Image

മോടിയോടെ പാഞ്ചാലിമേട്‌ (പ്രകൃതിയുടെ നിഴലുകള്‍ തേടി - 21: ജോര്‍ജ്‌ തുമ്പയില്‍)

Published on 07 June, 2014
മോടിയോടെ പാഞ്ചാലിമേട്‌ (പ്രകൃതിയുടെ നിഴലുകള്‍ തേടി - 21: ജോര്‍ജ്‌ തുമ്പയില്‍)
കോടമഞ്ഞിന്റെ മൗനവും വളഞ്ഞുപുളഞ്ഞ റോഡുകളുടെ വിജനതയും പുതച്ചുനില്‍ക്കുന്ന കോട്ടയം കുമളി റോഡ്‌ അഥവാ കെ.കെ റോഡിലൂടെ പീരുമേട്ടിലെത്തി ചായ കുടിക്കാന്‍ നിര്‍ത്തിയപ്പോഴാണ്‌ പാഞ്ചാലിമേടിനെക്കുറിച്ച്‌ യാദൃശ്ചികമായി സംസാരിച്ചത്‌. പീരുമേടിന്‌ ഈ പേര്‌ എങ്ങനെ കിട്ടിയെന്ന ജോസിന്റെ സംശയമായിരുന്നു പാഞ്ചാലിമേട്ടിലേക്കുള്ള ഞങ്ങളുടെ വഴി തുറന്നത്‌. പീര്‍ മുഹമ്മദ്‌ എന്ന മുസ്ലീം സന്യാസി സൂഫിയുടെ സ്‌മരണാര്‍ത്ഥമാണ്‌ ഈ സ്ഥലത്തിന്‌ പീരുമേട്‌ എന്ന പേരു കിട്ടിയതെന്നു പറഞ്ഞപ്പോള്‍ സമീപസ്ഥലങ്ങളുടെ ഭംഗിയില്‍ ജോസും ഭാര്യ തങ്കമണിയും ലയിച്ചു പോയി എന്നതാണ്‌ സത്യം.

കെകെ റോഡില്‍ നിന്നും വണ്ടി ഇടത്തേക്ക്‌ തിരിഞ്ഞു. എവിടെ തിരിഞ്ഞാലും ഹരിതാഭമായ പച്ചക്കുന്നുകള്‍ മുന്നില്‍ വന്നു നില്‍ക്കുന്നു. ശക്തമായി വീശുന്ന തണുത്ത കാറ്റ്‌, നീലനിറത്തില്‍ പരന്നുകിടക്കുന്ന താഴ്‌വാരങ്ങള്‍, തെളിഞ്ഞു കിടക്കുന്ന ആകാശം. പാഞ്ചാലിമേട്ടിലേക്കുള്ള കയറ്റം കയറി ചെന്നപ്പോള്‍ കണ്ട കാഴ്‌ചകള്‍ ഇതൊക്കെയാണ്‌. സുഗന്ധ തൈലമൂറ്റാന്‍ ഉപയോഗിക്കുന്ന തെരുവ പുല്ലിനിടയിലൂടെ കല്ലുകള്‍ നിറഞ്ഞ മണ്‍പാതയിലൂടെ മുകളിലേക്കു കയറണം. വണ്ടി ഓരം ചേര്‍ത്തു നിര്‍ത്തി. മുകളിലേക്ക്‌ കയറണോ എന്ന തങ്കമണിയുടെ ചോദ്യത്തിന്‌ വേണം എന്നായിരുന്നു ഞങ്ങളുടെ ഒരുമിച്ചുള്ള ഉത്തരം. ഓരോ കുന്നിന്റെ മുകളിലും പ്രകൃതി അതിന്റെ ഉദാത്തമായ വിസ്‌മയങ്ങള്‍ ഒരുക്കി വച്ചിട്ടുണ്ടാകുമെന്ന്‌ ഉറപ്പാണ്‌. നിരവധി യാത്രകളില്‍ നിന്ന്‌ എനിക്കതു ബോധ്യപ്പെട്ടിട്ടുണ്ട്‌.

മുകളിലേക്ക്‌ കയറുന്ന ഒറ്റയടിപ്പാതയില്‍ മൈല്‍കുറ്റിയെന്നതു പോലെ കുരിശടികള്‍ നിര്‍മ്മിച്ചിട്ടുണ്ട്‌. നല്ല കാറ്റ്‌. ക്ഷീണം ഒട്ടും തോന്നിയില്ല. ഓടിക്കയറിയാലോ എന്നു പോലും തോന്നിച്ചു പോയി. ഉത്സാഹത്തോടെ ജോസ്‌ കയറ്റം കയറുന്നു. എങ്ങും വിജനത. സഞ്ചാരികളിലാരെയും കണ്ടില്ല. പ്രകൃതിയും ഞങ്ങളും മാത്രം. കാറ്റിന്റെ ചെറു ഹൂങ്കാരശബ്‌ദം കര്‍ണപടലങ്ങളില്‍ അലയടിക്കുന്നുണ്ട്‌. ഇന്നുവരെ നാം മനസ്സില്‍ സൂക്ഷിച്ച പ്രകൃതിസൗന്ദര്യത്തെക്കുറിച്ചുള്ള എല്ലാ സങ്കല്‍പങ്ങളെയും മനസ്സില്‍നിന്ന്‌ പറിച്ചെറിയും പാഞ്ചാലിമേട്‌. മൊട്ടക്കുന്നുകളാല്‍ സുന്ദരം, പച്ചപ്പുനിറഞ്ഞ മലമടകള്‍ക്കിടയിലൂടെ വെള്ളിയരഞ്ഞാണംപോലെ ഒഴുകുന്ന ചെറുകാട്ടരുവികള്‍. മഞ്ഞില്‍ മുങ്ങിപ്പൊങ്ങുന്ന പകലുകള്‍, ഹൈറേഞ്ചിന്‍െറ കുളിര്‍മ മുഴുവന്‍ ആവാഹിച്ചെടുത്ത കാറ്റ്‌.

കയറ്റം കയറി ചെന്നപ്പോള്‍ കുന്നിന്റെ ഒരു ഭാഗത്ത്‌ ശിലാവശിഷ്ടങ്ങള്‍ കണ്ടു. മറ്റൊരു ഭാഗത്ത്‌ ഭുവനേശ്വരി ദേവിയുടെ ചെറിയ കോവില്‍. പീഠം തകര്‍ന്ന ഒരു ശിവലിംഗവും കാണാം. പഞ്ചപാണ്ഡവര്‍ പണ്ട്‌ ഇവിടെ പാഞ്ചാലിയുമൊത്ത്‌ താമസിച്ചിട്ടുണ്ടത്രേ. അങ്ങനെയാണ്‌ ഈ മേടിന്‌ പാഞ്ചാലിമേട്‌ എന്ന പേര്‌ ലഭിച്ചത്‌. പഞ്ചപാണ്‌ഡവന്മാരില്‍ ഭീമന്റെ കാലടി പതിഞ്ഞെന്ന്‌ നാട്ടുകാര്‍ വിശ്വസിക്കുന്ന ഒരു ഗുഹയും ഇവിടെയുണ്ട്‌. ഗുഹയ്‌ക്കകത്തേക്ക്‌ കയറിയില്ല. മകരസംക്രാന്തി ദിനത്തില്‍ ശബരിമലയിലെ മകരജ്യോതി പാഞ്ചാലിമേട്ടില്‍നിന്നു കാണാം. നിത്യപൂജയില്ലാത്ത ഈ ദേവി ക്ഷേത്രവും അതിപുരാതനമായ സര്‍പ്പപ്രതിഷ്‌ഠകളും പഴക്കമേറിയതും അപൂര്‍വുമായ ശിവലിംഗവുമൊക്കെ ചേര്‍ന്ന്‌ ഈ സ്ഥലത്തിന്‌ ഒരു ദിവ്യത്വം നല്‍കുന്നുണ്ട്‌. കുന്നിന്‍ മുകളില്‍ നിന്നു നോക്കിയപ്പോള്‍ ഒരു ത്രീ ഡയമന്‍ഷനല്‍ ചിത്രം പോലെ മലമടക്കുകള്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നതു കണ്ടു. പെരുവന്താനത്തു നിന്നു 14 കി.മീ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ പാഞ്ചാലിമേടില്‍ നിന്നു നോക്കുമ്പോള്‍ സമീപത്തുള്ള പടിഞ്ഞാറെപ്പാറ, ശബരിമല എന്നീ മലകള്‍ അത്യന്തം നയന മനോഹരമായി കാണാന്‍ സാധിക്കും. ഭൂമിയുടെ സൗന്ദര്യം ഇത്രമേല്‍ മനോഹരമായി ഇതള്‍ വിരിഞ്ഞു കിടക്കുന്നത്‌ ഇതുവരെ കണ്ടില്ലെന്നു ജോസ്‌ പറഞ്ഞു. ഓരോ സ്ഥലത്തും ഓരോ സൗന്ദര്യമാണ്‌. ഇതൊക്കെയും കാണാതിരിക്കുന്നതാണ്‌ ജീവിതത്തിലെ നഷ്‌ടമെന്നു തങ്കമണി പറഞ്ഞു. പാഞ്ചാലിമേട്‌ ഇറങ്ങിവരുമ്പോള്‍ കടുവാപ്പാറ, അമലഗിരി എന്നീ പ്രധാന മലകളെയും ഞാന്‍ ജോസിനു കാണിച്ചു കൊടുത്തു.

വര്‍ഷങ്ങള്‍ക്കു മുമ്പുവരെ പുറംലോകത്തിനു മുന്നില്‍ വെളിപ്പെടാതെ കിടന്ന ഈ പ്രദേശം ഇപ്പോള്‍ വിനോദസഞ്ചാരികളുടെ സ്വപ്‌നഭൂമിയാണ്‌. താമസസൗകര്യങ്ങള്‍ കുറവായിരുന്ന ഇവിടെ ഇപ്പോള്‍ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും തലപൊക്കിത്തുടങ്ങിയിട്ടുണ്ട്‌. കാഴ്‌ചകളൊക്കെ കണ്ടുനില്‍ക്കവെ പൊടുന്നനെ കണ്‍പോളകളില്‍ തണുപ്പ്‌ നിറഞ്ഞു. മൊട്ടക്കുന്നുകളെയും മലഞ്ചെരുകളെയും കോട പൊതിഞ്ഞു. കാഴ്‌ചകളൊക്കെ മറക്കപ്പെട്ടു.

ഞങ്ങള്‍ തിരിച്ച്‌ ഇറങ്ങി. പാഞ്ചാലിമേടില്‍നിന്ന്‌ മടക്കയാത്രയില്‍ ഞങ്ങള്‍ പുതിയൊരു റൂട്ടിലൂടെയാണ്‌ വണ്ടിയോടിച്ചത്‌. പാഞ്ചാലിമേട്‌ ജങ്‌ഷനില്‍നിന്ന്‌ ഇടത്തേക്ക്‌ തിരിഞ്ഞ്‌ വള്ളിയാംകാവ്‌ എസ്‌റ്റേറ്റ്‌ വഴി മുണ്ടക്കയം റോഡിലേക്ക്‌ പോകുന്ന സൈന്‍ ബോര്‍ഡ്‌ കണ്ട്‌. ഈ വഴി തന്നെ പോകാം എന്നു ജോസ്‌ നിര്‍ദ്ദേശിച്ചു. അങ്ങനെ വണ്ടി ആ വഴിയെ തിരിച്ചു വിട്ടു. കുത്തനെയുള്ള ഇറക്കത്തിലും വളവിലും വച്ച്‌ പലപ്പോഴും തങ്കമണി മുഖം പൊത്തുന്നതു കണ്ട്‌ ജോസ്‌ കളിയാക്കി. വൈകാതെ മുണ്ടക്കയം റോഡിലേക്ക്‌ കയറിയ വണ്ടി സാമാന്യം നല്ല വേഗതാര്‍ജ്ജിച്ചു.

(തുടരും)

എത്തിച്ചേരാന്‍:

സമുദ്രനിരപ്പില്‍നിന്ന്‌ 2500 അടി മുകളിലാണ്‌ പാഞ്ചാലിമേട്‌. ഹൈ ആള്‍ട്ടിട്യൂഡ്‌ പ്രശ്‌നങ്ങളുള്ള സഞ്ചാരികള്‍ മുന്‍കരുതല്‍ സ്വീകരിക്കണം.

യാത്രാമാര്‍ഗം: കുട്ടിക്കാനത്തുനിന്നു 10 കിലോമീറ്ററാണ്‌ ഇങ്ങോട്ടേക്ക്‌. കോട്ടയം-കുമളി റൂട്ടില്‍ മുറിഞ്ഞപുഴയില്‍നിന്ന്‌ ഏഴു കിലോമീറ്റര്‍ കയറ്റമാണ്‌ പാഞ്ചാലിമേട്ടിലേക്ക്‌. മുറിഞ്ഞപുഴയില്‍നിന്ന്‌ ജീപ്പ്‌ വിളിക്കുന്നതാണ്‌ ഉത്തമം.

എസ്‌.ടി.ഡി കോഡ്‌: 04869.

താമസം: കുട്ടിക്കാനത്ത്‌: മിസ്റ്റി മൗണ്ടന്‍ പ്ലാന്റേഷന്‍ റിസോര്‍ട്ട്‌: 232065. ഡ്രീം ലാന്‍ഡ്‌ ഹില്‍ റിസോര്‍ട്ട്‌: 233220. ഓര്‍മ്മ ഹൗസ്‌: 233543.

*** *** ***

മുകളിലെ മൊട്ടക്കുന്നുവരെയും റോഡ്‌ ഉണ്ട്‌, ബാക്കി അരക്കിലോമീറ്റര്‍ ഒറ്റയടിപ്പാതയാണ്‌. ഇടുക്കി ജില്ലയിലെ പീരുമേട്‌ താലൂക്കില്‍ അഴുത ബ്‌ളോക്കിലാണ്‌ പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗം പാഞ്ചാലിമേട്‌ ഉള്ളത്‌. ഈ ഭാഗങ്ങളില്‍കൂടി ഒഴുകുന്ന പന്നിയാറും, മണിമലയാറും, അഴുതയാറും നയനമനോഹരം തന്നെ. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ പഞ്ചപാണ്ഡവന്മാര്‍ താമസിച്ചിരുന്ന സഹ്യാദ്രി പര്‍വ്വത നിരകളിലുള്ള പാഞ്ചാലിമേട്‌, വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മനോഹരമായ പ്രദേശമാണ്‌.
മോടിയോടെ പാഞ്ചാലിമേട്‌ (പ്രകൃതിയുടെ നിഴലുകള്‍ തേടി - 21: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
RAJAN MATHEW DALLAS 2014-06-07 17:52:58
പാഞ്ചാലിമെദു പരിചയപ്പെടുത്തിയത് നന്നായി ! പല പ്രാവശ്യം കുട്ടിക്കാനതു പോയി താമസിചിട്ടുണ്ടെഗ്ഗിലും ഇതിനെപ്പറ്റി അറിയില്ലായിരുന്നു ! കുട്ടിക്കാനം തന്നെ വീണ്ടും വീണ്ടും പോകാനുള്ള ഒരു വശ്യമായ ആകർഷണവും പുതുമയും എപ്പോഴും ഉണ്ട് ! അപ്പോൾ പിന്നെ പാഞ്ചാലിമെദിന്റെ കാര്യം പറയാനുണ്ടോ ! തീര്ച്ചയായും അടുത്ത യാത്ര അവിടേക്ക് തന്നെ ! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക