Image

ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-8

Published on 22 November, 2011
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-8
ഒരു വലിയ തിര വാപിളര്‍ന്നെന്നെ വിഴുങ്ങാനെന്നമട്ടില്‍ അലറിയടുത്തു. അതോടെ പാഞ്ഞുവന്ന കൊടുംകാറ്റ് തോണിമറിച്ചിട്ടു. ഗലീലി സമുദ്രത്തിലെ വെള്ളമെല്ലാം ഒന്നിച്ചുകൂടി എന്റെ തോണി അതിന്റെ അഗാധതയിലേക്ക് താഴ്ത്തി.

എങ്ങും ഇരുട്ട്.

ഞാന്‍ നീന്തി. മഗ്ദലനില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക് വെള്ളത്തില്‍ നീന്തുന്നതും കരയില്‍ നടക്കുന്നതും ഒരു പോലെയാണ്.

ചെന്നുകയറിയത് വലിയ പാറക്കൂട്ടങ്ങളുടെ ഇടയിലുള്ള ഒരു ചെറിയ ഗുഹയില്‍ . ഞാന്‍ നടന്നു. അവസാനമില്ലാതെ നീണ്ടു പോകുന്ന ഇടനാഴി. ജീവരക്ഷയ്ക്ക് വീണ്ടും നടന്നു എത്രനേരമിങ്ങനെ നടന്നെന്നോര്‍മ്മയില്ല.

അവസാനം ചെന്നുകയറിയത് ഒരു പുഷ്പവാടിയിലാണ്.

ഇരുട്ട് മറഞ്ഞുകഴിഞ്ഞിരുന്നു.

എങ്ങും ഒളിപരത്തുന്ന പൂര്‍ണ്ണചന്ദ്രന്‍ .

ഞാന്‍ ചുറ്റിനടന്നു നോക്കി. മുന്തിരിവള്ളി തൂങ്ങികക്കിടക്കുന്ന നികുഞ്ജം. അത്ഭുതമെന്നേ പറയേണ്ടു.
അതിനുമുമ്പിലൊരു കൃത്രിമ ജലാശയം. അതില്‍ തത്തിക്കളിക്കുന്ന അരയന്നങ്ങള്‍. ഒരാണ്‍ അരയന്നം പിടയെ അനുനയിപ്പിക്കാനെന്തൊക്കെയോ കാണിക്കുന്നു! നികുഞ്ജത്തിനുള്ളില്‍ നോക്കി. ചെറിയ തല്പം മാത്രമവിടെയില്ല.

എനിക്ക് കരഞ്ഞാലെന്തെന്ന് തോന്നി. പക്ഷേ, ശബ്ദം പുറത്തു വരുന്നില്ല. ഞാനെവിടെയാണ്?

കണ്ണുതുറന്ന് മുറി മുഴുവന്‍ നോക്കി. രാത്രി ഞാന്‍ കിടന്ന മുറി തന്നെ. എല്ലാം യഥാസ്ഥാനങ്ങളില്‍ തന്നെയുണ്ട്.

ഇപ്പോള്‍ പുറത്ത് തണുപ്പ്. ഒരു രോമകുപ്പായം ധരിച്ച് ഞാന്‍ മുറിക്ക് പുറത്തിറങ്ങി. ചെറിയ വരാന്തയിലിട്ടിരുന്ന കസേരയിലിരുന്നു.

തലയ്ക്ക് കനംതോന്നി. അകത്തു പുകച്ചിലുമുണ്ട്.

ഒന്നും വ്യക്തമായി തോന്നുന്നില്ല. ഞാനല്പം അകലെയുള്ള കുന്നിന്‍ചരുവിലേക്ക് നോക്കി. അവിടെ കുഞ്ഞാടുകള്‍ മേയുന്നു. ആട്ടിടയന്‍ തംബുരു വായിച്ചുകൊണ്ട് പൊക്കംകുറഞ്ഞ ഒരു മരച്ചില്ലയിലിരിക്കുന്നു.

എന്റെ മനസ്സില്‍ വീണ്ടും കൃത്രിമ ജലാശയത്തിലെ ആണരയന്നത്തിന്റെ രൂപം. വെളുത്ത മേഘശകലമായിട്ടാണ് ആദ്യം കണ്ടത്. പിന്നീടതിനു തെളിമകിട്ടി. ഇണയുമായുള്ള സമ്പര്‍ക്കമാണതാഗ്രഹിക്കുന്നത്. ഇവയുടെ ചേര്‍ച്ചയില്‍ നിന്ന് ആദ്യം അണ്ഡവും പിന്നെയതു വിരിഞ്ഞ് കുഞ്ഞരയന്നവും ഉണ്ടാകുന്നു. മനുഷ്യരിലെന്നപോലെ പ്രകൃതിനിയമമനുസരിച്ചുള്ള ഉല്പാദനപ്രക്രിയ എല്ലാ ജീവജാലങ്ങളിലും കാണുന്നു.

എന്നാല്‍ സാബത്ത് ദിവസം അമ്പിയോടൊത്ത് ഞാനനുഭവിച്ച രതിമൂര്‍ച്ച ദൈവത്തിനു മുമ്പില് നീതികരിക്കത്തക്കതാണോ? അതൊരു സ്വപ്നദര്‍ശനമാണെങ്കില്‍ പോലും.

“അല്ല! അല്ല!” എന്നാരോ എന്റെ ചെവിയില്‍ ഗര്‍ജ്ജിക്കുന്ന സ്വരത്തില്‍ പറഞ്ഞു.

ആരാണിത് പറയുന്നത്? എന്റെയടുത്ത് ആരുമില്ല. ഒരു പക്ഷേ എനിക്ക് പ്രേതബാധയുണ്ടോ?
സന്ദേഹമായി. മഗ്ദലനില്‍ പലര്‍ക്കും പ്രേതബാധയുണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നു. ഓരോ പ്രേതത്തിനും അതിന്റേതായ ലക്ഷണമുണ്ടത്രേ. ഒരാളില്‍ ഒരു പ്രേതം കടന്നുകൂടിയാല്‍ , അതേ ജാതിയിലുള്ള മറ്റു പ്രേതങ്ങളെ അത് കൂട്ടിനു വിളിച്ചു കേറ്റുമെന്നാണ് പൊതുവേയുള്ള വിശ്വാസം. അതു തന്നെയായിരിക്കും എനിക്കും സംഭവിക്കാന്‍ പോകുന്നത്.

ഒരു ദിവസത്തെ സന്ദര്‍ശനം മാറ്റിവെച്ച് ഉച്ചയോടുകൂടി ഞങ്ങള്‍ മഗ്ദലിലേക്ക് മടങ്ങി. പകുതിവഴിക്ക് ഒരു ചെറിയ തോടുകയറിയിറങ്ങണം. മുട്ടിനുതാഴെ മാത്രമേ വെള്ളമുള്ളെങ്കിലും ചിലടത്തു കുഴികളും, കൂര്‍ത്തകല്ലുകളുമുള്ളതുകൊണ്ട് ഞങ്ങളടിവെച്ചടിവെച്ചാണ് നടന്നത്.

പകലസ്തമിക്കാറാകുന്നു. ഇരുട്ടതിന്റെ കരിനിഴല്‍ വീശിത്തുടങ്ങിയിട്ടില്ല.

തോടിനക്കരെ അഞ്ചോ ആറോ പേര്‍ നില്‍ക്കുന്നത് ഞാന്‍ അവ്യക്തമായി കണ്ടു. കറുത്ത തുണികൊണ്ടുള്ള മുഖം മൂടി ധരിച്ചിട്ടുണ്ടെന്നു തോന്നി.

അപകടം പതിയിരിക്കുന്നോ? എന്റെ മനസ് അസ്വസ്ഥമായി.

വിജനപ്രദേശം!

കുറച്ചുവഴിയാത്രക്കാര്‍ ഞങ്ങളുടെ പുറകേ വരുന്നുണ്ട്. എന്നാലവര്‍ ഒരു വിളിപ്പാടകലെയാണ്. എന്തുവരട്ടെയെന്നു കരുതി ഞാനും സബദും മുമ്പോട്ടുനടന്നു. അ
ടുത്തെത്തിയപ്പോള്‍ അവരുടെ നേതാവെന്ന് തോന്നിക്കുന്നയാള്‍ സബദിനോട് നില്‍ക്കാന്‍ പറഞ്ഞു.

എന്റെ സംശയം ശരിയായിരുന്നു. അവരെല്ലാം മുഖംമൂടി ധരിച്ചിട്ടുണ്ട്.

സബദ് സ്വഭാവേന സൗമ്യനാണെങ്കിലും വേണ്ട സമയത്ത് പാരുഷ്യം കാണിക്കാനുമയാള്‍ക്കറിയാം.

“താന്‍ തന്റെ കാര്യം നോക്ക്. ഞങ്ങള്‍ തിടുക്കത്തിലാണ്” അല്പം ഗൗരവത്തില്‍ പറഞ്ഞിട്ട് അയാള്‍ മുമ്പോട്ടു നടന്നു.

ഞാന്‍ കഴുതപ്പുറത്തു തന്നെയിരുന്നു. നേതാവൊരാഗ്യം കാണിച്ചിട്ട് ഒരുവശത്തേക്ക് മാറിനിന്നു. പിറകില്‍ നിന്ന മറ്റൊരുത്തന്‍ അരക്കെട്ടില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ഡിമിഷകന്‍ കഥാര വലിച്ചെടുത്തുകൊണ്ട് സബദിന്റെ മുമ്പിലേക്ക് ചാടി. ഗബദ് അവന്റെ കൈ തട്ടിമാറ്റി.

പിന്നീട് നേതാവിന്റെ മുഖാവരണം അല്പം ഉയര്‍ത്തി.

“നിര്‍ത്തൂ! നിങ്ങളെ ഞാനറിയില്ലേ ഹാനിസ്. എന്തിനാണീ തമാശ!” എന്നല്പം നീരസത്തോടെ പറഞ്ഞു.

“ശത്രുക്കളോട് സഹരിക്കുന്നവര്‍ നശിക്കട്ടെ” നേതാവിന്റെ മുദ്രാവാക്യം.

“ഞാന്‍ ശത്രുക്കളോട് സഹകരിക്കുന്നവനല്ലെന്ന് തനിക്ക് നല്ലപോലറിയാം. അതുപോകട്ടെ അടുത്തമാസം പാണ്ടികശാലയിലേക്ക് വരൂ. പതിവ് സംഭാവന തരാം.” സബദ് അല്പം നീരസത്തോടെ പറഞ്ഞു.

എനിക്ക് മനസ്സിലായി. സിക്രിയിലെ ആളുകള്‍ . റോമന്‍ അധികാരികള്‍ ഭീകരരെന്നു മുദ്രകുത്തിയ യഹൂദ ഒളിപോരാളികള്‍ .

“തെറ്റിദ്ധാരണകൊണ്ട് ഞങ്ങള്‍ക്കുണ്ടായ അസൗകര്യം ക്ഷമിക്കണമെന്ന് പലവുരു പറഞ്ഞിട്ടാണ”് അവര്‍ ഇഴഞ്ഞുവന്ന ഇരുട്ടിലേക്ക് മറഞ്ഞത്.
* * * *
ശീതകാലമവസാനിച്ചു! എന്നാല്‍ വസന്തത്തിന്റെ വരവായിട്ടില്ല. എവിടെയോ മറഞ്ഞിരുന്ന പക്ഷിക്കൂട്ടങ്ങള്‍ ഇരതേടി കടലിനുമുകളില്‍ ഊഴമിട്ടു പറക്കാന്‍ തുടങ്ങി. മീന്‍പിടുത്തക്കാരുടെ തോണികള്‍ മിറച്ചിടുന്ന കടല്‍ക്കാറ്റ് കുറേ നാളത്തേക്കിനി വീശില്ല.

ഞാനീസമയത്തും അമ്പിഗെയിലിനെ നിത്യേനയെന്നോണം കണ്ടിരുന്നു. അവളുടെ സാമീപ്യമെനിക്കും, എന്റേതവള്‍ക്കും സന്തോഷം നല്‍കിയിരുന്നു. അമ്പിയുടെ വീട്ടില്‍ വെച്ചായിരിക്കും മിക്കപ്പോഴും കാണുക. ചിലപ്പോഴവള്‍ എന്റെ വീട്ടില്‍ വരും. മറ്റവസരങ്ങളില്‍ ഞങ്ങളുടെ സ്ഥിരം സങ്കേതമായ സുദ്രതീരത്തോടടുത്തുള്ള പാറക്കൂട്ടത്തില്‍ .

ഒരിക്കല്‍ അമ്പി വായിച്ചുകൊണ്ടിരുന്ന ഗ്രീക്കുപുസ്തകത്തിലെ ഒരു കവിത അവളെന്നെ ചൊല്ലി കേള്‍പ്പിച്ചു. ഗ്രീക്ക് കേട്ടാല്‍ എനിക്കൊട്ടൊക്കെ മനസ്സിലാകുമെന്നല്ലാതെ ആ ഭാഷ എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു. അമ്പിയതെന്നെ പഠിപ്പിക്കാമെന്നേറ്റു. മൂന്നുനാലു മാസംകൊണ്ട് ഗ്രീക്കിലെഴുതിയ പുസ്തകങ്ങള്‍ സാവധാനത്തിലാണെങ്കിലും വായിച്ചു മനസ്സിലാക്കാമെന്ന നിലവന്നു. വിദേശഭാഷയിലുളള പുസ്തകങ്ങള്‍ മഗ്ദനലില്‍ അക്കാലത്ത് അധികാരികള്‍ നിരോധിച്ചിരുന്നു. മറ്റു ഭാഷകളിലെ പുസ്തകങ്ങള്‍ രഹസ്യമായി വില്‍ക്കുന്ന ഒരു കച്ചോടക്കാരനില്‍ നിന്നു വാങ്ങിയാണ് ഇലിയഡ് പോലുള്ള ഗ്രീക്ക് പുസ്തകങ്ങള്‍ ഞാന്‍ വായിച്ചത്. മഹത്തായ പുസ്തകങ്ങളുമായുള്ള സമ്പര്‍ക്കം മനസ്സിന് വ്യാപ്തിയും ബുദ്ധിയും ശക്തിയും പകര്‍ന്നതായിട്ടാണെനിക്ക് അനുഭവപ്പെട്ടത്. വേദപുസ്തകം വായിച്ച് ഈശ്വരസാമീപ്യം നേടാന്‍ ഞാനെപ്പോഴും ശ്രദ്ധിച്ചിരുന്നു.

Novel Link
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-8
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക