Image

മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ച യുവാവ് തൂങ്ങി മരിച്ചു

Published on 21 November, 2011
മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ച യുവാവ് തൂങ്ങി മരിച്ചു
കല്‍പറ്റ: മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ച് അവശനിലയിലാക്കിയ യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കമ്പളക്കാട് കെ.എസ്.ഇ.ബി സബ് സ്റ്റേഷനു സമീപമുള്ള താമരക്കൊല്ലി കോളനിയിലെ വെള്ളിയുടെയും കെമ്പിയുടെയും മകന്‍ മനു(25)വാണ് മരിച്ചത്. രാവിലെ വിടിനുള്ളില്‍ തൂങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാത്രി ഒമ്പതിന് വീടിനു സമീപുമുള്ള ഒരു സംഘം മോഷണക്കുറ്റം ആരോപിച്ച് മനുവിനെ മര്‍ദ്ദിക്കുകയും കള്ളനെന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അയല്‍പക്കത്തെ വീട്ടില്‍നിന്ന് ടേപ്പ് റെക്കോഡറിന്റെ സ്പീക്കര്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് മനുവിനെ പിടികൂടിയത്. വീട്ടുകാര്‍ ഉപേക്ഷിച്ച സ്പീക്കര്‍ എടുത്തുകൊണ്ടുപോയെങ്കിലും ആവശ്യപ്പെട്ടപ്പോള്‍ തിരിച്ചുകൊടുത്ത് മാപ്പുപറഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു. ഇതിനുശേഷമാണ് മനുവിനെ ഒരു സംഘം മര്‍ദ്ദിച്ചത്.

അടയ്ക്ക പാട്ടത്തിനെടുത്ത് വില്പന നടത്തുന്ന മനുവിന് കാഴ്ചയില്ലാത്ത അമ്മയും നാലുമക്കളുള്ള വിധവയായ ഒരു സഹോദരിയുമാണുള്ളത്. മറ്റൊരു സഹോദരി അപസ്മാരം ഗുരുതരമായി കുറച്ചദിവസങ്ങള്‍ക്കുമുമ്പാണ് മരിച്ചത്. നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് കമ്പളക്കാട് എസ്.ഐ എം. സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയിലേയ്ക്കുമാറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക