Image

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം

Published on 21 November, 2011
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം
ഗുവാഹട്ടി: അസം, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മ്യാന്‍മാര്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അസം, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ രാവിലെ 8.47നാണ് ഭൂചലനം അനുഭവപ്പെട്ടത്. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിന്റെ 130 കിലോമീറ്റര്‍ കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെയുടെ വെബ് സൈറ്റ് പറയുന്നു.

അസം, മേഘാലയ, മിസോറം, ത്രിപുര, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നീ ഏഴ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ലോകത്താകെയുള്ള ഭൂകമ്പസാധ്യതാ മേഖലകളില്‍ ആറാമതാണ്.

1897ലുണ്ടായ ഭൂചലനമാണ് ഈ മേഖലയില്‍ ഇതുവരെയുണ്ടായവയില്‍ ഏറ്റവും തീവ്രതയേറിയത്. റിക്ടര്‍ സ്‌കെയില്‍ 8.7 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 1600 പേരിലധികം പേരാണ് മരിച്ചത്. കഴിഞ്ഞ സപ്തംബറില്‍ ഈ പ്രദേശങ്ങളിലുണ്ടായ ഭൂചലനത്തില്‍ 50 ലധികം പേര്‍ മരിച്ചിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.8 ആണ് അന്ന് രേഖപ്പെടുത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക