിലെ പ്രത്യേകതകളായിരുന്നു.

ടൈമ്പീരിയസ്സിനെ പ്രീണിപ്പിക്കാനാണ് ആന്റിപസ് രാജാവ് മഗ്ദലനില്‍ നിന്ന് പത്തു റോമന്‍ മൈലകലെ ആയിടയ്ക്ക് ഒരു പട്ടണം കെട്ടിപ്പടുത്ത്, അതിന് ടൈബീരിയസ് എന്ന് പേരിട്ടത്. യഹൂദമതാദ്ധ്യക്ഷന്മാരുടെ നിയന്ത്രണത്തിലല്ലായിരുന്ന ആ നഗരത്തില്‍ യാഥാസ്ഥിതികരായ യഹൂദര്‍ പോകാറില്ലായിരുന്നു. പേഗന്‍ ദൈവങ്ങളെ ആരാധിക്കുന്നവരുടെയും ചൂതാട്ടക്കാരുടെയും വേശ്യാവൃത്തി തൊഴിലാക്കിയവരുടെയും താവളമായിട്ടാണ് ടൈബീരിയസ്സിനെ അവര്‍ കണ്ടിരുന്നത്. എന്നാലതിന് കുറച്ചുനാളുകള്‍ക്കകം ഒരു വലിയ കച്ചോട കേന്ദ്രമെന്ന പ്രസിദ്ധി കിട്ടി. ഗ്രീസ്, ഈജിപ്റ്റ് എന്നാ രാജ്യങ്ങളില്‍ നിന്നും വരുത്തിയ വിലയേറിയ ഉടുപ്പുകള്‍ ,സിറിയയില്‍ നിന്നുകൊണ്ടുവന്ന മൂര്‍ച്ചയേറിയ പലയിനം വാളുകള്‍ , ഇതെല്ലാമവിടെ കിട്ടുമായിരുന്നു.

ഒരുത്സവകാലത്ത് ടൈബീരിയസ്സിലേക്കുപോകാന്‍ ഞാനും സമ്പദും തീരുമാനിച്ചു. യാത്രചെയ്യാനും, പുതിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ രീതികള്‍ മനസ്സിലാക്കാനും സമ്പദ് എന്നും താല്പര്യം കാണിച്ചിരുന്നു.
ടൈബീരിയസ് ആധുനിക രീതിയില്‍ പണികഴിപ്പിച്ച മനോഹരമായ പട്ടണമാണ്. അവിടുത്തെ വലിയ കൊട്ടാരങ്ങളും മറ്റു കെട്ടിടങ്ങളും ഗ്രീക്ക്-ലാറ്റിന്‍ രീതിയിലുള്ള വാസ്തുശില്പത്തെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരുന്നത്. പട്ടണത്തിന്റെ മദ്ധ്യഭാഗത്ത് ഒരു വിശാലമായ മൈതാനമുണ്ട്. അതിനുചുറ്റും ചെറുതും വലുതുമായ കടകള്‍ . നഗരപ്രാന്തത്തില്‍ ജനങ്ങള്‍ക്ക് കായികാഭ്യാസം ശീലിക്കാനുള്ള സ്ഥലവുമുണ്ട്.

മൈതാനത്തേക്ക് പകുമ്പോള്‍ ഒരു പേഗന്‍ ദൈവത്തിന്റെ ദേവാലയത്തിനു മുന്നിലൂടെയാണ് ഞങ്ങള്‍ പോയത്. അതിനു മുമ്പില്‍ ആരാധനാമൂര്‍ത്തിയുടെ ഒരു കൂറ്റന്‍ വിഗ്രഹം വെണ്ണക്കല്ലില്‍ നിര്‍മ്മിച്ചുവെച്ചിരുന്നു. റോമാക്കാരും ഗ്രീക്കുകാരും അവരുടെ ശക്തിയുടെയും ആരോഗ്യത്തിന്റെയും ദേവനായി ആരാധിക്കുന്ന എസ്‌കുലാപിയസ്. അര്‍ദ്ധനഗ്നനായ അയാളുടെ വിഗ്രഹത്തിനു മുമ്പില്‍ ഒരു ചെറിയ ജലധാരയുണ്ട്. അതിനുചുറ്റും നിന്ന് ജനങ്ങള്‍ ദേവനെ പ്രാര്‍ത്ഥിക്കുന്നു. ചിലര്‍ സങ്കീര്‍ത്തനങ്ങളാലപിച്ചുകൊണ്ട് നൃത്തം ചെയ്യുന്നു. എല്ലാവരും ഭക്തി ലഹരിയിലാണ്.

ഞങ്ങളല്‍പ്പനേരമവിടെ നിന്നു. ജീവിതത്തിലെ കഷ്ടപ്പാടുകളില്‍ നിന്നും രക്ഷനല്‍കേണമേയെന്ന് മനംനൊന്ത് പ്രാര്‍ത്ഥിക്കുന്ന അസാധാരണ ജനങ്ങളിലൊരാളാണ് ഞാനെന്നെനിക്ക് അപ്പോള്‍ തോന്നി.

മൈതാനത്തെത്തിയപ്പോള്‍ ഒരു വലിയ ആള്‍ക്കൂട്ടമാണ് ഞങ്ങളവിടെ കണ്ടത്. പൂക്കളും ആഹാരസാധനങ്ങളും നിറച്ച കുട്ടകളുമായി സ്ത്രീകള്‍ , കാര്യവ്യഗ്രതയോടെ നടന്നുപോകുന്ന നഗരവാസികള്‍ , യാത്രക്കാരെ കൊണ്ടുവരുന്ന കഴുതകള്‍ , കടകളുടെ മുമ്പില്‍നിന്ന് അവരുടെ സാധനങ്ങള്‍ വാങ്ങാന്‍ സന്ദര്‍ശകരെ മാടിവിളിക്കുന്ന കച്ചോടക്കാര്‍ , ഭിക്ഷയാചിക്കുന്നവരെ മാത്രം ഒരിടത്തും കണ്ടില്ല. എങ്ങും തിക്കും തിരക്കും.

പകലസ്തമിക്കുന്നതുവരെ ഞാനും സമ്പദും ഓരോ കാഴ്ചകള്‍ കണ്ടും, വിനോദപരിപാടികളില്‍ പങ്കെടുത്തും സന്തോഷമായി സമയം ചിലവഴിച്ചു.

മൂന്നുദിവസം ടൈബീരിയസ്സില്‍ താമസിക്കാനാണ് ഞങ്ങളുദ്ദേശിച്ചിരുന്നത്. ചെന്നയുടന്‍ തന്നെ സമ്പദ് ഒരു വിടുതി വീട്ടില്‍ രണ്ടുമുറി വാടകയ്‌ക്കെടുത്ത് സാധനങ്ങളെല്ലാമവിടെ വെച്ചിരുന്നു. നേരം ഇരുട്ടിയപ്പോള്‍ ഞങ്ങള്‍ ആ വീട്ടിലേക്കുമടങ്ങി.

ചെറുതെങ്കിലും വൃത്തിയുള്ള വീട്. ഒരു വൃദ്ധദമ്പതികളുടേതാണ്. ഞങ്ങള്‍ക്കു തന്നിരുന്ന മുറി കൂടാതെ മറ്റൊരു മുറിയുള്ളതവരും ഉപയോഗിച്ചു. പ്രായാധിക്യം ഉണ്ടെങ്കിലും ഊര്‍ജ്ജസ്വലയായ വീട്ടുടമ ഞങ്ങളെ സ്‌നേഹപൂര്‍വ്വം പരിചരിച്ചു.

എന്റെ മുറി ചെറുതായിരുന്നെങ്കിലും എന്തുകൊണ്ടോ പുറത്തെ ചൂട് എനിക്കനുഭവപ്പെട്ടില്ല. പുതപ്പ് വലിച്ചു നീട്ടി മുഖം മറച്ച് ഉറങ്ങാന്‍ നോക്കി. പക്ഷേ, നിദ്ര എന്നെ കൈവിടുന്ന മട്ടാണ്. ഞാനാ ചെറിയ കിടക്കയില്‍ തന്നെ കിടന്നു.

പകല്‍ കണ്ടതെല്ലാം മറക്കാന്‍ ശ്രമിച്ചു!

അര്‍ദ്ധനഗ്നനായ എസ്‌കുലാപിസിന്റെ വെണ്ണക്കല്‍ പ്രതിമ!

അതിനു മുമ്പിലുള്ള ജലധാര. അതിനു ചുറ്റും നിന്ന് പ്രാര്‍ത്ഥിക്കുന്ന ജനങ്ങള്‍ .

ഞാനും പ്രാര്‍ത്ഥിച്ചു!

ദൈവമേ, എന്റെ തെറ്റുകളെല്ലാം ക്ഷമിക്കണമേ!

ഒരു നേരിയ നിഴല്‍ ജനാലയിലൂടെ ഊര്‍ന്നുവന്നു എന്റെ കിടക്കയില്‍ തങ്ങിനിന്നു.

എവിടെയും നിശബ്ദത.

അല്പനേരത്തിനുശേഷം ഞാനുറങ്ങിപ്പോയി.

ഭയപ്പെടുത്തുന്ന സ്വപ്നങ്ങള്‍ .

ഞാനൊറ്റയ്ക്ക് ഒരു ചെറു തോണിയില്‍ ഗലീലിസമുദ്രത്തിലൂടെ യാത്ര ചെയ്യുന്നു. തീരം പറ്റിയാണ്. ആദ്യം ആകാശം തെളിഞ്ഞുകണ്ടു. കടല്‍ക്കാക്കകള്‍ മീന്‍ കൊത്തി വിഴുങ്ങാന്‍ ഉന്നമിട്ട് വെള്ളത്തിനുനേരെ ശരംപോലെ പാഞ്ഞുവന്നു.

കടലിപ്പോള്‍ ശാന്തം!

എന്റെ തോണി മന്ദഗതിയില്‍ മുമ്പോട്ടു നീങ്ങിക്കൊണ്ടിരുന്നു. പെട്ടെന്നൊരു കൊള്ളിയാന്‍ മിന്നി. ഉഗ്രശബ്ദത്തിലൊരിടിയും. കടല്‍ ക്ഷോഭിക്കുകയാണ്. ഞാനതിവേഗം തോണി തുഴഞ്ഞു.

Novel Link
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-7
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക