Image

കോടാലി രാഷ്‌ട്രീയം, മോഡിയ്‌ക്കൊരു തുറന്ന കത്ത്‌! (ഏബ്രഹാം തെക്കേമുറി)

Published on 06 June, 2014
കോടാലി രാഷ്‌ട്രീയം, മോഡിയ്‌ക്കൊരു തുറന്ന കത്ത്‌! (ഏബ്രഹാം തെക്കേമുറി)
ഞങ്ങള്‍ മലയാളിമക്കള്‍, `കോടാലി' എറിഞ്ഞപ്പോള്‍ പൊങ്ങിവന്നവര്‍ ഇന്ന്‌ സര്‍വത്ര കോടാലികളായി ഉലകംചുറ്റും വാലിബരായി വിലസുകയാണ്‌. എന്തായാലും മോഡിയുടെ മന്ത്രിസഭയില്‍ ഒരുമലയാളി എന്നെങ്കിലും ഉണ്ടാവുമെന്നാണ്‌ ഇപ്പോഴത്തെ രാശി ചക്ര, മീഡിയ തൊഴിലാളികള്‍ പ്രചരിപ്പിക്കുന്നത്‌. ആ പറച്ചിലു കേട്ടാല്‍ തോന്നും ഇവറ്റകള്‍ ഒരാളെ ജയിപ്പിച്ച്‌്‌ ഡല്‍ഹിക്ക്‌ വിട്ടിട്ടുണ്ടെന്ന്‌.

`കോടാലി' രാഷ്‌ട്രീയ നേതാക്കള്‍ ഇപ്പോഴും ജയിച്ചവനും തോറ്റവനും പരനാറിയെന്നും പറഞ്ഞ്‌ ഇങ്ങനെ കറങ്ങുകയാണ്‌. കൈയിലുള്ള 4 സീറ്റ്‌ പോയ കോണ്‍ഗ്രസ്‌ വിജയത്തിന്റെ തിളക്കംകുറഞ്ഞു പോയത്‌ പരിശോധിക്കയാണ്‌. 4 സീറ്റ്‌ പോയവന്‍ ഏത്‌ വിജയത്തെപ്പറ്റിയാണ്‌ ഈ ഗീര്‍വാണം പറയുന്നത്‌. രക്‌തക്കറ പിരണ്ട കാലുവാരികളാണെങ്കില്‍ കൊല്ലം തിരുവനന്തപുരം തുടങ്ങിയ സീറ്റുകളിലെ പരാജയം പരിശോധിക്കയാണ്‌. അതേ ഞങ്ങള്‍ മലയാളികള്‍ `മച്ചിപ്പശുവിന്‌ ചന പിടിച്ചോ' എന്നു മുതല്‍ ഉടയതമ്പുരാന്‍ മരിക്കുന്നുണ്ടോ എന്ന്‌വരെ പരിശോധിക്കുന്നവരാണ്‌.

ഏതായാലും ഒരു ആപ്പ്‌ പാര്‍ട്ടി കോണ്‍ഗ്രസിന്‌ ആപ്പായി. ഒരു നല്ല പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍സിംഗ്‌. താങ്കളും അദേഹത്തെ മാനിക്കുന്നു. എന്നാല്‍ അദേഹത്തിന്റെ പിറകില്‍ നിന്ന്‌ പാര്‍ട്ടിയെ വളര്‍ത്താന്‍ ഒന്നുംചെയ്യാതെ ഓരോ ഇലക്‌ഷനിലും `വര്‍ഗീയത' പറഞ്ഞ്‌ `മതേതരത്വം' എന്ന ഉമ്മാക്കി കാട്ടി ജയിച്ച്‌ എന്നും ഇങ്ങനെ വിലസാമെന്ന്‌ കരുതിയ കോടാലി കോണ്‍ഗ്രസ്‌, തൊഴിലാളിയുടെ പേരും പറഞ്ഞ്‌ മെയ്യനങ്ങാതെ ഉപജീവനം നടത്തിക്കൊണ്ടിരുന്ന മരമണ്ടന്‍ ഇടതുപക്‌ഷം ഇതുരണ്ടും മയ്യത്തായി എന്നത്‌ പ്രവാസി ഇന്ത്യാക്കാര്‍ക്ക്‌ വളരെ സന്തോഷമുള്ള വാര്‍ത്ത തന്നെ.

ഏതായാലും നടയടച്ച്‌ പിണ്ഡംവച്ച്‌ ഡല്‍ഹിയില്‍ നിന്നും ഇവറ്റകളെ കുടിയൊഴിപ്പിച്ച താങ്കളെ വന്ദിക്കുന്നു. `പോളിറ്റ്‌ ബ്യൂറോയും', ഹൈക്കമാന്‍ഡും കേരളത്തിലേക്ക്‌ കയറ്റി അയച്ചത്‌ വലിയ കാര്യം തന്നെ. ഇനിയും ഈ പേരു പറഞ്ഞ്‌ കേരള ജനതയെ വഞ്ചിക്കാനാവില്ലല്ലോ!.

വിഷയത്തിലേക്ക്‌ കടക്കട്ടെ. കേരളം! എത്ര മനോഹരം. ഗോഡ്‌സ്‌ഓണ്‍ കന്‍ട്രി. മാവേലി വാണ നാട്‌. ആള്‍ ദൈവങ്ങളുടെ നാട്‌. ഇവിടെ വളരെ പുരാതീനമായ നേതാക്കളാണ്‌ ഭരിക്കുന്നത്‌. 75 വയസ്‌ കഴിഞ്ഞ ആരെയും താങ്കളുടെമന്ത്രിസഭയില്‍ വേണ്ടെന്ന തീരുമാനത്തെ കേരളം അംഗീകരിച്ചിട്ടില്ല. എന്തെന്നാല്‍ `കണ്ണുംതിരിയാ ശരീരം വിറയ്‌ക്കുന്നു.' എന്ന നിലയില്‍ എത്തിയിട്ടും ഇന്നും മുഖ്യമന്ത്രിയായും, പ്രതിപക്‌ഷ നേതാവായും, മെത്രാപ്പോലീത്തയായും അനേകര്‍ ഭരണം നടത്തുന്നു.

വിഷയമിതല്ല. ചില പൊതുവിഷയത്തിലേക്ക്‌ താങ്കളുടെ ശ്രദ്‌ധ ക്‌ഷണിക്കുന്നു. കേരളത്തിലെ ഒരുരാഷ്‌ട്രീയ പാര്‍ട്ടിയും താങ്കളുടെ ഏകകക്‌ഷി ഭരണത്തെപ്പറ്റി ബോധവാന്മാരല്ല.

ചാനലുകാരാണെങ്കില്‍ അവരുടെ മേധാവിത്വം തെളിയിക്കാന്‍ കുറെ വാചകത്തൊഴിലാളികളെ പണംകൊടുത്ത്‌ സംഘടിപ്പിച്ചിട്ടുണ്ട്‌. ജനദ്രോഹപരമായ എല്ലാം ന്യായീകരിക്കയാണ്‌ ഇവരുടെജോലി. കിട്ടുന്ന പണത്തിനനുസരിച്ച്‌ കാക്കാത്തി പ്രവചനം നടത്തുക.

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെതിരേ പ്രക്‌ഷോഭം ഇരുമുന്നണിയും പ്‌ളാന്‍ ചെയ്‌തുകഴിഞ്ഞു. കാട്ടുമൃഗങ്ങളെപ്പോലും സൈ്വരമായി കഴിയാന്‍ സമ്മതിക്കാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന 4044 ക്വാറികളും ഇലക്‌ട്രിക്‌ വെടിമുഴക്കി ഭൂതലത്തെ വിറപ്പിക്കയാണ്‌. `ഗംഗ'യെ ശുദ്‌ധീകരിക്കാന്‍ മുതിരുന്ന താങ്കളുടെ മഹാമനസ്‌ ഈ കേരളത്തിലെ `പമ്പ' മുതല്‍ 44 നദികളുടെ മാറുകീറി ഇരുമുന്നണിയുടെയും ശിങ്കിടികള്‍ നദികളെ ഇല്ലായ്‌മ ചെയ്‌തു വെന്നതറിയുക.

കസ്‌തൂരിഗംഗന്‍ റിപ്പോര്‍ട്ടിനെതിരേ ഇറങ്ങിയ കുഞ്ഞാടുകള്‍ ടണ്‍ കണക്കിന്‌ `കഞ്ചാവ്‌' കൃഷി ചെയ്‌തിറങ്ങി അയല്‍ക്കാരന്റെ കഞ്ഞുങ്ങളുടെ ഭാവി നന്നാക്കിക്കൊണ്ടിരിക്കയാണ്‌. കിലോകണക്കിന്‌ സ്വര്‍ണ്ണം കേരളത്തിലെ 4 എയര്‍പോര്‍ട്ടിലൂടെയും ഒഴുകുകയാണ്‌. ആഭ്യന്തര മന്ത്രിയും ഇടതുപക്‌ഷ നേതാവുമൊക്കെ `ഫയസ്‌' മിത്രങ്ങളാണ്‌. കണ്ടെയ്‌നര്‍ കണക്കിനു്‌ `കള്ളനോട്ട്‌' പാകിസ്‌ഥാനിലടിച്ച്‌ ബംഗ്‌ളാദേശ്‌ വഴി നേരെ കേരളത്തിലേക്ക്‌. ചോദിക്കുന്നതിനേക്കാള്‍ കൂടിയവിലയ്‌ക്ക്‌ ഭൂമികള്‍ സ്വന്തമാക്കുകയാണ്‌ ഇതിന്റെ ഉപഭോക്‌താക്കള്‍.

നല്ല വിദ്യാഭ്യാസത്തിനായി ജാര്‍ഖണ്ഡില്‍ നിന്നും `ഉര്‍ദു'കൂട്ടികള്‍ മലയാളവും അറബിയും പഠിക്കാന്‍ കൂട്ടത്തോടെ എത്തിക്കപ്പെടുന്നു. മുഖ്യമന്ത്രി അതിനെ പ്രോത്‌സാഹിപ്പിക്കുന്നു. വ്യഭിചാരത്തിനായി സ്‌ത്രീകള്‍ `ഗള്‍ഫ്‌' നാടുകളിലേക്ക്‌ ഇറച്ചിക്കോഴികളെപ്പോലെ കയറ്റി അയക്കപ്പെടുന്നു. ഇതൊക്കെയാണെങ്കിലും ദൈവീക ഭക്‌തിയിലും ജീവകാരുണ്യത്തിലും ഞങ്ങള്‍ ഒന്നാം സ്‌ഥാനത്താണ്‌. സാധുക്കളുടെ രക്‌തം കുടിക്കുന്ന കണ്ണട്ടകള്‍.

അമ്പലങ്ങളിലെ, രാജകൊട്ടാരങ്ങളിലെ സ്വത്തുക്കള്‍ എല്ലാം അടിച്ചു മാറ്റി മുക്കുപണ്ടങ്ങള്‍ സ്‌ഥാപിച്ചു കഴിഞ്ഞു. മിച്ചഭൂമികളും കടലോരങ്ങളും റിസോര്‍ട്ട്‌ ആക്കി കൈയ്യടക്കി.

വിഷയം ചുരുക്കട്ടെ. ആ മുല്ലപ്പെരിയാര്‍. ഓര്‍ക്കുമ്പോള്‍ പ്രവാസികളായ ഞങ്ങളുടെ തല പെരുക്കുന്നു. അതൊന്നു പൊട്ടിയാലത്തെ അവസ്‌ഥ? അതുകൊണ്ട്‌ ആ അണക്കെട്ട്‌ പുതുക്കിപ്പണിത്‌ തമിഴ്‌നാടിന്‌ കൊടുക്കുക. ആ വെള്ളം കൊണ്ട്‌ അവര്‍ വല്ലതുംകൃഷി ചെയ്‌തങ്കിലല്ലേ ഞങ്ങള്‍ മലയാളികള്‍ക്ക്‌ വല്ലതും `ഞണ്ണാന്‍' പറ്റു.

ആറന്മുള എയര്‍പോര്‍ട്ട്‌. കേരളത്തിന്റെ ഗതാഗതക്കുരുക്കഴിക്കാന്‍ ഇതേയുള്ളു മാര്‍ഗം. ആറന്മുളയുടെ പൈതൃകംഅതിന്റെഎതിരാളികളായ പ്രാകൃതര്‍ക്ക്‌ കൊടുക്കുക. ഒരു 10 മൈലുമാറി മല്ലപ്പള്ളി പാമല എസ്‌റ്റേറ്റിലേക്കോ, ഹാരിസണ്‍ പ്‌ളാന്റേഷനിലേക്കോ മാറ്റിഒരുലോക്കല്‍ എയര്‍പോര്‍ട്ട്‌ സ്‌ഥാപിക്കുക. പാതിരാത്രിയില്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്ര ഞങ്ങള്‍ പ്രവാസികള്‍ മടുത്തിരിക്കുന്നു.

ഇനിയും ഒരുകാര്യം കേരളത്തിനു അടുത്ത 5വര്‍ഷത്തേക്ക്‌ ഒന്നും കിട്ടാനില്ലയെന്നല്ല, ഉള്ളതുകൂടെ അതായത്‌ കുറ്റാലം രാജകൊട്ടാരം, പാലക്കാട്‌ റയില്‍വേ ഡിവിഷന്‍, ഇടുക്കി ജില്ല ഇതൊക്കെ ജയലളിത അടിച്ചു മാറ്റുമെന്നും ഞങ്ങള്‍ പ്രവാസികള്‍ അറിയുന്നു. വിഴിഞ്ഞം, എമേര്‍ജിംഗ്‌ കേരള, സ്‌മാര്‍ട്ട്‌സിറ്റിഎന്നൊക്കെപ്പറഞ്ഞ്‌ ഭരിച്ച്‌ ഉപജീവനം നടത്തുന്ന ഈ ഇരുമുന്നണികളും പാളയത്തില്‍ പട നയിക്കയാണ്‌. താങ്കളുടെ പാര്‍ട്ടി പ്രജകളും അവസരവാദികളായതിനാല്‍ ശാപം മോക്‌ഷമില്ലാതെ ഇങ്ങനെ തുടരുകയാണ്‌. പ്രവാസികളായ ഞങ്ങള്‍ക്ക്‌ വിലപിക്കാന്‍ മാത്രമാണ്‌ യോഗം. ഒത്തിരി ജന്മനാടിനെപ്പറ്റി മോഹിച്ചു, ഒന്നും ആവാത്ത നാടിനെ മറന്ന്‌ പ്രവാസ ലോകത്ത്‌ ഞങ്ങള്‍ `ശവക്കല്ലറ' തീര്‍ക്കുകയാണ്‌.

ക്രമസമാധാനം കേരളത്തില്‍ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കയാണ്‌. കുട്ടികളെയും സ്‌ത്രീകളെയും കൂട്ടി കേരളത്തിലേക്ക്‌ വരാന്‍ പോലും ഭയമായിരിക്കുന്നു. നിയമസഭ പിരിച്ചുവിട്ട്‌ കേന്ദ്രഭരണത്തിന്‍ കീഴിലാക്കി ഈ കോടാലിക്കഥയുള്ള കേരളത്തെ ഒന്നു ഭരിച്ച്‌ നേരെയാക്കാന്‍ താങ്കള്‍ക്ക്‌ കഴിയട്ടെ. ആശംസകള്‍!
കോടാലി രാഷ്‌ട്രീയം, മോഡിയ്‌ക്കൊരു തുറന്ന കത്ത്‌! (ഏബ്രഹാം തെക്കേമുറി)
Join WhatsApp News
RAJAN MATHEW DALLAS 2014-06-07 11:17:55
വളരെ ഭംഗിയായി എഴുതിയ എല്ലാ കാര്യഗ്ഗലോടും പൂർണമായി യോജിക്കുന്നു ! മൊദിയെപ്പൊലെ അധികാരം ഉപയോഗിക്കാൻ അറിയാവുന്ന ഒരു ഏകാധിപതി വന്നെഗ്ഗിലെ ഇന്ത്യ രക്ഷപ്പെടുല്ല് ! പക്ഷെ അവിടെയും കേരളത്തിന്റെ കാര്യം കട്ടപ്പൊക ! പിന്നെ സീ പീ എം ഒന്ന് വാല് മടക്കും !ആർ എസ് എസ്സിന്റെ അടുത്ത് ഒത്തിരി മസ്സിലു പിടിക്കില്ല ! 

കോഴിക്കോട് പോലെ ഗൾഫിൽ നിന്നും നാലഞ്ചു വിമാനം ഇറഗ്ഗുന്ന ഒരു വിമാനത്താവളം  ആറന്മുള അല്ലാതെ പത്തനംതിട്ടയിൽ എവിടെയെഗ്ഗിലും ഉണ്ടായെഗ്ഗിലെ നമുക്ക് പ്രയോജനം ഉള്ളു !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക