Image

ഈശ്വര വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌ക്കാരമാണ് ഭാരതത്തിന്റേത്: പരിശുദ്ധ കാതോലിക്കാ ബാവാ

വര്‍ഗീസ് പോത്താനിക്കാട്. Published on 03 June, 2014
ഈശ്വര വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌ക്കാരമാണ് ഭാരതത്തിന്റേത്: പരിശുദ്ധ കാതോലിക്കാ ബാവാ
ഈശ്വര വിശ്വാസത്തിലധിഷ്ഠിതമായിട്ടുള്ള  സംസ്‌കാരമാണ് ഭാരതത്തിന്റേത് എന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ മോറാന്‍ മോര്‍ ബസേലിയോസ് മാര്‍തോമ്മാ പൗലോസ് ദ്വിതീയന്‍ പ്രസ്താവിച്ചു.

2014 മെയ് മാസത്തില്‍ അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ ബാവാ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ആസ്ഥാനത്ത് വിവിധ മാദ്ധ്യമങ്ങള്‍ക്കായി വര്‍ഗീസ് പോത്താനിക്കാടിനു നല്‍കിയ അഭിമുഖത്തില്‍ സഭയുടെ സുപ്രധാനമായ പല പ്രവര്‍ത്തനങ്ങളെയും കുറിച്ച് സംസാരിച്ചു.

മലങ്കര സഭയുടെ പരമാദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തതിനുശേഷം പരിശുദ്ധ ബാവായ്ക്ക് അഭിമുഖീകരിക്കേണ്ടിവന്നിട്ടുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്താണ് എന്ന ചോദ്യത്തിന് ബാവായുടെ മറുപടി ഇതായിരുന്നു. നിലവിലുണ്ടായിരുന്ന പ്രശ്‌നങ്ങളല്ലാതെ എടുത്തു പറയത്തക്ക പുതിയ പ്രശ്‌നങ്ങളൊന്നും ഇല്ല. യാക്കോബായ സഭയുമായുള്ള തര്‍ക്കങ്ങളും വ്യവഹാരങ്ങളുമാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ അത്യധികം പ്രയാസപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
സഭയിലൂണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പലതരത്തിലുള്ള ചര്‍ച്ചകള്‍ നടത്തുകയും അതിനായി വിവിധ സമിതികള്‍ രൂപീകരിക്കുകയും, വിട്ടുവീഴ്ചകള്‍ക്കു തയ്യാറാവുകയും ഒക്കെ ചെയ്‌തെങ്കിലും, യാക്കോബായ വിഭാഗം തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുന്നതില്‍ നിന്ന് വഴുതിമാറുകയും ഉടമ്പടികള്‍ ലംഘിക്കുകയും ചെയ്തപ്പോള്‍ വ്യവഹാരങ്ങളിലേക്ക് സഭയെ വലിച്ചിഴച്ചുകൊണ്ടുപോയി. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 1934 ല്‍ അംഗീകരിച്ച ഭരണഘടനാ പ്രകാരം മലങ്കരസഭയും പള്ളികളും ഭരിക്കപ്പെടണം എന്ന വസ്തുതയെ മുന്‍നിര്‍ത്തി കേസുകള്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി വിധിക്കപ്പെട്ടു.
എന്നാല്‍ യാക്കോബായ വിഭാഗം കോടതിവിധികള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. അതിനേക്കാള്‍ ഖേദകരമായ കാര്യം കോടതി വിധികള്‍ നടപ്പാക്കി കൊടുക്കേണ്ട കേരള സര്‍ക്കാര്‍ പുറംതിരിഞ്ഞുനില്‍ക്കുന്നു എന്നുള്ളതാണ്. നിരന്തരമായ അഭ്യര്‍ത്ഥനകള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് നീതിനിര്‍വഹണത്തിന് അലംഭാവം കാട്ടുന്നു. എന്തു പ്രതിസന്ധികള്‍ ഉണ്ടായാലും സഭ അഭംഗുരം മുന്നോട്ടു പോകൂം.

സഭയുടെ സെന്റിനറി പ്രോജക്ടുകളായി ആരംഭിച്ച പരുമല സെന്റ് ഗ്രിഗോറിയോസ് ഇന്റര്‍നാഷ്ണല്‍ ക്യാന്‍സര്‍ കെയര്‍ സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നതായി ബാവാ അറിയിച്ചു. മദ്ധ്യതിരുവിതാംകൂറില്‍ ഒരു ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം ഇല്ല എന്ന കുറവ് ഈ പ്രോജക്റ്റ് കൊണ്ട് പരിഹരിക്കപ്പെടും. പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയോടനുബന്ധിച്ച് ക്യാന്‍സര്‍ ചികിത്സയ്ക്കായി ഏറ്റവും നൂതന സൗകര്യങ്ങളോടുകൂടി സഭ ആരംഭിച്ച ഈ ക്യാന്‍സര്‍ സെന്റര്‍ നമ്മുടെ രാജ്യത്തിനു തന്നെ ആതുര സേവന ചരിത്രത്തില്‍ ഒരു നാഴിക്കല്ലായിരിക്കുമെന്ന് ബാവാ അറിയിച്ചു.

നൂറുകോടിയിലേറെ രൂപാ ചെലവു വരുന്ന ഈ പദ്ധതിക്ക് ചെറുതും വലുതുമായ ധനസഹായം ലഭിക്കുന്നുണ്ട്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ എല്ലാവരുടെയും ഭാഗഭാഗിത്വം ഈ പ്രസ്ഥാനത്തിനുണ്ടാകേണ്ടതാണെന്ന് ബാവാ പ്രസ്താവിച്ചു. തുകയെക്കാളേറെ പങ്കാളിത്വ ചിന്തയും മനോഭാവവും വളര്‍ത്തുകയെന്നതാണ് പ്രധാനം. ആതുരസേവനം നമ്മുടെ കടമയാണ്, നമ്മുടെ ഏതൊരു പ്രവര്‍ത്തനത്തിലും ദൈവിക പങ്കാളിത്വം ഉണ്ടായിരിക്കണം. തൊഴിലിലായാലും കച്ചവടത്തിലായാലും ദൈവികസാന്നിദ്ധ്യം അനുഗ്രഹിക്കണം, നമ്മള്‍ സമ്പാദിക്കുന്നതു മുഴുവനും നമ്മുടേതല്ല, നാം അതിന്റെ സൂക്ഷിപ്പുകാര്‍ മാത്രമാണെന്ന ചിന്തയോടെ അതിനെ കൈകാര്യം ചെയ്യണം.

നാം 10 ഡോളര്‍ സമ്പാദിച്ചാല്‍ അതില്‍ ഒരു ഡോളര്‍ ദൈവത്തിനുള്ളതെന്നു കരുതി മാറ്റിവയ്ക്കണം. രണ്ടു വ്യക്തികള്‍ പങ്കുചേര്‍ന്ന് ഓഹരി വിപണിയില്‍ നിക്ഷേപം ആരംഭിച്ചപ്പോള്‍ മൂന്നു പങ്കാളികളായാണ് കണക്കില്‍ ചേര്‍ത്തത്, അതില്‍ മൂന്നാമത്തെ പങ്കാളിയുടെ ആദായം ഗുരുവായൂരപ്പന് കാണിക്കയായി കൊടുക്കുമായിരുന്നു. ഇത് ആരേയും അറിയിക്കുകയോ പരസ്യം ചെയ്യുകയോ ചെയ്തിരുന്നില്ല. ഈ സംഭവം തനിക്കു നേരിട്ടറിയുന്നതാണെന്ന് ബാവ അറിയിച്ചു. ശബരിമലയിലും ഇത്തരത്തിലുള്ള നേര്‍ച്ചകള്‍ ലഭിക്കുന്നതായി അറിഞ്ഞിട്ടുണ്ടെന്ന് ബാവ പറഞ്ഞു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ബാഹ്യകേരള ഭദ്രാസനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരവലോകനം ആവശ്യപ്പെട്ടപ്പോള്‍ പരിശുദ്ധ ബാവാ വളരെയധികം കൃതാര്‍ത്ഥമായ സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി. മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഒരു ആഗോളസഭയാണെന്നും വിവിധ രാജ്യങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും അനുയോജ്യമായ നടപടികള്‍ക്കും, തീരുമാനങ്ങള്‍ക്കും സഭ അനുകൂലപ്പെടേണ്ടതുണ്ട്. എന്നാല്‍ സഭയുടെ മൂല്യങ്ങളും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കാന്‍ വിശ്വാസികള്‍ കാണിക്കുന്ന ശുശ്കാന്തിയെ ബാവ പ്രശംസിച്ചു. സഭയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ആതുരസേവനങ്ങള്‍ക്കും ബാഹ്യകേരള ഇടവകകള്‍, പ്രത്യേകിച്ച് അമേരിക്കയിലെ ഭദ്രാസനങ്ങള്‍ ചെയ്യുന്ന സഹായങ്ങള്‍ ബാവ നന്ദിപൂര്‍വ്വം അനുസ്മരിച്ചു.

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ കലുഷിതമായ അന്തരീക്ഷങ്ങളൊക്കെ മാറി സമാധാനപരമായി, പുരോഗതിയിലേക്ക് കുതിക്കുന്നതില്‍ ബാവാ സന്തുഷ്ടി പ്രകടിപ്പിച്ചു.

അഭിമുഖത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി. സെക്കറിയാ മാര്‍ നിക്കോളാവോസ്, മലങ്കരസഭാ മാനേജിംഗ് കമ്മറ്റിയംഗം പോള്‍ കറുകപ്പിള്ളി എന്നിവര്‍ പങ്കെടുത്തു. മാര്‍ നിക്കോളാവോസ് ഭദ്രാസനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.
പരിശുദ്ധ ബാവാ മാദ്ധ്യമങ്ങള്‍ക്കും, ലോകത്തെമ്പാടുമുള്ള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും, വിശ്വാസികള്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ആശിര്‍വദിച്ചു.
ഈശ്വര വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌ക്കാരമാണ് ഭാരതത്തിന്റേത്: പരിശുദ്ധ കാതോലിക്കാ ബാവാഈശ്വര വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌ക്കാരമാണ് ഭാരതത്തിന്റേത്: പരിശുദ്ധ കാതോലിക്കാ ബാവാ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക