Image

ഹിന്ദി സമരം മറക്കുന്നത്‌ നന്ദികേട്‌ (തോമസ്‌ കുളത്തൂര്‍)

Published on 06 June, 2014
ഹിന്ദി സമരം  മറക്കുന്നത്‌ നന്ദികേട്‌ (തോമസ്‌ കുളത്തൂര്‍)
ദക്ഷിണ ഇന്‍ഡ്യക്കാരെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു സംഭവം ക്രമേണ കാലഗതിയില്‍ വിസ്‌മരിക്കപ്പെട്ടുപോയി. 1964-65 കാലയളവില്‍ ഇന്‍ഡ്യയില്‍ നടപ്പില്‍ വരുത്താന്‍ ശ്രമിച്ച ഒരു ബില്ലാണ്‌ രക്ത ചൊരിച്ചിലിനും അതിക്രമങ്ങള്‍ക്കും ഇടയാക്കിയത്‌. ഇന്‍ഡ്യയില്‍ എല്ലാ ഗവണ്‍മെന്റ്‌ കത്തിടപാടുകളും സിവില്‍ സര്‍വ്വീസു പരീക്ഷകള്‍ വരെ ഹിന്ദിഭാഷയിലേപാടുള്ളൂ എന്നതായിരുന്നു ബില്ല്‌. അങ്ങനെ ഇംഗ്ലീഷ്‌ ഭാഷയെ ഇന്‍ഡ്യയില്‍ നിന്നും തുടച്ചു നീക്കാം, എന്നതിലുപരി ഇന്‍ഡ്യയുടെ ഭരണ സംവിധാനത്തില്‍ ഉത്തര ഇന്‍ഡ്യക്കാര്‍ക്ക്‌ ഭാഷാപരമായി സ്വാധീനം ചെലുത്താനും കഴിയും. കാലക്രമത്തില്‍ ``തങ്ങളുടെ മാത്രം, സ്വന്തം ഇന്‍ഡ്യാ'' എന്ന അവകാശവാദവുമാകാം. ``ഇംഗ്ലീഷ്‌ വേണ്ടാ ഹിന്ദി മതി'' എന്ന പ്ലാക്കാര്‍ഡുകള്‍ ഉത്തരേന്ത്യയില്‍ പലയിടത്തും ഉയര്‍ന്നു വന്നു.

ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ ശ്രമത്തിന്റെ ചരിത്രത്തിലേയ്‌ക്ക്‌ കൂടി ഒന്നു കണ്ണോടിച്ചാല്‍ തലമൂത്ത പല ഉത്തരേന്ത്യന്‍ നേതാക്കളുടേയും അന്തര്‍ഗതം മനസ്സിലാകുന്നതാണ്‌. 1937- ല്‍ ശ്രീ സി. രാജാഗോപാലാചാരി ഹിന്ദി പഠനം നിര്‍ബന്ധിതമാക്കുന്നതിന്‌ ഉദ്യമിയ്‌ക്കുകയുണ്ടായി. അന്ന്‌ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട്‌ വന്നത്‌ മദ്രാസിലെ ``ജെസ്റ്റീസ്‌ പാര്‍ട്ടി'' ആണ്‌. പിന്നീട്‌ അവര്‍ ദ്രാവിഡ കഴകം'' എന്ന പേരില്‍ അറിയപ്പെട്ടു. എതിര്‍പ്പുകളുടെ സമ്മര്‍ദ്ദത്താല്‍, അന്ന്‌ മദ്രാസിലെ ബ്രിട്ടീഷ്‌ ഗവര്‍ണ്ണറായിരുന്ന ലോര്‍ഡ്‌ എര്‍സകിനോ ഈ ഉദ്യമത്തെ തള്ളിക്കളഞ്ഞു. ഭാരതത്തിന്റെ സ്വതന്ത്ര്യ ലബ്‌ദിയോടുകൂടി, ഹിന്ദി രാഷ്‌ട്ര ഭാഷയായും ഇംഗ്ലീഷ്‌ Continue as an Associate Official Language എന്നും തീരുമാനിച്ചു. അങ്ങനെതന്നെ തുടരണമെന്ന്‌ പ്രധാമന്ത്രി പണ്‌ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവും നിഷ്‌കര്‍ഷിക്കുകയുണ്ടായി. എന്നാല്‍ തലമൂത്ത പല ഉത്തരേന്ത്യന്‍ നേതാക്കളുടെയും ധാര്‍ഷ്‌ട്യം ``ഹിന്ദി അറിയാത്ത ഇന്‍ഡ്യക്കാരന്‌ ഇന്‍ഡ്യയില്‍ സ്ഥാനമില്ലാ'' എന്നായിരുന്നു. അതോടെ മദ്രാസിലെ കോണ്‍ഗ്രസ്‌ മന്ത്രിസഭ നിലംപതിക്കുകയും ദ്രാവിഡകഴകം ഭരണത്തില്‍ വരികയും ചെയ്‌തു. ഭാഷയ്‌ക്കു വേണ്ടിയുള്ള ആദ്യത്തെ രക്ത സാക്ഷിയായി ശ്രീ.``ചിന്നസ്വാമി'' സ്വയം അഗ്നിക്കിരയാക്കി, ജീവനൊടുക്കി.

1964- 65 കാലയളവില്‍ കേരളത്തിലേയ്‌ക്കും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയ്‌ക്കും ഹിന്ദി സമരത്തിന്റെ തീ പടര്‍ന്നു പിടിച്ചു. അന്ന്‌ കോട്ടയം ബെസേലിയസ്‌ കോളേജ്‌ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃസ്ഥാം വഹിച്ചിരുന്നതിനാല്‍ ഞാനും കോളജുപടിയ്‌ക്കല്‍ സത്യാഗ്രഹവുമായി മുന്നോട്ടിറങ്ങി. വിദ്യാര്‍ത്ഥികളില്‍ നിന്നും-വിദ്യാര്‍ത്ഥിനികളടക്കം-നൂറുശതമാനം സഹകരണമാണ്‌ ലഭിച്ചത്‌. അന്നെന്നോടൊപ്പമുണ്ടായിരുന്ന യശശരീരനായ അനിയന്‍ കൊടുവത്തിനെ സ്‌നേഹത്തോടെ സ്‌മരിക്കുന്നു. എല്ലാ സുഹൃത്തുക്കളേയും അവരുടെ പ്രവര്‍ത്തനങ്ങളേയും ബഹുമാനത്തോടും സ്‌നേഹത്തോടും സ്‌മരിക്കുന്നു. ഏറ്റവും ശക്തമായ സമരങ്ങള്‍ നടന്നത്‌ മദ്രാസിലാണ്‌.

കോട്ടയം സി.എം.എസ്‌. കോളജും നേതൃനിരയിലുണ്ടായിരുന്നു. അന്ന്‌ ഹൈസ്‌കൂളുകളും മിഡില്‍ സ്‌കൂളുകളും വരെ സമരത്തില്‍ സജീവമായി പങ്കെടുത്തു. കോളജു കവാടത്തില്‍ ആരംഭിച്ച സമരം നിരാഹാര സത്യാഗ്രഹമായി പ്രഖ്യാപിച്ചുകൊണ്ട്‌ ഞാന്‍ മൂന്നു ദിവസം നിരാഹാര സമരം നടത്തി. മരച്ചുവടുകളും സമരപന്തലും ഒക്കെയായി സകല വിദ്യാര്‍ത്ഥികളും ചുറ്റുപാടില്‍ തന്നെയുണ്ടായിരുന്നു, രാവും പകലും കോളജ്‌ അടച്ചതിനു ശേഷം മൂന്നാം ദിവസവും, പല രാഷ്‌ട്രീയ (വിവിധ) നേതാക്കളുടേയും അഭിപ്രായമനുസരിച്ച്‌ നിരാഹാരം അവസാനിപ്പിച്ചു എങ്കിലും രാത്രിയും പകലും സമരപന്തലില്‍ ഒന്നിച്ചുകൂടി സമരം തുടര്‍ന്നു. പല ഭീഷണികള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും ശേഷം അനേകം വിദ്യാര്‍ത്ഥികളുടെ രക്ത ചൊപിച്ചിരിലിനും മരണത്തിനും ശേഷം, ആ ബില്‍ എടുത്തുകളഞ്ഞതായി പ്രഖ്യാപനമുണ്ടായി.

ആ ബില്‍ നിലവില്‍ വന്നിരുന്നു എങ്കില്‍, ഇന്ന്‌ പുറം രാജ്യങ്ങളില്‍ ജോലി ചെയ്‌തു ജീവിക്കുന്ന അനേകര്‍, ജോലി ഇല്ലാതെ ഇന്‍ഡ്യയില്‍ തന്നെ അലയുമായിരുന്നു, ഉത്തരേന്ത്യക്കാരടക്കം. ഇങ്ങനെചില സംഭവങ്ങള്‍ നടന്നതായി പോലും പലര്‍ക്കും അറിഞ്ഞുകൂടാ എന്നുള്ളത്‌, ഇതിനു വേണ്ടി ജീവന്‍ വെടിഞ്ഞവരോടും കഷ്‌ടം അനുഭവിച്ചവരോടുമുള്ള ഒരു നന്ദികേടായി മാത്രം കാണുന്നു.
ഹിന്ദി സമരം  മറക്കുന്നത്‌ നന്ദികേട്‌ (തോമസ്‌ കുളത്തൂര്‍)
Join WhatsApp News
RAJAN MATHEW DALLAS 2014-06-07 07:51:37
'ഹിന്ദി വേണ്ട' സമരത്തിൽ പഗ്ഗെടുത്ത്‌ രക്തസാക്ഷികലായവരെയും കഷ്ടപ്പാട് സഹിച്ചവരെയും ആദരിച്ചുകൊണ്ട്‌ പറയട്ടെ, ഹിന്ദി പഠനത്തോടൊപ്പം ഇംഗ്ലീഷ് പഠിക്കരുതെന്ന് ആരും പറഞ്ഞില്ലല്ലോ ! ഗൾഫ്‌, യൂറോപ്,അമേരിക്ക  മേച്ചിൽ പുറങ്ങൾ വരുന്നതിനു മുൻപ് ഹിന്ദി മേകല ആയിരുന്നില്ലേ മലയാളിയുടെ അന്നദാതാവ് ? അല്പം ഹിന്ദി അറിയാവുന്നത് വലിയ രക്ഷ ആയിരുന്നു എന്നാണു അവിടേക്ക് കുടിയേറിയവരും നഴ്സിംഗ് പഠിച്ചു ഗൾഫിലേക്കും മറ്റു വിദേശ രാജ്യത്തേക്കും രക്ഷപ്പെട്ടവർ നന്ദിയോടെ ഓർക്കുന്നത് !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക